മോഹന്‍ലാല്‍, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ശ്വേത മേനോന്‍ എന്നീ നടീ നടന്മാരെ മെയ്ക്കപ് കൊണ്ട് എത്രത്തോളം മാറ്റിയെടുക്കാം എന്നതുമാത്രമാണ് 'പരദേശി' എന്ന ചിത്രത്തിന്റെ ഉള്ളടക്കം.
ടി വിയില്‍ ഈ ചിത്രത്തിന്റെ അവലോകനം കണ്ടിരുന്നു. "ഒരു നടന്റെ ജീവിതത്തിലെ അത്യപൂര്‍വമായ കഥാപാത്രം" എന്നൊക്കെ മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ് കണ്ടേക്കാമെന്ന് കരുതിയത് (പരസ്യതന്ത്രം വിജയിച്ചു !)
കുറെ കഥാപാത്രങ്ങള്‍ വരുന്നു, പോകുന്നു. തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കുറേ രംഗങ്ങള്‍, സംഭവങ്ങള്‍ ....
മോഹന്‍ലാല്‍ എന്ന നടന് തന്റെ അഭിനയപാടവം അല്‍പം പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്.
നേരത്തേ പറഞ്ഞപോലെ മെയ്ക്കപ്പ്‌മാന്‍ തന്റെ പണി നന്നായി ചെയ്തിട്ടുണ്ട്.വേറെ ഒന്നുമില്ല ഈ ചിത്രത്തില്‍ ... ഒന്നും !
Thursday, October 25, 2007
പരദേശി ഒരു 'പാര'ദേശി
Tuesday, October 16, 2007
കുരുത്തക്കേടുകള്‍
1. "എത്ര പ്രാവശ്യം പറഞ്ഞാലും നീ പിന്നേം പൈപ്പ് തുറന്ന് വെള്ളത്തില്‍ കളിക്കുന്നതെന്തിനാ ?"
2. "ഇന്ന് പിന്നേം നീ ചുമരില്‍ ക്രയോണ്‍സ് വച്ച് വരച്ചു അല്ലെ"
3. "രണ്ട് ഇഡ്ഡലിയും വച്ച് നീ ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറായല്ലൊ ?"
4. "മൊബൈല്‍ ഫോണില്‍ കളിക്കരുതെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു"
5. "ന്യൂസ് കണ്ടോണ്ടിരിക്കുമ്പോഴാ അവന്റെ ഒരു കാര്‍ട്ടൂണ്‍ !!"
6. "ഇഷ്ടം പോലെ കളിപ്പാട്ടം വീട്ടില്‍ ഇരിക്കുമ്പോഴാ നീ പിന്നേം വേണം എന്ന് പറഞ്ഞ് കരയുന്നത് ?"
7. "കളിപ്പാട്ടം മുഴുവന്‍ വലിച്ച് വാരി ഇട്ടു അല്ലേ. മുഴുവന്‍ എടുത്ത് വച്ചിട്ട് ഉറങ്ങിയാമതി."
8. "മേശപ്പുറത്ത് വലിഞ്ഞ് കേറരുത്. അടികൊള്ളും !"
9. "എപ്പോഴും പുറത്ത് പോകുമ്പോള്‍ നിന്നെ കൂട്ടാനൊന്നും പറ്റില്ല"
10. "മടക്കി വച്ച തുണി മുഴുവന്‍ വലിച്ച് വാരി ഇട്ടു അല്ലെ"
അങ്ങനെ ... അങ്ങനെ ...
പാവം കുട്ടി. എന്തു കാര്യം ചെയ്താലും "വേണ്ട, പാടില്ല, ചെയ്യരുത്" എന്നാണ് അച്ഛനും അമ്മയും പറയുന്നത്.
"ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തരുമോ ?" മനസ്സില്‍ വിചാരിക്കുന്നുണ്ടാവാം.
Saturday, October 13, 2007
അസുഖകരമായ കാഴ്ചകള്‍
ബസ്സ്
ഒട്ടും തിരക്കില്ലാത്ത ഒരു ബസ്സ്. സ്റ്റോപ്പില്‍ നിന്ന് പിന്‍ വാതിലിലൂടെ കയറിയ ഒരുത്തന്‍, മുന്നില്‍ രണ്ട് മൂന്ന് ചെറുപ്പക്കാരികള്‍ നില്‍ക്കുന്നത് കണ്ട് വച്ച് പിടിച്ച് മുന്നില്‍ പോയി നില്‍ക്കുന്നു. ഒരു വൃത്തികെട്ട ചിരിയുമായി.
ഹോട്ടല്‍
വെയിറ്റര്‍, ഒാര്‍ഡര്‍ ചെയ്ത മസാല ദോശ കൊണ്ടുവരുന്നു. അവന്റെ മുഷിഞ്ഞ ഷര്‍ട്ടിന്റെ അറ്റം മസാല ദോശയെ തഴുകി തലോടുന്നു. സാമ്പാറില്‍ മുങ്ങിതാഴുന്നുമുണ്ട്.
ഹോസ്പിറ്റല്
ഒരു പാവം ഉമ്മ, കയ്യില്‍ ബാഗും മറ്റുമൊക്കെയായി അഡ്മിറ്റായിരിക്കുന്ന ആരെയോ കാണാന്‍ വന്നു. സന്ദര്‍ശന സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സെക്യൂരിറ്റികാരന്‍.
ബെവ്ക്കൊ (സര്‍ക്കാറിന്റെ വിദേശ മദ്യശാല)
സാധാരണ കാഴ്ച. കുടിയന്മാരുടെ നീണ്ട നിര. അച്ഛന്റെ കൂടെ അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന് ഒരു പാവം പെണ്‍കുട്ടിയും ക്യൂവില്‍. എന്താണ് അച്ഛന്‍ വാങ്ങാന്‍ പോകുന്നത് എന്ന് അറിയുമോ ആവോ ?
റയില്‍വെ സ്റ്റേഷന്‍
നല്ല തിരക്ക്. ഒരു ട്രെയിന്‍ വന്നു. ആള്‍ക്കാര്‍ ഇടിച്ച് കയറുന്നു. ഒരു സായിപ്പ്. ചുമലിലും, പുറത്തുമൊക്കെയായി കുറെ ഭാണ്ടക്കെട്ടുകള്‍. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നു. "Coming off, Coming off" എന്നൊക്കെ ഉറക്കെ വിളിച്ച് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. സ്വന്തം കാര്യം സിന്താബാദ്. ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ ഇടിയും കൊണ്ട് ട്രെയിനിനകത്ത് തന്നെ നില്‍ക്കാനാണ് സായിപ്പിന് യോഗം.
ഹിജഡ - 1
യാത്രക്കാരന്‍ ടാക്സിയുടെ പുറകില്‍ ഇരിക്കുന്നു. രണ്ട് മൂന്ന് ഹിജഡകള്‍ പുറകിലെ ജന്നലിലൂടെ മുഖം അകത്തേക്കിട്ട് പൈസ ചോദിക്കുന്നു. യാത്രകാരന്‍ തരില്ലെന്നായി. ഹിജഡകള്‍ കാര്‍ക്കിച്ച് യാത്രക്കാരന്റെ മുഖത്തേക്ക് ഒറ്റത്തുപ്പ്. ഊറിച്ചിരിക്കുന്ന ടാക്സി ഡ്രൈവര്‍.
ഹിജഡ - 2
ഒരു ആഭരണക്കടയുടെ ഉത്ഘാടനം. വിളക്കൊക്കെ വച്ച് എല്ലാവരും ഉത്ഘാടകനെ പ്രതീക്ഷിച്ച് നില്‍ക്കുന്നു. കുറേ ഹിജഡകള്‍ കാശുവേണമെന്നായി. കടക്കാരന്‍ 500 രൂപ കൊടുത്തു, 1000 വേണമെന്ന് ഹിജഡകളുടെ വാശി. ഇല്ലെന്ന് കടക്കാരന്‍. ഹിജഡകളുടെ സമരമുറ. തുണിപൊക്കിപ്പിടിച്ചുള്ള ഡിസ്കൊ.
ചെത്ത് പിള്ളേര്
ഒരു ഷോപ്പിംഗ് മാള്‍. പടികള്‍ തുടച്ച് വൃത്തിയാക്കുന്ന പ്രായം ചെന്ന സ്ത്രീ. ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ കുറേ ചെത്ത് പിള്ളേര്‍ അഡിഡാസും, നൈക്കും, റീബോക്കും കൊണ്ട് വീണ്ടും ... അവര്‍ ഇപ്പോഴും പടികള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
ഭിക്ഷ
തമിഴത്തിപെണ്‍കുട്ടി. കൈയ്യില്‍ പിഞ്ചുകുഞ്ഞ്.ചുട്ടുപൊള്ളുന്ന പരുപരുത്ത സിമന്റ് തറയില്‍ കുഞ്ഞിനെ കിടത്തി തമിഴത്തി മുന്നോട്ട് പോയി നില്‍ക്ക്ക്കുന്നു. കുഞ്ഞ് മുട്ടിലിഴഞ്ഞ് അമ്മയുടെ അടുത്തെത്താന്‍ ശ്രമിക്കുന്നു. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാണയത്തുട്ടുകള്‍ടെ എണ്ണവും കൂടും എന്ന് പ്രതീക്ഷിച്ച് കുഞ്ഞിനെ നോക്കാതെ കൈ നീട്ടുന്ന തമിഴത്തി.
ശബരി മല
സന്നിധാനത്ത് തിരക്കെന്ന് പറഞ്ഞാല്‍ മണല്‍ വാരിയിട്ടാല്‍ താഴെ വീഴാത്തത്ര തിരക്ക്. ഒരമ്മൂമ്മ തിരക്കിനിടയില്‍ നിന്ന് പൊട്ടി കരയുന്നു. ചോദിച്ചപ്പോള്‍ "പേരക്കുട്ടിയേയും കൊണ്ട് വന്നതാണ്. തിരക്കിനിടയില്‍ കൈ വിട്ടുപോയി."അയ്യപ്പന്‍ ആ പേരക്കിടാവിനെ തിരിച്ച് കൊടുത്തിരിക്കും തീര്‍ച്ച.
സ്വാമി ശരണം.
Tuesday, October 9, 2007
"കൊച്ചി ... മനോഹരി ..."
Thursday, October 4, 2007
എന്നേക്കുമായ്
ഇന്നു നാം വീണ്ടും പറഞ്ഞു
"പിരിയാം നമുക്കിനി എന്നേക്കുമായ്"
കണ്ണില്‍ തുളുമ്പുന്ന നീര്‍ചാലുകള്‍
"തുടയ്ക്കാം നമുക്കിനി എന്നേക്കുമായ്"
ഒരുമിച്ചു നടന്ന വഴികള്‍, പിന്നിട്ട നാള്‍കള്‍
"മറക്കാം നമുക്കിനി എന്നേക്കുമായ്"
കണ്ട കിനാക്കള്‍, കൂട്ടി വച്ച മോഹങ്ങള്‍
"തകര്‍ക്കാം നമുക്കിനി എന്നേക്കുമായ്"
മനസ്സില്‍ വരച്ച മാരിവില്ലുകള്‍
"മായ്കാം നമുക്കിനി എന്നേക്കുമായ്"
ഇനിയുള്ള ജന്മങ്ങളില്‍ ഒന്നാകുവാന്‍
"കാത്തുനില്‍ക്കാം നമുക്കിനി എന്നേക്കുമായ്"
Wednesday, October 3, 2007
കള്ളിക്കാക്കകള്‍
ഉണ്ണിക്ക് കാക്കകളെ ഇഷ്ടമല്ല. കറുത്ത നിറം, ക്രാ...ക്രാ എന്ന വൃത്തികെട്ടെ കരച്ചില്‍. കാണാനൊരു ചേലുമില്ല. ഉണ്ണീടെ വീട്ടുപറമ്പിലെ മാവിന്‍കൊമ്പത്ത്, അങ്ങ് ഉയരെ ഊഞ്ഞാലാടുന്ന പച്ച തത്തമ്മയെ കാണാന്‍ എന്തുചേലാ ! അതിന്റെ പച്ചനിറവും, വെറ്റില മുറുക്കിയ ചെഞ്ചുണ്ടും, തല വെട്ടിച്ചുള്ള നോട്ടവും ഉണ്ണിക്ക് ഒത്തിരി ഇഷ്ടാ.
ശ്ശൊ ... നാശം ... ഉണ്ണീടമ്മ മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ല് മുഴുവന്‍ കൊത്തിത്തിന്നുകയാ ഒരു കള്ളി കാക്കയും അതിന്റെ കൂട്ടുകാരും. പതുങ്ങിച്ചെന്ന് ഒരു കല്ലെടുത്ത് ഒറ്റയേറ്. കാക്കകള്‍ നാലുപാടും പറന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കാക്ക മരച്ചില്ലയില്‍ ചെന്നിരുന്ന് ഉറക്കെ, ദയനീയമായി ക്രാ...ക്രാ... എന്ന് കരഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഒരു കണ്ണില്‍നിന്നേ കണ്ണുനീര്‍ വന്നുള്ളു.
തത്തമ്മപ്പ്പ്പെണ്ണ്‍ വന്നിരിക്കാറുള്ള മാവില്‍, കള്ളിക്കാക്കകളുടെ ഒരു കൂടുണ്ട്. മാങ്ങ പറിക്കാന്‍ വന്ന രാവുണ്ണ്യോട് പറഞ്ഞ് ഉണ്ണി ആ കൂട് മുഴുവന്‍ പൊളിച്ച് കളഞ്ഞു. കാക്കപെണ്ണിന്റെ നാല് മുട്ടകള്‍ താഴെ വീണ് ചിതറിയപ്പോള്‍ ഉണ്ണി കൈകൊട്ടി ചിരിച്ചു. ചിതറിപ്പ്പ്പോയ മുട്ടകള്‍ക്കു ചുറ്റും കള്ളിക്കാക്കകള്‍ കരഞ്ഞുകൊണ്ട് വട്ടമിട്ടു പറന്നു.
..........
ഇന്ന് ഉണ്ണീടെ വീട്ടില്‍ ആളും കൂട്ടവും ഒക്കെ ഉണ്ട്. അമ്മൂമ്മയും, അമ്മാവനും ഒക്കെ എന്തിനാ ഉണ്ണിയെ ചേര്‍ത്ത് പിടിച്ച് കരയുന്നത് ? ഉണ്ണിക്ക് ഒന്നും മനസിലായില്ല.
തിരുമേനി പറഞ്ഞപോലെ ഉരുളച്ചോറില്‍ ഉണ്ണി എള്ളും, പൂവും, വെള്ളവും കൊടുത്തു. മൂന്നുപ്രാവശ്യം. "അമ്മേനെ മനസ്സില്‍ വിചാരിച്ച് കൈ കൊട്ടി വിളിച്ചോളൂ കുട്ട്യെ". ഉണ്ണി നനഞ്ഞ കൈ കൊട്ടി. നിശബ്ദതയില്‍ ഉണ്ണിയുടെ കൈ കൊട്ടലിന്റെ ശബ്‌ദം മാത്രം. കള്ളിക്കാക്കകള്‍ ആരും വന്നില്ല.
ഉരുളച്ചോറും, പൂക്കളും, വാഴയിലയും വെയിലേറ്റ് ഉണങ്ങിക്കരിഞ്ഞു.
ക്രാ ... ക്രാ ... ഉണ്ണിക്ക് ഇഷ്ടമില്ലാത്ത കരച്ചില്‍ വീണ്ടും. ഒരൊറ്റക്കണ്ണന്‍ കാക്ക മെല്ലെ താണും ചരിഞ്ഞും നോക്കി, ഉണങ്ങി വരണ്ട ഉരുളച്ചോര്‍ കൊത്തിത്തിന്നിട്ട് പറന്ന് പോയി.
"ന്റെ മീനാക്ഷിക്ക് തൃപ്തിയായിരിക്ക്‌ണു..." അമ്മൂമ്മ ആരോടെന്നില്ലാതെ പറയുന്നത് ഉണ്ണി കേട്ടു.
രാവുണ്യോട് പറഞ്ഞ് ചകിരിനാരും, കമ്പുകളും കൊണ്ട് ഒരു കൊച്ചുകൂടുണ്ടാക്കി മാവിന്റെ മുകളില്‍ വെക്കെണം. അതിനുള്ളില്‍ കുറെ നെന്മണികളും ഇട്ട് കൊടുക്കണം. അമ്മൂമ്മ തല തോര്‍ത്തിച്ചപ്പോള്‍ ഉണ്ണി മനസ്സിലോര്‍ത്തു.