Saturday, January 5, 2008

ഞാന്‍ ബൈക്ക്‌ ഓടിച്ചപ്പോള്‍ !!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്‌. എല്‍.ബി.എസ്‌ എന്ന ഗവണ്‍മേന്റ്‌ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വാദ്യാരായി ജോലി നോക്കുന്ന കാലം. ഇന്നത്തെ പോലെ വിന്‍ഡോസ്‌ എക്സ്‌ പിയും, മൈക്രൊസോഫ്റ്റ്‌ ഓഫീസും ഒന്നും അത്ര പ്രചാരത്തിലില്ലാതതിനാല്‍ (പ്രത്യേകിച്ചും ഒരു ഗവണ്‍മേന്റ്‌ സെറ്റപ്പില്‍) വേര്‍ഡ്സ്റ്റാര്‍, ഡിബേസ്‌, ലോട്ടസ്‌, ഡോസ്‌ എന്നിവയാണ്‌ ചൊല്ലിക്കൊടുക്കുന്നത്‌. കണ്ടാല്‍ ആരും പറയില്ല എവന്‍ ഒരു വാദ്യാരാണെന്ന്. ബ്ലോഗ്‌ പ്രൊഫയിലിലെ ഫോട്ടോയില്‍ കാണുന്നപോലെ ബുള്‍ഗാനും, വ്യാജന്‍ അടിച്ച്‌ കണ്ണുപോയവന്‍ ഇടുന്ന പോലുള്ള കണ്ണടയും ഇല്ല. ക്ലീന്‍ ഷേവൊക്കെ ചെയ്ത്‌, പശു നക്കിയപോലെ മുടിയൊക്കെ ചീകി ഒരു സുന്ദരനായ ഹിന്ദി സിനിമാ നടന്‍ സ്റ്റയില്‍ (ജാഡ, ജാഡ ... വെറുതെ പറഞ്ഞതാഡേയ്‌, അസ്സല്‍ കണ്ട്രി സ്റ്റൈല്‍ തന്നെ.).കൂട്ടിന്‌ അജ്മല്‍, ഗോപി എന്നീ രണ്ട്‌ സുഹ്രുത്തുക്കളും. ജോലി ചെയ്യേണ്ടപ്പോള്‍ ജോലി, ഇല്ലാത്തപ്പോള്‍ അത്യാവശ്യം അടിപോളി, കറക്കം, വായനോട്ടം എന്നീ ജോലികള്‍. ആകെപ്പാടെ ടയിറ്റ്‌ ഷെഡ്യൂള്‍.

ഒരു ദിവസം രാവിലെ പെട്ടന്ന് ബൈക്ക്‌ ഓടിക്കാന്‍ പഠിക്കണമെന്ന മോഹം. ഹോ, ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ പിന്നെ അത്‌ നടത്താതെ രക്ഷയില്ല. ഗോപിക്ക്‌ ബൈക്ക്‌ ഉണ്ട്‌. ഹീറോ ഹോണ്ട സ്ലീക്‌. ഈ മോഡല്‍ ഇപ്പോള്‍ മഷിയിട്ട്‌ നോക്കിയാല്‍ കാണാന്‍ പറ്റില്ല. അന്നത്തെ കാലത്തെ ഒരു പ്രേം നസീറായിരുന്നു അവന്‍. നല്ല ചെത്ത്‌ കുട്ടപ്പന്‍. ഗോപി വല്ലപ്പോഴുമെ അതും കൊണ്ട്‌ വരാറുള്ളൂ. വേഗം അവന്റെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്തു. ഇരുചക്രം കൊണ്ടുവരാമെന്ന് അവന്‍ ഏറ്റു. 'നമുക്കൊന്ന് കറങ്ങണം' എന്ന് മാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ ഓടിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞില്ല. പറഞ്ഞാല്‍ പിന്നെ മിക്കവാറും അവന്‌ പെട്ടന്ന് പനിയോ, വയറിളക്കമോ വന്ന് ലീവ്‌ എടുക്കേണ്ടി വരും.

10:00 മണിക്ക്‌ എല്‍.ബി.എസില്‍ എത്തി. ദൂരെ നിന്നു തന്നെ ഇരുചക്രം മുറ്റത്ത്‌ കിടക്കുന്ന കണ്ട്‌ നിര്‍വൃതിയടഞ്ഞു. ഗോപി രാവിലെ ഒരു ബാച്ചിന്‌ ക്ലാസ്സെടുക്കുന്നുണ്ട്‌. ഞാനും, അജ്മലും ഫ്രീ ആണ്‌. എന്നെപ്പോലെ അജ്മലും ഇരുചക്രം പഠിക്കണം എന്ന മോഹവുമായി നടക്കുകയാണ്‌, ഒരു സിംഹത്തിന്റെ മടയും തേടി. നമ്മള്‍ ഇരുവരും ചേര്‍ന്ന് പ്ലാനിട്ടു. ഗോപിയുടെ കയ്യില്‍ നിന്നും കീ വാങ്ങി ഒരു സ്വയം പഠനം നടത്താം എന്ന്. ഗോപിയുടെ ക്ലാസ്സിന്റെ വാതില്‍ക്കല്‍ ചെന്ന് ചില ആഗ്യങ്ങള്‍ കാണിച്ചു. അവന്‍ വിദ്യാര്‍ഥികളോട്‌ "എച്ച്യൂസ്‌ മി" പറഞ്ഞ്‌ വെളിയില്‍ വന്നു.
"എന്താടാ ?"
"എടാ, നമ്മള്‍ ഒന്ന് ബൈക്ക്‌ ഓടിച്ച്‌ നോക്കട്ടെ ?"
"അതിന്‌ നിങ്ങള്‍ക്ക്‌ ഓടിക്കാന്‍ അറിയില്ലല്ലോ ?"
"ഒന്ന് ട്രൈ ചെയ്യാം."
"ശെരി. സൂക്ഷിക്കണം" എന്ന് പറഞ്ഞ്‌ അവന്‍ കി തന്നു, തിരിച്ച്‌ ക്ലാസ്സിലേക്ക്‌ പോയി. നമ്മള്‍ രണ്ട്‌ പേരും നിധികിട്ടിയപോലെ ബൈക്കിനടുത്തേക്ക്‌ കുതിച്ചു.സെന്റര്‍ സ്റ്റാന്‍ഡില്‍ കിടക്കുന്ന ഹോണ്ട മച്ചാനെ ആകെയൊന്ന് ഉഴിഞ്ഞ്‌ നോക്കി, "മകാനെ ഒന്ന് പൊലിപ്പിച്ചേക്കണേ ..." എന്ന് മനസ്സില്‍ പറഞ്ഞു. പിന്നെ താണു വന്ദിച്ച്‌ മെല്ലെ അവന്റെ മുതുകത്ത്‌ കയറി. സ്റ്റാന്റ്‌ തട്ടി. കീ അവന്റെ നവദ്വാരങ്ങളിലൊന്നില്‍ കയറ്റി, മെല്ലെ തിരിച്ചു. ദ്വാരത്തിന്റെ ഇടതുവശത്ത്‌ ഒരു പച്ച ലൈറ്റ്‌ തെളിഞ്ഞു. എന്തു കുന്തത്തിനാണ്‌ അത്‌ തെളിഞ്ഞതെന്ന് മനസ്സിലായില്ല. പക്ഷെ കൊച്ച്‌ കുട്ടികള്‍ സ്റ്റൂളിന്റെ മോളില്‍ കയറി കയ്യെത്തിച്ച്‌ സ്വിച്ച്‌ ഇട്ട്‌ ലൈറ്റ്‌ കത്തിക്കുമ്പോള്‍ ഉള്ള ആ സന്തോഷം ഞാനും അനുഭവിച്ചു. വലത്‌ വശത്ത്‌ താഴെ നോക്കി. എല്ലാവരും സ്റ്റാര്‍ട്‌ ചെയ്യുന്നത്‌ ഈ കമ്പിയില്‍ ചവിട്ടിയാണെന്നറിയാം. രണ്ട്‌ കയ്യും ഹാന്‍ഡിലില്‍ വച്ച്‌, സര്‍വ്വ ശക്തിയുമെടുത്ത്‌ ഒരു ചവിട്ട്‌. പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. സ്റ്റാര്‍ട്‌ ആവാന്‍ പോകുന്നത്‌ പോലെയുള്ള ഒരു ശബ്ധം മാത്രം വന്നു. അജ്മല്‍, "ഒന്നും കൂടി ചവിട്ടെടാ" എന്ന് പറഞ്ഞ്‌ തീരുന്നതിന്‌ മുമ്പേ അടുത്ത ചവിട്ട്‌. നോ രക്ഷ. പെട്ടെന്ന് ഒരു ഉള്‍വിളി വന്നു. ഒാ അപ്പോ അതാണ്‌ കാര്യം. ചവിട്ടുന്നതിന്റെ കൂടെ വലം കയ്യില്‍ പിടിച്ച സംഭവം തിരിച്ച്‌ കൊടുക്കണം. ഓ.ക്കേ. അടുത്ത ചവിട്ട്‌. കൂടെ, വലം കൈ ഒരു തിരി. ടി.വി യില്‍ ബൈക്ക്‌ റേസ്‌ കാണുമ്പോള്‍ മാത്രം കേട്ട കര്‍ണ്ണ കഠോര ശബ്ധം ഉണ്ടാക്കാന്‍ എനിക്കും കഴിയും എന്ന് ഞാന്‍ തെളിയിച്ചു. ബൈക്‌ സ്റ്റാര്‍ട്‌ ആയി. വലം കൈ പിന്നേം തിരിച്ചു. എവിടെ ഓടാന്‍ ! കഠോര ശബ്ധം കൂടിക്കൂടി വന്നത്തല്ലാതെ വണ്ടി ഒരിഞ്ച്‌ നീങ്ങുന്നില്ല. കോലാഹലം കേട്ടാവണം, ഗോപി ക്ലാസ്സ്‌ നിര്‍ത്തി പുറത്തേക്ക്‌ വന്നു.
"എന്താടാ നീയൊക്കെ കൂടി ഒപ്പിക്കുന്നത്‌ ?"
"ഇത്‌ നീങ്ങുന്നില്ലെടാ ..."ഞാന്‍ സ്റ്റാര്‍ട്‌ ചെയ്ത വിജയ ഭാവത്തില്‍, ബൈക്കിന്റെ തകരാറാണ്‌ എന്നപോലെ അവനോട്‌ പറഞ്ഞു.
"എടാ നീ ഗിയറില്‍ ഇട്ടില്ല. ദാ, ഇത്‌ മുകളിലോട്ട്‌ ചവിട്ടണം." അവന്‍ ഗിയര്‍ കാണിച്ചു തന്നു. അപ്പോഴാണ്‌ എനിക്കും ഗിയറിന്റെ കാര്യം ഓര്‍മ്മ വന്നത്‌. ഗോപി മനസ്സില്‍ വിചാരിച്ച്‌ കാണും, "നല്ല കക്ഷികള്‍. വണ്ടിയുടെ പാര്‍ട്സ്‌ പോലും അറിയാതെ കേറി ഇരിക്കുന്നത്‌ കണ്ടില്ലേ".ഞാന്‍ കാലില്‍ ഗിയര്‍ കൊളുത്തി മുകളിലേക്ക്‌ ഒരു തട്ട്‌ തട്ടി. വണ്ടി ഒന്ന് മുന്നോട്ട്‌ ചാടി ഓഫായി. ഹോ. നാശം. ആകെ ഒരു ചമ്മല്‍.
"എടാ, ഗിയര്‍ മാറ്റുമ്പോള്‍, ക്ലച്ച്‌ പിടിക്കണം. ഇതാ, ഇതാണ്‌ ക്ലച്ച്‌", ഗോപി.
"ഓ, അങ്ങനെയൊക്കെയുണ്ടോ ? ശരി."പിന്നേം ചവിട്ടി. ഇപ്പോള്‍ ഗിയറിലൊന്നും ഇടാതെ തന്നെ വണ്ടി മുന്നോട്ട്‌ ചാടി. ഗോപിക്ക്‌ ചൊറിഞ്ഞ്‌ വന്നു.
"ഡാ ... ആദ്യം വണ്ടി ന്യൂട്രലില്‍ ഇടണം. എന്നിട്ട്‌ സ്റ്റാര്‍ട്‌ ചെയ്യണം. ന്യൂട്രലില്‍ ആയാല്‍ ഈ പച്ച ലൈറ്റ്‌ കത്തും. ഇനി ഗിയര്‍ താഴോട്ട്‌ ചവിട്ട്‌."
അത്‌ ശെരി. അപ്പോള്‍ അതാണ്‌ നേരത്തെ പച്ച ലൈറ്റ്‌ കത്തിയത്‌. മനസ്സില്‍ വിചാരിച്ചു, ഗിയര്‍ താഴോട്ട്‌ ചവിട്ടി. പച്ച ലൈറ്റ്‌ കത്തി.പിന്നെ ഗോപി, ഹോണ്ട മച്ചാന്റെ പ്രവര്‍ത്തന രീതികള്‍ ആകെ മൊത്തം ഒന്ന് വിവരിച്ച്‌ തന്നു. എത്ര ഗിയര്‍, എപ്പോള്‍ മാറ്റണം, എങ്ങനെ മാറ്റണം, ക്ലച്‌ ഏത്‌, ബ്രേക്‌ എവിടെ എന്നീ കാര്യങ്ങള്‍. എല്ലാത്തിനും ഉം, ഉം, ഒ.കെ എന്നൊക്കെ തലയാട്ടി സമ്മതിച്ചെങ്കിലും കുറെ കാര്യങ്ങള്‍ ബൗണ്‍സര്‍ ആയി തലക്ക്‌ മുകളിലൂടെ പോയി.
വീണ്ടും ഐശ്വര്യമായി തുടങ്ങി.
പാഠം ഒന്ന് - വണ്ടി ഓണ്‍ ചെയ്തു.
പാഠം രണ്ട്‌ - ഗിയര്‍ തട്ടി ന്യൂട്രല്‍ ആയി.
പാഠം മൂന്ന് - ക്ലച്ച്‌ പിടിച്ചു.
പാഠം നാല്‌ - ഗിയര്‍ തട്ടി ഫസ്റ്റിലിട്ടു.
പാഠം അഞ്ച്‌ - ക്ലച്ച്‌ മെല്ലെ വിട്ടുകൊണ്ട്‌, ആക്സിലേറ്റര്‍ കൂട്ടുക.ഡ്രൈവിംഗ്‌ പഠിച്ച എല്ലാവരും പാഠം അഞ്ചില്‍ കുറെ പ്രാവശ്യം തോറ്റിരിക്കും. തീര്‍ച്ച. കാരണം ക്ലച്ച്‌, ആക്സിലേറ്റര്‍ അനുപാതം ശരിയല്ലെങ്കില്‍ വണ്ടി ചുമ്മാ ഒന്ന് കൊതിപ്പിച്ച്‌, ഒരു ചാട്ടവും ചാടി നില്‍ക്കും. ഞാനും പാഠം അഞ്ച്‌ കുറെ പ്രാവശ്യം പഠിച്ചു. അങ്ങനെ ബൈ ഹാര്‍ട്ട്‌ ചെയ്ത്‌ കൊണ്ടിരുന്ന എതോ ഒരു ശുഭമുഹൂര്‍ത്തത്തില്‍ ഹോണ്ട മച്ചാന്‍ മുന്നോട്ട്‌ കുതിച്ചു. മെല്ലെ ഓടിത്തുടങ്ങി. മുന്നിലുള്ള മൈതാനത്തുകൂടി ഒരു വലം വച്ചു. റേസിംഗ്‌ ശബ്ധം കൂടി."ഗിയര്‍ മാറ്റെഡാ പുല്ലേ ..." എന്ന് ഗോപി വിളിച്ച്‌ പറയുന്നത്‌ കേട്ടു. പാഠങ്ങള്‍ ഓര്‍ത്തു. ക്ലച്ച്‌ പിടിച്ചു, ഗിയര്‍ വീണ്ടും മോളിലോട്ട്‌ തട്ടി. റേസിംഗ്‌ ശബ്ധം കുറഞ്ഞു. വണ്ടി അല്‍പം കൂടി സ്മൂത്തായി ഓടാന്‍ തുടങ്ങി. അപ്പോള്‍ സംഭവങ്ങള്‍ ഏകദേശം ഒരു പിടിത്തം കിട്ടി. തിരിച്ച്‌ വന്ന് ബ്രേക്ക്‌ ചവിട്ടി. കി തിരിക്കുന്നതിന്‌ മുന്നേ വണ്ടി ഓഫ്‌.

"ഡാ, അജ്മലേ. നീ പുറകില്‍ കയറ്‌. ഞാനൊന്ന് ഡബിള്‍ എടുത്ത്‌ നോക്കട്ടെ. നമുക്കൊന്ന് റോഡിലൂടെ പോയി നോക്കാം." - അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോല്‍ ഗുലുമാല്‍ എന്ന ഗാനം എവിടയോ കേട്ടെങ്കിലും ശ്രദ്‌ദിച്ചില്ല.അജ്മല്‍ ഉടനേ കേറി പുറകില്‍ ഇരുന്നു.
"എടാ, ഇത്‌ വേണോ ?" ഗോപിയുടെ വക ചോദ്യചിഹ്നം.
"കുഴപ്പമില്ലെടാ. ഞാന്‍ ഒാ.കെ ആയി."വണ്ടി സ്റ്റാര്‍ട്‌ ആയി. കുറെ പ്രാവശ്യം ചാടി, നിന്നു, ചാടി, നിന്നു. പിന്നെ ഓടി. ഞാന്‍ മെല്ലെ റോഡില്‍ കയറി. വല്യ കുഴപ്പമൊന്നും തോന്നിയില്ല."എടാ നീ ഒ.കെ ആയല്ലോ" എന്ന അജ്മലിന്റെ പ്രോത്സാഹനവും കൂടി ആയപ്പോള്‍ സാമാന്യം സ്പീഡില്‍ തന്നെ വിട്ടു.
കുറച്ച്‌ ദൂരം ചെന്നപ്പോള്‍ ഒരു വലിയ വളവ്‌ വന്നു. സ്പീഡില്‍ വന്ന ഞാന്‍ റോഡിന്റെ ഇടത്‌ വശം ചേര്‍ത്ത്‌ മെല്ലെ വളയ്ക്കേണ്ടതിന്‌ പകരം, വലത്‌ വശം ചേര്‍ത്ത്‌ ഒരു വലിയ അര്‍ദ്ധവൃത്താകൃതിയില്‍ വളച്ചു, നല്ല സ്പീഡില്‍ തന്നെ. മൊത്തം കണ്ട്രോള്‍ വിട്ടതായി ഞാന്‍ അറിഞ്ഞു. റോഡ്‌ സൈഡില്‍ ഓരം ചേര്‍ന്ന് ഒരു അമ്മാവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. നേരെ അമ്മാവന്റെ നെഞ്ചത്തോട്ട്‌ കയറ്റി, ഇടിച്ച്‌ താഴെയിട്ടു. പഠിക്കുന്ന സമയത്ത്‌ വെറളി വന്നാല്‍ ആക്സിലേറ്റര്‍ കൂട്ടുകയാണല്ലോ പതിവ്‌. ഇവിടേയും അതുതന്നെ സംഭവിച്ചു. ആക്സിലേറ്റര്‍ മൊത്തമായി തിരിച്ച ഞാന്‍, അമ്മാവന്റെ ദേഹത്തുകൂടി വണ്ടി ഓടിച്ച്‌ കയറ്റി, അല്‍പം ദൂരെ കൂട്ടി വച്ച കുറെ ടയറുകളില്‍ ഇടിച്ചു, എങ്ങനെയോ വണ്ടി ഓഫായി. ഇതിനിടെ അജ്മല്‍ എങ്ങനെയോ ചാടി ഇറങ്ങിയിരുന്നു. ഞാന്‍ ആകെ വിറച്ചിരിക്കുകയാണ്‌. തിരിഞ്ഞ്‌ നോക്കാന്‍ ഒരു പേടി. ഈശ്വരാ, കാലിയായിക്കാണുമോ ? മെല്ലെ നോക്കി. അമ്മാവന്‍ എഴുന്നേറ്റ്‌ നിന്നു. എന്റെ ശ്വാസവും നേരെയായി. കുറെ ആളുകള്‍ ഓടിക്കൂടി. അത്യാവശ്യം തെറികള്‍ കൊണ്ട്‌ അന്തരീക്ഷം കലുഷിതമായി. ഭാഗ്യത്തിന്‌ ആരും കൈ വച്ചില്ല.പാവം അമ്മാവന്‍. മുട്ട്‌ രണ്ടും പൊട്ടി. അവിടേം, ഇവിടേം ഒക്കെ പെയ്ന്റ്‌ പോയിട്ടുണ്ട്‌. ആ ഇടി വച്ച്‌ നോക്കിയാല്‍ ഇത്രയൊന്നും പറ്റിയാല്‍ പോര. പിന്നെ ആരുടേയോ ഭാഗ്യം. "കുഴപ്പമില്ല്ല, ഒന്നും പറ്റിയില്ല" എന്നൊക്കെ പറഞ്ഞെങ്കിലും, നമ്മള്‍ ഉടനെ ഒരു ഓട്ടോ പിടിച്ച്‌, അമ്മാവനേം കൊണ്ട്‌ ഹോസ്പിറ്റലില്‍ പോയി. മുറിവൊക്കെ വച്ച്‌ കെട്ടി. "കേസാക്കണോ ?" എന്ന് മുരടന്‍ ഡോക്ടറുടെ ചോദ്യത്തിന്‌, "വേണ്ട, പിള്ളാരല്ലേ. അറിയാതെ പറ്റിയതാവും" എന്ന് അമ്മാവന്‍ തന്നെ മറുപടി പറഞ്ഞു. അമ്മാവനെ ഞാന്‍ മനസാ നമിച്ചു, മാപ്പ്‌ പറഞ്ഞു. പിന്നെ ഒരു ബസ്സില്‍ കയറ്റി വിട്ടു.

തിരിച്ച്‌ യുദ്ധക്കളത്തില്‍ എത്തി. ഹോണ്ട, ഞാനൊന്നും അറിഞ്ഞില്ല മോനേ ... എന്ന ഭാവത്തില്‍ കുറെ ടയറുകള്‍ക്കിടയില്‍ സുഖമായി വിശ്രമിക്കുന്നു. അവനെ കുത്തിപ്പൊക്കി. വീണ്ടും മുതുകത്ത്‌ കയറി, എല്‍.ബി.എസ്‌ ലേക്ക്‌ വച്ച്‌ പിടിച്ചു. ഏതായാലും അതോടെ ബൈക്‌ ഓടിക്കാന്‍ നന്നായി പഠിച്ചു.

ഗോപിക്ക്‌ ഇപ്പോഴും ഈ കാര്യങ്ങളൊന്നും അറിയില്ല. ആ അമ്മാവന്‍ ഇപ്പോള്‍ എവിടെയാണാവോ ? ഹോണ്ട മച്ചാന്‍ ഗോപിയുടെ കൂടെ ബാങ്ക്ലൂരില്‍ ബ്രിഗേഡ്‌ റോഡിലും, എം.ജി റോഡിലും കറങ്ങുന്നുണ്ടെന്ന് തോന്നുന്നു. അജ്മല്‍ ഈന്തപ്പഴവും തിന്ന്, അറബി രാജ്യത്ത്‌.

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു...

അല്ല മാഷേ ഈ ക്ലച്ചും ആക്സലറേറ്ററും ഒരുമിച്ചുപിടിച്ചാല്‍ കുഴപ്പാവോ????

കാപ്പിലാന്‍ said...

wonderful,

ഏ.ആര്‍. നജീം said...

ദുഷ്ടാ.. ആ അമ്മാവന് ഒരു ബാന്‍‌ഡേജ് എങ്കിലും വാങ്ങാനുള്ള കാഷ് കൊടുക്കാതെ മുങ്ങി അല്ലെ..:)
കൊള്ളാം കൊള്ളാം...

പാമരന്‍ said...

കൊള്ളാം സാര്‍! ഞാനും പഠിച്ചതു ഏതാണ്ടിതേപോലൊക്കെത്തന്നെ ആയിരുന്നു.. ആ അമ്മാവന്‍ തളിപ്പറംബിലായതു അങ്ങേരുടെ ഭാഗ്യം! അല്ലേല്‍ ഞാനും അങ്ങേരുടെ നെഞ്ചത്തിട്ടൊന്നു പഠിച്ചേനെ... :)

എഴുത്തിന്‍റെ ശൈലി വളരെ ഇഷ്ടപ്പെട്ടു..

Ranjith chandran, R said...

very nice.. we had wandered around a lot in Bangalore on that Sleek..hm! Never knew it had some history there in Kannur!

ഹരിശ്രീ said...

കൊള്ളാം