Wednesday, September 26, 2007

കണ്ണൂരിന്റെ സ്വന്തം ഒണ്ടേന്‍ ഹോട്ടല്‍

കണ്ണൂരിലെ ഒണ്ടേന്‍ ഹോട്ടലിനെപ്പറ്റ്ടി കേട്ടിട്ടുണ്ടോ ?ബ്ലോഗ്‌ പ്രൊഫെയിലില്‍ Location : Kannur എന്ന് കുറിച്ചു വച്ചവരെങ്കിലും കേട്ടുകാണും !

കണ്ണൂരിലെ എസ്‌.എന്‍ പാര്‍ക്ക്‌ റോഡിലൂടെ പോകുക. സരിത തിയറ്റര്‍ എത്തുന്നതിനു മുമ്പേ ഇടതുവശത്തേക്ക്‌ ഒരു റോഡുണ്ട്‌. ആ റോഡില്‍കൂടി അല്‍പം മുന്നോട്ട്‌ പോയാല്‍ ഇടതുവശത്തായി അധികം ആര്‍ഭാടങ്ങളില്ലാതെ ഒണ്ടേന്‍ ഹോട്ടല്‍ കാണാം. പണ്ട്‌ പേരറിയിക്കാന്‍ ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉണ്ടോ എന്നും അറിയില്ല. അല്ലെങ്കില്‍ നിങ്ങള്‍ ഉച്ച സമയത്തണ്‌ ഈ റോഡിലൂടെ പോകുന്നതെങ്കില്‍ ഈ Location Map ന്റെ ആവശ്യമൊന്നുമില്ല. ഒരു ജനക്കൂട്ടം കാണാം. അതുതന്നെ ടി ഹോട്ടല്‍.

നിങ്ങള്‍ നാടന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ ? എന്നാല്‍ തീര്‍ച്ചയായും ഇവിടുത്തെ ഊണുകഴിക്കാന്‍ മറക്കരുത്‌. (ഒരു പരസ്യവാചകം പോലേ തോന്നുന്നുണ്ടോ ? ഞാന്‍ ഈ ഹോട്ടലിനുവേണ്ടി Marketing Executive ന്റെ പണിചെയ്യുകയൊന്നുമല്ല കെട്ടോ.)നാടന്‍ ഊണാകുമ്പൊള്‍ അധികം വിഭവങ്ങളൊന്നും പ്രതീക്ഷിക്കരുത്‌. ചോറ്‌, സാമ്പാര്‍, തേങ്ങയരച്ച മീന്‍ കറി, ഒരു തോരന്‍, അച്ചാര്‍. പിന്നെ ഇവിടുത്തെ മറ്റ്ടൊരു പ്രത്യേകത മീന്‍ പൊരിച്ചതാണ്‌. ഓര്‍ഡര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ നല്ല ചൂടുള്ള, ആവി പറക്കുന്ന, ശുദ്ദമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത അയക്കൂറ (നെയ്മീന്‍), അയല, മത്തി, ആവോലി ...എല്ലാം കിട്ടും. ഉപ്പും, എരിവും ഒക്കെ പാകത്തിന്‌. ആവശ്യക്കാര്‍ക്ക്‌ മീന്‍ മുളകിട്ടതും കിട്ടും. നല്ല എരിവും, പുളിയുമൊക്കെയായിട്ട്‌. കുടിക്കാന്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം.

തിരക്കാണ്‌ മുഖ്യ പ്രശ്നം. കഴിച്ചുകൊണ്ടിരിക്കുമ്പൊള്‍ തന്നെ നിങ്ങളുടെ പുറകില്‍ ഒന്നോ രണ്ടോ ആളുകള്‍ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ചു നില്‍പുണ്ടാകും. ഈ വിധത്തില്‍ ക്യൂ നില്‍ക്കാതെ പെട്ടെന്നു കഴിച്ചങ്ങ്‌ പോകാം എന്ന പ്രതീക്ഷ വേണ്ട.

മിതമായ നിരക്കില്‍ മനസ്സും, വയറും നിറയും. ഒരിക്കല്‍ ആ രുചി അനുഭവിച്ചാല്‍ വീണ്ടും ഒന്നനുഭവിക്കാന്‍ തോന്നും. തീര്‍ച്ച.

ഇപ്പ്പോള്‍ നിങ്ങള്‍ ശരിക്കും വിചാരിക്കുന്നുണ്ട്‌ ഞാന്‍ ഈ ഹോട്ടലിന്റെ Marketing executive ആയെന്ന്. ശരി. അങ്ങനെതന്നെ വച്ചോളൂ. നഗരജീവിതത്തിന്റെ ലഹരിയില്‍ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ബീഫും, മിക്സ്ഡ്‌ നൂഡില്‍സും, കൊക്ക കോളയും കഴിച്ചു നമ്മുടെ നാവുകള്‍ മറന്ന നാടന്‍ രുചി, മലയാളത്തിന്റെ രുചി ഒന്നോര്‍മ്മിപ്പിക്കാന്‍ ഒരു Marketing Executive ന്റെ വേഷമണിയാനും തയാര്‍.

11 comments:

ശ്രീ said...

ശ്ശെടാ...
ഒന്നു പോണമല്ലോ...
;)

കണ്ണൂരാന്‍ - KANNURAN said...

ഒണ്ടേന്‍ ഹോട്ടലിനു പുതിയ പേര്‍ വന്നു... ഹോട്ടല്‍ ശരണ്യ... എനിക്കീ ഹോട്ടലിനേക്കാളും ഇഷ്ടം റെയില്‍‌വേ സ്റ്റേഷനടുത്തുള്ള ഭാരതിയാ... ഒണക്കന്‍ ഭാരതി... അവിടെയാ യഥാര്‍ത്ഥത്തില്‍ വ്യത്യസ്തമായ നാടന്‍ വിഭവങ്ങള്‍ കിട്ടാറ്... പുട്ട്, കപ്പ അങ്ങിനെ..

കടവന്‍ said...

ഹ ഹ ഹ ഒണക്കന്‍ഭാരതി, പണ്ട് ചൈതന്യയില്‍ ക്ളാനെടുക്കുന്പോള്‍(ഗ്ളാസല്ല, ചൈതന്യ ടെച്നികല്‍ ഇന്സ്റ്റിറ്റ്യൂട്ടെയ്)പിള്ളാരെല്ലാം പറയുന്നത് കേള്‍ക്കാം. ഇപ്പൊ കിറ്റ്യ് സെന്ററിനടുത്ത് (പിറകില്‍) എന്തൊ ഗ്രീന്സൊ അങ്ങനെയെന്തൊ ഒന്നുട് നല്ല ഭക്ഷണം, വ്രിത്തി.

മെലോഡിയസ് said...

ഒണ്ടേന്‍ ഹോട്ടലിനെ പറ്റി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതു പോലെ തന്നെ നല്ല ഒന്നാംതരം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടല്‍ കൂടിയുണ്ട്. ശോ!!..പേര് മറന്നു പോയി. അവിടെ ബിരിയാണി അരിക്ക് വേണ്ടി ഡാര്‍ജിലിങ്ങില്‍ നിന്നൊ മറ്റോ ആണ് അരി കൊണ്ട് വരുന്നത്..ഇനി അത് തലശേ‌ശ്‌രി ഭാഗത്താണോ..? ഓര്‍മ്മയില്ല..എന്തായാലും അതിന്റെ പേര്‍ കൂടെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് കൂടെ പറ..ഇതൊക്കെ വായിച്ചിട്ട് വല്ല സംശയം തോന്നിയോ..ഞാന്‍ ഒന്നാം തരം BP (Bakshana Priyan)കാരനാണേ...;)

നാടന്‍ said...

കണ്ണൂരാന്‍ പറഞ്ഞ ഒണക്കന്‍ ഭാരതിയും നല്ലതുതന്നെ. അവിടുത്തെ പുട്ടും, ചെറുപയറും ഒരു നല്ല കോമ്പിനേഷന്‍ ആണ്‌. അല്ലേ കണ്ണൂരാനേ.

ശാലിനി said...

ഈ ഹോട്ടലിനെ കുറിച്ചല്ലേ വനിതയില്‍ കഴിഞ്ഞപ്രാവശ്യം എഴുതിയിരുന്നത്.

മെലോഡിയസേ, വനിതയില്‍ ഇത്തരം ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയുണ്ട്. വായിച്ചു വായിലൂടെ വെള്ളമ്മൂറുന്ന തരത്തിലാണ് അതിലെ പരിചയപ്പെടുത്തല്‍. എനിക്കാ ഹോട്ടലുകളിലൊക്കെ പോയി കഴിക്കാന്‍ തോന്നും, വായിച്ചുകഴിയുമ്പോള്‍.

ജിസോ ജോസ്‌ said...

മെലോഡിയസ്,

അതു തലശ്ശേരിയിലെ ഹോട്ടല്‍ പാരിസ്....പാരിസ് ബിരിയാണി ഒന്നു വേറേ തന്നെ ! അതിന്റെ മാസലക്കുട്ടുകള്‍ ആണു ഡാര്‍ജിലിങ്ങില്‍ നിന്നു വരുന്നതു...എന്നെ ഒരു ബിരിയാണി അഡിക്റ്റ് ആക്കിയതു പാരിസ് ഹോട്ടല്‍ തന്നെ...ഒപ്പം എന്റെ അമ്മയുണ്ടക്കുന്ന നല്ല ഒന്നാന്തരം മലബാര്‍ ബിരിയാണിയും...ശൊ പറഞ്ഞു വന്നപ്പോള്‍ വായില്‍ കപ്പലിറക്കാനുള്ള വൈള്ളമായി...:)

Satheesh said...

ഹൊ, മറന്നുപോയ ആ ഭക്ഷണത്തിന്റെ രുചി ഇങ്ങിനെ ഓണ്‍ലൈനായി ഓര്‍മ്മിപ്പിച്ച നാടന്‍ നന്ദി!
കോളേജില്‍ പഠിക്കുംപ്പോള്‍ (അങ്ങനെ ‘പഠിക്കുമ്പോള്‍’ എന്ന് ഉറപ്പിച്ച് പറയാന്‍ ഒരു മടിയുണ്ട്! പോകുമ്പോള്‍ എന്ന് തിരുത്തിവായിക്കുക!) ഹോസ്റ്റലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഒണ്ടേനില്‍ നിന്ന് കഴിച്ചിരുന്ന ആ നാളുകള്‍!:)

Unknown said...

കണ്ണൂര്‍ മഹാത്മാ മന്ദിരത്തിന്റെ എതിര്‍ വശത്തുള്ള ചെറിയ റോഡിലൂടെ (പഴയ കേന്‍‌കോ റസ്റ്റാറന്റിന്റെ മുന്‍പിലൂടെ )നടന്നാല്‍ വനിതകളും സേര്‍വ് ചെയ്യുന്ന ഒരു ഹോട്ടലുണ്ട് . പേര് വായിലോളം വരുന്നു , കിട്ടുന്നില്ല . ഒരു പഴയ വീട്ടിലാണ് ഹോട്ടല്‍ . നല്ല ഹോം‌ലിയായ ഭക്ഷണത്തിന് ഞാന്‍ അവിടെയാണ് പോകാറ് .

ഏതായാലും നമ്മള്‍ കണ്ണൂര്‍ക്കാര്‍ക്ക് ഈ ഹോട്ടലുകളിലേതെങ്കിലുമൊന്നില്‍ വെച്ച് കണ്ടൂമുട്ടാമെന്ന് തോന്നുന്നു . നമുക്കും വേണ്ടേ ഒരു കണ്ണൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് ഒക്കെ ...!

മെലോഡിയസ് said...

ശാലിനി, തക്കുടു..നന്ദി. എന്തായാലും ഈദ് കഴിഞ്ഞിട്ട് ഒരു ഇറക്കം ഉണ്ട്. കോഴിക്കോട് തലശേരി വഴി കണ്ണൂര്‍ക്ക്.. പാരിസ് ഹോട്ടലില്‍ ആ വഴി പോകുവാന്‍ ഒരു ചാന്‍സ് ഒത്ത് വന്നാല്‍ പോകണമെന്ന് അത് വായിച്ചപ്പോള്‍ തന്നെ തീരുമാനിച്ചതാ..പക്ഷേ ഈ അടുത്ത് ഇങ്ങനെ ഒരു യാത്ര ചെയ്യേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍..ശെടാ..അതിന്റെ പേര് ഓര്‍മ്മ വരുന്നില്ല..തക്കുടുവിന് പെരുത്ത് നന്ദി ട്ടാ.

നിരക്ഷരൻ said...

എത്ര പ്രാവശ്യം കഴിച്ചിരിക്കുന്നു. കുറെ നാള്‍ ജീവിതം ആ വഴികളില്‍ തന്നെയായിരുന്നു മാഷേ.
:)