Saturday, October 13, 2007

അസുഖകരമായ കാഴ്ചകള്‍

ബസ്സ്‌
ഒട്ടും തിരക്കില്ലാത്ത ഒരു ബസ്സ്‌. സ്റ്റോപ്പില്‍ നിന്ന് പിന്‍ വാതിലിലൂടെ കയറിയ ഒരുത്തന്‍, മുന്നില്‍ രണ്ട്‌ മൂന്ന് ചെറുപ്പക്കാരികള്‍ നില്‍ക്കുന്നത്‌ കണ്ട്‌ വച്ച്‌ പിടിച്ച്‌ മുന്നില്‍ പോയി നില്‍ക്കുന്നു. ഒരു വൃത്തികെട്ട ചിരിയുമായി.

ഹോട്ടല്‍
വെയിറ്റര്‍, ഒാര്‍ഡര്‍ ചെയ്ത മസാല ദോശ കൊണ്ടുവരുന്നു. അവന്റെ മുഷിഞ്ഞ ഷര്‍ട്ടിന്റെ അറ്റം മസാല ദോശയെ തഴുകി തലോടുന്നു. സാമ്പാറില്‍ മുങ്ങിതാഴുന്നുമുണ്ട്‌.

ഹോസ്പിറ്റല്
‍ഒരു പാവം ഉമ്മ, കയ്യില്‍ ബാഗും മറ്റുമൊക്കെയായി അഡ്മിറ്റായിരിക്കുന്ന ആരെയോ കാണാന്‍ വന്നു. സന്ദര്‍ശന സമയം കഴിഞ്ഞെന്ന് പറഞ്ഞ്‌ തിരിച്ചയക്കുന്ന സെക്യൂരിറ്റികാരന്‍.

ബെവ്ക്കൊ (സര്‍ക്കാറിന്റെ വിദേശ മദ്യശാല)
സാധാരണ കാഴ്ച. കുടിയന്മാരുടെ നീണ്ട നിര. അച്ഛന്റെ കൂടെ അഞ്ചോ ആറോ വയസ്സ്‌ തോന്നിക്കുന്ന് ഒരു പാവം പെണ്‍കുട്ടിയും ക്യൂവില്‍. എന്താണ്‌ അച്ഛന്‍ വാങ്ങാന്‍ പോകുന്നത്‌ എന്ന് അറിയുമോ ആവോ ?

റയില്‍വെ സ്റ്റേഷന്‍
നല്ല തിരക്ക്‌. ഒരു ട്രെയിന്‍ വന്നു. ആള്‍ക്കാര്‍ ഇടിച്ച്‌ കയറുന്നു. ഒരു സായിപ്പ്‌. ചുമലിലും, പുറത്തുമൊക്കെയായി കുറെ ഭാണ്ടക്കെട്ടുകള്‍. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നു. "Coming off, Coming off" എന്നൊക്കെ ഉറക്കെ വിളിച്ച്‌ പറയുന്നുണ്ട്‌. ആര്‌ കേള്‍ക്കാന്‍. സ്വന്തം കാര്യം സിന്താബാദ്‌. ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ ഇടിയും കൊണ്ട്‌ ട്രെയിനിനകത്ത്‌ തന്നെ നില്‍ക്കാനാണ്‌ സായിപ്പിന്‌ യോഗം.

ഹിജഡ - 1
യാത്രക്കാരന്‍ ടാക്സിയുടെ പുറകില്‍ ഇരിക്കുന്നു. രണ്ട്‌ മൂന്ന് ഹിജഡകള്‍ പുറകിലെ ജന്നലിലൂടെ മുഖം അകത്തേക്കിട്ട്‌ പൈസ ചോദിക്കുന്നു. യാത്രകാരന്‍ തരില്ലെന്നായി. ഹിജഡകള്‍ കാര്‍ക്കിച്ച്‌ യാത്രക്കാരന്റെ മുഖത്തേക്ക്‌ ഒറ്റത്തുപ്പ്‌. ഊറിച്ചിരിക്കുന്ന ടാക്സി ഡ്രൈവര്‍.

ഹിജഡ - 2
ഒരു ആഭരണക്കടയുടെ ഉത്ഘാടനം. വിളക്കൊക്കെ വച്ച്‌ എല്ലാവരും ഉത്ഘാടകനെ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. കുറേ ഹിജഡകള്‍ കാശുവേണമെന്നായി. കടക്കാരന്‍ 500 രൂപ കൊടുത്തു, 1000 വേണമെന്ന് ഹിജഡകളുടെ വാശി. ഇല്ലെന്ന് കടക്കാരന്‍. ഹിജഡകളുടെ സമരമുറ. തുണിപൊക്കിപ്പിടിച്ചുള്ള ഡിസ്കൊ.

ചെത്ത്‌ പിള്ളേര്
‍ഒരു ഷോപ്പിംഗ്‌ മാള്‍. പടികള്‍ തുടച്ച്‌ വൃത്തിയാക്കുന്ന പ്രായം ചെന്ന സ്ത്രീ. ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ കുറേ ചെത്ത്‌ പിള്ളേര്‍ അഡിഡാസും, നൈക്കും, റീബോക്കും കൊണ്ട്‌ വീണ്ടും ... അവര്‍ ഇപ്പോഴും പടികള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌.

ഭിക്ഷ
തമിഴത്തിപെണ്‍കുട്ടി. കൈയ്യില്‍ പിഞ്ചുകുഞ്ഞ്‌.ചുട്ടുപൊള്ളുന്ന പരുപരുത്ത സിമന്റ്‌ തറയില്‍ കുഞ്ഞിനെ കിടത്തി തമിഴത്തി മുന്നോട്ട്‌ പോയി നില്‍ക്ക്ക്കുന്നു. കുഞ്ഞ്‌ മുട്ടിലിഴഞ്ഞ്‌ അമ്മയുടെ അടുത്തെത്താന്‍ ശ്രമിക്കുന്നു. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാണയത്തുട്ടുകള്‍ടെ എണ്ണവും കൂടും എന്ന് പ്രതീക്ഷിച്ച്‌ കുഞ്ഞിനെ നോക്കാതെ കൈ നീട്ടുന്ന തമിഴത്തി.

ശബരി മല
സന്നിധാനത്ത്‌ തിരക്കെന്ന് പറഞ്ഞാല്‍ മണല്‍ വാരിയിട്ടാല്‍ താഴെ വീഴാത്തത്ര തിരക്ക്‌. ഒരമ്മൂമ്മ തിരക്കിനിടയില്‍ നിന്ന് പൊട്ടി കരയുന്നു. ചോദിച്ചപ്പോള്‍ "പേരക്കുട്ടിയേയും കൊണ്ട്‌ വന്നതാണ്‌. തിരക്കിനിടയില്‍ കൈ വിട്ടുപോയി."അയ്യപ്പന്‍ ആ പേരക്കിടാവിനെ തിരിച്ച്‌ കൊടുത്തിരിക്കും തീര്‍ച്ച.

സ്വാമി ശരണം.

7 comments:

സഖാവ് said...

ഇവിടെ എന്താ പറയാ

ഈ അസുഖകരമായ കാഴ്ചക്കിടയിലും ചില കാഴ്ചകള്‍ നമ്മുക്ക് സുഖം തരുന്നില്ലേ. ആ സുഖം അറിയണേല്‍ ഇത്തരം അസുഖകരമായ കാഴ്ചകളും കാണണം.

വായിച്ചപ്പോള്‍ എവിടെ ഒക്കെയ്യോ മുള്ള് കൊണ്ട പോലെ

ലാല്‍ സലാം

ശ്രീ said...

സഖാവ് പറഞ്ഞതേ പറയാനുള്ളൂ.

സഹയാത്രികന്‍ said...

ശരിയാ മാഷേ അസുഖകരമായ കാഴ്ച തന്നെ....

:(

കുഞ്ഞന്‍ said...

നമുക്ക് അസുഖകരമായ കാര്യങ്ങള്‍ ചിലര്‍ക്ക് സുഖകരമാകുന്നു, ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെ സംഭവിക്കുമൊ? എവിടെയും സ്വാര്‍ത്ഥത..!

അഞ്ചല്‍ക്കാരന്‍ said...

കാഴ്ചകള്‍ വീണ്ടും എഴുതൂ. കാണുന്നവയുടെ നോവ് പങ്കുവെക്കാനുള്ള ശ്രമം നല്ലത് തന്നെ.

ആശംസകള്‍.

ദാസ്‌ said...

കാഴ്ചകള്‍ എന്നും അങ്ങിനെത്തന്നെയാണ്‌. കാണേണ്ടത്‌ കാണാതെ തിരക്കഭിനയിക്കുന്നവരാണ്‌ കൂടുതലും. ഇത്തരം കാഴ്ചകള്‍ ഉള്‍ക്കണ്ണുതുറന്നെങ്കില്‍...

നിരക്ഷരൻ said...

കണ്ണടച്ച്, ചെവി പൊത്തി നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന കാഴ്ച്ചകള്‍ തന്നെ.
:(