Wednesday, October 3, 2007

കള്ളിക്കാക്കകള്‍

ഉണ്ണിക്ക്‌ കാക്കകളെ ഇഷ്ടമല്ല. കറുത്ത നിറം, ക്രാ...ക്രാ എന്ന വൃത്തികെട്ടെ കരച്ചില്‍. കാണാനൊരു ചേലുമില്ല. ഉണ്ണീടെ വീട്ടുപറമ്പിലെ മാവിന്‍കൊമ്പത്ത്‌, അങ്ങ്‌ ഉയരെ ഊഞ്ഞാലാടുന്ന പച്ച തത്തമ്മയെ കാണാന്‍ എന്തുചേലാ ! അതിന്റെ പച്ചനിറവും, വെറ്റില മുറുക്കിയ ചെഞ്ചുണ്ടും, തല വെട്ടിച്ചുള്ള നോട്ടവും ഉണ്ണിക്ക്‌ ഒത്തിരി ഇഷ്ടാ.

ശ്ശൊ ... നാശം ... ഉണ്ണീടമ്മ മുറ്റത്ത്‌ ഉണക്കാനിട്ടിരുന്ന നെല്ല് മുഴുവന്‍ കൊത്തിത്തിന്നുകയാ ഒരു കള്ളി കാക്കയും അതിന്റെ കൂട്ടുകാരും. പതുങ്ങിച്ചെന്ന് ഒരു കല്ലെടുത്ത്‌ ഒറ്റയേറ്‌. കാക്കകള്‍ നാലുപാടും പറന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കാക്ക മരച്ചില്ലയില്‍ ചെന്നിരുന്ന് ഉറക്കെ, ദയനീയമായി ക്രാ...ക്രാ... എന്ന് കരഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഒരു കണ്ണില്‍നിന്നേ കണ്ണുനീര്‍ വന്നുള്ളു.

തത്തമ്മപ്പ്പ്പെണ്ണ്‍ വന്നിരിക്കാറുള്ള മാവില്‍, കള്ളിക്കാക്കകളുടെ ഒരു കൂടുണ്ട്‌. മാങ്ങ പറിക്കാന്‍ വന്ന രാവുണ്ണ്യോട്‌ പറഞ്ഞ്‌ ഉണ്ണി ആ കൂട്‌ മുഴുവന്‍ പൊളിച്ച്‌ കളഞ്ഞു. കാക്കപെണ്ണിന്റെ നാല്‌ മുട്ടകള്‍ താഴെ വീണ്‌ ചിതറിയപ്പോള്‍ ഉണ്ണി കൈകൊട്ടി ചിരിച്ചു. ചിതറിപ്പ്പ്പോയ മുട്ടകള്‍ക്കു ചുറ്റും കള്ളിക്കാക്കകള്‍ കരഞ്ഞുകൊണ്ട്‌ വട്ടമിട്ടു പറന്നു.

..........

ഇന്ന് ഉണ്ണീടെ വീട്ടില്‍ ആളും കൂട്ടവും ഒക്കെ ഉണ്ട്‌. അമ്മൂമ്മയും, അമ്മാവനും ഒക്കെ എന്തിനാ ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച്‌ കരയുന്നത്‌ ? ഉണ്ണിക്ക്‌ ഒന്നും മനസിലായില്ല.

തിരുമേനി പറഞ്ഞപോലെ ഉരുളച്ചോറില്‍ ഉണ്ണി എള്ളും, പൂവും, വെള്ളവും കൊടുത്തു. മൂന്നുപ്രാവശ്യം. "അമ്മേനെ മനസ്സില്‍ വിചാരിച്ച്‌ കൈ കൊട്ടി വിളിച്ചോളൂ കുട്ട്യെ". ഉണ്ണി നനഞ്ഞ കൈ കൊട്ടി. നിശബ്ദതയില്‍ ഉണ്ണിയുടെ കൈ കൊട്ടലിന്റെ ശബ്‌ദം മാത്രം. കള്ളിക്കാക്കകള്‍ ആരും വന്നില്ല.

ഉരുളച്ചോറും, പൂക്കളും, വാഴയിലയും വെയിലേറ്റ്‌ ഉണങ്ങിക്കരിഞ്ഞു.

ക്രാ ... ക്രാ ... ഉണ്ണിക്ക്‌ ഇഷ്ടമില്ലാത്ത കരച്ചില്‍ വീണ്ടും. ഒരൊറ്റക്കണ്ണന്‍ കാക്ക മെല്ലെ താണും ചരിഞ്ഞും നോക്കി, ഉണങ്ങി വരണ്ട ഉരുളച്ചോര്‍ കൊത്തിത്തിന്നിട്ട്‌ പറന്ന് പോയി.
"ന്റെ മീനാക്ഷിക്ക്‌ തൃപ്തിയായിരിക്ക്‌ണു..." അമ്മൂമ്മ ആരോടെന്നില്ലാതെ പറയുന്നത്‌ ഉണ്ണി കേട്ടു.

രാവുണ്യോട്‌ പറഞ്ഞ്‌ ചകിരിനാരും, കമ്പുകളും കൊണ്ട്‌ ഒരു കൊച്ചുകൂടുണ്ടാക്കി മാവിന്റെ മുകളില്‍ വെക്കെണം. അതിനുള്ളില്‍ കുറെ നെന്മണികളും ഇട്ട്‌ കൊടുക്കണം. അമ്മൂമ്മ തല തോര്‍ത്തിച്ചപ്പോള്‍ ഉണ്ണി മനസ്സിലോര്‍ത്തു.

6 comments:

ശ്രീ said...

കൊള്ളാം... നല്ല ആശയം!
:)

സഹയാത്രികന്‍ said...

ആവൂ...മാഷേ കഷ്ടായി....

തിരിച്ചറിവില്ല്യാത്ത പ്രായത്തില്‍ അമ്മേ നഷ്ടപ്പെടന്നൊക്കെപ്പറഞ്ഞല്‍... ആലോചിക്കാന്‍ തന്നെ വയ്യാട്ടോ..."അമ്മേനെ മനസ്സില്‍ വിചാരിച്ച്‌ കൈ കൊട്ടി വിളിച്ചോളൂ കുട്ട്യെ".

മനസ്സൊന്ന് പിടഞ്ഞു

എഴുത്ത് നന്നായി

സു | Su said...

നല്ല കഥ.

കുഞ്ഞന്‍ said...

നല്ല കഥ..

അമ്മ മരിച്ചതുപോലുമറിയാന്‍ പാടില്ലാത്ത കുട്ടി, കാക്കയുടെ വേദന എങ്ങിനെ മനസ്സിലാക്കി?

Ranjith chandran, R said...

എഡോ നാടാ..
കഥ കൊള്ളാമ്
പക്ഷഏ കുഞ്ഞന് പരനജഥു പോലേ അവസാനമ് .. കോളമായോ ന്നോരു സമ്ശയമ്

നിരക്ഷരൻ said...

സഹയാത്രികനോട് യോജിക്കുന്നു.

ഉള്ളില്‍ ഒന്ന് കൊളുത്തിവലിച്ചു.
അവസാനം മാറ്റാമായിരുന്നു.