Thursday, November 29, 2007

D.A.K.C - ഒരു മായികലോകം.

D.A.K.C എന്നാല്‍ Dhirubhai Ambani Knowledge City. Reliance Communications ന്റെ ആസ്ഥാനം. ചേട്ടാനിയന്മാര്‍ തല്ലിപ്പിരിയുന്നത്‌ വരെ ഇത്‌ ചേട്ടന്‍ അംബാനിയുടെ, അതായത്‌ മുകേഷ്‌ ഭായിയുടെ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട്‌ ഇത്‌ പടുത്തുയര്‍ത്തിയതിന്റെ എല്ലാ credit ഉം അദ്ദേഹത്തിന്‌ തന്നെ. അനിയന്‍ അംബാനിയുടെ, അതായത്‌ അനില്‍ ഭായിയുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പുള്ളി, ചേട്ടന്‍ അച്ഛനോടുള്ള ആദരസൂചകമായി ഇട്ട D.A.K.C എന്ന പേര്‍ മാറ്റി വെറും Reliance Communications എന്നാക്കി. ഏതായാലും ചേട്ടാനിയന്മാരുടെ പോര്‌ അവിടെ നില്‍ക്കട്ടെ. അതിനെപ്പറ്റിയൊന്നും പറയാന്‍ നമ്മള്‍ ആളല്ല ! ഇവിടെ എഴുതാന്‍ പോകുന്നത്‌, ഈ മനോഹരമായ കാമ്പസിനെപ്പറ്റിയാണ്‌. കുറേക്കാലം ഇവിടെ ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌.

നവി മുംബയിലെ ഠാനെ-ബേലാപൂര്‍ റോഡില്‍, കോപ്പര്‍ഘൈറണെ എന്ന സ്ഥലത്താണ്‌ ഏകദേശം 200 ഏക്കര്‍ ഉള്ള ഈ ക്യാംപസ്‌. (വാഷിയില്‍ നിന്നും 4 കി.മിയും, ഠാനെയില്‍ നിന്നും 15 കി.മി യും).പ്രകൃതി ഭംഗിക്ക്‌ അങ്ങേയറ്റം പ്രാധാന്യം, അതാണ്‌ ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും കാമ്പസിലേക്ക്‌ കടക്കുമ്പോള്‍, അതിവിശാലമായ പ്രവേശന കവാടം. അതിനിരുവശത്തും മനോഹരമായ പൂന്തോട്ടങ്ങള്‍. സദാ വെള്ളം ചൊരിയുന്ന ഫൗണ്ടനുകള്‍. പ്രവേശന കവാടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അതി ശക്തമാണ്‌. നിങ്ങള്‍ ഈ ക്യാമ്പസില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിരിക്കണം. അല്ലെങ്കില്‍, അകത്ത്‌ കയറാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദം വാങ്ങാന്‍, നിങ്ങള്‍ കാണാന്‍ പോകുന്ന ആള്‍, നിങ്ങളുടെ എല്ലാ വിവരങ്ങളും, ആരെ കാണണം, എന്തിന്‌ കാണണം, കാണാനുള്ള തീയതി, സമയം എന്നിവ മുന്‍കൂട്ടി കൊടുത്തിരിക്കണം. സെക്യൂരിറ്റിക്കാര്‍ കമ്പ്യൂട്ടറില്‍ നോക്കി നിങ്ങള്‍ പറയുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തി ഒരു താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ്‌ തരും. അതും പ്രദര്‍ശിപ്പിച്ച്‌ കൊണ്ടേ അകത്ത്‌ കയറാന്‍ പറ്റൂ. അതായത്‌ ചുമ്മാ ഒന്ന് കേറി കണ്ട്‌ കളയാം എന്ന് വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല.അകത്ത്‌ പ്രവേശിച്ചാല്‍ നാല്‌ വരിപ്പാതയാണ്‌. വിദേശത്ത്‌ കാണുന്ന റോഡുകളോട്‌ കിടപിടിക്കുന്നവയാണ്‌ ഇവ. റോഡിന്റെ മദ്ധ്യത്തില്‍ വരി വരിയായി പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞ്‌ നില്‍ക്കുന്നത്‌ കാണാം. ഈ പ്രധാന പാതയിലൂടെ (Gate-A) വാഹനങ്ങള്‍ കടത്തി വിടില്ല. അതിന്‌ വേരെ കവാടങ്ങളുണ്ട്‌. ഇത്‌ വഴി, V.V.I.P കളുടെ വാഹനങ്ങള്‍ക്ക്‌ മാത്രം കടക്കാം. ഒരിക്കല്‍ മുകേഷ്‌ ഭായി തന്റെ B.M.W വില്‍, ഒഴുകിപ്പോകുന്നത്‌ കണ്ടതായി ഓര്‍ക്കുന്നു.

പ്രധാനപ്രവേശന കവാടത്തിലൂടെ നേരെ ചെന്നെത്തുന്നത്‌ അതിമനോഹരമായ ഒരു ഫൗണ്ടനിനടുത്തേക്കാണ്‌. കാറ്റടിക്കുമ്പോള്‍ ഇതില്‍നിന്നും വീശിയടിക്കുന്ന വെള്ളത്തുള്ളികള്‍ ശരീരവും, മനസ്സും കുളിര്‍പ്പിക്കും. ഇനി നിങ്ങള്‍ക്ക്‌ നടക്കാന്‍ വയ്യെങ്കില്‍, സുഖമായി ഇരുന്ന് പോകാന്‍ Golf Car കള്‍ നിങ്ങളെ കാത്ത്‌ നില്‍ക്കുന്നുണ്ടാകും. പോകേണ്ട കെട്ടിടത്തിന്റെ പേര്‍ പറഞ്ഞാല്‍ മതി. നാലുവരി പാതകളിലൂടെ ഈ കാറുകള്‍ മന്ദം മന്ദം പോകുന്നത്‌ ഒരു മനോഹര കാഴ്ച തന്നെ.ഫൗണ്ടന്റെ ഇടത്‌ വശത്തൂടെയും, വലത്‌ വശത്തൂടെയും റോഡ്‌ തിരിഞ്ഞ്‌ പോകുന്നു. റോഡിന്റെ വശങ്ങളിലായി ധീരുഭായിയുടെ വിജയമന്ത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ - Think big, Think fast. Ideas are no ones monopoly.കെട്ടിടങ്ങളെ തിരിച്ചറിയുന്നത്‌ Block-A, Block-B, Block-C ... എന്നിങ്ങനെയാണ്‌. ഇങ്ങനെ Block-I വരെയുണ്ട്‌. ഈ Block കളിലാണ്‌, ഏകദേശം 15000 ത്തോളം വരുന്ന ജോലിക്കാര്‍ ഇരിക്കുന്നത്‌.

ഈ ക്യാമ്പസിന്റെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്‌.

അമ്പലം - ശ്രീകൃഷ്ണ പ്രതിഷ്ഠ. അതി മനോഹരമായി പണികഴിപ്പിച്ചിരിക്കുന്നു. എല്ലാ ദിവസവും പൂജകള്‍. ഒരു പ്രത്യേക ശാന്തതയാണിവിടെ.

വിശാലമായ കുളം (ലെയ്ക്‌) - അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ഇവിടം പ്രകൃതി രമണീയമാണ്‌. തിരക്കിട്ട ജോലിക്കിടയില്‍ അല്‍പനേരം ഇവിടെ ചിലവഴിച്ചാല്‍ മനസ്സ്‌ ശാന്തമാകും.

ഹെലി പാഡ്‌ - ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ പറന്നിറങ്ങാന്‍. എല്ലാ ദിവസവും മുകേഷ്‌ ഭായി തന്റെ പറക്കും വാഹനത്തില്‍ വന്നിറങ്ങുന്നത്‌ ഗംഭീര കാഴ്ചയാണ്‌.

ഭക്ഷണ ശാലകള്‍ (food court) - ഒരേ സമയം 500 പേര്‍ക്ക്‌ ഇരിക്കാവുന്ന 3 food court. ഇവിടെ എല്ലാത്തരം ഭക്ഷണവും ലഭ്യമാണ്‌. പക്ഷെ strictly vegeterian. ഈ കാമ്പസിനുള്ളില്‍ Non-Veg ഭക്ഷണം കയറ്റരുത്‌ എന്നാണ്‌ നിയമം.

A.T.M Counter - പ്രശസ്തമായ രണ്ട്‌ ബാങ്കുകളുടെ 3 A.T.M Counter കള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടെ ബാങ്കിന്റെ ശാഖകളും.

Executive Launch - ഒരു 5 സ്റ്റാര്‍ ഹോട്ടലിനോട്‌ കിടപിടിക്കുന്ന എല്ലാമുണ്ടിവിടെ. Special Guests, VIP എന്നിവര്‍ക്കായി.

Health Club - ജോലി ചെയ്യുന്നതിനോട്‌ കൂടി ആരോഗ്യ സംരക്ഷണവും. എല്ലാ അത്യാധുനിക ഉപകരണങ്ങളോടും കൂടിയുള്ള ഒരു Hi-Tec Gym.

Java Green - ഇടവേളകളില്‍ ഒരു കാപ്പിയോ ചായയോ കുടിക്കാന്‍ തോന്നിയാല്‍ ഇതുതന്നെ പറ്റിയ സ്ഥലം. വിവിധതരം കാപ്പിയും, ചായയും, കൊറിക്കാനുള്ള ഐറ്റംസും.

പാര്‍ക്കിഗ്‌ - ഒരേ സമയം ഏകദേശം 500 റിലേറെ കാറുകള്‍ക്ക്‌ പാര്‍ക്‌ ചെയ്യാം. എല്ലാ ദിവസവും ഈ പാര്‍ക്കിംഗ്‌ ഏരിയകള്‍ നിറഞ്ഞിരിക്കും.ഡ്രൈവിംഗ്‌ സ്പീഡ്‌ - നല്ല കണ്ണാടി പോലെയുള്ള റോഡ്‌ കണ്ട്‌ ഒന്ന് കത്തിച്ച്‌ വിട്ടേക്കാം എന്ന് കരുതിയാല്‍ തെറ്റി. കാരണം ക്യാമ്പസിനുള്ളില്‍ സ്പീഡ്‌ 30kmph. സ്പീഡ്‌ ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സ്പീഡ്‌ ഗണ്ണുകള്‍, സെക്യുരിറ്റിക്കാര്‍. സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധം. ഈ ട്രാഫിക്‌ നിയമങ്ങല്‍ ലഘിച്ചാല്‍ സെക്യുരിറ്റിക്കാര്‍ പൊക്കും. പൊക്കിയാല്‍, കുറഞ്ഞ പിഴ 200 രൂപ. അടക്കേണ്ട. അടുത്തമാസം ശമ്പളത്തില്‍ നിന്നും ഈടാക്കിക്കോളും. ജോലിക്കാര്‍ അല്ലാത്തവര്‍ക്ക്‌ താക്കീത്‌.

കാള്‍ സെന്റര്‍ - ഒരേ സമയം 1000 പേര്‍ക്ക്‌ ഇരുന്ന് ജോലി ചെയ്യാവുന്നത്‌.

ഡ്രൈവര്‍ കാന്റീന്‍ - ഡ്രൈവര്‍മാര്‍ക്ക്‌ ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും ഉള്ള സ്ഥലം.

പലചരക്ക്‌ കട - ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിന്‌ മുമ്പേ ഒരു ഷോപ്പിംഗ്‌. ഒരു വീട്ടിലേക്ക്‌ വേണ്ട എല്ലാം കിട്ടും, ഇവിടെ.

ആശുപത്രി - പ്രഥമ ശുശ്രൂഷ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളോടെ.
Hermitage - ശാന്തത കളിയാടുന്ന പ്രൗഡഗംഭീരമായ അതിഥി മന്ദിരം. Lake Facing

കൂടാതെ അത്യാധുനിക Technology equipments, പരീക്ഷണശാലകള്‍, National Network Operating Centre (ഭാരതത്തിലെ ഓരോ മുക്കിലും മൂലയിലും ഉള്ള റിലയന്‍സിന്റെ ടവറുകളില്‍ എന്ത്‌ സംഭവിക്കുന്നു എന്ന് ഇവിടെ ഇരുന്നാല്‍ അറിയാം.),അതി മനോഹരമായ കോണ്‍ഫറന്‍സ്‌ ഹാളുകള്‍, ലോബികള്‍, indoor games എന്നിവയും.

കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുമ്പോഴും, ഒന്ന് പുറത്തിറങ്ങിയാല്‍ മനസ്സ്‌ കുളിര്‍ക്കുന്നു. പ്രകൃതിഭംഗിയും, ആധുനികതയും ഒത്തുചേര്‍ന്ന ഒരിടം. ഇത്ര നല്ല ഒരു ക്യാമ്പസ്‌ ഭാരതത്തില്‍ വേറേ കാണുമോ എന്ന് സംശയം.

അംബാനിമാര്‍ക്ക്‌ നന്ദി !

6 comments:

അങ്കിള്‍ said...

വായിക്കുമ്പോള്‍തന്നെ ഒരു സുഖം.

*****കുറേക്കാലം ഇവിടെ ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌.******

എന്താ ഇവിടം വിട്ടുകളഞ്ഞത്‌. ജിജ്ഞാസകൊണ്ട ചോദിച്ചുപോയതാണ്.

വേണു venu said...

അവിടമൊക്കെ ഒന്നു കണ്ടതു പോലെ ആയി. ചിത്രങ്ങള്‍‍ കൂടി ഉണ്ടായിരുന്നെങ്കില്‍‍ കൂടുതല്‍‍ നന്നായിരുന്നേനെ എന്നു തോന്നി.:)

ധ്വനി said...

ഞാനും കുറേക്കാലം ഇവിടെ ജോലി ചെയ്തിട്ടുണ്ട്! ഇ ബ്ലോക്കില്‍! ഗേറ്റ് നമ്പര്‍ വണ്ണില്‍ കൂടി കയറുമ്പോള്‍ ഇടതുവശത്തു അമ്പലത്തിനടുത്തുള്ള ആല്‍മരങ്ങളിലെ ആയിരക്കണക്കിനു വാവലുകളായിരുന്നു എന്റെ കൗതുകം. പിന്നെ എല്ലാ ഗേറ്റുകളില്‍ നിന്നും കാമ്പസിനകത്തേയ്ക്കു സഞ്ചരിയ്കാന്‍ വേണ്ടിയുള്ള ബാറ്ററി കാറുകളും!
എല്ലാം ഒന്നു കൂടി ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍! ആസ്വദിച്ചു ജോലിചെയ്ത ദിനങ്ങള്‍!

വേണു, പടമെടുത്താല്‍ അവര്‍ തലയെടുക്കും!! :)

മുക്കുവന്‍ said...

പക്ഷെ strictly vegeterian. ഈ കാമ്പസിനുള്ളില്‍ Non-Veg ഭക്ഷണം കയറ്റരുത്‌ എന്നാണ്‌ നിയമം.

Executive Launch - ഒരു 5 സ്റ്റാര്‍ ഹോട്ടലിനോട്‌ കിടപിടിക്കുന്ന എല്ലാമുണ്ടിവിടെ. Special Guests, VIP എന്നിവര്‍ക്കായി.

ഇത് രണ്ടും കൂടി ചേരുമോ? 5 സ്റ്റാര്‍ ഹോട്ടലിനോട്‌ കിടപിടിക്കുന്ന ഫുഡ് വെജ്ജീ മാത്രം???

എനിക്ക് ഒരു കുറച്ച് കൊഴിയെങ്കിലും കിട്ടിയില്ലേല്‍ ഊട്ട ഒരു പ്രശ്നം തന്നെ! അതിപ്പോള്‍ സ്വര്‍ഗ്ഗത്തിലായാലും...:)

നാടന്‍ said...
This comment has been removed by the author.
നാടന്‍ said...

അങ്കിള്‍ : വേറെ നല്ല ഒരു offer കിട്ടി. അതുതന്നെ കാരണം.

വേണു : ധ്വനി പറഞ്ഞ പോലെ തല പോകുന്ന കേസാ, ഫോട്ടോ ക്ലിക്കിയാല്‍.

മുക്കുവാ ... ഇവിടെ കോഴി കിട്ടില്ലെങ്കിലും, വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന lunch box ല്‍ ഒളിപ്പിച്ച്‌ ഒന്നുരണ്ട്‌ കോഴിക്കാലുക്കളൊക്കെ കൊണ്ടുവരാം കെട്ടോ. പക്ഷെ ആരും കാണാതെ ശാപ്പിടണം എന്ന് മാത്രം.

ധ്വനി : ഞാനും E ബ്ലോക്കില്‍ തന്നെ ആയിരുന്നു. 2nd floor-ല്‍, Prepaid Operations ല്‍