Tuesday, July 8, 2008

കൊച്ചിയും വേസ്റ്റ്‌ ബക്കറ്റും.

കൊച്ചിലെ മാലിന്യ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കും, പരിഹരിച്ചു, പുതിയ പ്ലാന്റ്‌ ഉത്ഘാടനം, ബക്കറ്റ്‌ വിതരണം, അതും രണ്ടെണ്ണം - ഖര മാലിന്യം വേറെ, അടുക്കള മാലിന്യം വേറേ ... എന്തൊക്കെ ബഹളങ്ങളായിരുന്നു.
വീട്‌ ഒരു മാലിന്യപ്പുരയാവുന്നതല്ലാതെ, അതെടുക്കാന്‍ വരുന്നവര്‍ വല്ലപ്പോഴും ഒന്ന് വന്നെങ്കിലായി. ചോദിച്ചാല്‍ ലോറി വന്നില്ല. പ്ലാന്റ്‌ തുറന്നില്ല എന്നീ മറുപടികള്‍. അപ്പോള്‍ ഇത്‌ എവിടെയെങ്കിലും കൊണ്ട്‌ കളയേണ്ടേ ? ചുമ്മാ വലിച്ചെറിയാന്‍ മനസ്സുവന്നില്ല. പൗരബോധം, ശുചിത്വബോധം ! സംഗതി കാറില്‍ വച്ചു. കടവന്ത്ര, സൗത്ത്‌ പാലം എന്നീ കടമ്പകള്‍ കടന്ന് വളഞ്ഞംബലം എത്തി. അവിടെ ഒരു ബിന്‍ കാണാറുണ്ട്‌. അയ്യോ... ഇതെന്താ ? ഇവിടെ കിടന്ന ബിന്‍ എവിടെ ? ആരെങ്കിലും അടിച്ച്‌ മാറ്റിയോ ? ഏതായാലും രവിപുരം ട്രാഫിക്‌ സിഗ്നലിന്റെ അടുത്തുള്ള ബിന്നില്‍ ഇടാം. കാര്‍ ഓടി. രവിപുരം. ട്രാഫിക്‌ ലൈറ്റ്‌ ചുമന്ന് കത്തി, വേസ്റ്റ്‌ ഇടാന്‍ സൗകര്യം ചെയ്തു തന്നു. അയ്യോ ... ബിന്നെവിടെ ? ചുറ്റും നോക്കി. ഇവിടെ ഉണ്ടായിരുന്നതും ആരോ അടിച്ച്‌ മാറ്റി ! പിന്നെ എം.ജി റോഡ്‌, ജോസ്‌, ചിറ്റൂര്‍ റോഡ്‌, സൗത്ത്‌ എന്നുവേണ്ട കൊച്ചിയിലെ അറിയാവുന്ന ഊടുവഴികളിലൂടെയെല്ലാം കാര്‍ പാഞ്ഞു. ഫലം നാസ്തി ! നോ ബിന്‍ ! 500 രൂപയുടെ പെട്രോള്‍ കത്തി തീര്‍ന്നപ്പോള്‍ സംഭവത്തിന്റെ കിടപ്പ്‌ ഏകദേശം പിടികിട്ടി. ഒാഹോ, അപ്പോള്‍ അതാണ്‌ കാര്യം. കൊച്ചി നഗരത്തില്‍ മുക്കിന്‌ മുക്കിന്‌ കണ്ടിരുന്ന, മനോഹരമായ ഹരിത വര്‍ണ്ണത്തില്‍ തലയുയര്‍ത്തി നിന്ന് സുഗന്ധം പൊഴിച്ചിരുന്ന ബിന്നുകള്‍ ഒരോര്‍മ്മയായി !!
പിള്ളേര്‍ക്ക്‌ ബിസ്കറ്റ്‌ പോലും വാങ്ങിയില്ല. പകരം രണ്ട്‌ വലിയ വേസ്റ്റ്‌ കെട്ടും കൊണ്ട്‌, വീട്ടില്‍ തിരിച്ച്‌ കേറുന്ന കാര്യം !! പൗരബോധം, ശുചിത്വ ബോധം എന്നിങ്ങനെയുള്ള ബോധങ്ങള്‍ ഒരു ഹാഫ്‌ അടിച്ചത്‌ പോലെ ഓഫായി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന പല കെട്ടുകളില്‍ രണ്ട്‌ കെട്ടുകള്‍ കൂടി സംഭാവന നല്‍കി. കാര്‍ ചിറ്റൂര്‍ റോഡിലൂടെ കടവന്ത്ര ലക്ഷ്യമാക്കി പാഞ്ഞു.

"കോര്‍പ്പറേഷന്‍ ബിന്നുകള്‍ മുന്നറിയിപ്പില്ലാതെ എടുത്ത്‌ മാറ്റി","മാലിന്യം വലിച്ചെറിഞ്ഞവരെ സ്ക്വാഡ്‌ പിടികൂടി", "പിഴ 2000 രൂപ", "കാര്‍ പിടിച്ചെടുത്തു" വാര്‍ത്തകള്‍ - ഞാനെന്നും അറിഞ്ഞില്ലേ രാമനാരായണാ ...

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം, കോര്‍പ്പറേഷന്‍ പറഞ്ഞ പോലെ ഈയുള്ളവന്റെ വീട്ടിലും രണ്ട്‌, ബ്രാന്റ്‌ ന്യു ബക്കറ്റുകള്‍ വന്നു. സത്യം പറഞ്ഞാല്‍ അത്‌ കണ്ടപ്പോള്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്‌ മനസ്സാ നന്ദി പറഞ്ഞു. നല്ല കുട്ടപ്പന്‍ രണ്ട്‌ ബക്കറ്റുകളല്ലേ തന്നിരിക്കുന്നത്‌ ! അതും ഫ്രീ ആയി. "ഒന്നരാടന്‍ ദിവസങ്ങളില്‍ എടുക്കാന്‍ വരും" എന്ന ഉറപ്പും.വളരെ ആഹ്ലാദത്തോടെ വേസ്റ്റ്‌ നിക്ഷേപം തുടങ്ങി. ശ്രദ്ദയോടെ, വേര്‍തിരിച്ച്‌. പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌, പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌ .... മൂന്ന് ദിവസം, അഞ്ച്‌ ദിവസം, ഒരാഴ്ച, പത്ത്‌ ദിവസം, രണ്ടാഴ്ച. ബക്കറ്റുകള്‍ നിറഞ്ഞ്‌ നിറഞ്ഞ്‌ വന്നു. അത്‌ എടുത്തുകൊണ്ടുപോകാന്‍ മാത്രം ആരും വന്നില്ല. അടുക്കളയില്‍ കയറിയാല്‍, സലീം കുമാര്‍ ഏതോ പടത്തില്‍ പറഞ്ഞപോലെ "ഹോ ... കൊച്ചിയെത്തി ..." എന്ന് പറയാവുന്ന അവസ്ഥ. പുഴു, ഈച്ച എന്നിവയെ വളര്‍ത്താനുള്ള ഒരു ഉപാധിയായി മാറി ഈ കോര്‍പ്പറേഷന്‍ ബക്കറ്റുകള്‍. ബക്കറ്റിന്റെ മൂടിയൊക്കെ മാറ്റി അവ പുറത്ത്‌ വന്ന് നന്ദി പറയാന്‍ തുടങ്ങി.രണ്ടാഴ്ച ക്ഷമിച്ചു. ഇനി ഒരു രക്ഷയുമില്ല. രണ്ട്‌ ജൂനിയറുകളുള്ളതാണേ വീട്ടില്‍ ... ഇനിയും താമസിച്ചാല്‍ ചിലപ്പോള്‍ അവരുടെ കാര്യം അവതാളത്തിലാകും.
അതുകൊണ്ട്‌, ഇന്ന് രാവിലെ വീണ്ടും ശുചിത്വ ബോധവും, പൗരബോധവും ഒരു ഫുള്ളടിച്ചത്‌ പോലെ ഓഫായി. അല്ല ഓഫാക്കി.

9 comments:

ശ്രീ said...

"പൗരബോധം, ശുചിത്വ ബോധം എന്നിങ്ങനെയുള്ള ബോധങ്ങള്‍ ഒരു ഹാഫ്‌ അടിച്ചത്‌ പോലെ ഓഫായി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന പല കെട്ടുകളില്‍ രണ്ട്‌ കെട്ടുകള്‍ കൂടി സംഭാവന നല്‍കി"

വേറെ എന്തു ചെയ്യാനാകും അല്ലേ? നന്നാകണം എന്ന് നാട്ടുകാര്‍ വിചാരിച്ചാല്‍ പോലും നടക്കാത്ത അവസ്ഥ ആണു മാഷേ നമ്മുടെ കൊച്ചു കേരളത്തില്‍.
എന്തു ചെയ്യാന്‍... :(

G Joyish Kumar said...

ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണം

ബയോഗ്യാസ് ഉപയോഗിക്കരുതോ?

Unknown said...

കൊച്ചിയിലെ മാലിന്യ സംസ്ക്കരണം അത്ര എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന സംഗതിയല്ല
ആ മറൈഡ്രൈവില്‍ ചന്തയില്‍ നിന്നും ഒഴുകിയെത്തുന്നത് എന്ത്മാത്രം വൃത്തിക്കെട്ട വെള്ളമാണ് .ഈച്ചയും കൊതുകും കടിച്ചിട്ട്
ആ പാര്‍ക്കില്‍ ഒന്ന് പോയി ഇരിക്കാന്‍ പറ്റുമോ

അരുണ്‍ കരിമുട്ടം said...

മാഷേ,
വായിക്കണ്ടവര്‍ വായിച്ചാല്‍ ഇത് കൊള്ളേണ്ടടത്ത് കൊള്ളും.
ഉറപ്പാ...

Sojo Varughese said...

എവിടെ കൊള്ളാന്‍. കൊക്കെത്ര കുളം കണ്ടതാ മാഷേ...

Lathika subhash said...

മാലിന്യ സംസ്കരണത്തിന് എന്തെങ്കിലുമൊരു
പദ്ധതി ഈ ബൂലോകവാസികളെല്ല്ലാവരുംകൂടി
ആലോചിക്കാന്‍ സമയമായി. നാടന്‍,
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍,
കേരളത്തിലെ ഒരു പൊതു പ്രശ്നം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.ഒപ്പം അനുതാപവും
അറിയിക്കുന്നു..

ഹരിശ്രീ said...

.

:(

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കന്‍!
എന്നാണോ നമ്മുടെ നാട്ടുകാര്‍ നന്നാവുക.. കൊച്ചിയില്‍ മാത്രമേ പകല്‍, അതും നേരാംവണ്ണം മൂടാത്ത വാഹനത്തില്‍ വേസ്റ്റും കൊണ്ട് പോകാറുണ്ടാവൂ.. പോയിക്കഴിഞാല്‍ പിന്നെ ഒരു 10 മിനിറ്റ് ആ വഴി നടക്കാനും പറ്റില്ല

Umesh Pilicode said...

ഞാന്‍ നന്നായി ഇനി നാട്ടുകാരെ നന്നാക്കണം