രാവിലെ ഓഫീസില്‍ എത്തി. ജോലി തുടങ്ങാന്‍ ലാപ്റ്റോപ് ഒാണ്‍ ചെയ്തു. അകത്തോട്ട് പോകാന്‍ പാസ്‌വേര്‍ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. അയ്യോ, ഓഫീസ് മെയില്‍ നോക്കണമല്ലോ ? Lotus Notes ല്‍ ക്ലിക്കി. പാസ്‌വേര്‍ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. നോക്കി. രണ്ട്, മൂന്ന് പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണം. Unix ല്‍ കേറണം. പാസ്‌വേര്‍ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. പ്രശ്നങ്ങള്‍ തീര്‍ത്തു. ഇന്ന് ഒന്നാം തീയ്യതിയാണല്ലോ. ശമ്പളം വന്നുകാണും. ബാങ്കിന്റെ വെബ് സൈറ്റില്‍ കേറി. പാസ്‌വേര്‍ഡ് വേണം. ഓര്‍മ്മ .... ഓര്‍മ്മയുണ്ട്. കേറി. എക്കൗണ്ട്ന്‍ കണ്ടു. സന്തോഷം. ഏതായാലും ഇന്റര്‍നെറ്റില്‍ വന്നതല്ലേ. yahoo, hotmail, gmail, orkut ഒന്ന് വിസിറ്റാം. എങ്ങോട്ടു തിരിഞ്ഞാലും പാസ്‌വേര്‍ഡ്, പാസ്‌വേര്‍ഡ്. ഹോ, നല്ല ഒരു ബ്ലോഗ് പോസ്റ്റ്. ഒരു കമന്റിട്ടേക്കാം. പാസ്‌വേര്‍ഡ് ഇട്ടിട്ടുള്ള കമന്റ് മതിയെന്ന് ബ്ലോഗര്‍.സുഹ്രുത്തിനെ വിളിക്കാന്‍ ഫോണെറ്റുത്തു. പിള്ളേര്‍ക്ക് കളിക്കാന്‍ ഉള്ള വസ്തുവാണല്ലോ മൊബൈല്‍ ഫോണ്‍. അതിനാല്‍ അവിടേയും പാസ്‌വേര്‍ഡ് തന്നെ. മാസാദ്യം ചിലവുകള്‍ കൂടും. ബാങ്കില്‍ ചെന്ന് കാശെടുക്കണം. A.T.M Machine, "Enter your password". Account ല്‍ കുറച്ച് confusion. ബാങ്കിന്റെ HelpLine ല്‍ വിളിച്ചു. "Enter your Account Number" ഇതാ പിടിച്ചോ. "Enter your Telephone Identification Password. അയ്യോ .... പാസ്‌വേര്‍ഡ് !!
ജീവിതത്തില്‍ ഒരു പാസ്‌വേര്‍ഡിനുള്ള സ്വാധീനം കുറച്ചൊന്നുമല്ല. എത്രയെത്ര പാസ്‌വേര്‍ഡുകളാണ് നമ്മള്‍ ഒാര്‍ത്തുവയ്ക്കേണ്ടത് ? ഇനി, ശ്വസിക്കുന്നതിനായി വായു വലിക്കുമ്പോള്‍, എന്നാണാവോ നമ്മുടെ മൂക്ക് നമ്മളോട് "Enter your Password" എന്ന് പറയാന്‍ പോകുന്നത് ? ഭക്ഷണം കഴിക്കാനായി വായ തുറക്കുമ്പോള്‍ വായ എന്നാണാവോ "Enter Password" എന്ന് പറയാന്‍ പോകുന്നത് ? നടക്കാന്‍ തുടങ്ങുമ്പോള്‍ കാലും "Access denied. Enter your password" എന്ന് പറയുന്ന കാലം വന്നേക്കും !!
[I.T field - ല്‍ ജോലി നോക്കുന്ന ഈയുള്ളവന്‍ ഇങ്ങനെയൊക്കെ പറയാന്‍ പാടില്ലാത്തതാണ്. എങ്കിലും ...]
Saturday, December 22, 2007
പാസ്‌വേര്‍ഡ് വേണം.
Monday, December 17, 2007
പക്ഷേ
നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ച് കിട്ടുകയും, വീണ്ടും ഒരിക്കല്‍ കൂടി അത് നഷ്ടമാവുകയും ചെയ്യുമ്പോഴുള്ള വേദന. അത് എത്രതോളം കഠിനമാണെന്ന് പക്ഷേ എന്ന ചിത്രം പ്രതിഫലിപ്പിക്കുന്നു.
ഇല്ലിക്കല്‍ ഗ്രാമത്തിലെ പ്രാരാബ്ധങ്ങളും, കടബാധ്യതകളും ഉള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് I.A.S പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന ബാലചന്ദ്രന്‍ (മോഹന്‍ലാല്‍). വിവാഹപ്രായമെത്തിയ രണ്ട് സഹോദരികള്‍, കേസും, കടങ്ങളും കൊണ്ട് നട്ടം തിരിയുന്ന അച്ഛന്‍ (കരമന), അമ്മ (സുകുമാരി),കളിക്കൂട്ടുകാരിയും, കാമുകിയുമായ നന്ദിനിക്കുട്ടി (ശോഭന), ഗുരുവും അതിലേറെ നല്ല സുഹ്രുത്തുമായ ഉണ്ണിയേട്ടന്‍ (വേണു നാഗവള്ളി) എന്നിവരിലൊതുങ്ങുന്നു ബാലന്റെ ലോകം. കേസ് തോറ്റ അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. I.A.S ലഭിക്കുന്ന ബാലന്‍, കടം കേറി, വീട് ജപ്തി നടക്കുന്ന ഘട്ടം വന്നപ്പൊള്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ, തന്റെ പ്രണയം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉണ്ണിയേട്ടന്റെ സുഹ്രുത്തായ ഗോവിന്ദമേനോന്‍ (സോമന്‍) വഴിയുള്ള വിവാഹാലോചനയ്ക് സമ്മതം മൂളുന്നു. തന്റെ മകള്‍ രാജി (ശാന്തി കൃഷ്ണ) യുമായി ബാലന്റെ വിവാഹമുറപ്പിച്ച വിക്രമന്‍ കോണ്ട്രാക്റ്റര്‍ (തിലകന്‍), ബാലന്റെ കുടുംബത്തെ കടങ്ങളില്‍ നിന്നും കര കേറ്റുന്നു. തന്റെ കുടുംബത്തിന് വേണ്ടി, പ്രണയം ത്യജിക്കാന്‍ തയ്യാറാവുന്ന ബാലനോട്, "ഇങ്ങനെയൊരു ത്യാഗം ഈ ലോകത്ത് നമുക്കുമാത്രമേ ചെയ്യാന്‍ കഴിയൂ" എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന നന്ദിനിക്കുട്ടിയെ ആശ്വസിപ്പിക്കാനാവാതെ ബാലന്‍ ഇല്ലിക്കല്‍ ഗ്രാമം വിടുന്നു.
വിക്രമന്‍ കോണ്ട്രാക്റ്റര്‍ക്ക് ഈ വിവാഹം വെറുമൊരു കച്ചവടം മാത്രമാണ്. തന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ബാലന്റെ I.A.S പദവി ദുരുപയോഗപ്പെടുത്തുകയാണ് അദ്ദേഹം. രാജിയാകട്ടെ, ഭര്‍ത്താവിനെ അവഗണിച്ച് ക്ലബ്ബും, പൊങ്ങച്ചവും, പരദൂഷണവുമായി നടക്കുന്നു. കുട്ടികളുടെ കാര്യം നോക്കാന്‍ പോലും അവര്‍ക്ക് സമയമില്ല. മദ്യപിച്ച് എത്തുന്ന ബാലന്‍ "ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് വെയ്ക്കട്ടെ. ഒന്ന് സുഖമായി ഉറങ്ങണം" എന്ന് പറയുമ്പോഴും, കിടപ്പറയില്‍ രാജി മറ്റ് സ്ത്രീകളുടെ അവിഹിത ബന്ധത്തിന്റെ കഥ പറയുമ്പോഴും, ബാലനെത്തന്നെ സംശയിച്ച് തുടങ്ങുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ ഇളകിയതായി നമ്മള്‍ അറിയും. തന്റെ സുഹ്രുത്തിനു വേണ്ടി നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പറയുന്ന വിക്രമനോടും, പിന്നെ രാജിയോടും എതിര്‍ക്കുന്ന ബാലന്‍, വീട് വിടാന്‍ നിര്‍ബന്ധിതനാകുന്നു. താനെങ്ങോട്ടാണ് പോകുന്നത് എന്ന്, ഗോവിന്ദമേനോനോട് മാത്രം പറഞ്ഞ് ഒരു റിസോര്‍ട്ടില്‍ തന്റേതായി മാത്രം കുറച്ച് ദിവസങ്ങള്‍ ചിലവിടാന്‍ ബാലന്‍ തീരുമാനിക്കുന്നു.
റിസോര്‍ട്ടില്‍ വച്ച് പരിചയപ്പെടുന്ന ഈനാശു (ഇന്നസെന്റ്) വുമായി കുറേ നല്ല നിമിഷങ്ങള്‍. ഇതിനിടെ വിക്രമന്‍ വിവാഹമോചനത്തിനുള്ള പേപ്പറുകള്‍ ഗോവിന്ദമേനോന്‍ മുഖേന ബാലന്റെ കയ്യില്‍ നിന്നും ഒപ്പിട്ടു വാങ്ങുന്നു.അപ്രതീക്ഷിതമായി അതേ റിസോര്‍ട്ടില്‍ താമസിക്കാന്‍ നന്ദിനിക്കുട്ടിയും എത്തുകയും, അവര്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. നന്ദിനിക്കുട്ടി ഒരു വലിയ എഴുത്തുകാരിയായി. എങ്കിലും ഒറ്റയ്ക്കുള്ള ജീവിതം. "ഒന്നാലോചിച്ചാല്‍ ഞാന്‍ കല്യാണം കഴിച്ചതും, നന്ദിനിക്കുട്ടി കല്യാണം കഴിക്കാതിരുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല" എന്നു പറയുന്ന ബാലന്‍, തന്റെ കുടുംബ ജീവിതത്തെ പറ്റി നന്ദിനിക്കുട്ടിയോട് മനസ്സുതുറക്കുന്നു. ഇവര്‍ക്കിടയില്‍ പൊയ്പ്പോയ പ്രണയം വീണ്ടും തളിര്‍ക്കുന്നു.ഒന്നിക്കാന്‍ തീരുമാനിക്കുന്ന ഇവര്‍ ഡെല്‍ഹിയില്‍ താമസമാക്കാന്‍ തീരുമാനിക്കുന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത്, പോകാനൊരുങ്ങുന്ന ബാലന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി രാജിയും, കുട്ടികളും കടന്നു വരുന്നു. കൂടെ ഗോവിന്ദമേനോനും. എല്ലാ തെറ്റുകളും, കുറ്റങ്ങളും ഏറ്റുപറഞ്ഞ് ബാലന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിക്കുന്ന രാജി "എന്റെ ബാലേട്ടന്റെ മാത്രമായി ഇനി എനിക്ക് ജീവിക്കണം" എന്ന് പറയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ ബാലന്‍. ഒരിക്കല്‍ കൂടി അവസാനമായി നന്ദിനിക്കുട്ടിയെ കാണുന്ന ബാലന്‍ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരയുന്നു. നന്ദിനിക്കുട്ടി കരയുന്നില്ല. "കുറച്ച് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും തിരുത്താനാവാത്ത ഒരു തെറ്റ് നമ്മള്‍ ചെയ്തേനെ. ഇങ്ങനെയൊരു ത്യാഗം ഈ ലോകത്ത് നമുക്കുമാത്രമേ ചെയ്യാന്‍ കഴിയൂ" എന്ന് പറഞ്ഞ് ബാലനെ ആശ്വസിപ്പിച്ചയക്കുന്നു. ബുക്ക് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റ് നന്ദിനിക്കുട്ടിയുടെ കയ്യില്‍ കൊടുത്ത്, രാജിയുടെയും, കുട്ടികളുടേയും കൂടെ ബാലന്‍ പോകുന്ന കാഴ്ച് കണ്ട് പൊട്ടിക്കരയുന്ന നന്ദിനിക്കുട്ടി. കാറില്‍, ദുഖം സഹിക്കാന്‍ വയ്യാതെ കണ്ണുനിറഞ്ഞ്, വിദൂരതയില്‍ നോക്കി ബാലന്‍.
ചെറിയാന്‍ കല്‍പകവാടിയുടെ മനോഹരമായ കഥ, സംവിധാനം ചെയ്തത് മോഹന്‍. ഗാനങ്ങള്‍ കൈതപ്രം, ജോണ്‍സണ്‍ മാഷിന്റെ സംഗീതവും.
മോഹന്‍ലാലിന്റെ മനോഹരമായ അഭിനയം. പ്രത്യേകിച്ച്, അല്‍പം സീരിയസ് ആയ ഒരു I.A.S ഓഫിസര്‍ ആയി. റിസോര്‍ട്ടില്‍ വച്ച് വീണ്ടും ശോഭനയെ കണ്ടുമുട്ടുന്നതും, അവസാനം വീണ്ടും പിരിയേണ്ടിവരുന്നതുമായ രംഗങ്ങള്‍ വികാര തീവ്രതയോടെ അവതരിപ്പ്പ്പിച്ചിരിക്കുന്നു.
നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ച് കിട്ടുകയും, വീണ്ടും ഒരിക്കല്‍ കൂടി അത് നഷ്ടമാവുകയും ചെയ്യുമ്പോഴുള്ള വേദന ....
Sunday, December 9, 2007
നോര്‍ത്ത് മലബാറി സ്റ്റയില്‍
തനി നോര്‍ത്ത് മലബാറി സ്റ്റയിലില്‍ ഒരു സംഭാഷണം. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ... ബൂലോകത്തെ എത്ര പേര്‍ക്ക് ഇത് മനസ്സിലാവും എന്നറിയില്ല. അതുകൊണ്ട്, ഇതിനെ സാധാരണ രീതിയില്‍ മാറ്റിയും താഴെ എഴുതിയിട്ടുണ്ട്.
നീ എപ്പാ ബന്ന്ന് ?
ഞാമ്പന്നിറ്റ് കൊര്‍ചേരായപ്പാ ?
ഓ... അത്‌യാ ? എന്‍ന്റ് കൂറ്റൊന്നും കേട്ട്റ്റില്ലല്ലാ ...?
ഞാന്‍ ഈട കുത്തീര്‌ക്കുവാര്‌ന്ന്
നീ എന്തെങ്കിലും ബെയ്ചുവാ ?
ഇല്ല പ്പാ ...എന്നാ ബാ ... കൊറച്ച് ബറ്റും, ബെള്ളോം കുടിച്ച്റ്റ് പോട്.
എനക്ക് ബേഗം പോണപ്പാ ... എന്ന കണ്ടിറ്റില്ലേങ്കില് കുഞ്ഞ്യള് ബൈരം കൊട്ക്കാന്‍ തൊടങ്ങും.
അല്ലപ്പാ ... ഈട ബെരേ ബന്നതല്ലേ ? എന്തെങ്കിലും ബേയ്ച്ചിറ്റ് പോട്.
എന്നാ കൊണ്ടാ ...
ഇന്ന് പുളിങ്കറിയേ ആക്കീറ്റുള്ളൂ ... മീനൊന്നും കിട്ടീറ്റില്ല.
അയിനെന്നാപ്പാ ... എന്തായാലും കൊയപ്പൂല്ല.
യിനിക്ക് ബേണങ്കില് ഒണക്ക് വറക്കാം ... ബേണാ ?
ബേണ്ടപ്പാ ... ഇതന്നെ അധികാ ...
കുഞ്ഞ്യളച്ഛന്‍ രാവില കീഞ്ഞ് പോയതാന്ന്. ഇനി എപ്പാ ബെരുവാ എന്നാരിക്കറിയാ ... ബെരുംബം ബെള്ളോം കുടിച്ചിറ്റാരിക്കും ബെര്‌ന്നത്. എനക്ക് കയ്യൂല്ലെന്റെ മുത്തപ്പാ ...
നീ ഇങ്ങന കാളീറ്റെന്നാ കാരിയം ?
കാളാനല്ലാണ്ട് എനക്ക് എന്നാ കയിയുവാ ? കുഞ്ഞ്യളപ്പറ്റീറ്റ് ഓര്‍ക്ക് എന്തെങ്കിലും വിചാരൂണ്ടാ ... പണ്ടാരക്കാലന്‍ ... ഒറ്റ ചില്ലി ഉറുപ്പിക കയ്യിലിണ്ടാവൂല്ല. ചെക്കന് സ്കൂള് പോണം, സ്കൂള് പോണം എന്ന് പറഞ്ഞ് ബൈരം കൊടുക്കാനേ നേരൂള്ളൂ.
ഇന്നാ ... നീ ഇത് കയ്യില് ബെച്ചോ ... നൂറ്‌ണ്ട്.
അയ്യോ, ബേണ്ടപ്പാ ... ഇനിക്ക് ഞാന്‍ കൊറെ തെരാനില്ലേ ?
കൊയപ്പൂല്ലെന്റെ ദേവ്യേച്ചീ ... ഇങ്ങള് ഇത് ആട ബെക്ക് ... പിന്ന ദേവ്യേച്ചീ ... എന്റ ചെക്കന്റെച്ഛന്‍ ഇള്ളപ്പം, ഒാറ് കുടിച്ച്റ്റ് ബെരുംബം ഞാനും ഇങ്ങന പ്‌രാവുവായിരുന്ന്. ഇപ്പം തോന്ന്ന്ന് കുടിച്ചാലും ബേണ്ടീല്ല, ചെക്കന് അച്ഛന്‍ മതിയാര്‍ന്നൂന്ന്. അല്ലാ ... ഇനി പറഞ്ഞിറ്റ് എന്നാ കാരിയം. എല്ലം പോയില്ലേ ....
....
നിനിക്ക് ചവക്കാന്‍ ബേണാ ?
പൊകേല നല്ലത്ണ്ടാ ?
ഉം. കൊറേശ കയ്പ്പ്ണ്ട്.
എന്നാപ്പിന്ന ഞാമ്പോട്ടേ ? നീ ബാതിലടച്ച് ഓടാമ്പലിട്ടോ ...
========================================================
നീ എപ്പഴാ വന്നത് ?
ഞാന്‍ വന്ന് കുറച്ച് നേരമായി.
അതെയോ ... എന്നിട്ട് ശബ്ദമൊന്നും കേട്ടില്ലല്ലോ ?
ഞാന്‍ ഇവിടെ ഇരിക്കുകയായിരുന്നു.
നീ എന്തെങ്കിലും കഴിച്ചോ ?
ഇല്ല.
എന്നാല്‍ വാ. കുറച്ച് കഞ്ഞി കുടിച്ചിട്ട് പൊയ്ക്കോ.
എനിക്ക് പെട്ടെന്ന് പോകണം. എന്നെ കണ്ടില്ലെങ്കില്‍ കുട്ടികള്‍ കരയാന്‍ തുടങ്ങും.
ഏതായാലും ഇവിടെ വരെ വന്നതല്ലെ. എന്തെങ്കിലും കഴിച്ചിട്ട് പോകൂ.
ശെരി തരൂ.
ഇന്ന് പുളിശ്ശേരി മാത്രമേ ഉണ്ടാക്കിയുള്ളു. മല്‍സ്യമൊന്നും കിട്ടിയില്ല.
ഓ. അതിനെന്താ. ഒരു കുഴപ്പവുമില്ല.
നിനക്ക് വേണമെങ്കില്‍ ഉണക്ക മല്‍സ്യം വറുക്കാം.
ഓ. വേണ്ടാ. ഇതു തന്നെ ധാരാളം.
പിള്ളേര്‍ടെ അച്ഛന്‍ രാവിലെ പോയതാ. ഇനി വരുമ്പോള്‍ കുടിച്ചിട്ടായിരിക്കും വരുന്നത്. എനിക്ക് വയ്യ എന്റെ ഈശ്വരന്മാരേ ...
നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം ?
കരയാനല്ലാതെ പിന്നെ എനിക്ക് എന്താ കഴിയാ ? കുട്ടികളെപ്പറ്റി ആ കാലമാടന് ഒരു വിചാരവുമില്ല. ഒറ്റ പൈസ കയ്യില്‍ കാണില്ല. മോനാണെങ്കില്‍ സ്കൂളില്‍ പോകണം, സ്കൂളില്‍ പോകണം എന്നു പറഞ്ഞ് എന്നും കരച്ചില്‍ തന്നെ.
ഇന്നാ നീ ഇത് വച്ചോ. നൂറ് രൂപയുണ്ട്.
അയ്യോ... വേണ്ട. നിനക്ക് ഞാന്‍ കുറേ കാശ് തരാനില്ലേ ?
അത് കുഴപ്പമില്ല ദേവി ചേച്ചി. ചേച്ചി ഇത് വയ്ക്ക്. പിന്നെ ചേച്ചീ, എന്റെ മോന്റെ അച്ഛന്‍ കുടിച്ചിട്ട് വരുമ്പോള്‍ ഞാനും ഇതുപോലെ പ്‌രാവുമായിരുന്നു. ഇപ്പോള്‍ തോന്നുന്നു കുടിച്ചാലും വേണ്ടൂല്ല മോന് അച്ഛനെ മതിയായിരുന്നു എന്ന്. ഇനി പറഞ്ഞിട്ട് എന്താ കര്യം. എല്ലാം പോയി...
....
നിനക്ക് മുറുക്കാന്‍ വേണോ ?
പുകയില നല്ലതുണ്ടോ ?
ഉം. കുറച്ച് കയ്പ്പുണ്ട്.
എന്നാല്‍ ഞാന്‍ പോട്ടേ. നീ വാതിലടച്ച് കുറ്റിയിട്ടോ.
Monday, December 3, 2007
ശബരിമല - ഇതും കൂടി ...
അയ്യപ്പദര്‍ശനം കഴിഞ്ഞ് ഇന്നലെ എത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, വളരെ നല്ല പുരോഗതികളാണ് പമ്പയിലും സന്നിധാനത്തും കാണാന്‍ കഴിഞ്ഞത്. അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്, പ്ലാസ്റ്റിക്ക് നിരോധനം തന്നെ. എല്ലാ അയ്യപ്പന്മാരും ഇത് കൃത്യമായി പാലിക്കുന്നുമുണ്ട്. പമ്പയും പരിസരവും വൃത്തിയുടെ കാര്യത്തില്‍ വളരെ മുന്നിലെത്തി. അയ്യപ്പസേവാസമിതിയുടെ ഔഷധ ജലവിതരണം സ്വാമി ഭക്തര്‍ക്ക് വളരെ അനുഗ്രഹമായി. പ്ലാസ്റ്റിക്ക് കുപ്പികളുമായി കുടിവെള്ളത്തിനുവേണ്ടി അലയേണ്ട ആവശ്യമില്ല. കാരണം, മല കയറ്റത്തിലും, സന്നിധാനത്തുമായി അനേകം സ്റ്റാളുകള്‍, വിതരണത്തിനായി അനേകം സഹായികള്‍. പിന്നെ മിനറല്‍ വാട്ടര്‍ വാങ്ങി കാശ് കളയേണ്ട ആവശ്യവും ഇല്ല.
ഇനി, "കരിമല കയറ്റം കഠിനമെന്റയ്യപ്പാ" എന്നത് മാറ്റി, "പമ്പാ-നിലയ്ക്കല്‍ കഠിനമെന്റയ്യപ്പാ" എന്നാക്കണമോ എന്നൊരു സംശയം. അയ്യപ്പന്മാര്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക് ചെയ്യേണ്ടത് നിലയ്ക്കല്‍ ആണല്ലോ (പമ്പയില്‍ നിന്നും 22 കി.മി).ദര്‍ശനം കഴിഞ്ഞ്, മലയിറങ്ങി ക്ഷീണിച്ച് വരുന്ന അയ്യപ്പന്മാര്‍ക്ക് പമ്പയില്‍ നിന്നും നിലയ്കല്‍ എത്തുക എന്നത് കഠിനമായ ഒരു പരീക്ഷണമാണ്. K.S.R.T.C യുടെ ബസ്സുകള്‍ നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പക്ഷേ ഇതിന് ഒരു വ്യവസ്ഥയില്ല. ഒരു ബസ് വന്നാല്‍ അയ്യപ്പന്മാര്‍ എല്ലാരും കൂടി ഓടും. അപ്പോള്‍ കണ്ടക്റ്റര്‍ വാതില്‍ തുറക്കാതെ പറയും സ്റ്റാന്റില്‍ വന്ന് കേറാന്‍. സ്റ്റാന്റില്‍ പോകുമ്പോഴോ, ചില ബസ്സുകള്‍ കുറേ അകലെ തന്നെ നിര്‍ത്തും. ബസ്സില്‍ കേറുന്നതിന്, ഒരു യുദ്ധം തന്നെ. ചവിട്ടി, കുത്തി, ഇടിച്ച് മാറ്റി. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ചില അയ്യപ്പന്മാര്‍ കേറി സീറ്റ് പിടിക്കുന്നു. മറ്റുള്ളവര്‍ തള്ളി മാറ്റി ഇരിക്കുന്നു. പിന്നെ അടി, തെറി വിളി. അയ്യപ്പനെ കണ്ട പുണ്യം അപ്പോള്‍ തന്നെ ഇല്ലാതാക്കുകയാണ് ചിലര്‍. ഈ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ പരാചയമാണ് കാണാന്‍ കഴിഞ്ഞത്. ഇത് വളരെ ലളിതമായി പരിഹരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ക്യു സംവിധാനത്തിലൂടെ. ഒരു പോലീസുകാരനെ നിര്‍ത്തിയാല്‍ മതി. ടിക്കറ്റ് എടുത്ത് ക്യുവില്‍ നില്‍ക്കുക. ബസ് വന്ന് ആളെ കയറ്റുക, ബസ്സ് നിറഞ്ഞാല്‍ പോവുക. സന്നിധാനത്തില്‍ എല്ലാ കാര്യത്തിനും ക്യു അല്ലേ. അതുപോലെ എന്തുകൊണ്ട് ഇവിടെയും ആയിക്കൂടാ ? അടുത്ത വര്‍ഷമെങ്കിലും ഇതിനൊരു പരിഹാരം പ്രതീക്ഷിക്കാം.
മറ്റൊരു കാര്യം, കൊച്ചുകുട്ടികളെയും കൊണ്ട് ശബരിമലയില്‍ വരുന്നതാണ്. പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ മണ്ഡലകാലത്ത് ശബരിമലയില്‍ കൊണ്ടുവരരുത്ത് എന്നാണ് എന്റെ അഭിപ്രായം. എന്നത്തെപ്പോലെ ഇത്തവണയും കുറെ കുഞ്ഞുകുട്ടികള്‍. ഈ ഇടിയും തള്ളും കുട്ടികള്‍ എങ്ങനെ സഹിക്കും ? തിക്കില്‍ പെട്ട് ശ്വാസം കിട്ടാതെ നിലവിളിക്കുന്ന കുറെ കുട്ടികളെ ഞാന്‍ കണ്ടു. കൂട്ടം പിരിഞ്ഞ്, കരഞ്ഞ് കൊണ്ട് നടക്കുന്നവരേയും. ഭക്തിമൂത്ത് തലയ്ക്ക് പിടിച്ച ചില അയ്യപ്പന്മാര്‍ കുട്ടികള്‍ക്ക് യാതൊരു പരിഗണനയും കൊടുക്കുന്നില്ല. എങ്ങനെയെങ്കിലും കുറെ തള്ളുണ്ടാക്കണം. അത്രതന്നെ. ഇവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തോന്നും അയ്യപ്പന്‍ ഇപ്പോള്‍ എഴുന്നേറ്റ് പോകുമെന്ന്. കുറച്ചുപേരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു. സന്നിധാനത്തില്‍ മേല്‍പ്പാലത്തിലെ തള്ള് സഹിക്കാതെ ഒരു കുട്ടി കരയുമ്പോള്‍, "പിന്നെ ആര് പറഞ്ഞിട്ടാ നീ വന്നത്" എന്ന് പറഞ്ഞ് അച്ഛന്‍ അവനെ ശകാരിക്കുകയാണ് ചെയ്യുന്നത്. ശരിക്കും വിഷമം തോന്നി ഇത് കണ്ടപ്പോള്‍. ഈ കൊച്ച് മണികണ്ഠന്മാര്‍ക്കും, മാളികപ്പുറങ്ങള്‍ക്കും അയ്യപ്പദര്‍ശനം കിട്ടുന്നുണ്ടോ എന്ന് അയ്യപ്പന് മാത്രം അറിയാം !
ഏതായാലും ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് അയ്യപ്പന്‍ സഹിക്കില്ല. തീര്‍ച്ച.കുഞ്ഞുങ്ങളെ ശബരിമലയില്‍ കൊണ്ടുവരണമെങ്കില്‍ തിരക്കില്ലാത്ത സമയത്ത് ആയിക്കോട്ടെ. എല്ലാ മാസവും നട തുറക്കുമല്ലോ. തിക്കും തിരക്കുമില്ലാതെ സുഖമായി അയ്യപ്പദര്‍ശനം നടത്താം. അപ്പോള്‍ മാത്രമേ അയ്യപ്പനും പ്രസാദിക്കൂ.
സ്വാമി ശരണം !