Tuesday, July 8, 2008

കൊച്ചിയും വേസ്റ്റ്‌ ബക്കറ്റും.

കൊച്ചിലെ മാലിന്യ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കും, പരിഹരിച്ചു, പുതിയ പ്ലാന്റ്‌ ഉത്ഘാടനം, ബക്കറ്റ്‌ വിതരണം, അതും രണ്ടെണ്ണം - ഖര മാലിന്യം വേറെ, അടുക്കള മാലിന്യം വേറേ ... എന്തൊക്കെ ബഹളങ്ങളായിരുന്നു.
വീട്‌ ഒരു മാലിന്യപ്പുരയാവുന്നതല്ലാതെ, അതെടുക്കാന്‍ വരുന്നവര്‍ വല്ലപ്പോഴും ഒന്ന് വന്നെങ്കിലായി. ചോദിച്ചാല്‍ ലോറി വന്നില്ല. പ്ലാന്റ്‌ തുറന്നില്ല എന്നീ മറുപടികള്‍. അപ്പോള്‍ ഇത്‌ എവിടെയെങ്കിലും കൊണ്ട്‌ കളയേണ്ടേ ? ചുമ്മാ വലിച്ചെറിയാന്‍ മനസ്സുവന്നില്ല. പൗരബോധം, ശുചിത്വബോധം ! സംഗതി കാറില്‍ വച്ചു. കടവന്ത്ര, സൗത്ത്‌ പാലം എന്നീ കടമ്പകള്‍ കടന്ന് വളഞ്ഞംബലം എത്തി. അവിടെ ഒരു ബിന്‍ കാണാറുണ്ട്‌. അയ്യോ... ഇതെന്താ ? ഇവിടെ കിടന്ന ബിന്‍ എവിടെ ? ആരെങ്കിലും അടിച്ച്‌ മാറ്റിയോ ? ഏതായാലും രവിപുരം ട്രാഫിക്‌ സിഗ്നലിന്റെ അടുത്തുള്ള ബിന്നില്‍ ഇടാം. കാര്‍ ഓടി. രവിപുരം. ട്രാഫിക്‌ ലൈറ്റ്‌ ചുമന്ന് കത്തി, വേസ്റ്റ്‌ ഇടാന്‍ സൗകര്യം ചെയ്തു തന്നു. അയ്യോ ... ബിന്നെവിടെ ? ചുറ്റും നോക്കി. ഇവിടെ ഉണ്ടായിരുന്നതും ആരോ അടിച്ച്‌ മാറ്റി ! പിന്നെ എം.ജി റോഡ്‌, ജോസ്‌, ചിറ്റൂര്‍ റോഡ്‌, സൗത്ത്‌ എന്നുവേണ്ട കൊച്ചിയിലെ അറിയാവുന്ന ഊടുവഴികളിലൂടെയെല്ലാം കാര്‍ പാഞ്ഞു. ഫലം നാസ്തി ! നോ ബിന്‍ ! 500 രൂപയുടെ പെട്രോള്‍ കത്തി തീര്‍ന്നപ്പോള്‍ സംഭവത്തിന്റെ കിടപ്പ്‌ ഏകദേശം പിടികിട്ടി. ഒാഹോ, അപ്പോള്‍ അതാണ്‌ കാര്യം. കൊച്ചി നഗരത്തില്‍ മുക്കിന്‌ മുക്കിന്‌ കണ്ടിരുന്ന, മനോഹരമായ ഹരിത വര്‍ണ്ണത്തില്‍ തലയുയര്‍ത്തി നിന്ന് സുഗന്ധം പൊഴിച്ചിരുന്ന ബിന്നുകള്‍ ഒരോര്‍മ്മയായി !!
പിള്ളേര്‍ക്ക്‌ ബിസ്കറ്റ്‌ പോലും വാങ്ങിയില്ല. പകരം രണ്ട്‌ വലിയ വേസ്റ്റ്‌ കെട്ടും കൊണ്ട്‌, വീട്ടില്‍ തിരിച്ച്‌ കേറുന്ന കാര്യം !! പൗരബോധം, ശുചിത്വ ബോധം എന്നിങ്ങനെയുള്ള ബോധങ്ങള്‍ ഒരു ഹാഫ്‌ അടിച്ചത്‌ പോലെ ഓഫായി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന പല കെട്ടുകളില്‍ രണ്ട്‌ കെട്ടുകള്‍ കൂടി സംഭാവന നല്‍കി. കാര്‍ ചിറ്റൂര്‍ റോഡിലൂടെ കടവന്ത്ര ലക്ഷ്യമാക്കി പാഞ്ഞു.

"കോര്‍പ്പറേഷന്‍ ബിന്നുകള്‍ മുന്നറിയിപ്പില്ലാതെ എടുത്ത്‌ മാറ്റി","മാലിന്യം വലിച്ചെറിഞ്ഞവരെ സ്ക്വാഡ്‌ പിടികൂടി", "പിഴ 2000 രൂപ", "കാര്‍ പിടിച്ചെടുത്തു" വാര്‍ത്തകള്‍ - ഞാനെന്നും അറിഞ്ഞില്ലേ രാമനാരായണാ ...

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം, കോര്‍പ്പറേഷന്‍ പറഞ്ഞ പോലെ ഈയുള്ളവന്റെ വീട്ടിലും രണ്ട്‌, ബ്രാന്റ്‌ ന്യു ബക്കറ്റുകള്‍ വന്നു. സത്യം പറഞ്ഞാല്‍ അത്‌ കണ്ടപ്പോള്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്‌ മനസ്സാ നന്ദി പറഞ്ഞു. നല്ല കുട്ടപ്പന്‍ രണ്ട്‌ ബക്കറ്റുകളല്ലേ തന്നിരിക്കുന്നത്‌ ! അതും ഫ്രീ ആയി. "ഒന്നരാടന്‍ ദിവസങ്ങളില്‍ എടുക്കാന്‍ വരും" എന്ന ഉറപ്പും.വളരെ ആഹ്ലാദത്തോടെ വേസ്റ്റ്‌ നിക്ഷേപം തുടങ്ങി. ശ്രദ്ദയോടെ, വേര്‍തിരിച്ച്‌. പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌, പച്ച ബക്കറ്റ്‌, മഞ്ഞ ബക്കറ്റ്‌ .... മൂന്ന് ദിവസം, അഞ്ച്‌ ദിവസം, ഒരാഴ്ച, പത്ത്‌ ദിവസം, രണ്ടാഴ്ച. ബക്കറ്റുകള്‍ നിറഞ്ഞ്‌ നിറഞ്ഞ്‌ വന്നു. അത്‌ എടുത്തുകൊണ്ടുപോകാന്‍ മാത്രം ആരും വന്നില്ല. അടുക്കളയില്‍ കയറിയാല്‍, സലീം കുമാര്‍ ഏതോ പടത്തില്‍ പറഞ്ഞപോലെ "ഹോ ... കൊച്ചിയെത്തി ..." എന്ന് പറയാവുന്ന അവസ്ഥ. പുഴു, ഈച്ച എന്നിവയെ വളര്‍ത്താനുള്ള ഒരു ഉപാധിയായി മാറി ഈ കോര്‍പ്പറേഷന്‍ ബക്കറ്റുകള്‍. ബക്കറ്റിന്റെ മൂടിയൊക്കെ മാറ്റി അവ പുറത്ത്‌ വന്ന് നന്ദി പറയാന്‍ തുടങ്ങി.രണ്ടാഴ്ച ക്ഷമിച്ചു. ഇനി ഒരു രക്ഷയുമില്ല. രണ്ട്‌ ജൂനിയറുകളുള്ളതാണേ വീട്ടില്‍ ... ഇനിയും താമസിച്ചാല്‍ ചിലപ്പോള്‍ അവരുടെ കാര്യം അവതാളത്തിലാകും.
അതുകൊണ്ട്‌, ഇന്ന് രാവിലെ വീണ്ടും ശുചിത്വ ബോധവും, പൗരബോധവും ഒരു ഫുള്ളടിച്ചത്‌ പോലെ ഓഫായി. അല്ല ഓഫാക്കി.

Tuesday, June 10, 2008

തകര്‍പ്പന്‍ ഫോട്ടോഗ്രാഫി


ഞാനെടുത്തതൊന്നുമല്ല കേട്ടോ ... മെയിലില്‍ വന്നതാണ്‌. എന്തായാലും സംഗതി തകര്‍പ്പന്‍ തന്നെ അല്ലേ ?
ഫോട്ടോ എടുത്തിരിക്കുന്നത്‌ ഒട്ടകങ്ങളുടെ നേരെ മുകളില്‍ നിന്നാണ്‌. അസ്തമയ സമയത്ത്‌, ഒട്ടകങ്ങളുടെ നിഴല്‍ മണ്ണില്‍ പതിഞ്ഞതാണ്‌ ഈ മനോഹര കാഴ്ച. സൂക്ഷിച്ച്‌ നോക്കിയാല്‍ ഒരു വെളുത്ത വര പോലെ ഒട്ടകങ്ങളെ കാണാം !

Friday, March 28, 2008

കണ്ടുപിടിക്കാമോ ?


മലയാളികള്‍ക്ക്‌ പ്രിയങ്കരനായ ഒരാള്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ട്‌. ആരാണെന്ന് കണ്ടുപിടിക്കാമോ ?

Wednesday, March 19, 2008

ക്രിക്കറ്റ്‌ സ്മരണകള്‍

പരീക്ഷകളുടെയും, സ്കൂള്‍ അവധികാലത്തിന്റേയും സീസണ്‍ ആണല്ലോ. കുട്ടിക്കാലത്ത്‌, എന്നുപറഞ്ഞാല്‍ ഒരു പത്ത്‌ പതിനെട്ട്‌ കൊല്ലം മുമ്പ്‌, ഏകദേശം ഇതേ കാലയളവില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ ഓര്‍മ്മ വരുന്നു.

അന്ന്‌, എല്ലാവരേയും പോലെ ക്രിക്കറ്റ്‌ വട്ട്‌ ഞങ്ങള്‍ മൂന്ന് സഹോദരന്മാരുടേയും തലയില്‍ കേറി, അത്‌ അവിടെ ടെന്റ്‌ അടിച്ച്‌ വാഴുന്ന സമയം. കളിക്കാരുടെ ഫോട്ടോ ആല്‍ബം ഉണ്ടാക്കുക എന്നത്‌ ഒരു പ്രധാന പരിപാടി ആയിരുന്നു. ഏതെങ്കിലും ഒരു പഴയ നോട്ട്‌ ബുക്ക്‌ ആയിരിക്കും ആല്‍ബത്തിന്റെ രൂപത്തില്‍ വരുന്നത്‌. കടയില്‍ നിന്ന് സാധനം പൊതിഞ്ഞ്‌ കൊണ്ടുവരുന്ന പേപ്പര്‍, ഇനി അത്‌ മത്തി പൊതിഞ്ഞ പേപ്പര്‍ ആയാലും ശരി, അതില്‍ വല്ല കപില്‍ദേവോ, ഗവാസ്കറോ, ഇയാന്‍ ബോതമോ ഉണ്ടെങ്കില്‍ വെയിലത്ത്‌ ഇട്ട്‌ ഉണക്കി ഡീസന്റാക്കി ഒട്ടിക്കും. അച്ഛന്‍ പേപ്പര്‍ വായിക്കാന്‍ എടുക്കുമ്പോള്‍ അവസാനത്തെ താളിലെ കൊച്ചുകൊച്ചു ജാലകങ്ങലിലൂടെ, പുറം ലോകം കാണുന്നത്‌ ഒരു നിത്യ സംഭവമായിരുന്നു. എനിക്ക്‌ തോന്നുന്നു, ഈ വിധത്തില്‍ ഒരു പത്ത്‌ ആല്‍ബങ്ങളെങ്കിലും ഇപ്പോഴും വീട്ടിന്റെ ഏതോ മൂലയില്‍ ഉണ്ടെന്ന്. പഴയകാല താരങ്ങളുടെ പല രൂപത്തിലും, ഭാവത്തിലും ഉള്ള പടങ്ങള്‍ അതിലുണ്ട്‌. എത്ര കഷ്ടപ്പെട്ടാ അതൊക്കെ ശേഖരിച്ചിരുന്നത്‌. അതൊക്കെ തൂക്കി വിറ്റാല്‍ ഇപ്പോള്‍ നല്ല കാശ്‌ കിട്ടും. അത്രയ്ക്കുണ്ടേ വണ്ണം !

ഇനി കളിയാണെങ്കിലോ, ഒരു ദിവസം, ഉറങ്ങുന്ന സമയം ഒഴികെ ബാക്കി എല്ലാ സമയവും എന്ന് വേണമെങ്കില്‍ പറയാം. അക്കാലത്തെ, പൊരിയുന്ന വെയില്‍ ഒന്നുപോലും വെറുതെ വേസ്റ്റ്‌ ആക്കിയിട്ടില്ല. വീട്ടിന്റെ മുറ്റത്തും, തിണ്ണയിലും, അകത്തും, എന്ന് വേണ്ട രണ്ടാള്‍ക്ക്‌ കഷ്ടിച്ച്‌ നില്‍കാന്‍ പറ്റിയ ഏതെങ്കിലും ഒരു ഗ്യാപ്‌ ഉണ്ടെങ്കില്‍ ഉടനെ അവിടെ കുറ്റി കുഴിച്ചിടും. വീട്ടിലെ ജന്നല്‍ ഗ്ലാസ്സുകള്‍ നാലെണ്ണം, അമ്മയുടെ ചെടിച്ചട്ടികള്‍ എണ്ണാന്‍ പറ്റാത്ത അത്രേം, വീടിന്റെ വെള്ള പൂശിയ ചുമരില്‍ ദിനം തോറും വര്‍ദ്ദിച്ചുവരുന്ന വൃത്താകൃതിയില്‍ ഉള്ള പാടുകള്‍, എന്നിവ നമ്മുടെ കളിയുടെ സാക്ഷികളും, രക്തസാക്ഷികളും ആയപ്പോള്‍ വീട്ടിനും, ചുറ്റുവട്ടത്തും വീട്ടിലെ പ്രധാന ഒഫീഷ്യല്‍സ്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. എങ്കിലും അവര്‍ ജോലിക്ക്‌ പോകുമ്പോള്‍ വീണ്ടും കുറ്റികുഴിച്ചിടല്‍ തുടങ്ങും. എന്നാലല്ലേ വൈകുന്നേരത്തേക്ക്‌ രണ്ട്‌ ഗ്ലാസ്സും, മൂന്നുനാല്‌ ചട്ടിയും പൊട്ടിക്കാന്‍ പറ്റൂ !

വീട്ടില്‍ നിന്നും ക്രിക്കറ്റ്‌ കളിക്കാന്‍ വേണ്ട ആയുധങ്ങള്‍ വാങ്ങി തരുക എന്നത്‌ "എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട്‌ എല്ലാ സാമഗ്രികളും കുടില്‍ വ്യവസായത്തിലൂടെ വികസിപ്പിച്ചെടുക്കും. സ്വയം തൊഴില്‍ പദ്ധതിക്ക്‌ രൂപം കൊടുത്തുകൊണ്ട്‌, ഒരു ചെറിയ യൂണിറ്റ്‌ വീട്ടിന്റെ പിറകിലുള്ള വിറക്‌ സൂക്ഷിക്കുന്ന ഷെഡില്‍ ഞങ്ങള്‍ തുടങ്ങിയിരുന്നു. അത്യാവശ്യം വേണ്ട കത്തി, ബ്ലേഡ്‌, വെട്ടുകത്തി എന്നിവ ഇവിടെ ഒളിപ്പിച്ച്‌ വച്ചിരുന്നു. പിതാജി പുതിയ കട്ടില്‍ പണിയിക്കാന്‍ വച്ച തേക്കിന്റെ പലക ചിലപ്പോള്‍ മോഷ്ടിക്കും. അത്‌ കൊണ്ട്‌ നല്ല സ്റ്റയിലന്‍ ബാറ്റ്‌ ഉണ്ടാക്കും. ഇതിന്റെ പേരില്‍ പിതാജിയുടെ പക്കല്‍ നിന്നും അത്യാവശ്യം തട്ടും കൊണ്ടിട്ടുണ്ട്‌. പറമ്പിന്റെ അതിര്‍ത്തിയില്‍ കുറെ ശീമക്കൊന്ന നില്‍ക്കുന്നുണ്ട്‌. അതില്‍ നല്ല, വളവുകളൊന്നും ഇല്ലാത്ത കമ്പുകള്‍ വെട്ടും. പിന്നെ ഒരേ നീളത്തില്‍ മുറിച്ച്‌, തൊലി കളഞ്ഞ്‌ വെയിലത്തിട്ട്‌ ഉണക്കും. അപ്പോള്‍ സ്റ്റംപും റെഡി. അനിയന്‍ ഒരു കൊച്ച്‌ കലാകാരനായതുകൊണ്ട്‌, ഒറിജിനല്‍ ബാറ്റിന്റെ ബ്രാന്റ്‌ നെയിം, ലോഗോ എന്നിവ വരച്ച്‌, നല്ല പ്രൊഫഷണല്‍ ടച്ചോടെ ആണ്‌ ഇതൊക്കെ ഉണ്ടാക്കിയിരുന്നത്‌. ഏറ്റവും വലിയ പ്രശ്നം ബോള്‍ ആണ്‌. കുടില്‍ വ്യവസായം അത്രകണ്ട്‌ പുരോഗമിക്കാത്തത്‌ കൊണ്ട്‌ ബോള്‍ കടയില്‍ നിന്നും വാങ്ങുക തന്നെ ശരണം. പലചരക്ക്‌ സാധനങ്ങള്‍ വാങ്ങി, ബാക്കി കിട്ടുന്ന കാശ്‌ ചിലപ്പോള്‍ അമ്മ ചോദിക്കാറില്ല (മനപൂര്‍വ്വമായിരിക്കാം). അതുകൊണ്ട്‌ ബോള്‍ വാങ്ങലും തട്ടി മുട്ടി നടന്നുപോകും. റബ്ബര്‍ ബോള്‍ അല്ലെങ്കില്‍ ടെന്നീസ്‌ ബോള്‍ വച്ചാണ്‌ അലക്ക്‌.

പരീക്ഷ കാലം വന്നു. തല്‍ക്കാലത്തേക്ക്‌ വണ്‍ ഡേ സീരീസുകള്‍ നിര്‍ത്തിവച്ചു. പ്രധാന കാരണം, ചേട്ടന്റെ പത്താം ക്ലാസ്സ്‌ പരീക്ഷ തന്നെ. എന്നാലും ചിന്ത, പരീക്ഷ കഴിഞ്ഞാല്‍ തുടങ്ങുന്ന ക്രിക്കറ്റ്‌ മഹാമഹത്തിനെ പറ്റി തന്നെ ! ഇതിനായി ബാറ്റ്‌, സ്റ്റംപ്‌ എന്നിവ നേരത്തേ ഉണ്ടാക്കി വച്ചിരുന്നു. പിന്നെ വേറൊരു പ്രത്യേകത, "കോര്‍ക്ക്‌ ബോള്‍" ആണ്‌. കല്ലുപോലിരിക്കും. കണ്ടാല്‍ നല്ല ചുവപ്പ്‌ കളറില്‍, സാധാരണ ക്രിക്കറ്റ്‌ ബോള്‍ പോലെ തന്നെ. പക്ഷേ വളരെ അപകടകാരിയായ ഒരു സാധനമാണത്‌. ഇത്‌ എന്റെ ഇപ്പോഴത്തെ അഭിപ്രായമാണ്‌ കേട്ടോ. പണ്ട്‌, അതുവച്ച്‌ കളിക്കുക എന്നാല്‍ ഇന്റര്‍നാഷണല്‍ നിലവാരമായി എന്നാണ്‌ അര്‍ഥം. അതുകൊണ്ട്‌, എങ്ങനെയൊക്കയോ കുറച്ച്‌ ചക്രം ഉണ്ടാക്കി ടൗണിലുള്ള 'കേരളാ സ്റ്റോര്‍' എന്ന കടയില്‍ നിന്നും അതൊരെണ്ണം വാങ്ങി. അന്ന് അതിന്റെ വില 3.50 ആയിരുന്നു.

എന്റേയും, അനിയന്റേയും പരീക്ഷ കഴിഞ്ഞു. ചേട്ടന്റെ പരീക്ഷ കഴിയാന്‍ കാത്തുനില്‍ക്കുകയാണ്‌.അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ചേട്ടന്‍ പറന്ന് വന്നു. മാതാജിയും, പിതാജിയും സാറന്മാരായത്‌ കൊണ്ട്‌, പബ്ലിക്‌ പരീക്ഷാ ചോദ്യങ്ങള്‍ക്ക്‌ പുറമേ, "എങ്ങനെ ഉണ്ടായിരുന്നു ?", "ആ ചോദ്യത്തിന്‌ എന്താ ഉത്തരം എഴുതിയെ ?", "എത്ര മാര്‍ക്‌ കിട്ടും ?" എന്നീ പതിവ്‌ ചോദ്യങ്ങള്‍ക്കും ചേട്ടന്‍ ഒരുവിധം ഉത്തരങ്ങള്‍ കൊടുത്തു. കുറെ നാളായി കളിക്കാത്തതുകൊണ്ട്‌, മൂന്ന് പേരും ത്രില്‍ അടിച്ച്‌ നില്‍ക്കുകയാണ്‌. വീടിന്റെ അടുത്തായി ക്രിക്കറ്റ്‌ കളിക്കാന്‍ പറ്റിയ ഒരു സ്ഥലമുണ്ട്‌. ഒരു പഴയ ലോഡ്ജിന്റെ മുന്‍വശത്തെ റോഡ്‌. അവിടെയാണ്‌ പുതിയ കളിക്കളം. കുറ്റീം, കോലും തരികിട ഐറ്റംസും ഒക്കെ എടുത്ത്‌ ഓടുമ്പോള്‍ "എന്റീശ്വരാ, ഇനി രണ്ട്‌ മാസത്തേക്ക്‌ തലക്ക്‌ സ്വൈര്യം കിട്ടൂല്ലാ ..." എന്ന് അമ്മ പറയുന്നത്‌ കേട്ടു.

കുറ്റിയൊക്കെ കുഴിച്ചിട്ടു. ആദ്യ ബാറ്റ്‌സ്‌ മാന്‍ ഞാനാണ്‌. ചേട്ടന്‍ ബോള്‍ ചെയ്യാനായി പുതിയ കലക്കന്‍ കോര്‍ക്ക്‌ ബോളെടുത്ത്‌ ഇടുപ്പില്‍ ഉരച്ച്‌, തിളക്കം കൂട്ടി. അനിയന്‍ വിക്കറ്റ്‌ കീപ്പര്‍. ബോള്‍ വന്നാല്‍ തടുക്കാന്‍ ഒരു ഒരു ട്രൗസറും, ഷര്‍ട്ടും മാത്രം ഉണ്ട്‌. സത്യം പറഞ്ഞാല്‍ ആ കോര്‍ക്ക്‌ ബോള്‍ പിടിക്കണമെങ്കില്‍ വിക്കറ്റ്‌ കീപ്പര്‍ ഉപയോഗിക്കുന്ന ഗ്ലൗസൊന്നും പോര. വല്ല എരുമയുടെ തോലും കയ്യില്‍ വച്ചുകെട്ടണം. ഇതൊക്കെ പുഷ്പം പോലെ പിടിക്കും എന്ന ഭാവത്തില്‍ അനിയന്‍ പുറകില്‍ നിലയുറപ്പിച്ചു. ഫസ്റ്റ്‌ ബോള്‍, സിക്സ്‌ എന്ന സ്വപ്നത്തില്‍ തേക്കിന്‍തടി ബാറ്റ്‌ പിടിച്ച്‌ ഞാനും, ഫസ്റ്റ്‌ ബോള്‍, ക്ലീന്‍ ബൗള്‍ഡ്‌ എന്ന് ഉറപ്പ്പ്പിച്ച്‌ ചേട്ടനും. അങ്ങനെ കാത്തിരുന്ന് കണ്ണ്‍ കഴച്ച ആ സുന്ദരമുഹൂര്‍ത്തം വന്നു. ഒരു പത്തിരുപതടി ദൂരേ നിന്ന് ചേട്ടന്‍ ഓടി വന്ന് ബൗള്‍ ചെയ്തു. ഔട്ട്‌ സൈഡ്‌ ദ ഓഫ്‌ സ്റ്റംപ്‌ പോയപ്പോള്‍ ഞാന്‍ ബാറ്റൊന്ന് വീശി.പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. കാരണം ബാറ്റ്‌, ബോളിന്റെ ഏഴയലത്തൂടെ പോലും പോയില്ല. പെട്ടെന്ന് പുറകില്‍ നിന്നും, "പ്ലക്‌" എന്ന ഒരു ഒച്ചയും, കൂടെ "അയ്യോ ... ആ ..." എന്നൊരു നിലവിളിയും കേട്ടു. "ഹോ, സൂപ്പര്‍ ബോള്‍" എന്ന കമന്റ്‌ പ്രതീക്ഷിച്ച ഞാന്‍ ഞെട്ടി, തിരിഞ്ഞ്‌ നോക്കിയപ്പോള്‍ മുഖം പൊത്തി, നിലത്തിരുന്ന് വലിയവായില്‍ കരയുകയാണ്‌ അനിയന്‍. "എന്താടാ .. ങേ ..?" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ കൈ മാറ്റി എഴുന്നേറ്റ്‌ നിന്നു. പെട്ടെന്ന് ഞാന്‍ ഹനുമാനെയും, ബാലി സുഗ്രീവന്മാരേയും ഒരുമിച്ച്‌ കണ്ടു. കോര്‍ക്ക്‌ ബോള്‍ ചുണ്ടില്‍ കൊണ്ട്‌, ചുണ്ട്‌ വീര്‍ത്ത്‌ ചോരയൊലിപ്പിച്ച്‌ കൊണ്ട്‌ അനിയന്‍ ! കരച്ചിലോട്‌ കരച്ചില്‍ തന്നെ. ചേട്ടനും ഒാടി വന്നു. ഞങ്ങള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഫലം നാസ്തി !! കഷ്ടകാലം വരുമ്പോള്‍ ഒന്നിച്ച്‌ വരുമല്ലോ ? ഗതികേടിന്‌ ആ സമയത്ത്‌ പിതാശ്രീ ആ വഴിക്ക്‌ വന്നു. "എന്താടാ ...?" എന്ന് അലറി. "ബോള്‍ കൊണ്ടു" എന്ന് കരഞ്ഞുകൊണ്ട്‌ അനിയന്‍. "നിന്റെയൊക്കെ കളി, ഞാന്‍ ഇന്ന് നിര്‍ത്തും. എവിടെടാ ആ ബോള്‍ ?" ഞാന്‍ മെല്ലെ ആ കോര്‍ക്കുഗോളം കാണിച്ചുകൊടുത്തു. ഒരു കൊച്ചു സഖാവായിരുന്ന പിതാജി, അത്തരത്തിലുള്ള ഒരു മാരകായുധം ആദ്യമായാണ്‌ കണ്ടതെന്ന് "എന്റയമ്മേ, ഇത്‌ വച്ചാണോ കളി ?" എന്ന് ചോദിച്ചതില്‍ നിന്നും മനസ്സിലായി. "ഇത്‌ നിങ്ങള്‍ക്ക്‌ എങ്ങനെ കിട്ടി ?", "കേരളാ സ്റ്റോറില്‍ നിന്നും വാങ്ങിയതാ ..." ഞാന്‍ പറഞ്ഞു. "എന്നാല്‍ ഇത്‌ തിരിച്ച്‌ അവിടെ കൊണ്ട്‌ കൊടുത്തിട്ട്‌ വീട്ടില്‍ വന്നാല്‍ മതി." പിതാജിയുടെ ഈ കഠിനമായ ഓര്‍ഡര്‍ കേട്ട്‌ നമ്മള്‍ മൂന്ന് പേരും ഞെട്ടി ! പെട്ടെന്ന് അനിയന്‍ ദീനരോദനം നിര്‍ത്തി, പറഞ്ഞു. "സാരൂല്ല ! വല്യ വേദനയൊന്നും ഇല്ല. കാര്യായിറ്റ്‌ ഒന്നും പറ്റിയില്ല." ഇത്‌ കേട്ട്‌ പിതാജി എന്റെ കയ്യില്‍ നിന്ന് ആ ബോള്‍ തട്ടിപ്പറിച്ച്‌ വീട്ടിലേക്ക്‌ ഒറ്റ നടത്തം. അതോടെ കളി വെള്ളത്തില്‍. ഇത്രയൊക്കെ കാത്തിരുന്ന് പത്തുമിനിറ്റ്‌ പോലും കളിക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തോടെ, കുറ്റിയൊക്കെ പറിച്ച്‌, മെല്ലെ പിതാജിയുടെ പുറകേ ഞങ്ങളും നടന്നു. കുറെ നേരം പറമ്പിലൊക്കെ തെണ്ടി നടന്ന്, മാതാപിതാജികള്‍ ഒന്ന് തണുത്തു എന്ന് കണ്ടപ്പോളാണ്‌ വീട്ടില്‍ കയറിയത്‌.പിന്നീട്‌ ആ കോര്‍ക്ക്‌ ബോള്‍ കണ്ടേയില്ല. ഒളിപ്പിച്ച്‌ വെക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഞങ്ങള്‍ മൂന്ന് തുരപ്പന്മാര്‍ തപ്പി നോക്കി. പക്ഷേ ഫലം കണ്ടില്ല. എത്ര ചോദിച്ചിട്ടും മാതാപിതാജികള്‍ അതെവിടെയാണ്‌ പൂഴ്തിയത്‌ എന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇതുകൊണ്ടൊന്നും നമ്മള്‍, മൂവര്‍സംഘം കളിയില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല. എങ്ങനെ ചെയ്യും. വട്ട്‌ തലയില്‍ കയറി മൂത്തുപോയില്ലേ ...! പക്ഷേ പിന്നീട്‌ കോര്‍ക്ക്‌ ബോളിന്റെ ഭാഗത്തേക്ക്‌ പോയില്ല. റബ്ബര്‍ ബോളില്‍ തന്നെ ശരണം പ്രാപിച്ചു.

ആ കോര്‍ക്ക്‌ ബോള്‍ എവിടെ എന്ന് ഞാന്‍ ഇപ്പോഴും മാതാപിതാജികളോട്‌ ചോദിക്കാറുണ്ട്‌. എന്നാല്‍ ഇന്നും അതൊരു ദുരൂഹതയായി തുടരുന്നു. (കിട്ടിയാല്‍ നമ്മുടെ ജൂനിയര്‍ ടീമുകളായ, പുതു ജനറേഷന്‌ കൊടുക്കാമായിരുന്നു ! ഇനി അവര്‍ തുടങ്ങട്ടെ !)

Sunday, March 16, 2008

വാഗമണ്‍ കാഴ്ചകള്‍ (പടം)

ബൂലോകരേ ... തനിമലയാളത്തില്‍ ലിസ്റ്റ്‌ ചെയ്ത്‌ വരാത്തതിന്‌ എന്തെങ്കിലും കാരണമുണ്ടോ ? ഫോട്ടോ ബ്ലോഗിലെ രണ്ടാം പോസ്റ്റും വന്നില്ല. ഇവിടെ ലിങ്ക്‌ ഇടുന്നു. കാണുമല്ലോ ?
http://padampiditham.blogspot.com/2008/03/blog-post_14.html

Tuesday, March 11, 2008

എന്റെ ഫോട്ടോ ബ്ലോഗ്‌ തുടങ്ങുന്നു.

ഫോട്ടോഗ്രാഫി പഠിക്കാനായി ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങി. ആദ്യ ശ്രമം ഒരു പോസ്റ്റും ആക്കി. പക്ഷേ അത്‌ 'തനിമലയാള'ത്തില്‍ ലിസ്റ്റ്‌ ചെയ്ത്‌ വരുന്നില്ല. ഇവിടെ ഒന്ന് ശ്രമിക്കട്ടെ. എല്ലാവരും കാണുമല്ലോ ?
http://padampiditham.blogspot.com

Friday, February 22, 2008

വല്ലതും തടയുമോ ആവോ ?


(കൊച്ചി, ചിലവന്നൂര്‍ കായല്‍ കരയില്‍ നിന്ന് ...)