മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം ഒരവശ്യ വസ്തുതന്നെ എന്നാണ് ഈയുള്ളവന്റെ കണ്ടെത്തല്‍. പല അവസരങ്ങളിലും അത് അതിന്റെ മഹത്തായ സേവനം നല്കി നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ വസ്തു ഒരു പൊല്ലാപ്പായ സംഭവം ഇവിടെ കുറിക്കുന്നു.
സമയം രാത്രി 8 മണി. കാര്‍ കലൂര്‍ - കടവന്ത്ര റോഡില്‍ക്കൂടി (എറണാകുളത്തെ ഒരു പ്രധാന റോഡ്) ഓടിക്കുകയാണ്. ഇക്കൊല്ലത്തെ മഴയില്‍ ഈ റോഡിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് എറണാകുളം നിവാസികള്‍ക്കെല്ലാം അറിയാം. ഏകദേശം രണ്ട് കിലോമീറ്ററോളം കുഴികള്‍. ഈ വഴി കണ്ടാല്‍ ഒരിക്കലും ടാര്‍ ചെയ്തിട്ടില്ലെന്ന് തോന്നും. കാറിനും മനുഷ്യനെപ്പോലെ ജീവനുണ്ടെന്നും, വേദന, ഒടിവ്, ചതവ് മുതലായവ അനുഭവപ്പെടും എന്നും വിശ്വസിക്കുന്നതിനാല്‍ ഒരു 20 - 30 കി.മി ആണ് സ്പീഡ്.
ഹര് ഗഡി ബദല്‍ രഹി ഹെ രൂപ് സിന്ദ്ഗി ....
മൊബൈല്‍ ഫോണ്‍ താളമേളങ്ങളോടെ ശബ്ദിച്ചു. ഹോം മിനിസ്റ്ററുടെ സുന്ദര വദനം സ്ക്രീനില്‍. വാങ്ങാനുള്ള പലചരക്ക് സാധനങ്ങളുടെ പ്രമേയം പാസാക്കാനായിരിക്കും എന്നോര്‍ത്ത് വലതുകൈ കൊണ്ട് വളയം കണ്ട്രോള് ചെയ്ത് ഇടം കയ്യില്‍ ഫോണെടുത്ത് പച്ച ബട്ടണ്‍ അമര്‍ത്തി കാതോടടുപ്പിച്ചു.
"ഹല്ലാ ...(ജഗതി സ്റ്റൈല്‍)"
"ഹലോ"
"തക്കാളി, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, മുളക്, മല്ലി ...."
"ശരി ശരി"
ഫോണിന്റെ ചുവന്ന ബട്ടണ്‍ അമര്‍ത്തി, പോക്കറ്റില്‍ ഇട്ടു. ഇരുകൈകളും വളയത്തില്‍.മൂന്നു നാലു കുഴിയും കൂടി താണ്ടിക്കാണും. റിയര്‍ വ്യു മിററില്‍ അതി ശക്തമായ വെളിച്ചം പതിച്ചു. നോക്കിയപ്പോള്‍ മനസ്സിലായി രണ്ട് ഏമാന്മാര് ബൈക്കില്‍. സൈഡ് കൊടുത്തേക്കാം എന്നു കരുതി വളയം അല്പം ഇടത്തോട്ട് വെട്ടിച്ചു. ബൈക്ക്, കാറിന്റെ അടുത്ത് വന്നു. "ആ വണ്ടി സൈഡ് ആക്കിക്കേ ..." പുറകിലിരുന്ന ഏമാന്. എന്തു പാരയാണപ്പാ എന്നു വിചാരിച്ച് ഒതുക്കി. ബൈക്ക് മുന്നില്‍ നിര്‍ത്തി പുറകിലിരുന്ന എമാന് ചാടിയിറങ്ങി, കാറിന്റെ ഇടതുവശത്തെ കണ്ണാടിയില്‍ തട്ടി. കണ്ണാടി അല്‍പ്പം താഴ്തിയപ്പോള്‍ "ഡോര്‍ തുറക്ക്, ഡോര്‍ തുറക്ക്". ഓ ഒരു ലിഫ്റ്റിനായിരിക്കും, ഡോര്‍ തുറന്നതും ഏമാന് ചാടിക്കയറി ഇരിപ്പായി. "വണ്ടി വേഗം സ്റ്റേഷനിലേക്ക് എടുക്ക്". എന്താ ഞാന്‍ വല്ലവരേയും ഇടിച്ച് നിര്‍ത്താതെ പോന്നോ എന്ന മട്ടില്‍ ഏമാനെ നോക്കി. "താനിപ്പം മൊബൈല്‍ ഫോണില്‍ സംസാരിച്ചില്ലെ. അത് S.I കണ്ടു. പുള്ളി കൈ കാണിച്ചിട്ട് താന്‍ നിര്‍ത്തിയില്ല. അതുകൊണ്ട് നമ്മള് പുറകേ വന്ന് പിടിച്ചതാ ..." മയക്ക് മരുന്നും കൊണ്ട് ജോസ് പ്രകാശ് ജീപ്പ്പില്‍ പറക്കുമ്പോള്‍, ജയന് ബുള്ളറ്റില്‍ ചെയ്സ് ചെയ്ത് പിടിക്കുന്ന രംഗം ഓര്‍മ്മയില്‍. ഈ S.I ഏത് കോ*##$**ത്തില്‍ ഒളിച്ച് നിന്നാ കൈ കാണിച്ചത്.
"സത്യമായും ഞാന്‍ കണ്ടില്ല സാര്‍. കണ്ടാല്‍ നിര്‍ത്തിയേനെ."
"ആ അതാണ് കുഴപ്പം. സംസാരിച്ച് കൊണ്ട് വണ്ടി ഓടിച്ചാല്‍ ഒന്നും കാണൂല്ല. ഇങ്ങനെയാണ് ഒരോ അപകടം ഉണ്ടാവുന്നത് ..." ഏമാന്റെ വക ഉപദേശം. ഫ്രീ ആയി.
"കടവന്ത്ര പോലീസ് സ്റ്റേഷന് ഇവിടെ അടുത്താ. അങ്ങോട്ട് വിട്ടോ".
മെയിന്‍ റോഡില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് ഇന്റോര്‍ സ്റ്റേഡിയം റോഡില്‍ കൂടി കടവന്ത്ര മാര്‍ക്കറ്റ് റോഡില്‍ പ്രവേശിച്ചു. അവിടെയാണ് സ്റ്റേഷന്. ഒരു പിഴയോ, ഏമാന്മാര്ക്ക് കാണിക്കയോ കൊടുത്ത് ഊരിപ്പോരാം. മനസ്സില്‍ ഉറപ്പ്പ്പിച്ചു. കാര്‍ ഒതുക്കിയിട്ടു. "ബുക്കും, പേപ്പറും ഒക്കെ എടുത്തിട്ട് വന്നോ" എന്ന് പറഞ്ഞ് ഏമാന് കാറില്‍നിന്ന് ഇറങ്ങി സ്റ്റേഷനിലേക്ക് പോയി. ഞാനോര്‍ത്തു. റ്റാക്സ്, ഇന്‍ഷുറന്‍സ്, ലൈസെന്‍സ് ഒക്കെ ക്ലീയര്‍. ഡാഷ് ബോര്‍ഡ് തുറന്ന് ഇവയൊക്കെ വച്ച ഒരു കവര്‍ എടുത്തു. കാറില്‍ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക് നടന്നു. അകത്ത് ചെന്നപ്പോള്‍ കൂടെ വന്ന ഏമാന് വേറൊരു ഏമാനോട് ശബ്ദം താഴ്തി എന്തൊക്കെയോ പറയുന്നു. എന്നെ കണ്ടപ്പോള്‍ "അപ്പോള്‍ ശരി" എന്ന് ഉറക്കെ പറഞ്ഞ്, എന്നെ ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും നടിക്കാതെ ഒറ്റപ്പോക്ക്.
"മൊബൈലില്‍ സംസാരിച്ച കേസാ അല്ലേ ?"
"അതെ സാര്‍. വീട്ടില്‍ നിന്നും പെട്ടന്ന് ഒരു urgent കോള്‍ വന്നപ്പോള്‍ അറിയാതെ എടുത്തുപോയതാണ്. ഒരു പത്ത് സെക്കണ്ടേ സംസാരിച്ചുള്ളു". തക്കാളിയുടെയും, വെണ്ടയ്ക്കയുടെയും urgency ഏമാനുണ്ടൊ അറിയുന്നു.
"പത്തായാലും നൂറായാലും സംസാരിച്ചില്ലേ. അതു മതി". ഏമാന് വല്യ മയമൊന്നും ഇല്ല.
പേര്, വയസ്സ്, പിതാവ്, മാതാവ്, സ്ഥിര വിലാസം, ഇപ്പോഴത്തെ വിലാസം, വിദ്യാഭ്യാസം, ജോലി, ജോലി ചെയ്യുന്ന സ്ഥാപനം എന്നുവേണ്ട ഒരു ബയോഡാറ്റയ്ക്ക് വേണ്ട എല്ലാ വിവരങ്ങളും ഏമാന് കുറിച്ചെടുത്തു.
"രണ്ട് പേര് ആള് ജാമ്യം വേണം. അവര്‍ വന്ന് ഒപ്പിട്ട് തന്നാല്‍ പോകാം. പിന്നെ നാളെ വന്ന് FIR എഴുതി കോടതിയില്‍പ്പോയി പിഴയടക്കണം."
ഒന്നു ഞെട്ടി. ജാമ്യം, FIR, കോടതി ഇതെന്താ കൊലക്കേസോ, അതോ തെളിയാതെ കിടക്കുന്ന ഏതോ കേസ് തലയില്‍ കെട്ടി വയ്ക്കനോ.
"സാര്‍ fine അടച്ചാല്‍ പോരെ ?"
"അതൊക്കെ കോടതിയില്‍. ഇവിടെ fine പരിപാടിയൊന്നും ഇല്ല"
"സാര്‍ ഒന്ന് help ചെയ്യണം. എങ്ങനെയിങ്ങിലും ഒന്ന് ..."
"ഒരു രക്ഷയും ഇല്ല. S.I പിടിച്ച കേസാ ..."
"സാര്‍ എന്തെങ്ങിലും ചെയ്യാം സാര്‍ ..പ്ലീസ് ..." നിയമത്തെ മറി കടക്കാന്‍ കൈക്കൂലി എന്ന ദുഷ്ട ചിന്ത മനസ്സില്‍ വന്നു. കൈ, പുറകിലെ പോക്കറ്റില്‍ വിശ്രമിക്കുന്ന പേഴ്സിലേക്ക് ചെന്നു.
"ഇതിലൊന്നും നിക്കില്ല മോനേ. ഇതിന് കോടതിയില്‍ പോയേ പറ്റൂ. വേഗം രണ്ടാളെ വിളിക്ക്."
"സാര്‍ ഇതല്ലാതെ വേറെ എന്തെങ്ങിലും ..."ഏമാന് കലിയിളകി.
"താന്‍ ഇങ്ങോട്ട് വാ ... ഇവിടെ ഇരി."
ഒരു കസേര ചൂണ്ടിക്കാണിച്ചു. ആ കസേര ഇട്ടിരുന്നത് ജയിലിന്റെ നേരെ മുന്നിലായിരുന്നു. അവിടെ ഇരുന്നു. നേരെ മുന്നില്‍ ഇരുമ്പഴികള്‍.അതിന്റെ ഉള്ളില്‍ ഇരുട്ട്. സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു. ഹേയ്, വാഹനമോടിച്ച്കൊണ്ട് ഫോണില്‍ സംസാരിച്ചാല്‍ ജയിലില്‍ ഇടുമൊന്നുമില്ല. സ്വയം ആശ്വസിച്ചു. എന്നാലും ഒരു ചെറിയ ഭയം.അല്പം കഴിഞ്ഞു.
"ഇയ്യാളെന്താ ഇവിടിരിക്കുന്നത്" ഒരു പാറാവുകാരന് ഏമാന്.
"ഒരു ചെറിയ കേസുണ്ട്. ആള് ജാമ്യം പറഞ്ഞിട്ട് കേള്‍ക്കുന്നില്ല". മറ്റേ ഏമാന്.
"ആ അവിടിരുന്നോ. കുറച്ച് കഴിഞ്ഞാല്‍ അകത്ത് കേറി കിടക്കാം"
പാറാവുകാരന് ഏമാന് പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു. നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയനും, ദാസനും പോലീസ് സ്റ്റേഷനില്‍ നില്ക്കുമ്പോള് വിജയന് ജയില്‍ കാണുന്നത് പോലെ ഇവിടെയും ജയില്‍ സൂം ചെയ്ത് കണ്ടു. അതേ പശ്ചാതല സംഗീതം എവിടെയോ കേട്ടു. ഒന്നാശ്വസിക്കാന്‍, ദാസന് കണ്ടപോലെ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലൊക്കെ പരതി.കണ്ടില്ല.
സമയം ഏകദേശം 9:30. വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു. "നിന്റെ ഒരു ഒടുക്കത്തെ പച്ചക്കറി" എന്നും പറയാന്‍ മറന്നില്ല.
"വേഗം രണ്ടുപേരെ വിളിച്ച് കാര്യം പറഞ്ഞ് വീട്ടില്‍ പോകാന്‍ നോക്ക്" ഏമാന് വീണ്ടും.
ഇനിയും കാത്തുനിന്നിട്ട് കാര്യമില്ല. ആരെയാണ് വിളിക്കുക. മനസ്സില്‍ പെട്ടെന്ന് തോന്നിയ രണ്ട് കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. രണ്ട് പേരും ഉടനെ എത്താമെന്ന് പറഞ്ഞു.
"വല്ലവരും വരുമോ" ഏമാന്.
"ഇപ്പോ വരും സാര്‍"
"ഇത് നേരത്തെ അങ്ങ് ചെയ്താല്‍ പോരായിരുന്നോ ?" ഏമാന് ചിരി.
ഞാനൊന്നും മിണ്ടിയില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ സുഹ്ര്ത്തുക്കള് വന്നു. ഏതൊക്കെയോ പേപ്പര്‍ ഒപ്പിട്ടു.
"നാളെ രാവിലെ 8 മണിക്ക് വരണം. അപ്പോള്‍ കോടതിയില്‍ പോകാനുള്ള പേപ്പര്‍ തരാം. ഉം.. ഇപ്പോ പൊയ്ക്കോ".
കൂട്ടുകാരോട് നാളെക്കാണാം എന്നു പറഞ്ഞ് സ്ഥലം കാലിയാക്കി.
വീട്ടില്‍ ചെന്നപ്പോള്‍ സമയം 10:30. ഒന്നിനും ഒരു മൂഡ് തോന്നിയില്ല. വേഗം കിടന്നു. നാളെ എന്താവും അവസ്ഥ എന്നാലോചിച്ച് ഉറങ്ങിപ്പോയി.രാവിലെ എഴുന്നേറ്റ് വേഗം കുളിച്ച് റെഡിയായി, സ്റ്റേഷനിലേക്ക്. കൂട്ടുകാര്‍ രണ്ടുപേരും സ്റ്റേഷന് ഗയിറ്റില് കാത്ത് നില്‍ക്ക്ക്കുന്നുണ്ടായിരുന്നു.
"വല്ലതും നടക്കുമോ" ഒരാള്‍.
"നോക്കാം. വാ"
അകത്ത് ചെന്നപ്പോള്‍ ഇന്നലെ കണ്ട ഏമാന് എന്തോ കാര്യമായി എഴുതുന്നു. ഞങ്ങളെ കണ്ടതും "പുറത്തിരിക്ക്. ഇപ്പോ വിളിക്കാം" എന്ന് പറഞ്ഞു.അല്പനേരം ഇരുന്നപ്പോള്‍ വീണ്ടും അകത്തേക്ക് വിളിച്ചു.
"FIR റെഡി. ഒപ്പിട്ടോ..."
ആ FIR കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു.
തെക്കുനിന്നും വടക്കോട്ടേക്ക് അമിത വേഗതയില്‍ വെട്ടിച്ചും പാളിച്ചും മറ്റുള്ളവര്‍ക്ക് അപകടമാകും വിധം ഓടിച്ച് വന്ന കാര്‍ S.I കൈ കാണിക്കുകയും, നിര്‍ത്താതെ പോവുകയും ചെയ്തു.
"അയ്യോ സാര്‍. ഇതെന്താ ഇങ്ങനെ ? ആ റോഡിലൂടെ വെട്ടിച്ചും പാളിച്ചും അമിത വേഗതയില്‍ പോയെന്നോ ? സാറിനറിയാമല്ലോ ആ റോഡിന്റെ അവസ്ഥ. 20 കി.മി സ്പീഡില്‍ കൂടുതല്‍ പോകാന്‍ പറ്റില്ല സാര്‍ ..."
"അതങ്ങനെയാ ... മൊബൈല്ലില് സംസാരിച്ചു എന്നൊരു വകുപ്പില്ല. അതുകൊണ്ടാ. കുഴപ്പമൊന്നും ഇല്ല. പിഴയൊക്കെ ഒന്നു തന്നെ."
"സാര്‍ എന്നാലും ..."
"ഒന്നും പേടിക്കാനില്ല്ലെടോ ... താന്‍ ധൈര്യമായി ഒപ്പിട്ടോ ... ഉം .."
ഒപ്പിടാനായി പേന കൈയ്യിലെടുത്തപ്പോള്‍ റാംജി റാവ് സ്പീകിങ്ങ്ലെ "അവനവന് കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്" എവിടെയോ കേട്ടു. പിന്നെ രണ്ടും കല്‍പ്പിച്ച് ഒപ്പിട്ടു. തൂക്കിക്കൊല്ലുമൊന്നുമില്ലല്ലോ. ജാമ്യക്കാരും ഒപ്പിട്ടു.
"പേപ്പറുകളൊക്കെ കോടതിയിലേക്ക് വിട്ടേക്കാം. അടുത്ത വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി പിഴ അടക്കണം. ജുടീഷ്യല്‍ കോടതി-2, എറണാകുളം. സുഭാഷ് പാര്‍ക്കിനടുത്ത്."
ഓ അപ്പോള്‍ ഇത് പെട്ടന്നൊന്നും തീരുന്ന ലക്ഷണമില്ല.
"ശരി സാര്‍ ... താങ്ക്സ് ..."
"ഓക്കെ" എന്റെ പണി ഞാന്‍ നന്നായി ചെയ്തു. ഇനി താനായി തന്റെ പാടായി. അതായിരുന്നു ആ ഓക്കെ യുടെ അര്‍ഥം.
കാര്‍ സ്റ്റാര്‍ട് ചെയ്യുന്നതിന് മുന്നേ മൊബൈല്‍ ഫോണ്‍ ഒാഫ് ചെയ്തു. എന്റെ പുതിയ ട്രാഫിക് നിയമം ഞാന്‍ തന്നെ എനിക്ക് വേണ്ടി നടപ്പിലാക്കി.
വെള്ളിയാഴ്ച വന്നു. ഇന്ന് വിധി അറിയുന്ന ദിവസമാണ്. ആരോടൊക്കെയോ ചോദിച്ച് കോടതി setup - കള്‍ അറിഞ്ഞ് വച്ചിരുന്നു. നേരേ വച്ചു പിടിച്ചു.10 മണിക്ക് കോടതി അങ്കണത്തില്‍.നല്ല തിരക്ക്. വെള്ളയും കറുപ്പുമിട്ട കുറെ വക്കീലന്മാര്. കാക്കിയിട്ട ഏമാന്മാര്, വിലങ്ങിട്ട പ്രതികള്‍. കൂടെ ഞാനും. വെള്ളയും കറുപ്പുമിട്ട ഒരു വക്കീലിനോട് ചോദിച്ചു.
"ഈ ജുഡീഷ്യല്‍ കോടതി-2 എവിടെയാ"
"നേരെ പോയി പുറകുവശത്ത്. ട്രാഫിക് കേസാണോ ? ഞാന്‍ വാദിക്കാം ..."
"അയ്യോ ... വേണ്ട. താങ്ക്സ്"
ഈ വിധത്തിലുള്ള പ്രലോഭനങ്ങള്‍ കാണുമെന്നും, അതിന് വഴങ്ങരുതെന്നും, നല്ല കുട്ടിയായി പിഴ അടച്ച് വന്നാല്‍ മതിയെന്നും ഒരു വക്കീല്‍ സുഹ്രുത്ത് ഉപദേശിച്ചിരുന്നു. അവനുകൂടി താങ്ക്സ് പറഞ്ഞ് ജുഡീഷ്യല്‍ കോടതിയുടെ മുന്നില്‍ ചെന്നു. അവിടെയും നല്ല തിരക്ക്.അകത്ത് കയറി. സമയം 10:45. ഗവന്മെണ്ട് ഓഫീസ് സമയം ആകാത്തതുകൊണ്ട് ആരും എത്തിയിട്ടില്ല. ഒരു ഏമാനെക്കണ്ട് കാര്യം പറഞ്ഞു.
"വെയിറ്റ് ചെയ്യൂ ... കടവന്ത്ര സ്റ്റേഷനില്‍ നിന്ന് ആരെങ്കിലും വരും." നല്ല ഏമാന്.
സമയം 11:30. കോടതി തുടങ്ങി അല്പസമയം ആയി. ഒരു ഏമാന് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച സ്റ്റേഷനില്‍ കണ്ട പോലെ.
"സാര്‍ ... കടവന്ത്ര പോലീസ് സ്റ്റേഷനനില്‍ നിന്നല്ലെ ?"
"അതെ"
"എന്റെ കേസുണ്ട്. മൊബെയിലില്‍ സംസാരിച്ച ..."
"നോക്കട്ടെ ..."ഏമാന് കോടതിയോട് ചേര്‍ന്ന ഓഫീസ് മുറിയില്‍ കേറി. ആരോടൊക്കെയോ എന്തൊക്കെയോ പറയുന്നു. ഫോണ്‍ ചെയ്യുന്നു.കുറച്ച് കഴിഞ്ഞ് പുറത്ത് വന്നു.
"എന്തായി സാര്‍"
"എന്തോ കുഴപ്പമുണ്ട്. സ്റ്റേഷനില്‍ നിന്ന് പേപ്പര്‍ വന്നിട്ടില്ല. വെയ്റ്റ് ചെയ്യ്"ഏമാന് അപ്രത്യക്ഷം. എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവരുടെ കേസുകള്‍ മുറക്ക് നടക്കുന്നുണ്ട്. (എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവര്‍ എന്ന് പറഞ്ഞത് കൈയ്യില്‍ വിലങ്ങിട്ടവരെ കണ്ടിട്ടാണ്)
സമയം 12:45. ഏമാന് വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇന്ന് നടക്കില്ല. പേപ്പര്‍ ഇല്ല."
"അയ്യോ സാര്‍. ഇന്ന് വരാന്‍ പറഞ്ഞതാണല്ലോ ?"
"പേപ്പര്‍ വന്നിട്ടില്ല. വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇനി രണ്ടാഴ്ച കഴിഞ്ഞ് വരണം. ബുധനാഴ്ച വന്നാല്‍ മതി. എഴുതി തരാം"ഏമാന് ഒരു തുണ്ട് കടലാസില്‍ FIR Number എഴുതി, തീയതിയും കുറിച്ചു.
"ഇപ്പോ പൊയ്ക്കൊ ..."
"ശെരി സാര്‍ ..."
കാര്‍ സ്റ്റാര്‍ട് ചെയ്തു. സുഭാഷ് പാര്‍ക്കിന്റെ അല്പം മുന്നോട്ട് പോയി U Turn എടുത്താലോ എന്ന ഒരാലോചന. കുറെ പഴംചൊല്ലുകള്‍ ഓര്‍മ്മവന്നു. "കൂനിന് മേല്‍ കുരു", "ഗതികെട്ടവന് മൊട്ടയടിച്ചപ്പോള്‍ ..." എന്നിവ. കാര്‍ ഓടിച്ച് മേനക വരെ പോയി ഏമാന്മാര് ഇല്ല എന്ന് ഉറപ്പുവരുത്തി "U" എന്ന ട്രാഫിക്ക് സിഗ്നല്‍ കണ്ടടുത്തുനിന്നും തിരിച്ചു. പിന്നെ ഓഫീസിലേക്ക്.
രണ്ടാഴ്ച കഴിഞ്ഞു. വിധി പറയുന്ന് ദിവസം വീണ്ടും. ഈ പ്രാവശ്യം കുറച്ച് നേരത്തേ ചെന്നു. ഒന്‍പത് മണിക്ക് കോടതി അങ്കണത്തില്‍ ഹാജര്‍. നല്ല തിരക്ക്.വിലങ്ങിട്ടവരുടെ ഒരു നീണ്ട നിര തന്നെ. ഹോ ഇത്രമാത്രം കുറ്റകൃത്യങ്ങളോ ഈ കേരളത്തില്‍ !
അന്ന് കണ്ട ഏമാനെ പുറത്ത് വച്ച് തന്നെ കണ്ടുമുട്ടി.
"സാര്‍ എന്റെ കാര്യം ..."
"നമുക്ക് ഇന്ന് ശരിയാക്കാം"
ഹാവൂ ആശ്വാസം. ആദ്യമായി ഒരു അനുകൂല മറുപടി.
"വാ ..."ഏമാന്റെ പുറകെ, കോടതി ഓഫീസിലേക്ക്.
"വെയ്റ്റ് ചെയ്യ് ... ആരും വന്നിട്ടില്ല. വന്നിട്ട് നമ്പര്‍ ഇട്ട് വാങ്ങാം ..."
വീണ്ടും കാത്തിരിപ്പ്.
10:45 - ഒരു സ്ത്രീ വന്ന് അവരുടെ ഇരിപ്പിടത്തില്‍ ഇരുന്നു. ഫയലുകള്‍ എടുക്കുന്നു, പേപ്പറുകള്‍ നോക്കുന്നു, "ഹോ ഭയങ്കര ചൂട്" എന്നു പറഞ്ഞ് ജന്നല്‍ തുറക്കുന്നു. ഇതിനിടെ നമ്മുടെ ഏമാന് അടുത്തുചെന്ന് പേപ്പര്‍ കൊടുത്തു. അതു വാങ്ങി വായിച്ച് മേശപ്പുറത്ത് വച്ചു. പിന്നെ വേറെ ഏതോ പേപ്പറുകള്‍ നോക്കുന്നു. ഇപ്പോള്‍ വേറേയും കുറെ ഓഫീസര്‍മാര്‍ വന്നു. പിന്നെ എല്ലാരും തമ്മില്‍ കൊച്ചുവര്‍ത്താനമായി.അല്പം കഴിഞ്ഞപ്പോള്‍ എമാന് കൊടുത്ത പേപ്പര്‍ എടുത്തു എന്നെ നോക്കി.
"നിങ്ങളാണോ പ്രതി ?"
കൊലക്കേസ് പ്രതിയൊന്നുമല്ല മാഡം, പറയണമെന്നുണ്ടായിരുന്നു.
"അതെ"
പിന്നെ പേപ്പറില്‍ ഒരു നമ്പര്‍ കുറിച്ചു.ഏമാന് പേപ്പര്‍ വാങ്ങി പുറത്തേക്ക് നടന്നു.
"ജഡ്ജ്ജി വിളിക്കുമ്പം ആ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കണം. താണ് തൊഴുതൊക്കെ നിന്നേക്കണം."
"ശരി സാര്‍"
പിന്നെ ചെവി വട്ടം പിടിച്ച് കാത്തുനില്‍പ്പായി.വാതില്ക്കല് ചക്കയില്‍ ഈച്ച പൊതിഞ്ഞതുപോലെ തിക്കും തിരക്കും.ഓരോ നമ്പര്‍ അകത്ത് നിന്ന് വിളിക്കുമ്പോള്‍ പ്രതികളും, പോലീസും, വക്കീലന്മാരും ഇടിച്ച് കയറുന്നു. ഈശ്വരാ, ഈ തിരക്കില്‍ നമ്പര്‍ വിളിക്കുന്നത് കേള്‍ക്കുമോ, അകത്ത് എങ്ങനെ കയറും എന്നൊക്കെയായി വിചാരം.അവസാനം ഈ പ്രതിയുടെ ഊഴം വന്നു. നമ്പര്‍ വിളി എങ്ങനെയോ കേട്ടു. കുറെ പേരെ ഇടിച്ച് മാറ്റി അകത്തെത്തി. പ്രതി കൂട് കണ്ടു. കയറി നിന്നു. ഏമാന് പറഞ്ഞ പോലെ താണ് വണങ്ങി.മുന്നില്‍ ജഡ്ജ്ജി. നിയമത്തിന്റെ സിംഹാസനത്തില്‍. താന്‍ ചെയ്യുന്ന ജോലി ശരിക്കും ആസ്വദിച്ച്.
"മുഴുവന്‍ പേര് ? " താഴെ നില്ക്കുന്ന ഗുമസ്തന്
" .... "
"അച്ഛന്റെ പേര് ?"
" ... "
" അലക്ഷ്യമായി വണ്ടി ഓടിച്ച് ..."
ഇത്രയും ഗുമസ്തന് പറഞ്ഞപ്പോള്‍ തന്നെ ജഡ്ജി പേപ്പറില്‍ എന്തോ കുറിച്ച് പേപ്പര്‍ താഴേക്കിട്ടു. ഗുമസ്തന് ഒരു "ക്യാച്ച്" എടുത്തു.
"ആയിരത്തി അഞ്ഞൂറു രൂപ പിഴ അടയ്ക്കണം" ഗുമസ്തന്.
ഇത്രയും പ്രതീക്ഷിച്ചത് കൊണ്ട്, വലിയ ഞെട്ടലൊന്നും ഉണ്ടായില്ല.പ്രതി കൂട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഓഫീസില്‍ ചെന്നു. ക്യു കണ്ടപ്പോഴേ മനസ്സിലായി പിഴ അടക്കേണ്ട സ്ഥലം. ക്യൂവില്‍ കേറി നിന്നു.മുന്നില്‍ നില്ക്കുന്ന ആളുടെ പേപ്പറില്‍ 3000 എന്ന് എഴുതിക്കണ്ടു.എന്താണാവോ ഞാന്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റം.
"എന്താ ചേട്ടാ മൂവായിരം ?"
"സ്മോള്‍ അടിച്ച് വണ്ടി ഓടിച്ചതിനാ ... ഒരു മാസത്തെ ശമ്പളം പോയി ... മറ്റേ എടപാട് ..."
സത്യം പറഞ്ഞാല്‍ എനിക്ക് ചിരിയാണ് വന്നത്. എന്റെ കുറ്റം എത്രയോ നിസ്സാരം എന്ന ഭാവത്തില്‍ കയ്യിലുള്ള പേപ്പര്‍ പൊക്കിപ്പിടിച്ചു. അയാള്‍ നോക്കിയില്ല.
ഞെളിഞ്ഞിരിക്കുന്ന ഗുമസ്തന്റെ കയ്യിലേക്ക് മൂന്ന് 500 രൂപാ നോട്ടുകള്‍ വച്ചു. അയാള്‍ ഒരു ബുക്കില്‍ പേര് എഴുതി. 500 ന്റെ നോട്ടുക്കള്‍ മേശ വലിപ്പില്‍ കയറി ഒളിച്ചിരുന്നു.
"റെസീറ്റ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വന്ന് വന്നാല്‍ കിട്ടും ..."
ഓഹോ, ഇപ്പോള്‍ തന്നെ സമയം 12:30 ആയി. ഇനി പോയിട്ട് റെസീറ്റ് വാങ്ങാന്‍ 3 മണിക്ക് പിന്നേം വരാന്‍ ! എനിക്കു വേണ്ടെഡോ തന്റെ റെസീറ്റ്. മനസ്സില്‍ മാത്രം പറഞ്ഞു.
"ഗവണ്മെന്റിന്റെ കാര്യാ മോനേ ... ഒന്നും പറയാന്‍ പറ്റൂല്ല. കുറച്ച് ദിവസം കഴിഞ്ഞാ ചെലപ്പം പറയും പിഴ ഒടുക്കിയില്ല എന്ന്. അതുകൊണ്ട് മൂന്ന് മണിക്ക് വന്ന് വാങ്ങാം." എതോ ഒരു പ്രതിയുടെ വേദവാക്യം. എനിക്കും ബാധകമാണല്ലോ എന്നൊരു ഉള്‍വിളി.കോടതി അങ്കണം വിട്ടു. ഓഫീസിലേക്ക്.
ഒരുമാതിരിപ്പെട്ട സഹപ്രവര്‍ത്തകരുടെ ഇടയില്‍ സംഗതി ഫ്ലാഷായതുകൊണ്ട്, ഓഫീസില്‍ എത്തിയ ഉടനേ "എന്തായി ?" എന്ന ചോദ്യത്തിന്, മറുപടിയായി മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ വിവരിച്ചു. "കഷ്ടം"
"ശ്രദ്ധിക്കണം"
"ഇനി ഹെഡ് സെറ്റ് ഉപയോഗിക്കണം"
"കാര്‍ നിര്‍ത്തി കോള്‍ എടുക്കണം"
എന്നീ ഉപദേശങ്ങള്‍ നല്ലവരായ സഹപ്രവര്‍ത്തകര്‍ ഫ്രീ ആയി തന്നുകൊണ്ടേ ഇരുന്നു.
പണിത്തിരക്ക് മൂലം കോടതി അങ്കണത്തില്‍ വീണ്ടും എത്തിയപ്പോള്‍ 3:30. ഈശ്വരാ .. ഇനി വൈകിയത് കൊണ്ട് 2 ആഴ്ച് കഴിഞ്ഞ് വാ എന്ന് വല്ലതും പറയുമോ. പേടി തോന്നാതിരുന്നില്ല.ആപ്പീസില് ചെന്നു. പിഴ വാങ്ങി മേശ വലിപ്പിലിട്ട ആള് ഉണ്ട്.
"രാവിലെ fine അടച്ചിരുന്നു. റസീറ്റ് ..."
"ആ ... എന്താ പേര് ?"
" ... "
"നോക്കട്ടെ ..."
ഒരു കൊച്ച് റസീറ്റ് ബുക്ക് എടുത്ത് പേരിനുവേണ്ടി തിരഞ്ഞു.
"ഇതല്ലെ മുഴുവന്‍ പേര് ?"
"അതെ"
കിര് ... എന്ന ശബ്ദത്തോടെ റസീറ്റ് അടര്‍ന്നു വന്നു.
"ഇന്നാ ... "
വാങ്ങി പോക്കറ്റിലിട്ട് ഒരു ആശ്വാസ ശബ്ദം പുറപ്പെടുവിച്ച്, തിരികെ ഓഫീസിലേക്ക്. പോക്കറ്റില്‍ കിടക്കുന്ന Nokia N70 അറിയുന്നുണ്ടോ അവന്റെ പേരിലുള്ള പൊല്ലാപ്പുകള്‍ !
ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് കോടതിയിലെ നിയമക്രമങ്ങളിലൂടെ ഒരു പ്രാവശ്യം നമ്മള് കടന്നുപോയാല്‍ പിന്നെ അങ്ങോട്ട് കേറാന്‍ തോന്നില്ല എന്ന്. ഇത്, ഒരിക്കല്‍ കുറ്റം ചെയ്തവരെ വീണ്ടും അത് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കല്‍ കൂടി ആണത്രെ. എത്രതോളം ശരിയാണെന്ന് അറിയില്ല്ല. പക്ഷെ ഈയുള്ളവന് 100% ശരിയായി തോന്നുന്നു. അല്ലെങ്കില്‍ ഒരു വിളി വരുമ്പോള്‍, എം.ജി റോഡില്‍ ആണെങ്കില്‍ പോലും, കാര്‍ സൈഡാക്കുകില്ലല്ലോ ?
Thursday, November 1, 2007
മൊബൈല്‍ ഫോണ്‍ പൊല്ലാപ്പുകള്‍
Subscribe to:
Post Comments (Atom)
7 comments:
ഇതു മൊബൈല്‍ പൊല്ലാപ്പല്ല പോലീസ് പൊല്ലാപ്പ് എന്നാണു പറയേണ്ടത്..! എമാന്മാര്ക്ക് എന്തുമാകാം, എത്രയൊ പ്രാവിശ്യം ഏമാന്മാര് മൊബൈലില്‍ സംസാരിച്ചുകൊണ്ടു വണ്ടിയോടിക്കുന്നതു കണ്ടിരിക്കുന്നു, ഓ..കാര്ന്നോന്മാര്ക്ക് അടുപ്പിലും......
പിഴയടക്കുന്നതിനേക്കാള് അത് അടക്കാനുള്ള പൊല്ലാപ്പ് അതിലും വലുതാണ്, പരിചയസമ്പന്നര്‍ പിന്നെ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കും, പിന്നെ മെനക്കേടില്ലല്ലൊ...!
പ്രിയ നാടന്‍..
സോറി ട്ടോ..കാരണം വായിച്ചിട്ട് എഴുത്തിന്റെ ആ രസം കാരണം ചിരിച്ചു പോയി!
ഗുമസ്തന് ഒരു ക്യാച്ചെടുത്തു പോലും! ഹഹ!
:-)
നാട്ടില്‍ പെറ്റി കേസുകള്‍ "സ്പോട്ടില്‍ പിഴ" അടച്ച് ഒതുക്കാന്‍ പറ്റാതായിരിക്കണൂ അല്ലേ? സുകൃതക്ഷയം! :-)
ഇതു കൊണ്ടായിരിക്കും കൈക്കൂലി ഇത്രയും പ്രചാരത്തിലായത്...on the spot എന്തെങ്കിലും കൈമടക്ക് കൊടുക്കുക..എന്നിട്ട് അവിടെ നിന്ന് രക്ഷപ്പെടുക..
നാടന്‍,
സംഭവം താങ്കള്‍ നല്ലോണം ബുദ്ധിമുട്ടിയെങ്കിലും ഒഴുക്കുള്ള എഴുത്തും പിന്നെ അതിന്മേല് വിതറിയ നര്‍മ്മത്തിന്റെ ആ നേരിയ പൊടി മൂക്കില്‍ അല്ല മനസ്സില്‍ കേറി ചിരിച്ചു പോയി.
കുരിശു തന്നെ. കുരിശ്. പണ്ട് സൈക്കിളില്‍ ഡബിളു പോയെന് കൊലക്കേസ്സ് പ്രതിയേപ്പോലെ നില്‍ക്കേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ സ്വന്തം നാടേ.
സുഹൃത്തേ...
കഷ്ടപ്പെടുത്തിയ അനുഭവമാണെങ്കിലും അത് ലാഘവത്തോടെ മാത്രം എടുത്ത് രസകരമായി എഴുതിയതിന് അഭിനന്ദനങ്ങ്ങള്‍.
ഈ സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ നിയമങ്ങളിലെ കുരുക്കുകളും നിയമപാലകരുടെ കുസൃതിയും ഓര്‍ത്തു. കഷ്ടം.
നാടന്‍.....
really enjoyed reading through this..
പണ്ടു കണ്ണൂരില്‍ വചു വണ്‍-േവ യില്‍ േകരി അതിനു ഒരു ഏമാന് നല്ല െതരി പരഞിട്ട്ും നന്നയില്ല അേല്ല?
നല്ല രസികന്‍ വിവരണം. ഇത്തിരി നീളക്കൂടുതലുണ്ടെങ്കിലും വായിച്ച് തീര്‍ന്നതറിഞ്ഞില്ല.
:)
Post a Comment