Wednesday, November 21, 2007

ഫെയില്‍ ആന്റ്‌ പാസ്‌

‌എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇത്‌ 2001 ല്‍ നടന്ന ഒരു സംഭവമാണ്‌. അന്ന് കേരളത്തിലെ ഒരു പ്രശസ്തമായ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌. Marketing വിഭാഗത്തിലുള്ള കുറച്ച്‌ "പുലികള്‍" IT Team ന്റെ, അതായത്‌ ഞാന്‍ കൂടി അംഗമായ Team ന്റെ അടുത്ത്‌ ഒരു ആവശ്യവുമായി വന്നു. അക്കൊല്ലത്തെ S.S.L.C പരീക്ഷാഫലം SMS ല്‍ കൂടി ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുവാനുള്ള ഒരു സംഗതി വേണം. ഉപഭോക്താക്കള്‍, ഒരു നമ്പറിലേക്ക്‌ ഫലമറിയേണ്ട രജിസ്റ്റര്‍ നമ്പര്‍ SMS ആയി അയക്കും. അതിന്‌ മറുപടിയായി "Passed" or "Failed" എന്ന് തിരിച്ച്‌ SMS കൊടുക്കണം.
"ഹോ ... കലക്കന്‍ ഐഡിയ !"
"അടിപൊളി"
"ഇത്‌ ചെയ്താല്‍ ഇങ്ങനെയൊരു പരിപാടി കൊണ്ടുവരുന്ന കേരളത്തിലെ ആദ്യത്തെ മൊബൈല്‍ കമ്പനി നമ്മളായിരിക്കും."
"SMS വഴിയുള്ള വരുമാനം കൂടും."
"അടുത്ത appraisal ല്‍ മോശമല്ലാത്ത ശമ്പള ജമ്പിംഗ്‌ ഉറപ്പ്‌."
എന്നീ അഭിപ്രായങ്ങള്‍ കമ്പനിയിലെ പല പല വിഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടേ ഇരുന്നു.കേട്ടപ്പോള്‍ സംഗതി കൊള്ളാമെന്ന് തോന്നി.
"അപ്പോള്‍ ഈ പരീക്ഷാഫലത്തിന്റെ database എവിടെ നിന്ന് കിട്ടും ?" Marketing Team നോട്‌ നമ്മള്‍."
അതൊന്നും നിങ്ങള്‍ പേടിക്കെണ്ട ! നമ്മള്‍ പരീക്ഷാ ഭവനില്‍ നിന്ന് സംഘടിപ്പിച്ച്‌ തരാം" Marketing team നമ്മളോട്‌.
"ഒ.കെ, രണ്ട്‌ ദിവസത്തിനുള്ളില്‍ system will be ready" നമ്മള്‍ അറിയിച്ചു.

ആ നാളുകളില്‍ (ഇന്നും) ജോലി ചെയ്യുക എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു. കൂടെ ഉള്ളവര്‍ സഹപ്രവര്‍ത്തകരെക്കാളുപരി കൂട്ടുകാരായിരുന്നു. പിന്നെ വളരെ ഒത്തൊരുമയോടുകൂടി ജോലി ചെയ്യുന്ന ഒരു Team. രാപ്പകലില്ലാതെ പണിഞ്ഞു. ഒരു സംഭവം തട്ടിക്കൂട്ടി. വിചാരിച്ചപോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ അത്യാവശ്യം trial ഒക്കെ നടത്തി. സംഭവം സക്സസ്‌. വിചാരിച്ചത്‌ പോലെ തന്നെ എന്ന് Maketing Team ശരിവച്ചു. പിന്നെ അവര്‍ വേണ്ടവിധം publicity ഒക്കെ കൊടുത്തു. പിറ്റേ ദിവസത്തെ ദിനപത്രങ്ങളില്‍ വന്നെന്നാണ്‌ എന്റെ ഓര്‍മ്മ.കേരളാ ഗവന്മെണ്ട്‌, പരീക്ഷാഫലം പുറത്ത്‌ വിടുന്നതിന്‌ കുറെ മുമ്പുതന്നെ നമുക്ക്‌ result database കിട്ടി.രാവിലെ മുതല്‍ ചറ പറ SMS. പരീക്ഷാഫലമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ വക ഇടതടവില്ലാതെ. system നന്നായി അതിന്റെ ജോലി ചെയ്യുന്നുണ്ട്‌. മറ്റ്‌ Department ല്‍ ഉള്ളവര്‍ നമ്മുടെ Team നെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടി. എല്ലാവരും Happy. മാനവശേഷി വകുപ്പിലെ തലവന്‍ ഷെയ്ക്ക്‌ ഹാന്റ്‌ തന്നപ്പോള്‍ "സാറേ നമ്മുടെ കാര്യം ശമ്പള വര്‍ദ്ധനയില്‍ പരിഗണിക്കണേ" എന്ന് എവിടെയോ ഒരശരീരി. പക്ഷെ ഞാന്‍ മാത്രമെ കേട്ടുള്ളു.

ഉച്ചയ്ക്ക്‌ ശേഷം, എന്തോ ഒരാവശ്യത്തിന്‌ front office ല്‍ പോകേണ്ടി വന്നു. front office എന്ന് വച്ചാല്‍, ഉപഭോക്താക്കള്‍ പരാതി ബോധിപ്പിക്കാന്‍ വരുന്ന ഇടം. പരാതികള്‍ തീര്‍ത്ത്‌ കൊടുക്കാന്‍ (തീരാറുണ്ടോ ആവോ ?) കുറെ customer care executives ഇരിക്കുന്നുണ്ടാവും. നോക്കിയപ്പോള്‍ ഒരു executive ന്റെ desk നടുത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം, ഒച്ചയും, ബഹളവും. അടുത്ത്‌ ചെന്ന് നോക്കി. ഒരു father ഉം, son ഉം ആണ്‌. son നല്ല കരച്ചില്‍. father നല്ല തെറി.
"നിങ്ങടെ ഒരു ഒടുക്കത്തെ SMS. എന്റെ മോന്‍ നന്നായി പഠിച്ചതാ. പിന്നെ എങ്ങനെയാ അവന്‍ തോറ്റത്‌ ? failed എന്നാണ്‌ മെസേജ്‌ വന്നത്‌ ....!"
"സാര്‍, പരീക്ഷാ ഭവനില്‍ നിന്നുള്ള ഫലമാണ്‌. തെറ്റാന്‍ യാതൊരു വഴിയുമില്ല" executive ദീന സ്വരത്തില്‍.
"ഡാ ... ഇനിയിപ്പം നീ ശരിക്കും തോറ്റ്‌ കാണുമോ ?" father, son നോട്‌.
"ഇല്ല അച്ഛാ ... ഞാന്‍ നന്നായി എഴുതിയതാ .." കരഞ്ഞുകൊണ്ട്‌ son.

ആകെപ്പാടെ ബഹളമയം. തെറിവിളി. കരച്ചില്‍. executive ഇത്‌ ഒതുക്കാനുള്ള തത്രപ്പാടില്‍.
ഈശ്വരാ ... നമ്മുടെ system ചതിച്ചതാണോ ? ഞാന്‍ മനസ്സിലോര്‍ത്തു. ഹേയ്‌ വഴിയില്ല.
ഞാന്‍ മെല്ലെ ചെന്ന് executive ന്റെ കയ്യില്‍ നിന്നും son ന്റെ രജിസ്റ്റര്‍ നമ്പര്‍ വാങ്ങി, എന്റെ ഫോണില്‍നിന്നും ഒരു SMS അയച്ചു. ഉടനെ മറുപടി വന്നു. "Passed". ഹയ്‌, പിന്നെന്താ കുഴപ്പം ? executive നോട്‌ father ന്റെ കയ്യിലെഫോണില്‍ നിന്നും ഒരു SMS അയക്കാന്‍ പറഞ്ഞു. അതിനും "Passed" എന്നു തന്നെ മറുപടി.
"സാര്‍, Pass ആണല്ലോ വരുന്നത്‌. പിന്നെന്താ കുഴപ്പം ?" executive
"ആ എനിക്കറിയില്ല ! എനിക്ക്‌ കിട്ടിയത്‌ "failed" ആണ്‌" father
"സാര്‍ ഒന്ന്കൂടി അയക്കൂ ..." executive
father പിന്നേം SMS അയച്ചു.
നല്ല മണി മണി പോലെ "Passed"
"ശെരിയാണല്ലോ .. മോനേ നീ പാസ്സായെടാ ..."
Son കരച്ചില്‍ നിര്‍ത്തി, ചിരിയായി. ഹോ, ആ son ന്റെ മുഖം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
"സാറിനെങ്ങനെ "failed" കിട്ടി ?" executive.
"ദാ... നോക്കൂ"
Inbox എടുത്ത്‌ കാണിച്ചതും, executive ചിരി തുടങ്ങി.
"എന്താ ..." father
"സാറേ, ഇത്‌ സാറയച്ച മെസ്സേജ്‌, എന്തോ നെറ്റ്‌വര്‍ക്ക്‌ കുഴപ്പം കാരണം fail ആയി എന്നാണ്‌ വന്നത്‌. അല്ലാതെ മകന്‍ fail ആയി എന്നല്ല !"
(ചില മൊബൈല്‍ ഫോണില്‍ നിന്നും അല്‍പം കവറേജ്‌ കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും SMS ചെയ്യുമ്പോള്‍, അല്ലെങ്കില്‍ നെറ്റ്‌വര്‍ക്കില്‍ conjection വരുമ്പോള്‍ Messaging Sending failed എന്ന് മറുപടി വരാറുണ്ട്‌. ഈ father ന്‌ കഷ്ടകാലത്തിന്‌ അങ്ങനെയൊരെണ്ണം വന്നതാണ്‌ ഈ പൊല്ലാപ്പിനൊക്കെ കാരണം.)
father പിന്നേം രണ്ട്‌ മൂന്ന് തവണ SMS ചെയ്ത്‌ ഫലം ഉറപ്പുവരുത്തി. പിന്നെ ചമ്മല്‍ മറച്ച്‌ പിടിച്ച്‌, ചിരിച്ച്‌ കൊണ്ട്‌ good bye പറഞ്ഞു. son മൂക്ക്‌ ചീറ്റി പുറകേയും.

ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിക്കാറുണ്ട്‌. കലിതുള്ളി നില്‍ക്കുന്ന father ഉം, കണ്ണീരൊലിപ്പിക്കുന്ന son ഉം ഇപ്പോഴും മനസ്സിലുണ്ട്‌.

നേരത്തേ പറഞ്ഞപോലെ SMS വഴിയുള്ള പരീക്ഷാഫലം ആദ്യം കേരളത്തില്‍ കൊണ്ടുവന്നത്‌, ഞങ്ങളുടെ മൊബൈല്‍ കമ്പനിയായിരുന്നു. അന്ന് അതിന്‌ വമ്പിച്ച ജനപ്രീതി ലഭിച്ചു. നമ്മുടെ ശമ്പള ഗ്രാഫും തരക്കേടില്ലാതെ മുകളിലേക്ക്‌ പോയി.

6 comments:

ഫസല്‍ ബിനാലി.. said...

ini njangalude prathikaranathinenthu vila?
prathikaranam ningalude salaryil kandallo
thanks

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായി എഴുതിയിരിക്കുന്നു.
ഒരു മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഏവ, സോഫ്റ്റ്വെയറുകള്‍ എന്തൊക്കെ, ഹാര്‍ഡ് വെയറുകള്‍ എന്തൊക്കെ, മറ്റൂ ടെക്നിക്കല്‍ ഡീറ്റയിത്സ് തുടങ്ങിയവ എഴുതിയാല്‍ ഇതിനോട് താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് പ്രയോജനപ്പെട്ടേനേ.

ദിലീപ് വിശ്വനാഥ് said...

നല്ല ഒരു ഉദ്യമമാണല്ലോ അതു. മിടുക്കനാണ് കേട്ടാ. അപ്പോ നിങ്ങ‌ളാണ് ഈ എസ്.എം.എസ്. വിപ്ലവത്തിന്റെ പിന്നില്‍ അല്ലെ?

ശ്രീ said...

കൊള്ളാം മാഷേ... നല്ല ഓര്‍‌‌മ്മക്കുറിപ്പ്.

ഒപ്പം അങ്ങനെ ഒരു ഐഡിയ ആദ്യമായി പുറത്തിറക്കുന്നതില്‍‌ പ്രധാന പങ്കു വഹിച്ചതിന്‍ അഭിനന്ദനങ്ങളും...

:)

സാജന്‍| SAJAN said...

നന്നായി എഴുതിയിരിക്കുന്നു:)

നിരക്ഷരൻ said...

ഹ അതുഗ്രനായിരിക്കുന്നു.
ഞാന്‍ കരുതിയത്, ആദ്യം നിങ്ങള്‍ ആ പയ്യന് ശരിക്കും ഫെയില്‍ഡ് എന്ന് എസ്.എം.എസ്.അയച്ചുകാണുമെന്നാണ്.
ഇങ്ങനെയൊരു ഫെയില്‍ഡിന്റെ സാദ്ധ്യതെയെപ്പറ്റി ആലോചിച്ചതേയില്ല.