Tuesday, July 8, 2008

കൊച്ചിയും വേസ്റ്റ്‌ ബക്കറ്റും.

കൊച്ചിലെ മാലിന്യ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കും, പരിഹരിച്ചു, പുതിയ പ്ലാന്റ്‌ ഉത്ഘാടനം, ബക്കറ്റ്‌ വിതരണം, അതും രണ്ടെണ്ണം - ഖര മാലിന്യം വേറെ, അടുക്കള മാലിന്യം വേറേ ... എന്തൊക്കെ ബഹളങ്ങളായിരുന്നു.
വീട്‌ ഒരു മാലിന്യപ്പുരയാവുന്നതല്ലാതെ, അതെടുക്കാന്‍ വരുന്നവര്‍ വല്ലപ്പോഴും ഒന്ന് വന്നെങ്കിലായി. ചോദിച്ചാല്‍ ലോറി വന്നില്ല. പ്ലാന്റ്‌ തുറന്നില്ല എന്നീ മറുപടികള്‍. അപ്പോള്‍ ഇത്‌ എവിടെയെങ്കിലും കൊണ്ട്‌ കളയേണ്ടേ ? ചുമ്മാ വലിച്ചെറിയാന്‍ മനസ്സുവന്നില്ല. പൗരബോധം, ശുചിത്വബോധം ! സംഗതി കാറില്‍ വച്ചു. കടവന്ത്ര, സൗത്ത്‌ പാലം എന്നീ കടമ്പകള്‍ കടന്ന് വളഞ്ഞംബലം എത്തി. അവിടെ ഒരു ബിന്‍ കാണാറുണ്ട്‌. അയ്യോ... ഇതെന്താ ? ഇവിടെ കിടന്ന ബിന്‍ എവിടെ ? ആരെങ്കിലും അടിച്ച്‌ മാറ്റിയോ ? ഏതായാലും രവിപുരം ട്രാഫിക്‌ സിഗ്നലിന്റെ അടുത്തുള്ള ബിന്നില്‍ ഇടാം. കാര്‍ ഓടി. രവിപുരം. ട്രാഫിക്‌ ലൈറ്റ്‌ ചുമന്ന് കത്തി, വേസ്റ്റ്‌ ഇടാന്‍ സൗകര്യം ചെയ്തു തന്നു. അയ്യോ ... ബിന്നെവിടെ ? ചുറ്റും നോക്കി. ഇവിടെ ഉണ്ടായിരുന്നതും ആരോ അടിച്ച്‌ മാറ്റി ! പിന്നെ എം.ജി റോഡ്‌, ജോസ്‌, ചിറ്റൂര്‍ റോഡ്‌, സൗത്ത്‌ എന്നുവേണ്ട കൊച്ചിയിലെ അറിയാവുന്ന ഊടുവഴികളിലൂടെയെല്ലാം കാര്‍ പാഞ്ഞു. ഫലം നാസ്തി ! നോ ബിന്‍ ! 500 രൂപയുടെ പെട്രോള്‍ കത്തി തീര്‍ന്നപ്പോള്‍ സംഭവത്തിന്റെ കിടപ്പ്‌ ഏകദേശം പിടികിട്ടി. ഒാഹോ, അപ്പോള്‍ അതാണ്‌ കാര്യം. കൊച്ചി നഗരത്തില്‍ മുക്കിന്‌ മുക്കിന്‌ കണ്ടിരുന്ന, മനോഹരമായ ഹരിത വര്‍ണ്ണത്തില്‍ തലയുയര്‍ത്തി നിന്ന് സുഗന്ധം പൊഴിച്ചിരുന്ന ബിന്നുകള്‍ ഒരോര്‍മ്മയായി !!
പിള്ളേര്‍ക്ക്‌ ബിസ്കറ്റ്‌ പോലും വാങ്ങിയില്ല. പകരം രണ്ട്‌ വലിയ വേസ്റ്റ്‌ കെട്ടും കൊണ്ട്‌, വീട്ടില്‍ തിരിച്ച്‌ കേറുന്ന കാര്യം !! പൗരബോധം, ശുചിത്വ ബോധം എന്നിങ്ങനെയുള്ള ബോധങ്ങള്‍ ഒരു ഹാഫ്‌ അടിച്ചത്‌ പോലെ ഓഫായി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന പല കെട്ടുകളില്‍ രണ്ട്‌ കെട്ടുകള്‍ കൂടി സംഭാവന നല്‍കി. കാര്‍ ചിറ്റൂര്‍ റോഡിലൂടെ കടവന്ത്ര ലക്ഷ്യമാക്കി പാഞ്ഞു.

"കോര്‍പ്പറേഷന്‍ ബിന്നുകള്‍ മുന്നറിയിപ്പില്ലാതെ എടുത്ത്‌ മാറ്റി","മാലിന്യം വലിച്ചെറിഞ്ഞവരെ സ്ക്വാഡ്‌ പിടികൂടി", "പിഴ 2000 രൂപ", "കാര്‍ പിടിച്ചെടുത്തു" വാര്‍ത്തകള്‍ - ഞാനെന്നും അറിഞ്ഞില്ലേ രാമനാരായണാ ...

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം, കോര്‍പ്പറേഷന്‍ പറഞ്ഞ പോലെ ഈയുള്ളവന്റെ വീട്ടിലും രണ്ട്‌, ബ്രാന്റ്‌ ന്യു ബക്കറ്റുകള്‍ വന്നു. സത്യം പറഞ്ഞാല്‍ അത്‌ കണ്ടപ്പോള്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്‌ മനസ്സാ നന്ദി പറഞ്ഞു. നല്ല കുട്ടപ്പന്‍ രണ്ട്‌ ബക്കറ്റുകളല്ലേ തന്നിരിക്കുന്നത്‌ ! അതും ഫ്രീ ആയി. "ഒന്നരാടന്‍ ദിവസങ്ങളില്‍ എടുക്കാന്‍ വരും" എന്ന ഉറപ്പും.വളരെ ആഹ്ലാദത്തോടെ വേസ്റ്റ്‌ നിക്ഷേപം തുടങ്ങി. ശ്രദ്ദയോടെ, വേര്‍തിരിച്ച്‌. പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌, പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌ .... മൂന്ന് ദിവസം, അഞ്ച്‌ ദിവസം, ഒരാഴ്ച, പത്ത്‌ ദിവസം, രണ്ടാഴ്ച. ബക്കറ്റുകള്‍ നിറഞ്ഞ്‌ നിറഞ്ഞ്‌ വന്നു. അത്‌ എടുത്തുകൊണ്ടുപോകാന്‍ മാത്രം ആരും വന്നില്ല. അടുക്കളയില്‍ കയറിയാല്‍, സലീം കുമാര്‍ ഏതോ പടത്തില്‍ പറഞ്ഞപോലെ "ഹോ ... കൊച്ചിയെത്തി ..." എന്ന് പറയാവുന്ന അവസ്ഥ. പുഴു, ഈച്ച എന്നിവയെ വളര്‍ത്താനുള്ള ഒരു ഉപാധിയായി മാറി ഈ കോര്‍പ്പറേഷന്‍ ബക്കറ്റുകള്‍. ബക്കറ്റിന്റെ മൂടിയൊക്കെ മാറ്റി അവ പുറത്ത്‌ വന്ന് നന്ദി പറയാന്‍ തുടങ്ങി.രണ്ടാഴ്ച ക്ഷമിച്ചു. ഇനി ഒരു രക്ഷയുമില്ല. രണ്ട്‌ ജൂനിയറുകളുള്ളതാണേ വീട്ടില്‍ ... ഇനിയും താമസിച്ചാല്‍ ചിലപ്പോള്‍ അവരുടെ കാര്യം അവതാളത്തിലാകും.
അതുകൊണ്ട്‌, ഇന്ന് രാവിലെ വീണ്ടും ശുചിത്വ ബോധവും, പൗരബോധവും ഒരു ഫുള്ളടിച്ചത്‌ പോലെ ഓഫായി. അല്ല ഓഫാക്കി.

Tuesday, June 10, 2008

തകര്‍പ്പന്‍ ഫോട്ടോഗ്രാഫി


ഞാനെടുത്തതൊന്നുമല്ല കേട്ടോ ... മെയിലില്‍ വന്നതാണ്‌. എന്തായാലും സംഗതി തകര്‍പ്പന്‍ തന്നെ അല്ലേ ?
ഫോട്ടോ എടുത്തിരിക്കുന്നത്‌ ഒട്ടകങ്ങളുടെ നേരെ മുകളില്‍ നിന്നാണ്‌. അസ്തമയ സമയത്ത്‌, ഒട്ടകങ്ങളുടെ നിഴല്‍ മണ്ണില്‍ പതിഞ്ഞതാണ്‌ ഈ മനോഹര കാഴ്ച. സൂക്ഷിച്ച്‌ നോക്കിയാല്‍ ഒരു വെളുത്ത വര പോലെ ഒട്ടകങ്ങളെ കാണാം !

Friday, March 28, 2008

കണ്ടുപിടിക്കാമോ ?


മലയാളികള്‍ക്ക്‌ പ്രിയങ്കരനായ ഒരാള്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ട്‌. ആരാണെന്ന് കണ്ടുപിടിക്കാമോ ?

Wednesday, March 19, 2008

ക്രിക്കറ്റ്‌ സ്മരണകള്‍

പരീക്ഷകളുടെയും, സ്കൂള്‍ അവധികാലത്തിന്റേയും സീസണ്‍ ആണല്ലോ. കുട്ടിക്കാലത്ത്‌, എന്നുപറഞ്ഞാല്‍ ഒരു പത്ത്‌ പതിനെട്ട്‌ കൊല്ലം മുമ്പ്‌, ഏകദേശം ഇതേ കാലയളവില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ ഓര്‍മ്മ വരുന്നു.

അന്ന്‌, എല്ലാവരേയും പോലെ ക്രിക്കറ്റ്‌ വട്ട്‌ ഞങ്ങള്‍ മൂന്ന് സഹോദരന്മാരുടേയും തലയില്‍ കേറി, അത്‌ അവിടെ ടെന്റ്‌ അടിച്ച്‌ വാഴുന്ന സമയം. കളിക്കാരുടെ ഫോട്ടോ ആല്‍ബം ഉണ്ടാക്കുക എന്നത്‌ ഒരു പ്രധാന പരിപാടി ആയിരുന്നു. ഏതെങ്കിലും ഒരു പഴയ നോട്ട്‌ ബുക്ക്‌ ആയിരിക്കും ആല്‍ബത്തിന്റെ രൂപത്തില്‍ വരുന്നത്‌. കടയില്‍ നിന്ന് സാധനം പൊതിഞ്ഞ്‌ കൊണ്ടുവരുന്ന പേപ്പര്‍, ഇനി അത്‌ മത്തി പൊതിഞ്ഞ പേപ്പര്‍ ആയാലും ശരി, അതില്‍ വല്ല കപില്‍ദേവോ, ഗവാസ്കറോ, ഇയാന്‍ ബോതമോ ഉണ്ടെങ്കില്‍ വെയിലത്ത്‌ ഇട്ട്‌ ഉണക്കി ഡീസന്റാക്കി ഒട്ടിക്കും. അച്ഛന്‍ പേപ്പര്‍ വായിക്കാന്‍ എടുക്കുമ്പോള്‍ അവസാനത്തെ താളിലെ കൊച്ചുകൊച്ചു ജാലകങ്ങലിലൂടെ, പുറം ലോകം കാണുന്നത്‌ ഒരു നിത്യ സംഭവമായിരുന്നു. എനിക്ക്‌ തോന്നുന്നു, ഈ വിധത്തില്‍ ഒരു പത്ത്‌ ആല്‍ബങ്ങളെങ്കിലും ഇപ്പോഴും വീട്ടിന്റെ ഏതോ മൂലയില്‍ ഉണ്ടെന്ന്. പഴയകാല താരങ്ങളുടെ പല രൂപത്തിലും, ഭാവത്തിലും ഉള്ള പടങ്ങള്‍ അതിലുണ്ട്‌. എത്ര കഷ്ടപ്പെട്ടാ അതൊക്കെ ശേഖരിച്ചിരുന്നത്‌. അതൊക്കെ തൂക്കി വിറ്റാല്‍ ഇപ്പോള്‍ നല്ല കാശ്‌ കിട്ടും. അത്രയ്ക്കുണ്ടേ വണ്ണം !

ഇനി കളിയാണെങ്കിലോ, ഒരു ദിവസം, ഉറങ്ങുന്ന സമയം ഒഴികെ ബാക്കി എല്ലാ സമയവും എന്ന് വേണമെങ്കില്‍ പറയാം. അക്കാലത്തെ, പൊരിയുന്ന വെയില്‍ ഒന്നുപോലും വെറുതെ വേസ്റ്റ്‌ ആക്കിയിട്ടില്ല. വീട്ടിന്റെ മുറ്റത്തും, തിണ്ണയിലും, അകത്തും, എന്ന് വേണ്ട രണ്ടാള്‍ക്ക്‌ കഷ്ടിച്ച്‌ നില്‍കാന്‍ പറ്റിയ ഏതെങ്കിലും ഒരു ഗ്യാപ്‌ ഉണ്ടെങ്കില്‍ ഉടനെ അവിടെ കുറ്റി കുഴിച്ചിടും. വീട്ടിലെ ജന്നല്‍ ഗ്ലാസ്സുകള്‍ നാലെണ്ണം, അമ്മയുടെ ചെടിച്ചട്ടികള്‍ എണ്ണാന്‍ പറ്റാത്ത അത്രേം, വീടിന്റെ വെള്ള പൂശിയ ചുമരില്‍ ദിനം തോറും വര്‍ദ്ദിച്ചുവരുന്ന വൃത്താകൃതിയില്‍ ഉള്ള പാടുകള്‍, എന്നിവ നമ്മുടെ കളിയുടെ സാക്ഷികളും, രക്തസാക്ഷികളും ആയപ്പോള്‍ വീട്ടിനും, ചുറ്റുവട്ടത്തും വീട്ടിലെ പ്രധാന ഒഫീഷ്യല്‍സ്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. എങ്കിലും അവര്‍ ജോലിക്ക്‌ പോകുമ്പോള്‍ വീണ്ടും കുറ്റികുഴിച്ചിടല്‍ തുടങ്ങും. എന്നാലല്ലേ വൈകുന്നേരത്തേക്ക്‌ രണ്ട്‌ ഗ്ലാസ്സും, മൂന്നുനാല്‌ ചട്ടിയും പൊട്ടിക്കാന്‍ പറ്റൂ !

വീട്ടില്‍ നിന്നും ക്രിക്കറ്റ്‌ കളിക്കാന്‍ വേണ്ട ആയുധങ്ങള്‍ വാങ്ങി തരുക എന്നത്‌ "എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട്‌ എല്ലാ സാമഗ്രികളും കുടില്‍ വ്യവസായത്തിലൂടെ വികസിപ്പിച്ചെടുക്കും. സ്വയം തൊഴില്‍ പദ്ധതിക്ക്‌ രൂപം കൊടുത്തുകൊണ്ട്‌, ഒരു ചെറിയ യൂണിറ്റ്‌ വീട്ടിന്റെ പിറകിലുള്ള വിറക്‌ സൂക്ഷിക്കുന്ന ഷെഡില്‍ ഞങ്ങള്‍ തുടങ്ങിയിരുന്നു. അത്യാവശ്യം വേണ്ട കത്തി, ബ്ലേഡ്‌, വെട്ടുകത്തി എന്നിവ ഇവിടെ ഒളിപ്പിച്ച്‌ വച്ചിരുന്നു. പിതാജി പുതിയ കട്ടില്‍ പണിയിക്കാന്‍ വച്ച തേക്കിന്റെ പലക ചിലപ്പോള്‍ മോഷ്ടിക്കും. അത്‌ കൊണ്ട്‌ നല്ല സ്റ്റയിലന്‍ ബാറ്റ്‌ ഉണ്ടാക്കും. ഇതിന്റെ പേരില്‍ പിതാജിയുടെ പക്കല്‍ നിന്നും അത്യാവശ്യം തട്ടും കൊണ്ടിട്ടുണ്ട്‌. പറമ്പിന്റെ അതിര്‍ത്തിയില്‍ കുറെ ശീമക്കൊന്ന നില്‍ക്കുന്നുണ്ട്‌. അതില്‍ നല്ല, വളവുകളൊന്നും ഇല്ലാത്ത കമ്പുകള്‍ വെട്ടും. പിന്നെ ഒരേ നീളത്തില്‍ മുറിച്ച്‌, തൊലി കളഞ്ഞ്‌ വെയിലത്തിട്ട്‌ ഉണക്കും. അപ്പോള്‍ സ്റ്റംപും റെഡി. അനിയന്‍ ഒരു കൊച്ച്‌ കലാകാരനായതുകൊണ്ട്‌, ഒറിജിനല്‍ ബാറ്റിന്റെ ബ്രാന്റ്‌ നെയിം, ലോഗോ എന്നിവ വരച്ച്‌, നല്ല പ്രൊഫഷണല്‍ ടച്ചോടെ ആണ്‌ ഇതൊക്കെ ഉണ്ടാക്കിയിരുന്നത്‌. ഏറ്റവും വലിയ പ്രശ്നം ബോള്‍ ആണ്‌. കുടില്‍ വ്യവസായം അത്രകണ്ട്‌ പുരോഗമിക്കാത്തത്‌ കൊണ്ട്‌ ബോള്‍ കടയില്‍ നിന്നും വാങ്ങുക തന്നെ ശരണം. പലചരക്ക്‌ സാധനങ്ങള്‍ വാങ്ങി, ബാക്കി കിട്ടുന്ന കാശ്‌ ചിലപ്പോള്‍ അമ്മ ചോദിക്കാറില്ല (മനപൂര്‍വ്വമായിരിക്കാം). അതുകൊണ്ട്‌ ബോള്‍ വാങ്ങലും തട്ടി മുട്ടി നടന്നുപോകും. റബ്ബര്‍ ബോള്‍ അല്ലെങ്കില്‍ ടെന്നീസ്‌ ബോള്‍ വച്ചാണ്‌ അലക്ക്‌.

പരീക്ഷ കാലം വന്നു. തല്‍ക്കാലത്തേക്ക്‌ വണ്‍ ഡേ സീരീസുകള്‍ നിര്‍ത്തിവച്ചു. പ്രധാന കാരണം, ചേട്ടന്റെ പത്താം ക്ലാസ്സ്‌ പരീക്ഷ തന്നെ. എന്നാലും ചിന്ത, പരീക്ഷ കഴിഞ്ഞാല്‍ തുടങ്ങുന്ന ക്രിക്കറ്റ്‌ മഹാമഹത്തിനെ പറ്റി തന്നെ ! ഇതിനായി ബാറ്റ്‌, സ്റ്റംപ്‌ എന്നിവ നേരത്തേ ഉണ്ടാക്കി വച്ചിരുന്നു. പിന്നെ വേറൊരു പ്രത്യേകത, "കോര്‍ക്ക്‌ ബോള്‍" ആണ്‌. കല്ലുപോലിരിക്കും. കണ്ടാല്‍ നല്ല ചുവപ്പ്‌ കളറില്‍, സാധാരണ ക്രിക്കറ്റ്‌ ബോള്‍ പോലെ തന്നെ. പക്ഷേ വളരെ അപകടകാരിയായ ഒരു സാധനമാണത്‌. ഇത്‌ എന്റെ ഇപ്പോഴത്തെ അഭിപ്രായമാണ്‌ കേട്ടോ. പണ്ട്‌, അതുവച്ച്‌ കളിക്കുക എന്നാല്‍ ഇന്റര്‍നാഷണല്‍ നിലവാരമായി എന്നാണ്‌ അര്‍ഥം. അതുകൊണ്ട്‌, എങ്ങനെയൊക്കയോ കുറച്ച്‌ ചക്രം ഉണ്ടാക്കി ടൗണിലുള്ള 'കേരളാ സ്റ്റോര്‍' എന്ന കടയില്‍ നിന്നും അതൊരെണ്ണം വാങ്ങി. അന്ന് അതിന്റെ വില 3.50 ആയിരുന്നു.

എന്റേയും, അനിയന്റേയും പരീക്ഷ കഴിഞ്ഞു. ചേട്ടന്റെ പരീക്ഷ കഴിയാന്‍ കാത്തുനില്‍ക്കുകയാണ്‌.അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ചേട്ടന്‍ പറന്ന് വന്നു. മാതാജിയും, പിതാജിയും സാറന്മാരായത്‌ കൊണ്ട്‌, പബ്ലിക്‌ പരീക്ഷാ ചോദ്യങ്ങള്‍ക്ക്‌ പുറമേ, "എങ്ങനെ ഉണ്ടായിരുന്നു ?", "ആ ചോദ്യത്തിന്‌ എന്താ ഉത്തരം എഴുതിയെ ?", "എത്ര മാര്‍ക്‌ കിട്ടും ?" എന്നീ പതിവ്‌ ചോദ്യങ്ങള്‍ക്കും ചേട്ടന്‍ ഒരുവിധം ഉത്തരങ്ങള്‍ കൊടുത്തു. കുറെ നാളായി കളിക്കാത്തതുകൊണ്ട്‌, മൂന്ന് പേരും ത്രില്‍ അടിച്ച്‌ നില്‍ക്കുകയാണ്‌. വീടിന്റെ അടുത്തായി ക്രിക്കറ്റ്‌ കളിക്കാന്‍ പറ്റിയ ഒരു സ്ഥലമുണ്ട്‌. ഒരു പഴയ ലോഡ്ജിന്റെ മുന്‍വശത്തെ റോഡ്‌. അവിടെയാണ്‌ പുതിയ കളിക്കളം. കുറ്റീം, കോലും തരികിട ഐറ്റംസും ഒക്കെ എടുത്ത്‌ ഓടുമ്പോള്‍ "എന്റീശ്വരാ, ഇനി രണ്ട്‌ മാസത്തേക്ക്‌ തലക്ക്‌ സ്വൈര്യം കിട്ടൂല്ലാ ..." എന്ന് അമ്മ പറയുന്നത്‌ കേട്ടു.

കുറ്റിയൊക്കെ കുഴിച്ചിട്ടു. ആദ്യ ബാറ്റ്‌സ്‌ മാന്‍ ഞാനാണ്‌. ചേട്ടന്‍ ബോള്‍ ചെയ്യാനായി പുതിയ കലക്കന്‍ കോര്‍ക്ക്‌ ബോളെടുത്ത്‌ ഇടുപ്പില്‍ ഉരച്ച്‌, തിളക്കം കൂട്ടി. അനിയന്‍ വിക്കറ്റ്‌ കീപ്പര്‍. ബോള്‍ വന്നാല്‍ തടുക്കാന്‍ ഒരു ഒരു ട്രൗസറും, ഷര്‍ട്ടും മാത്രം ഉണ്ട്‌. സത്യം പറഞ്ഞാല്‍ ആ കോര്‍ക്ക്‌ ബോള്‍ പിടിക്കണമെങ്കില്‍ വിക്കറ്റ്‌ കീപ്പര്‍ ഉപയോഗിക്കുന്ന ഗ്ലൗസൊന്നും പോര. വല്ല എരുമയുടെ തോലും കയ്യില്‍ വച്ചുകെട്ടണം. ഇതൊക്കെ പുഷ്പം പോലെ പിടിക്കും എന്ന ഭാവത്തില്‍ അനിയന്‍ പുറകില്‍ നിലയുറപ്പിച്ചു. ഫസ്റ്റ്‌ ബോള്‍, സിക്സ്‌ എന്ന സ്വപ്നത്തില്‍ തേക്കിന്‍തടി ബാറ്റ്‌ പിടിച്ച്‌ ഞാനും, ഫസ്റ്റ്‌ ബോള്‍, ക്ലീന്‍ ബൗള്‍ഡ്‌ എന്ന് ഉറപ്പ്പ്പിച്ച്‌ ചേട്ടനും. അങ്ങനെ കാത്തിരുന്ന് കണ്ണ്‍ കഴച്ച ആ സുന്ദരമുഹൂര്‍ത്തം വന്നു. ഒരു പത്തിരുപതടി ദൂരേ നിന്ന് ചേട്ടന്‍ ഓടി വന്ന് ബൗള്‍ ചെയ്തു. ഔട്ട്‌ സൈഡ്‌ ദ ഓഫ്‌ സ്റ്റംപ്‌ പോയപ്പോള്‍ ഞാന്‍ ബാറ്റൊന്ന് വീശി.പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. കാരണം ബാറ്റ്‌, ബോളിന്റെ ഏഴയലത്തൂടെ പോലും പോയില്ല. പെട്ടെന്ന് പുറകില്‍ നിന്നും, "പ്ലക്‌" എന്ന ഒരു ഒച്ചയും, കൂടെ "അയ്യോ ... ആ ..." എന്നൊരു നിലവിളിയും കേട്ടു. "ഹോ, സൂപ്പര്‍ ബോള്‍" എന്ന കമന്റ്‌ പ്രതീക്ഷിച്ച ഞാന്‍ ഞെട്ടി, തിരിഞ്ഞ്‌ നോക്കിയപ്പോള്‍ മുഖം പൊത്തി, നിലത്തിരുന്ന് വലിയവായില്‍ കരയുകയാണ്‌ അനിയന്‍. "എന്താടാ .. ങേ ..?" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ കൈ മാറ്റി എഴുന്നേറ്റ്‌ നിന്നു. പെട്ടെന്ന് ഞാന്‍ ഹനുമാനെയും, ബാലി സുഗ്രീവന്മാരേയും ഒരുമിച്ച്‌ കണ്ടു. കോര്‍ക്ക്‌ ബോള്‍ ചുണ്ടില്‍ കൊണ്ട്‌, ചുണ്ട്‌ വീര്‍ത്ത്‌ ചോരയൊലിപ്പിച്ച്‌ കൊണ്ട്‌ അനിയന്‍ ! കരച്ചിലോട്‌ കരച്ചില്‍ തന്നെ. ചേട്ടനും ഒാടി വന്നു. ഞങ്ങള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഫലം നാസ്തി !! കഷ്ടകാലം വരുമ്പോള്‍ ഒന്നിച്ച്‌ വരുമല്ലോ ? ഗതികേടിന്‌ ആ സമയത്ത്‌ പിതാശ്രീ ആ വഴിക്ക്‌ വന്നു. "എന്താടാ ...?" എന്ന് അലറി. "ബോള്‍ കൊണ്ടു" എന്ന് കരഞ്ഞുകൊണ്ട്‌ അനിയന്‍. "നിന്റെയൊക്കെ കളി, ഞാന്‍ ഇന്ന് നിര്‍ത്തും. എവിടെടാ ആ ബോള്‍ ?" ഞാന്‍ മെല്ലെ ആ കോര്‍ക്കുഗോളം കാണിച്ചുകൊടുത്തു. ഒരു കൊച്ചു സഖാവായിരുന്ന പിതാജി, അത്തരത്തിലുള്ള ഒരു മാരകായുധം ആദ്യമായാണ്‌ കണ്ടതെന്ന് "എന്റയമ്മേ, ഇത്‌ വച്ചാണോ കളി ?" എന്ന് ചോദിച്ചതില്‍ നിന്നും മനസ്സിലായി. "ഇത്‌ നിങ്ങള്‍ക്ക്‌ എങ്ങനെ കിട്ടി ?", "കേരളാ സ്റ്റോറില്‍ നിന്നും വാങ്ങിയതാ ..." ഞാന്‍ പറഞ്ഞു. "എന്നാല്‍ ഇത്‌ തിരിച്ച്‌ അവിടെ കൊണ്ട്‌ കൊടുത്തിട്ട്‌ വീട്ടില്‍ വന്നാല്‍ മതി." പിതാജിയുടെ ഈ കഠിനമായ ഓര്‍ഡര്‍ കേട്ട്‌ നമ്മള്‍ മൂന്ന് പേരും ഞെട്ടി ! പെട്ടെന്ന് അനിയന്‍ ദീനരോദനം നിര്‍ത്തി, പറഞ്ഞു. "സാരൂല്ല ! വല്യ വേദനയൊന്നും ഇല്ല. കാര്യായിറ്റ്‌ ഒന്നും പറ്റിയില്ല." ഇത്‌ കേട്ട്‌ പിതാജി എന്റെ കയ്യില്‍ നിന്ന് ആ ബോള്‍ തട്ടിപ്പറിച്ച്‌ വീട്ടിലേക്ക്‌ ഒറ്റ നടത്തം. അതോടെ കളി വെള്ളത്തില്‍. ഇത്രയൊക്കെ കാത്തിരുന്ന് പത്തുമിനിറ്റ്‌ പോലും കളിക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തോടെ, കുറ്റിയൊക്കെ പറിച്ച്‌, മെല്ലെ പിതാജിയുടെ പുറകേ ഞങ്ങളും നടന്നു. കുറെ നേരം പറമ്പിലൊക്കെ തെണ്ടി നടന്ന്, മാതാപിതാജികള്‍ ഒന്ന് തണുത്തു എന്ന് കണ്ടപ്പോളാണ്‌ വീട്ടില്‍ കയറിയത്‌.പിന്നീട്‌ ആ കോര്‍ക്ക്‌ ബോള്‍ കണ്ടേയില്ല. ഒളിപ്പിച്ച്‌ വെക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഞങ്ങള്‍ മൂന്ന് തുരപ്പന്മാര്‍ തപ്പി നോക്കി. പക്ഷേ ഫലം കണ്ടില്ല. എത്ര ചോദിച്ചിട്ടും മാതാപിതാജികള്‍ അതെവിടെയാണ്‌ പൂഴ്തിയത്‌ എന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇതുകൊണ്ടൊന്നും നമ്മള്‍, മൂവര്‍സംഘം കളിയില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല. എങ്ങനെ ചെയ്യും. വട്ട്‌ തലയില്‍ കയറി മൂത്തുപോയില്ലേ ...! പക്ഷേ പിന്നീട്‌ കോര്‍ക്ക്‌ ബോളിന്റെ ഭാഗത്തേക്ക്‌ പോയില്ല. റബ്ബര്‍ ബോളില്‍ തന്നെ ശരണം പ്രാപിച്ചു.

ആ കോര്‍ക്ക്‌ ബോള്‍ എവിടെ എന്ന് ഞാന്‍ ഇപ്പോഴും മാതാപിതാജികളോട്‌ ചോദിക്കാറുണ്ട്‌. എന്നാല്‍ ഇന്നും അതൊരു ദുരൂഹതയായി തുടരുന്നു. (കിട്ടിയാല്‍ നമ്മുടെ ജൂനിയര്‍ ടീമുകളായ, പുതു ജനറേഷന്‌ കൊടുക്കാമായിരുന്നു ! ഇനി അവര്‍ തുടങ്ങട്ടെ !)

Sunday, March 16, 2008

വാഗമണ്‍ കാഴ്ചകള്‍ (പടം)

ബൂലോകരേ ... തനിമലയാളത്തില്‍ ലിസ്റ്റ്‌ ചെയ്ത്‌ വരാത്തതിന്‌ എന്തെങ്കിലും കാരണമുണ്ടോ ? ഫോട്ടോ ബ്ലോഗിലെ രണ്ടാം പോസ്റ്റും വന്നില്ല. ഇവിടെ ലിങ്ക്‌ ഇടുന്നു. കാണുമല്ലോ ?
http://padampiditham.blogspot.com/2008/03/blog-post_14.html

Tuesday, March 11, 2008

എന്റെ ഫോട്ടോ ബ്ലോഗ്‌ തുടങ്ങുന്നു.

ഫോട്ടോഗ്രാഫി പഠിക്കാനായി ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങി. ആദ്യ ശ്രമം ഒരു പോസ്റ്റും ആക്കി. പക്ഷേ അത്‌ 'തനിമലയാള'ത്തില്‍ ലിസ്റ്റ്‌ ചെയ്ത്‌ വരുന്നില്ല. ഇവിടെ ഒന്ന് ശ്രമിക്കട്ടെ. എല്ലാവരും കാണുമല്ലോ ?
http://padampiditham.blogspot.com

Friday, February 22, 2008

വല്ലതും തടയുമോ ആവോ ?


(കൊച്ചി, ചിലവന്നൂര്‍ കായല്‍ കരയില്‍ നിന്ന് ...)

Friday, February 8, 2008

റിയാലിറ്റി ഷോകളുടെ മറുവശം

സീ ചാനലിലെ ജനപ്രീതിയാര്‍ജിച്ച ഒരു റിയാലിറ്റി ഷോ ആണ്‌ Little Champs. ഇതില്‍ പങ്കെടുക്കുന്നത്‌ കൊച്ചുകുട്ടികളാണ്‌. അതി മനോഹരമായി പാടുന്ന കുറെ കുട്ടികള്‍ ഈ ഷോയില്‍ പങ്കെടുക്കാറുണ്ട്‌.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ട ഒരു എപ്പിസോഡ്‌ ഇങ്ങനെയായിരുന്നു.12 വയസ്സുള്ള ഒരു പെണ്‍കുട്ടി, അതിമനോഹരമായി പാടുന്നു. ജഡ്ജസ്സും (സോനു നിഗം, സുരേഷ്‌ വാട്‌കര്‍),അവതാരകനും (ഉദിത്‌ നാരായണന്റെ മകന്‍), പ്രേക്ഷകരും ലയിച്ച്‌ ഇരിക്കുകയാണ്‌. പെട്ടെന്ന് കുട്ടി പാട്ട്‌ നിര്‍ത്തുന്നു. എല്ലാവരും ആശ്ചര്യത്തോടെ കുട്ടിയെ നോക്കുമ്പോള്‍, കുട്ടി,
"I'm Sorry. I can't sing"
അവതാരകന്‍ : "why ?" ക്യാ ഹുവാ ?
കുട്ടി താഴോട്ടു നോക്കി പറയുന്നു."മേം നഹി ഗാ സക്തി ...I want to quit ..."
സോനു നിഗം : "മഗര്‍ ക്യോം ബേട്ടേ ? ക്യാ ഹുവാ ? ബോലോ ..."
നിറഞ്ഞ കണ്ണുകളോടെ ആ കുട്ടി പറഞ്ഞ മറുപടി ആരേയും വേദനിപ്പിക്കുന്നതായിരുന്നു.
"In the last week's elimination round, my friend was out. She called up her father and told that she is out of the show and could not fulfill her father's dream. By hearing this, her father had a massive heart attack and adminitted in the hospital. He is still fighting for his life. And, if I'm out the show, I don't want the same to happen with my father. മേരെ പാപ്പാ കേ സാത്ത്‌ മേം ഐസാ നഹി ഹോനാ ചാഹ്‌തി ... I'm sorry ... I want to quit..."

എല്ലാവരും സ്തബ്ദരായി. ആരും ഒന്നും മിണ്ടുന്നില്ല. പ്രേക്ഷകരില്‍ ഒരാളായ കുട്ടിയുടെ അമ്മ, കുട്ടിയെ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌ വീണ്ടും പാടിക്കാന്‍ ശ്രമിക്കുന്നു.
"Look dear, your pappa will feel bad if you are not singing today. Please go ahead ... കുച്‌ നഹി ഹോഗാ ബേട്ടേ ... ഗാവോ ...".

കുട്ടിയോകട്ടെ, ഇതൊന്നും ശ്രദ്ദിക്കാതെ വീണ്ടും, വീണ്ടും തന്റെ അച്ഛന്‌ ഉണ്ടായേക്കാവുന്ന Heart Attack നെപറ്റിതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

മൈക്‌ വാങ്ങാന്‍ മടിച്ച്‌ നില്‍ക്കുന്ന അവതാരകന്റെ കയ്യിലേക്ക്‌ ബലമായി മൈക്‌ വച്ച്‌ കൊടുത്ത്‌, സ്റ്റേജില്‍ നിന്നിറങ്ങി, അമ്മയുടെ കൂടെ സ്റ്റുഡിയോ വിട്ട്‌ പുറത്തേക്ക്‌ പോവുകയാണ്‌ കുട്ടി.

ഈ കുരുന്നിന്റെ മനസ്സ്‌ കാണാന്‍ നമുക്ക്‌ കഴിയുമോ ?

കടുത്ത മത്സരങ്ങളും, എലിമിനേഷന്‍ റൗണ്ടുകളും നാം ഇമവെട്ടാതെ, നെഞ്ചിടിപ്പോടെ കാണുമ്പോള്‍, അതിനുപിന്നില്‍ ഇതുപോലുള്ള "റിയാലിറ്റി"കളും ഉണ്ടെന്ന് നാം അറിയുന്നില്ല.

Friday, February 1, 2008

എന്താ, ഒരു കൈ നോക്കുന്നോ ?



എല്ലാരേം ഒന്ന് കൊതിപ്പിക്കാം എന്ന് വച്ചു. എങ്ങനെയുണ്ട്‌ ? എന്താ താല്‍പര്യമുണ്ടോ ? താല്‍പര്യമുള്ളവര്‍ക്ക്‌ ഈ സ്ഥലം പറഞ്ഞുതരാം.

Tuesday, January 29, 2008

നാസിപ്പടയുടെ 'ഫൈനല്‍ സൊല്യുഷന്‍'

(**Some parts of this writing may be disturbing.)

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഹിറ്റ്‌ലറിന്റെ നാസിപ്പടയുടെ അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണം ഏറ്റുവാങ്ങിയത്‌ ഏകദേശം 60 ലക്ഷം ജൂതന്മാരാണ്‌. 1945 ന്റെ ഒടുവില്‍, മൂന്നില്‍ രണ്ട്‌ യൂറോപ്യന്‍ ജൂതന്മാരും കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു.

ജൂതന്മാരെ പാടെ തുടച്ചുനീക്കാന്‍ ഹിറ്റ്‌ലര്‍ തീരുമാനിച്ചതെന്തിന്‌ ? ജൂതന്മരോടുള്ള അവജ്ഞ. ജെര്‍മന്‍ ജനത സമൂഹത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരും, മറ്റുള്ളവര്‍ താഴേക്കിടയില്‍ ഉള്ളവരുമാണെന്ന വിശ്വാസം. അങ്ങനെയുള്ളവര്‍, ജെര്‍മന്‍ രാജ്യത്തിന്‌ കളങ്കമാകുമോ, അല്ലെങ്കില്‍ ഒരു ഭീഷണിയാകുമോ എന്ന ഭയം. നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍, ജൂതന്മാരെ നിഷ്ക്രിയരാക്കുകയും, അവരുടെ മാനുഷിക അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. പിന്നീട്‌ ആ സമൂഹത്തെ പാടെ നശിപ്പിക്കാനും തീരുമാനിച്ചു.

1930 ന്‌ ഒടുവില്‍ നാസിപ്പട, അംഗവൈകല്യമുള്ളവരും, ജിപ്സികളുമടക്കം ആയിരക്കണക്കിന്‌ ആളുകളെ വിഷം കുത്തിവച്ചും, വിഷവാതകം ശ്വസിപ്പിച്ചും കിരാതമായ നരഹത്യകള്‍ക്ക്‌ തുടക്കമിടുന്നു. പിന്നീട്‌ ഹിറ്റ്‌ലര്‍ രൂപംകൊടുത്ത Shooting Squad കണക്കില്ലാത്ത വിധം, ജൂതന്മാരെ കൊന്നൊടുക്കി. കൊല്ലാന്‍ തീരുമാനിക്കുന്നവരെക്കൊണ്ട്‌, സ്വന്തം ശവക്കുഴി കുഴിപ്പിച്ച്‌ അതിന്റെ കരയില്‍ ഇരുത്തി, പുറകില്‍ നിന്നും തലയില്‍ വെടിവച്ചായിരുന്നു ഈ ക്രൂരകൃത്യം നടപ്പാക്കിയിരുന്നത്‌. ഈ രംഗം നേരില്‍ക്കണ്ട ഒരു ട്രക്ക്‌ ഡ്രൈവര്‍ ഇങ്ങനെ വിവരിക്കുന്നു.
One after the other, they had to remove their luggage, then their coats, shoes, and overgarments and also underwear ? Once undressed, they were led into the ravine which was about 150 meters long and 30 meters wide and a good 15 meters deep ? When they reached the bottom of the ravine they were seized by members of the squad and made to lie down on top of Jews who had already been shot ? The corpses were literally in layers. A police marksman came along and shot each Jew in the neck with a submachine gun ? I saw these marksmen stand on layers of corpses and shoot one after the other ? The marksman would walk across the bodies of the executed Jews to the next Jew, who had meanwhile lain down, and shoot him. Courtesy:Wikiഒരു

ഡോക്ടറുടെ അനുഭവം.
In August 1941 Himmler travelled to Minsk where he personally witnessed 100 Jews being shot in a ditch outside the town. Himmler's face was green. He took out his handkerchief and wiped his cheek where a piece of brain had squirted up on to it. Then he vomited. courtesy:wiki.

ജെര്‍മനിയിലെ പ്രത്യേക ഡോക്ടര്‍മാര്‍, ജൂതന്മാരുടെ ശരീരത്തില്‍ പലവിധ പരീക്ഷണങ്ങളും നടത്തി. ശരീരഭാഗങ്ങള്‍ മരവിപ്പിക്കതെ മുറിക്കുക, വായുവില്ലാത്ത മുറികളില്‍ അടച്ചിടുക, ശരീരമര്‍ദ്ദം കൂട്ടിയും കുറച്ചും നോക്കുക, പ്രാകൃതരീതിയിലുള്ള ശസ്ത്രക്രിയകള്‍ നടത്തുക. കുട്ടികളുടെ കണ്ണില്‍ രാസവസ്തുക്കള്‍ കുത്തിവച്ച്‌ നിറം മാറ്റാന്‍ ശ്രമിക്കുക, ഇരട്ടക്കുട്ടികളെ തമ്മില്‍ തുന്നിച്ചേര്‍ത്ത്‌ സയാമീസ്‌ ഇരട്ടകളാക്കിമാറ്റുക എന്നിവ അതില്‍പ്പെടുന്നു.

ഒടുവില്‍ ഹിറ്റ്‌ലറും, അനുയായികളും Final Solution of the Jewish Question (Holocaust) ന്‌ രൂപം നല്‍കുന്നു. ഇതിനായി പലയിടങ്ങളില്‍ Gas Chamber കള്‍ നിര്‍മിക്കുന്നു. ഒരേ സമയം 5000 മുതല്‍ 10000 വരെയുള്ള ആളുകളെ വലിയ, വായുകടക്കാത്ത ഒരു ഹാളില്‍ കയറ്റി, അതിനുള്ളിലേക്ക്‌ വിഷവാതകം കയറ്റിവിട്ട്‌ കൊലനടത്തുന്ന രീതിയായിരുന്നു ഇത്‌. കുറഞ്ഞസമയം കൊണ്ട്‌ കൂടുതല്‍പേരെ കൊല്ലാം എന്ന തത്വം !

ഒരു Gas Chamber ലേക്ക്‌ മരണം വിധിക്കപ്പെട്ട ഹതഭാഗ്യര്‍ നടന്നടുക്കുന്നത്‌ ഇങ്ങനെ വിവരിക്കുന്നു (കടപ്പാട്‌:Wiki)
At the extermination camps with gas chambers, all the prisoners arrived by train, and were taken directly from the platforms to a reception area where all their clothes and other possessions were taken. they were then herded naked into the gas chambers. usually they were told these were showers or delousing chambers and there were signs outside saying 'Bath' and 'Sauna'.They were sometimes given a small piece of soap and a towel so as to avoid panic, and were told to remember where they had put their belongings for the same reason. When they asked for water because they were thirsty after the long journey in the cattle trains, they were told to hurry up, because coffee was waiting for them in the camp, and it was getting cold.According to Rudolf commandant of Auschwitz, bunker 1 held 800 people, and bunker 2 held 1,200. Once the chamber was full, the doors were screwed shut and solid pellets of Zyklon-B were dropped into the chambers through vents in the side walls, releasing a toxic gas. Those inside died within 20 minutes; the speed of death depended on how close the inmate was standing to a gas vent, according to H?who estimated that about one third of the victims died immediately. Joann Kremer, an SS doctor who oversaw the gassings, testified that: "Shouting and screaming of the victims could be heard through the opening and it was clear that they fought for their lives. When they were removed, if the chamber had been very congested, as they often were, the victims were found half-squatting, their skin colored pink with red and green spots, some foaming at the mouth or bleeding from the ears. The gas was then pumped out, the bodies were removed (which would take up to four hours), gold fillings in their teeth were extracted with pliers by dentist prisoners, and women's hair was cut. The floor of the gas chamber was cleaned, and the walls whitewashed. The work was done by the Sonderkommando prisoners, Jews who hoped to buy themselves a few extra months of life. In crematoria 1 and 2, the Sonderkommando lived in an attic above the crematoria; in crematoria 3 and 4, they lived inside the gas chambers. When the Sonderkommando had finished with the bodies, the SS conducted spot checks to make sure all the gold had been removed from the victims' mouths. If a check revealed that gold had been missed, the Sonderkommando prisoner responsible was thrown into the furnace alive as punishment. At first, the bodies were buried in deep pits and covered with lime, but between September and November 1942, on the orders of Himmler,they were dug up and burned.

ഈ വിധത്തില്‍ നാസിപ്പട ഇല്ലാതാക്കിയത്‌ ലക്ഷക്കണക്കിന്‌ ജൂതന്മാരെയാണ്‌.പലയിടങ്ങളിലും ജൂതന്മാര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. കയ്യിലുള്ള ദുര്‍ബലമായ ആയുധങ്ങള്‍ കൊണ്ട്‌ നൂറുകണക്കിന്‌ ജെര്‍മന്‍കാരെ കൊന്നൊടുക്കി. ചില ക്യാമ്പുകളില്‍ നിന്നും കുറേപേര്‍ രക്ഷപെട്ടു. എങ്കിലും ഒരുവിധം എല്ലാ ശ്രമങ്ങളും പരാചയപ്പെടുകയാണുണ്ടായത്‌. നാസിപ്പടയുടെ കയ്യില്‍ നിന്നും രക്ഷപെട്ട ഒരാള്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു.
"The question is not why all the Jews did not fight, but how so many of them did. Tormented, beaten, starved, where did they find the strength - spiritual and physical - to resist?" Those attempting to resist faced almost impossible odds. courtesy:wiki

1944 ല്‍ ജൂതന്മാരെ കൊലചെയ്യുന്ന് നിരക്ക്‌ ഗണ്യമായി ഉയര്‍ന്നു. ഏകദേശം 90% പോളണ്ട്‌ ജൂതന്മാരും, 25% ഫ്രാന്‍സ്‌ ജൂതന്മാരും. പല സ്ഥലങ്ങളിലും ബാക്കിയായ ജൂതന്മാരെ നാസിപ്പടകള്‍ തിരഞ്ഞുപിടിച്ച്‌, കൊലക്കളങ്ങളിലേക്ക്‌ നടത്തികൊണ്ടുപോയി. ഇതില്‍ ഏറ്റവും വലിയ Death March ആയി അറിയപ്പെടുന്നത്‌ Jan-1945 ലേതാണ്‌. പോളണ്ടിലെ Auschwitz ല്‍ നിന്നും, 60,000 ജൂതന്മാരെ Death Camp ആയ Wodzislaw ലേക്ക്‌ 56 k.m നടത്തി കൊണ്ടുപോയി. ഈ Death March ന്‌ ഇടയില്‍ തന്നെ 15000 പേര്‍ ദാരുണമായി മരിച്ചു. ഈ March ല്‍ ഉണ്ടായിരുന്ന ഒരാള്‍ ഇങ്ങനെ വിവരിക്കുന്നു.
An icy wind blew in violent gusts. But we marched without faltering. Pitch darkness. Every now and then, an explosion in the night. They had orders to fire on any who could not keep up. Their fingers on the triggers, they did not deprive themselves of this pleasure. If one of us had stopped for a second, a sharp shot finished off another filthy son of a bitch. Near me, men were collapsing in the dirty snow. Shots. Courtesy:wiki

നരഹത്യ നാസിപ്പടകള്‍ അതീവരഹസ്യമാക്കിവച്ചെങ്കിലും, 1945 ന്റെ അവസാനത്തോടെ സോവിയറ്റ്‌, അമേരിക്കന്‍ സേനകള്‍ ഈ കൊലക്കളങ്ങള്‍ കണ്ടെത്തുകയും, നിര്‍വീര്യമാക്കുകയും ചെയ്തു. അമേരിക്കന്‍ സേന ഇവിടങ്ങളില്‍ കണ്ട കാഴ്ച, ഒരു ഓഫീസര്‍ ഓര്‍ക്കുന്നത്‌ ഇങ്ങനെ.
Here over an acre of ground lay dead and dying people. You could not see which was which ? The living lay with their heads against the corpses and around them moved the awful, ghostly procession of emaciated, aimless people, with nothing to do and with no hope of life, unable to move out of your way, unable to look at the terrible sights around them ? Babies had been born here, tiny wizened things that could not live ? A mother, driven mad, screamed at a British sentry to give her milk for her child, and thrust the tiny mite into his arms ? He opened the bundle and found the baby had been dead for days. Courtesy: wiki.

ലോകചരിത്രത്തിലെ ഏറ്റവും കിരാതമായ സംഭവമായി നാസിപ്പടയുടെ ഈ ക്രൂരകൃത്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരിക്കലും മായാത്ത മുറിവായി ...

Monday, January 14, 2008

വൈറ്റില കാഴ്ചകള്‍


‍എറണാകുളത്തെ വൈറ്റില ജങ്ക്ഷന്‍ (14-Jan-08 03:00 PM). കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ക്ഷന്‍ ഇതാണത്രേ. അതുകൊണ്ടുതന്നെ, ഏറ്റവും അധികം വാഹനകുരുക്കുള്ള ജങ്ക്ഷനും ഇതുതന്നെയാവും. ഇത്രയും തിരക്കുണ്ടായിട്ടും അത്‌ വേണ്ട വിധത്തില്‍ നിയന്ത്രിക്കാന്‍ ഒരു ഫ്ലൈ ഓവറോ, നടപ്പാതയോ ഒന്നും തന്നെ ഇല്ല. റോഡ്‌ മുറിച്ചുകടക്കുക എന്നത്‌ ഒരു പേടി സ്വപ്നമാണ്‌. ഏത്‌ വഴിയൊക്കെ, ഏത്‌ സമയത്താണ്‌ വണ്ടികള്‍ ചീറിപ്പാഞ്ഞ്‌ വരിക എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല. ഇവിടെ അടുത്തൊന്നും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍, ഇത്തിരി ഗ്യാപ്‌ കണ്ടാല്‍ അവിടെ കുത്തിക്കേറ്റി നിര്‍ത്തേണ്ട അവസ്ഥയാണ്‌. ഇതും വാഹന കുരുക്കുകള്‍ കൂട്ടുന്നു. ട്രാഫിക്ക്‌ ലൈറ്റുകള്‍ ഉണ്ടെങ്കിലും ചിലപ്പോള്‍, അതിന്റെ പിടിയിലൊന്നും നില്‍ക്കാത്ത വാഹനപ്രവാഹമായിരിക്കും. അപ്പോള്‍ അവയും കണ്ണുപൂട്ടും (ചിലപ്പോള്‍ ബലമായി പൂട്ടിപ്പിക്കുന്നതാവാം). പിന്നെ കുറെ ട്രാഫിക്‌ ഏമാന്മാരുടെ ഊഴമാണ്‌. ഏത്‌ വശത്തെ വണ്ടികള്‍ എങ്ങനെ വിടണം, എപ്പോള്‍ വിടണം എന്ന് ആ പാവങ്ങള്‍ക്കും പിടികിട്ടില്ല. പിന്നെ ആകെയൊരു ബ്ലോക്‌ക്‍മയം.
ഇവിടെ എന്നേ ഒരു ഫ്ലൈ ഓവര്‍ വരേണ്ടതാണ്‌ ? തിരുവനന്തപുരത്തുനിന്നും, കണ്ണൂര്‍ക്ക്‌ പോകുന്നവരും, എറണാകുളത്ത്‌ നിന്നും കോട്ടയം പോകേണ്ടവരും, കോഴിക്കോടുനിന്ന് കൊല്ലം പോകേണ്ടവരും അങ്ങനെ കേരളത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയുന്ന എല്ലാവരും ഈ വൈറ്റിലക്കുരുക്ക്‌ അനുഭവിച്ചേ മതിയാവൂ ...

Saturday, January 5, 2008

ഞാന്‍ ബൈക്ക്‌ ഓടിച്ചപ്പോള്‍ !!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്‌. എല്‍.ബി.എസ്‌ എന്ന ഗവണ്‍മേന്റ്‌ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വാദ്യാരായി ജോലി നോക്കുന്ന കാലം. ഇന്നത്തെ പോലെ വിന്‍ഡോസ്‌ എക്സ്‌ പിയും, മൈക്രൊസോഫ്റ്റ്‌ ഓഫീസും ഒന്നും അത്ര പ്രചാരത്തിലില്ലാതതിനാല്‍ (പ്രത്യേകിച്ചും ഒരു ഗവണ്‍മേന്റ്‌ സെറ്റപ്പില്‍) വേര്‍ഡ്സ്റ്റാര്‍, ഡിബേസ്‌, ലോട്ടസ്‌, ഡോസ്‌ എന്നിവയാണ്‌ ചൊല്ലിക്കൊടുക്കുന്നത്‌. കണ്ടാല്‍ ആരും പറയില്ല എവന്‍ ഒരു വാദ്യാരാണെന്ന്. ബ്ലോഗ്‌ പ്രൊഫയിലിലെ ഫോട്ടോയില്‍ കാണുന്നപോലെ ബുള്‍ഗാനും, വ്യാജന്‍ അടിച്ച്‌ കണ്ണുപോയവന്‍ ഇടുന്ന പോലുള്ള കണ്ണടയും ഇല്ല. ക്ലീന്‍ ഷേവൊക്കെ ചെയ്ത്‌, പശു നക്കിയപോലെ മുടിയൊക്കെ ചീകി ഒരു സുന്ദരനായ ഹിന്ദി സിനിമാ നടന്‍ സ്റ്റയില്‍ (ജാഡ, ജാഡ ... വെറുതെ പറഞ്ഞതാഡേയ്‌, അസ്സല്‍ കണ്ട്രി സ്റ്റൈല്‍ തന്നെ.).കൂട്ടിന്‌ അജ്മല്‍, ഗോപി എന്നീ രണ്ട്‌ സുഹ്രുത്തുക്കളും. ജോലി ചെയ്യേണ്ടപ്പോള്‍ ജോലി, ഇല്ലാത്തപ്പോള്‍ അത്യാവശ്യം അടിപോളി, കറക്കം, വായനോട്ടം എന്നീ ജോലികള്‍. ആകെപ്പാടെ ടയിറ്റ്‌ ഷെഡ്യൂള്‍.

ഒരു ദിവസം രാവിലെ പെട്ടന്ന് ബൈക്ക്‌ ഓടിക്കാന്‍ പഠിക്കണമെന്ന മോഹം. ഹോ, ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ പിന്നെ അത്‌ നടത്താതെ രക്ഷയില്ല. ഗോപിക്ക്‌ ബൈക്ക്‌ ഉണ്ട്‌. ഹീറോ ഹോണ്ട സ്ലീക്‌. ഈ മോഡല്‍ ഇപ്പോള്‍ മഷിയിട്ട്‌ നോക്കിയാല്‍ കാണാന്‍ പറ്റില്ല. അന്നത്തെ കാലത്തെ ഒരു പ്രേം നസീറായിരുന്നു അവന്‍. നല്ല ചെത്ത്‌ കുട്ടപ്പന്‍. ഗോപി വല്ലപ്പോഴുമെ അതും കൊണ്ട്‌ വരാറുള്ളൂ. വേഗം അവന്റെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്തു. ഇരുചക്രം കൊണ്ടുവരാമെന്ന് അവന്‍ ഏറ്റു. 'നമുക്കൊന്ന് കറങ്ങണം' എന്ന് മാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ ഓടിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞില്ല. പറഞ്ഞാല്‍ പിന്നെ മിക്കവാറും അവന്‌ പെട്ടന്ന് പനിയോ, വയറിളക്കമോ വന്ന് ലീവ്‌ എടുക്കേണ്ടി വരും.

10:00 മണിക്ക്‌ എല്‍.ബി.എസില്‍ എത്തി. ദൂരെ നിന്നു തന്നെ ഇരുചക്രം മുറ്റത്ത്‌ കിടക്കുന്ന കണ്ട്‌ നിര്‍വൃതിയടഞ്ഞു. ഗോപി രാവിലെ ഒരു ബാച്ചിന്‌ ക്ലാസ്സെടുക്കുന്നുണ്ട്‌. ഞാനും, അജ്മലും ഫ്രീ ആണ്‌. എന്നെപ്പോലെ അജ്മലും ഇരുചക്രം പഠിക്കണം എന്ന മോഹവുമായി നടക്കുകയാണ്‌, ഒരു സിംഹത്തിന്റെ മടയും തേടി. നമ്മള്‍ ഇരുവരും ചേര്‍ന്ന് പ്ലാനിട്ടു. ഗോപിയുടെ കയ്യില്‍ നിന്നും കീ വാങ്ങി ഒരു സ്വയം പഠനം നടത്താം എന്ന്. ഗോപിയുടെ ക്ലാസ്സിന്റെ വാതില്‍ക്കല്‍ ചെന്ന് ചില ആഗ്യങ്ങള്‍ കാണിച്ചു. അവന്‍ വിദ്യാര്‍ഥികളോട്‌ "എച്ച്യൂസ്‌ മി" പറഞ്ഞ്‌ വെളിയില്‍ വന്നു.
"എന്താടാ ?"
"എടാ, നമ്മള്‍ ഒന്ന് ബൈക്ക്‌ ഓടിച്ച്‌ നോക്കട്ടെ ?"
"അതിന്‌ നിങ്ങള്‍ക്ക്‌ ഓടിക്കാന്‍ അറിയില്ലല്ലോ ?"
"ഒന്ന് ട്രൈ ചെയ്യാം."
"ശെരി. സൂക്ഷിക്കണം" എന്ന് പറഞ്ഞ്‌ അവന്‍ കി തന്നു, തിരിച്ച്‌ ക്ലാസ്സിലേക്ക്‌ പോയി. നമ്മള്‍ രണ്ട്‌ പേരും നിധികിട്ടിയപോലെ ബൈക്കിനടുത്തേക്ക്‌ കുതിച്ചു.സെന്റര്‍ സ്റ്റാന്‍ഡില്‍ കിടക്കുന്ന ഹോണ്ട മച്ചാനെ ആകെയൊന്ന് ഉഴിഞ്ഞ്‌ നോക്കി, "മകാനെ ഒന്ന് പൊലിപ്പിച്ചേക്കണേ ..." എന്ന് മനസ്സില്‍ പറഞ്ഞു. പിന്നെ താണു വന്ദിച്ച്‌ മെല്ലെ അവന്റെ മുതുകത്ത്‌ കയറി. സ്റ്റാന്റ്‌ തട്ടി. കീ അവന്റെ നവദ്വാരങ്ങളിലൊന്നില്‍ കയറ്റി, മെല്ലെ തിരിച്ചു. ദ്വാരത്തിന്റെ ഇടതുവശത്ത്‌ ഒരു പച്ച ലൈറ്റ്‌ തെളിഞ്ഞു. എന്തു കുന്തത്തിനാണ്‌ അത്‌ തെളിഞ്ഞതെന്ന് മനസ്സിലായില്ല. പക്ഷെ കൊച്ച്‌ കുട്ടികള്‍ സ്റ്റൂളിന്റെ മോളില്‍ കയറി കയ്യെത്തിച്ച്‌ സ്വിച്ച്‌ ഇട്ട്‌ ലൈറ്റ്‌ കത്തിക്കുമ്പോള്‍ ഉള്ള ആ സന്തോഷം ഞാനും അനുഭവിച്ചു. വലത്‌ വശത്ത്‌ താഴെ നോക്കി. എല്ലാവരും സ്റ്റാര്‍ട്‌ ചെയ്യുന്നത്‌ ഈ കമ്പിയില്‍ ചവിട്ടിയാണെന്നറിയാം. രണ്ട്‌ കയ്യും ഹാന്‍ഡിലില്‍ വച്ച്‌, സര്‍വ്വ ശക്തിയുമെടുത്ത്‌ ഒരു ചവിട്ട്‌. പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. സ്റ്റാര്‍ട്‌ ആവാന്‍ പോകുന്നത്‌ പോലെയുള്ള ഒരു ശബ്ധം മാത്രം വന്നു. അജ്മല്‍, "ഒന്നും കൂടി ചവിട്ടെടാ" എന്ന് പറഞ്ഞ്‌ തീരുന്നതിന്‌ മുമ്പേ അടുത്ത ചവിട്ട്‌. നോ രക്ഷ. പെട്ടെന്ന് ഒരു ഉള്‍വിളി വന്നു. ഒാ അപ്പോ അതാണ്‌ കാര്യം. ചവിട്ടുന്നതിന്റെ കൂടെ വലം കയ്യില്‍ പിടിച്ച സംഭവം തിരിച്ച്‌ കൊടുക്കണം. ഓ.ക്കേ. അടുത്ത ചവിട്ട്‌. കൂടെ, വലം കൈ ഒരു തിരി. ടി.വി യില്‍ ബൈക്ക്‌ റേസ്‌ കാണുമ്പോള്‍ മാത്രം കേട്ട കര്‍ണ്ണ കഠോര ശബ്ധം ഉണ്ടാക്കാന്‍ എനിക്കും കഴിയും എന്ന് ഞാന്‍ തെളിയിച്ചു. ബൈക്‌ സ്റ്റാര്‍ട്‌ ആയി. വലം കൈ പിന്നേം തിരിച്ചു. എവിടെ ഓടാന്‍ ! കഠോര ശബ്ധം കൂടിക്കൂടി വന്നത്തല്ലാതെ വണ്ടി ഒരിഞ്ച്‌ നീങ്ങുന്നില്ല. കോലാഹലം കേട്ടാവണം, ഗോപി ക്ലാസ്സ്‌ നിര്‍ത്തി പുറത്തേക്ക്‌ വന്നു.
"എന്താടാ നീയൊക്കെ കൂടി ഒപ്പിക്കുന്നത്‌ ?"
"ഇത്‌ നീങ്ങുന്നില്ലെടാ ..."ഞാന്‍ സ്റ്റാര്‍ട്‌ ചെയ്ത വിജയ ഭാവത്തില്‍, ബൈക്കിന്റെ തകരാറാണ്‌ എന്നപോലെ അവനോട്‌ പറഞ്ഞു.
"എടാ നീ ഗിയറില്‍ ഇട്ടില്ല. ദാ, ഇത്‌ മുകളിലോട്ട്‌ ചവിട്ടണം." അവന്‍ ഗിയര്‍ കാണിച്ചു തന്നു. അപ്പോഴാണ്‌ എനിക്കും ഗിയറിന്റെ കാര്യം ഓര്‍മ്മ വന്നത്‌. ഗോപി മനസ്സില്‍ വിചാരിച്ച്‌ കാണും, "നല്ല കക്ഷികള്‍. വണ്ടിയുടെ പാര്‍ട്സ്‌ പോലും അറിയാതെ കേറി ഇരിക്കുന്നത്‌ കണ്ടില്ലേ".ഞാന്‍ കാലില്‍ ഗിയര്‍ കൊളുത്തി മുകളിലേക്ക്‌ ഒരു തട്ട്‌ തട്ടി. വണ്ടി ഒന്ന് മുന്നോട്ട്‌ ചാടി ഓഫായി. ഹോ. നാശം. ആകെ ഒരു ചമ്മല്‍.
"എടാ, ഗിയര്‍ മാറ്റുമ്പോള്‍, ക്ലച്ച്‌ പിടിക്കണം. ഇതാ, ഇതാണ്‌ ക്ലച്ച്‌", ഗോപി.
"ഓ, അങ്ങനെയൊക്കെയുണ്ടോ ? ശരി."പിന്നേം ചവിട്ടി. ഇപ്പോള്‍ ഗിയറിലൊന്നും ഇടാതെ തന്നെ വണ്ടി മുന്നോട്ട്‌ ചാടി. ഗോപിക്ക്‌ ചൊറിഞ്ഞ്‌ വന്നു.
"ഡാ ... ആദ്യം വണ്ടി ന്യൂട്രലില്‍ ഇടണം. എന്നിട്ട്‌ സ്റ്റാര്‍ട്‌ ചെയ്യണം. ന്യൂട്രലില്‍ ആയാല്‍ ഈ പച്ച ലൈറ്റ്‌ കത്തും. ഇനി ഗിയര്‍ താഴോട്ട്‌ ചവിട്ട്‌."
അത്‌ ശെരി. അപ്പോള്‍ അതാണ്‌ നേരത്തെ പച്ച ലൈറ്റ്‌ കത്തിയത്‌. മനസ്സില്‍ വിചാരിച്ചു, ഗിയര്‍ താഴോട്ട്‌ ചവിട്ടി. പച്ച ലൈറ്റ്‌ കത്തി.പിന്നെ ഗോപി, ഹോണ്ട മച്ചാന്റെ പ്രവര്‍ത്തന രീതികള്‍ ആകെ മൊത്തം ഒന്ന് വിവരിച്ച്‌ തന്നു. എത്ര ഗിയര്‍, എപ്പോള്‍ മാറ്റണം, എങ്ങനെ മാറ്റണം, ക്ലച്‌ ഏത്‌, ബ്രേക്‌ എവിടെ എന്നീ കാര്യങ്ങള്‍. എല്ലാത്തിനും ഉം, ഉം, ഒ.കെ എന്നൊക്കെ തലയാട്ടി സമ്മതിച്ചെങ്കിലും കുറെ കാര്യങ്ങള്‍ ബൗണ്‍സര്‍ ആയി തലക്ക്‌ മുകളിലൂടെ പോയി.
വീണ്ടും ഐശ്വര്യമായി തുടങ്ങി.
പാഠം ഒന്ന് - വണ്ടി ഓണ്‍ ചെയ്തു.
പാഠം രണ്ട്‌ - ഗിയര്‍ തട്ടി ന്യൂട്രല്‍ ആയി.
പാഠം മൂന്ന് - ക്ലച്ച്‌ പിടിച്ചു.
പാഠം നാല്‌ - ഗിയര്‍ തട്ടി ഫസ്റ്റിലിട്ടു.
പാഠം അഞ്ച്‌ - ക്ലച്ച്‌ മെല്ലെ വിട്ടുകൊണ്ട്‌, ആക്സിലേറ്റര്‍ കൂട്ടുക.ഡ്രൈവിംഗ്‌ പഠിച്ച എല്ലാവരും പാഠം അഞ്ചില്‍ കുറെ പ്രാവശ്യം തോറ്റിരിക്കും. തീര്‍ച്ച. കാരണം ക്ലച്ച്‌, ആക്സിലേറ്റര്‍ അനുപാതം ശരിയല്ലെങ്കില്‍ വണ്ടി ചുമ്മാ ഒന്ന് കൊതിപ്പിച്ച്‌, ഒരു ചാട്ടവും ചാടി നില്‍ക്കും. ഞാനും പാഠം അഞ്ച്‌ കുറെ പ്രാവശ്യം പഠിച്ചു. അങ്ങനെ ബൈ ഹാര്‍ട്ട്‌ ചെയ്ത്‌ കൊണ്ടിരുന്ന എതോ ഒരു ശുഭമുഹൂര്‍ത്തത്തില്‍ ഹോണ്ട മച്ചാന്‍ മുന്നോട്ട്‌ കുതിച്ചു. മെല്ലെ ഓടിത്തുടങ്ങി. മുന്നിലുള്ള മൈതാനത്തുകൂടി ഒരു വലം വച്ചു. റേസിംഗ്‌ ശബ്ധം കൂടി."ഗിയര്‍ മാറ്റെഡാ പുല്ലേ ..." എന്ന് ഗോപി വിളിച്ച്‌ പറയുന്നത്‌ കേട്ടു. പാഠങ്ങള്‍ ഓര്‍ത്തു. ക്ലച്ച്‌ പിടിച്ചു, ഗിയര്‍ വീണ്ടും മോളിലോട്ട്‌ തട്ടി. റേസിംഗ്‌ ശബ്ധം കുറഞ്ഞു. വണ്ടി അല്‍പം കൂടി സ്മൂത്തായി ഓടാന്‍ തുടങ്ങി. അപ്പോള്‍ സംഭവങ്ങള്‍ ഏകദേശം ഒരു പിടിത്തം കിട്ടി. തിരിച്ച്‌ വന്ന് ബ്രേക്ക്‌ ചവിട്ടി. കി തിരിക്കുന്നതിന്‌ മുന്നേ വണ്ടി ഓഫ്‌.

"ഡാ, അജ്മലേ. നീ പുറകില്‍ കയറ്‌. ഞാനൊന്ന് ഡബിള്‍ എടുത്ത്‌ നോക്കട്ടെ. നമുക്കൊന്ന് റോഡിലൂടെ പോയി നോക്കാം." - അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോല്‍ ഗുലുമാല്‍ എന്ന ഗാനം എവിടയോ കേട്ടെങ്കിലും ശ്രദ്‌ദിച്ചില്ല.അജ്മല്‍ ഉടനേ കേറി പുറകില്‍ ഇരുന്നു.
"എടാ, ഇത്‌ വേണോ ?" ഗോപിയുടെ വക ചോദ്യചിഹ്നം.
"കുഴപ്പമില്ലെടാ. ഞാന്‍ ഒാ.കെ ആയി."വണ്ടി സ്റ്റാര്‍ട്‌ ആയി. കുറെ പ്രാവശ്യം ചാടി, നിന്നു, ചാടി, നിന്നു. പിന്നെ ഓടി. ഞാന്‍ മെല്ലെ റോഡില്‍ കയറി. വല്യ കുഴപ്പമൊന്നും തോന്നിയില്ല."എടാ നീ ഒ.കെ ആയല്ലോ" എന്ന അജ്മലിന്റെ പ്രോത്സാഹനവും കൂടി ആയപ്പോള്‍ സാമാന്യം സ്പീഡില്‍ തന്നെ വിട്ടു.
കുറച്ച്‌ ദൂരം ചെന്നപ്പോള്‍ ഒരു വലിയ വളവ്‌ വന്നു. സ്പീഡില്‍ വന്ന ഞാന്‍ റോഡിന്റെ ഇടത്‌ വശം ചേര്‍ത്ത്‌ മെല്ലെ വളയ്ക്കേണ്ടതിന്‌ പകരം, വലത്‌ വശം ചേര്‍ത്ത്‌ ഒരു വലിയ അര്‍ദ്ധവൃത്താകൃതിയില്‍ വളച്ചു, നല്ല സ്പീഡില്‍ തന്നെ. മൊത്തം കണ്ട്രോള്‍ വിട്ടതായി ഞാന്‍ അറിഞ്ഞു. റോഡ്‌ സൈഡില്‍ ഓരം ചേര്‍ന്ന് ഒരു അമ്മാവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. നേരെ അമ്മാവന്റെ നെഞ്ചത്തോട്ട്‌ കയറ്റി, ഇടിച്ച്‌ താഴെയിട്ടു. പഠിക്കുന്ന സമയത്ത്‌ വെറളി വന്നാല്‍ ആക്സിലേറ്റര്‍ കൂട്ടുകയാണല്ലോ പതിവ്‌. ഇവിടേയും അതുതന്നെ സംഭവിച്ചു. ആക്സിലേറ്റര്‍ മൊത്തമായി തിരിച്ച ഞാന്‍, അമ്മാവന്റെ ദേഹത്തുകൂടി വണ്ടി ഓടിച്ച്‌ കയറ്റി, അല്‍പം ദൂരെ കൂട്ടി വച്ച കുറെ ടയറുകളില്‍ ഇടിച്ചു, എങ്ങനെയോ വണ്ടി ഓഫായി. ഇതിനിടെ അജ്മല്‍ എങ്ങനെയോ ചാടി ഇറങ്ങിയിരുന്നു. ഞാന്‍ ആകെ വിറച്ചിരിക്കുകയാണ്‌. തിരിഞ്ഞ്‌ നോക്കാന്‍ ഒരു പേടി. ഈശ്വരാ, കാലിയായിക്കാണുമോ ? മെല്ലെ നോക്കി. അമ്മാവന്‍ എഴുന്നേറ്റ്‌ നിന്നു. എന്റെ ശ്വാസവും നേരെയായി. കുറെ ആളുകള്‍ ഓടിക്കൂടി. അത്യാവശ്യം തെറികള്‍ കൊണ്ട്‌ അന്തരീക്ഷം കലുഷിതമായി. ഭാഗ്യത്തിന്‌ ആരും കൈ വച്ചില്ല.പാവം അമ്മാവന്‍. മുട്ട്‌ രണ്ടും പൊട്ടി. അവിടേം, ഇവിടേം ഒക്കെ പെയ്ന്റ്‌ പോയിട്ടുണ്ട്‌. ആ ഇടി വച്ച്‌ നോക്കിയാല്‍ ഇത്രയൊന്നും പറ്റിയാല്‍ പോര. പിന്നെ ആരുടേയോ ഭാഗ്യം. "കുഴപ്പമില്ല്ല, ഒന്നും പറ്റിയില്ല" എന്നൊക്കെ പറഞ്ഞെങ്കിലും, നമ്മള്‍ ഉടനെ ഒരു ഓട്ടോ പിടിച്ച്‌, അമ്മാവനേം കൊണ്ട്‌ ഹോസ്പിറ്റലില്‍ പോയി. മുറിവൊക്കെ വച്ച്‌ കെട്ടി. "കേസാക്കണോ ?" എന്ന് മുരടന്‍ ഡോക്ടറുടെ ചോദ്യത്തിന്‌, "വേണ്ട, പിള്ളാരല്ലേ. അറിയാതെ പറ്റിയതാവും" എന്ന് അമ്മാവന്‍ തന്നെ മറുപടി പറഞ്ഞു. അമ്മാവനെ ഞാന്‍ മനസാ നമിച്ചു, മാപ്പ്‌ പറഞ്ഞു. പിന്നെ ഒരു ബസ്സില്‍ കയറ്റി വിട്ടു.

തിരിച്ച്‌ യുദ്ധക്കളത്തില്‍ എത്തി. ഹോണ്ട, ഞാനൊന്നും അറിഞ്ഞില്ല മോനേ ... എന്ന ഭാവത്തില്‍ കുറെ ടയറുകള്‍ക്കിടയില്‍ സുഖമായി വിശ്രമിക്കുന്നു. അവനെ കുത്തിപ്പൊക്കി. വീണ്ടും മുതുകത്ത്‌ കയറി, എല്‍.ബി.എസ്‌ ലേക്ക്‌ വച്ച്‌ പിടിച്ചു. ഏതായാലും അതോടെ ബൈക്‌ ഓടിക്കാന്‍ നന്നായി പഠിച്ചു.

ഗോപിക്ക്‌ ഇപ്പോഴും ഈ കാര്യങ്ങളൊന്നും അറിയില്ല. ആ അമ്മാവന്‍ ഇപ്പോള്‍ എവിടെയാണാവോ ? ഹോണ്ട മച്ചാന്‍ ഗോപിയുടെ കൂടെ ബാങ്ക്ലൂരില്‍ ബ്രിഗേഡ്‌ റോഡിലും, എം.ജി റോഡിലും കറങ്ങുന്നുണ്ടെന്ന് തോന്നുന്നു. അജ്മല്‍ ഈന്തപ്പഴവും തിന്ന്, അറബി രാജ്യത്ത്‌.