Sunday, December 9, 2007

നോര്‍ത്ത്‌ മലബാറി സ്റ്റയില്‍

തനി നോര്‍ത്ത്‌ മലബാറി സ്റ്റയിലില്‍ ഒരു സംഭാഷണം. കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ... ബൂലോകത്തെ എത്ര പേര്‍ക്ക്‌ ഇത്‌ മനസ്സിലാവും എന്നറിയില്ല. അതുകൊണ്ട്‌, ഇതിനെ സാധാരണ രീതിയില്‍ മാറ്റിയും താഴെ എഴുതിയിട്ടുണ്ട്‌.

നീ എപ്പാ ബന്ന്ന്‌ ?
ഞാമ്പന്നിറ്റ്‌ കൊര്‍ചേരായപ്പാ ?
ഓ... അത്‌യാ ? എന്‍ന്റ്‌ കൂറ്റൊന്നും കേട്ട്റ്റില്ലല്ലാ ...?
ഞാന്‍ ഈട കുത്തീര്‌ക്കുവാര്‌ന്ന്‌
നീ എന്തെങ്കിലും ബെയ്ചുവാ ?
ഇല്ല പ്പാ ...എന്നാ ബാ ... കൊറച്ച്‌ ബറ്റും, ബെള്ളോം കുടിച്ച്റ്റ്‌ പോട്‌.
എനക്ക്‌ ബേഗം പോണപ്പാ ... എന്ന കണ്ടിറ്റില്ലേങ്കില്‌ കുഞ്ഞ്യള്‌ ബൈരം കൊട്ക്കാന്‍ തൊടങ്ങും.
അല്ലപ്പാ ... ഈട ബെരേ ബന്നതല്ലേ ? എന്തെങ്കിലും ബേയ്ച്ചിറ്റ്‌ പോട്‌.
എന്നാ കൊണ്ടാ ...
ഇന്ന് പുളിങ്കറിയേ ആക്കീറ്റുള്ളൂ ... മീനൊന്നും കിട്ടീറ്റില്ല.
അയിനെന്നാപ്പാ ... എന്തായാലും കൊയപ്പൂല്ല.
യിനിക്ക്‌ ബേണങ്കില്‌ ഒണക്ക്‌ വറക്കാം ... ബേണാ ?
ബേണ്ടപ്പാ ... ഇതന്നെ അധികാ ...
കുഞ്ഞ്യളച്ഛന്‍ രാവില കീഞ്ഞ്‌ പോയതാന്ന്. ഇനി എപ്പാ ബെരുവാ എന്നാരിക്കറിയാ ... ബെരുംബം ബെള്ളോം കുടിച്ചിറ്റാരിക്കും ബെര്‌ന്നത്‌. എനക്ക്‌ കയ്യൂല്ലെന്റെ മുത്തപ്പാ ...
നീ ഇങ്ങന കാളീറ്റെന്നാ കാരിയം ?
കാളാനല്ലാണ്ട്‌ എനക്ക്‌ എന്നാ കയിയുവാ ? കുഞ്ഞ്യളപ്പറ്റീറ്റ്‌ ഓര്‍ക്ക്‌ എന്തെങ്കിലും വിചാരൂണ്ടാ ... പണ്ടാരക്കാലന്‍ ... ഒറ്റ ചില്ലി ഉറുപ്പിക കയ്യിലിണ്ടാവൂല്ല. ചെക്കന്‌ സ്കൂള്‌ പോണം, സ്കൂള്‌ പോണം എന്ന് പറഞ്ഞ്‌ ബൈരം കൊടുക്കാനേ നേരൂള്ളൂ.
ഇന്നാ ... നീ ഇത്‌ കയ്യില്‌ ബെച്ചോ ... നൂറ്‌ണ്ട്‌.
അയ്യോ, ബേണ്ടപ്പാ ... ഇനിക്ക്‌ ഞാന്‍ കൊറെ തെരാനില്ലേ ?
കൊയപ്പൂല്ലെന്റെ ദേവ്യേച്ചീ ... ഇങ്ങള്‌ ഇത്‌ ആട ബെക്ക്‌ ... പിന്ന ദേവ്യേച്ചീ ... എന്റ ചെക്കന്റെച്ഛന്‍ ഇള്ളപ്പം, ഒാറ്‌ കുടിച്ച്റ്റ്‌ ബെരുംബം ഞാനും ഇങ്ങന പ്‌രാവുവായിരുന്ന്. ഇപ്പം തോന്ന്ന്ന് കുടിച്ചാലും ബേണ്ടീല്ല, ചെക്കന്‌ അച്ഛന്‍ മതിയാര്‍ന്നൂന്ന്. അല്ലാ ... ഇനി പറഞ്ഞിറ്റ്‌ എന്നാ കാരിയം. എല്ലം പോയില്ലേ ....
....
നിനിക്ക്‌ ചവക്കാന്‍ ബേണാ ?
പൊകേല നല്ലത്ണ്ടാ ?
ഉം. കൊറേശ കയ്പ്പ്ണ്ട്‌.
എന്നാപ്പിന്ന ഞാമ്പോട്ടേ ? നീ ബാതിലടച്ച്‌ ഓടാമ്പലിട്ടോ ...
========================================================
നീ എപ്പഴാ വന്നത്‌ ?
ഞാന്‍ വന്ന് കുറച്ച്‌ നേരമായി.
അതെയോ ... എന്നിട്ട്‌ ശബ്ദമൊന്നും കേട്ടില്ലല്ലോ ?
ഞാന്‍ ഇവിടെ ഇരിക്കുകയായിരുന്നു.
നീ എന്തെങ്കിലും കഴിച്ചോ ?
ഇല്ല.
എന്നാല്‍ വാ. കുറച്ച്‌ കഞ്ഞി കുടിച്ചിട്ട്‌ പൊയ്ക്കോ.
എനിക്ക്‌ പെട്ടെന്ന് പോകണം. എന്നെ കണ്ടില്ലെങ്കില്‍ കുട്ടികള്‍ കരയാന്‍ തുടങ്ങും.
ഏതായാലും ഇവിടെ വരെ വന്നതല്ലെ. എന്തെങ്കിലും കഴിച്ചിട്ട്‌ പോകൂ.
ശെരി തരൂ.
ഇന്ന് പുളിശ്ശേരി മാത്രമേ ഉണ്ടാക്കിയുള്ളു. മല്‍സ്യമൊന്നും കിട്ടിയില്ല.
ഓ. അതിനെന്താ. ഒരു കുഴപ്പവുമില്ല.
നിനക്ക്‌ വേണമെങ്കില്‍ ഉണക്ക മല്‍സ്യം വറുക്കാം.
ഓ. വേണ്ടാ. ഇതു തന്നെ ധാരാളം.
പിള്ളേര്‍ടെ അച്ഛന്‍ രാവിലെ പോയതാ. ഇനി വരുമ്പോള്‍ കുടിച്ചിട്ടായിരിക്കും വരുന്നത്‌. എനിക്ക്‌ വയ്യ എന്റെ ഈശ്വരന്മാരേ ...
നീ ഇങ്ങനെ കരഞ്ഞിട്ട്‌ എന്താ കാര്യം ?
കരയാനല്ലാതെ പിന്നെ എനിക്ക്‌ എന്താ കഴിയാ ? കുട്ടികളെപ്പറ്റി ആ കാലമാടന്‌ ഒരു വിചാരവുമില്ല. ഒറ്റ പൈസ കയ്യില്‍ കാണില്ല. മോനാണെങ്കില്‍ സ്കൂളില്‍ പോകണം, സ്കൂളില്‍ പോകണം എന്നു പറഞ്ഞ്‌ എന്നും കരച്ചില്‍ തന്നെ.
ഇന്നാ നീ ഇത്‌ വച്ചോ. നൂറ്‌ രൂപയുണ്ട്‌.
അയ്യോ... വേണ്ട. നിനക്ക്‌ ഞാന്‍ കുറേ കാശ്‌ തരാനില്ലേ ?
അത്‌ കുഴപ്പമില്ല ദേവി ചേച്ചി. ചേച്ചി ഇത്‌ വയ്ക്ക്‌. പിന്നെ ചേച്ചീ, എന്റെ മോന്റെ അച്ഛന്‍ കുടിച്ചിട്ട്‌ വരുമ്പോള്‍ ഞാനും ഇതുപോലെ പ്‌രാവുമായിരുന്നു. ഇപ്പോള്‍ തോന്നുന്നു കുടിച്ചാലും വേണ്ടൂല്ല മോന്‌ അച്ഛനെ മതിയായിരുന്നു എന്ന്. ഇനി പറഞ്ഞിട്ട്‌ എന്താ കര്യം. എല്ലാം പോയി...
....
നിനക്ക്‌ മുറുക്കാന്‍ വേണോ ?
പുകയില നല്ലതുണ്ടോ ?
ഉം. കുറച്ച്‌ കയ്പ്പുണ്ട്‌.
എന്നാല്‍ ഞാന്‍ പോട്ടേ. നീ വാതിലടച്ച്‌ കുറ്റിയിട്ടോ.

10 comments:

കണ്ണൂരാന്‍ - KANNURAN said...

ഊയ്യന്റപ്പാ, നിങ്ങളും തൊടങ്ങ്യാ.. നന്നായി..
ഈടേം നോക്കുക..

R. said...

ഉയിശ്, അന്നക്കൊണ്ട് കയ്യല്ല !

ശ്രീ said...

കുറച്ചു പണിപ്പെട്ടാണെങ്കിലും വായിച്ചു മനസ്സിലാക്കി. അപ്പൊ ദാ താഴെ വീണ്ടും മര്യാദയ്ക്ക് എഴുതിയിരിക്കുന്നു.

;)

vadavosky said...

ഓന്‍ ഓളേ കരിപ്പക്കാരി ആക്കീന്‌

രാജന്‍ വെങ്ങര said...

hi....
carry on.

asdfasdf asfdasdf said...

എന്റ്റമ്മോ ഇതൊക്കെ വായിച്ച് കേറ്റാന്‍ പണിപ്പെട്ടു.
കൊള്ളാം.

ശ്രീലാല്‍ said...

അല്ലപ്പാ,നാടാ, ങ്ങള് മ്മളാളാണല്ലാ.. ന്നിറ്റാന്ന് ഒന്ന് ഉരിയാടാത്തെ. ? ങ്ങള് കലക്കൊളീ...
രായാട്ടാ, കണ്ണൂരാനേ, രജീഷേ ബേം ആളക്കൂട്ട് മ്മക്കങ്ങ് തകര്‍ക്കാലാ..:)

ഹരിശ്രീ said...

ഭായ്,

ഇതെന്തായാലും സൂപ്പര്‍ ആയി. തൃശൂര്‍ ചാലക്കുടി സ്വദേശ്ശിയായ ഞാന്‍ കണ്ണൂരില്‍ ജോലിചെയ്യാന്‍ പോയസമയത്ത് കണ്ണൂര്‍ ഭാഷയെന്നെ നന്നായി വലച്ചിട്ടുണ്ട്.

ആശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

ഇതാണ്‌ പ്രാദേശിക ഭേദത്തിന്റെ... പുറംമോടികളില്ലാത്ത നാട്ടുഭാഷയുടെ ഭംഗി

Anonymous said...

പറ്റേം തിരിഞ്ഞു :)