Friday, September 28, 2007

"ഹെയില്‍ സീനിയേഴ്സ്‌ !!"

ഏകദേശം 15 കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌. കര്‍ണ്ണാടകയിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ്‌ കോളേജ്‌. പാവം കുട്ടി. ആകെ പരിഭ്രമത്തിലാണ്‌. ആദ്യമായി വീടുവിട്ടു നില്‌ക്കാന്‍ പോവുകയാണ്‌. പ്രവേശനത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ കൂടെ ഹോസ്റ്റലിലേക്ക്‌. ഹോസ്റ്റെല്‍ വാര്‍ഡന്‍ ഏതോ ചില കടലാസുകള്‍ മറിച്ചുനോക്കി പറഞ്ഞു. "Your room is 203". സാമാന്യം സൗകര്യങ്ങളൊക്കെയുള്ള മുറി. കട്ടില്‍, മേശ, കസേര എല്ലാം മൂന്നെണ്ണം. കുട്ടിക്ക്‌ മനസ്സിലായി തന്നെക്കൂടാതെ മറ്റ്‌ രണ്ടുപേര്‍ കൂടി കാണണം. ജനലിനരികെയുള്ള ഇടത്തില്‍ കുട്ടി തന്റെ ബാഗ്‌ ഒതുക്കി വച്ചു."ശരി ... എന്നാല്‍ ഞാന്‍ പോട്ടെ ..." മുറിയും ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ബോധ്യപ്പെട്ട അച്ഛന്‍.കുട്ടിക്ക്‌ വിഷമമായി. തനിച്ചായതുപോലെ.കുട്ടി ഇപ്പോള്‍ കട്ടിലില്‍ ഇരിക്കുകയാണ്‌. ജനലിലൂടെ പുറത്തേക്ക്‌ നോക്കി. പുറത്ത്‌ ചന്നം പിന്നം പെയ്യുന്ന മഴ. ഇതാണോ ഏകാന്തത ? ആയിരിക്കും.

വാതില്‍ക്കല്‍ ഒരു ശബ്ദം. സഹമുറിയനാണ്‌. പരിചയപ്പെട്ടു. ആശ്വാസം. മലയാളി തന്നെ.കുട്ടി ഇപ്പോള്‍ ഈ ചുറ്റുപാട്‌ ഇഷ്ടപ്പെട്ടുവരികയാണ്‌. ധാരാളം മലയാളികള്‍, തരക്കേടില്ലാത്ത ഭക്ഷണം, പഠിക്കാന്‍ പറ്റിയ ശാന്തമായ അന്തരീക്ഷം.

ഇനി കുട്ടി ഇവിടം വെറുക്കാന്‍ പോകുകയാണ്‌.

കുട്ടിയും സഹമുറിയനും എന്തോ സംസാരിച്ചുകൊണ്ട്‌ മുറിയില്‍ ഇരിക്കുകയാണ്‌. വാതിലില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ രണ്ടു പേര്‍. അവ്യക്തമായ മലയാളത്തില്‍ "പേറെന്താ ... നാടെവിടെ ..." എന്നീ കുശലാന്വേഷണങ്ങള്‍. അപാകതയൊന്നും തോന്നിയില്ല. പെട്ടെന്ന് രണ്ടുപേരുടേയും മട്ട്‌ മാറി. "സീനിയെഴ്സിനെ കണ്ടാല്‍ വിഷ്‌ ചെയ്യാനറിയില്ലേടാ", കൂടെ ആദ്യമായി കേള്‍ക്കുന്ന കുറെ വാക്കുകളും. തെറിയാണെന്ന് കുട്ടി മനസ്സിലാക്കി. കുട്ടിയും സഹമുറിയനും ഒരുമിച്ച്‌ "ഗുഡ്‌ ഈവ്നിംഗ്‌". കൂട്ടത്തില്‍ ഒരുവന്‍ "ഇങ്ങനെയല്ല. പഠിപ്പിച്ചു തരാം". ഇടതുകൈകൊണ്ട്‌ അരയുടെ താഴെ അമര്‍ത്തിപ്പിടിക്കണം. വലതുകൈ സമാന്തരമായി പിടിച്ച്‌ "Hail Seniors" എന്ന് ഉറക്കെ "വിഷ്‌" ചെയ്യണം. കുട്ടിയും സഹമുറിയനും പെട്ടെന്ന് പഠിച്ചു. സീനിയെഴ്സിന്‌ ചിരിപൊട്ടി.പെട്ടെന്ന് ഒരുവന്‍ "കാശെട്‌"...അന്തംവിട്ട്‌ നില്‍ക്കുമ്പോള്‍ നേരത്തെ കേട്ട തെറി വീണ്ടും. കുട്ടി ശരിക്കും പേടിച്ചു. ബാഗ്‌ തുറന്നു. കുട്ടിക്ക്‌ വിഷമം വന്നു. പോകാന്‍ നേരം അച്ഛന്‍ "സൂക്ഷിച്ചു വച്ചോ. എന്തെങ്കിലും ആവശ്യം കാണും" എന്നുപറഞ്ഞു തന്നതാണ്‌ 250 രൂപ. മടിച്ചു മടിച്ച്‌ 50 രൂപ കയ്യിലെടുത്തു. "നൂറെടുക്കെടാ ..." പിന്നില്‍ നിന്നും ആക്രോശം. വേറെ മാര്‍ഗ്ഗമില്ല. നൂറിന്റെ നോട്ട്‌ തട്ടിപ്പറിച്ച്‌ പോക്കറ്റില്‍ ഇടുമ്പോള്‍ സീനിയെഴ്സിനു വീണ്ടും ചിരി. "വാതിലടച്ച്‌ കിടന്നോ".കുട്ടിക്ക്‌ ഉറക്കം വന്നില്ല. കര്‍ണാടകയിലേക്കാണ്‌ പഠിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നാട്ടിലുള്ള ആരോ പറഞ്ഞതോര്‍ത്തു. "അവിടെ റാഗിങ്ങൊക്കെ കാണും". ഈശ്വരാ, ഇതാണോ റാഗിങ്ങ്‌? തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ നേരം വെളുപ്പിച്ചു.

ആദ്യ ദിവസമായതുകൊണ്ട്‌ കോളേജില്‍ പരിചയപ്പെടല്‍ മാത്രം. എല്ലാവരും സംസാരിക്കുന്നത്‌ റാഗിങ്ങിനെപ്പറ്റി. ഉച്ചയ്ക്ക്‌ ക്ലാസ്സില്ല. ഹോസ്റ്റലിലേക്ക്‌ പോകാന്‍ ബസ്സ്‌ കാത്തുനില്‍ക്കുന്ന കുട്ടിയുടെയും, സഹമുറിയന്റെയും അടുത്തേക്ക്‌ ഒരു പറ്റം സീനിയെഴ്സ്‌. "വിഷ്‌" ചെയ്യാന്‍ മറന്നില്ല. "ഹോസ്റ്റെലിലെ എല്ലാ ജുനിയേഴ്സും നാളെ ഒരിടം വരെ പോകണം. അതിനുമുമ്പ്‌ ചില രീതികളോക്കെയുണ്ട്‌. ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ മതി", ഒരു സീനിയര്‍.അനുസരിക്കാതെ വയ്യല്ലോ ...കുട്ടിയും, സഹമുറിയനും, മറ്റ്‌ ചില അന്തേവാസികളും ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍. മുടി വെട്ടുന്നവന്‍, കന്നടക്കാരന്‍, ഒരു ചാകര ഒത്തതിന്റെ സന്തോഷത്തില്‍. "ബന്നി, കുത്‌കൊള്ളി, ജൂനിയര്‍സ്‌ അല്ല്വാ ...(വരൂ, ഇരിക്കൂ, ജൂനിയര്‍സ്‌ അല്ലെ)" എല്ലാം അറിയാം എന്ന ഭാവം.തലയിലൂടെ അവന്റെ തുരുമ്പിച്ച കത്രിക ചലിച്ചു. എങ്ങനെ വെട്ടണം എന്ന ചോദ്യമൊന്നുമില്ല. കുട്ടി മനസ്സിലോര്‍ത്തു. ഇതുപോലെ കുറെ ഹതഭാഗ്യരുടെ മുടി വെട്ടിക്കാണണം.പത്തുമിനുട്ടിനകം കാര്യം തീര്‍ന്നു. കുട്ടിക്ക്‌ വീണ്ടും സങ്കടം. പറ്റ്ടെ വെട്ടിയ കുറ്റി മുടിയിലൂടെ വിരലോടിച്ചു. കന്നടക്കാരന്‍ ബാര്‍ബര്‍ മീശ മുളയ്കാത്ത പാവം കുട്ടിയുടെ മുഖത്ത്‌ സോപ്പുപതപ്പിച്ചു. കത്തി വച്ച്‌ വെറുതേ ഒരു പ്രയോഗം. ജൂനിയര്‍സ്‌ എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയാണ്‌. എല്ലാവരും പുതിയ രൂപത്തില്‍. ചിലരെ കണ്ടാല്‍ തലേന്ന് കഥകളി വേഷം കെട്ടാന്‍ പോയ മട്ട്‌.പിറ്റേന്ന് പോകേണ്ടത്‌ സീനിയേഴ്സിന്റെ ഒരു മടയിലേക്കാണെന്ന് മറ്റ്‌ ജൂനിയര്‍സ്‌ അടക്കം പറയന്നത്‌ കുട്ടി ഒരു ഞെട്ടലോടെ കേട്ടു.അന്നും കുട്ടിക്ക്‌ ഉറക്കം വന്നില്ല. ഞാന്‍ ഈ നരകത്തില്‍ എന്തിനാണ്‌ വന്നത്‌ എന്നോര്‍ത്തു. അമ്മയെ ഓര്‍ത്തപ്പോള്‍ കുട്ടിക്ക്‌ കരച്ചില്‍ വന്നു.

രാവിലെ ഒരു സീനിയര്‍ വന്നു എല്ലാവരേയും കൂട്ടിക്കൊണ്ട്‌ പോവുകയാണ്‌. ഏകദേശം പത്തുപേര്‍ കാണും. കുട്ടിയും അവരിലൊരാളായി. ബസ്സിലാണ്‌ യാത്ര. അപരിചിതമായ വഴിയിലൂടെ ഏകദേശം പത്ത്‌ കിലോമീറ്റര്‍. എല്ലാവരുടെയും മുഖത്ത്‌ ഭയം മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. ഒരു സ്റ്റോപ്പ്പ്പെത്തിയപ്പോള്‍ സീനിയര്‍ ഇറങ്ങാന്‍ ആഗ്യം കാണിച്ചു.ഒരിടവഴി കടന്ന് വിജനമായ ഒരു സ്ഥലത്തെത്തി. ശരിക്കും വിജനം. ഒന്നുറക്കെ കരഞ്ഞാല്‍പോലും ആരും കേള്‍ക്കില്ല. കുറ്റിക്കാടുകള്‍ക്കിടയില്‍ ഒരു വീട്‌. പൊട്ടിച്ചിരിച്ചും, അലറിവിളിച്ചും കുറെപേര്‍. ആജാനുബാഹുക്കള്‍. എല്ലാവര്‍ക്കും നല്ല സ്വീകരണം. പലരുടെയും കവിളുകള്‍ ചുവന്നു തിണര്‍ത്തു. ചിലര്‍ കരയാന്‍ തുടങ്ങി. കുട്ടിയും. കരയുന്നതു കണ്ടപ്പോള്‍ രാക്ഷസന്മാര്‍ക്ക്‌ കൂടുതല്‍ രസം.എല്ലാവരേയും വീട്ടിനകത്ത്‌ കയറ്റി. പേടിയുടെ ആക്കം കൂട്ടുന്ന മുറി. പൊടിയും, ചെളിയും, മുഷിഞ്ഞ തുണികളും, മദ്യക്കുപ്പികളും...രാക്ഷസന്മാരുടെ തലവന്‍ എന്നുതോന്നിക്കുന്ന ഒരാള്‍... ആറടിക്കുമേല്‍ പൊക്കം, നല്ല വണ്ണം, നീട്ടിവളര്‍ത്തിയ മുടി, ഭീകര രൂപം, വായില്‍ മുറുക്കാന്‍. കുട്ടിയുടെ അടുത്തെത്തി. കവിളില്‍ പിടിച്ചുയര്‍ത്തിക്കൊണ്ട്‌ അലറി "ഇതാണെന്റെ പുതിയ കോളാമ്പി". രാക്ഷസന്‍ മുറുക്കാന്‍ ചവച്ചു കൊണ്ട്‌ മുഖം കുട്ടിയുടെ മുഖത്തിനടുത്തേക്ക്‌ കൊണ്ടുവന്നു. കുട്ടി കണ്ണുകള്‍ ഇറുക്കി അടച്ചു. കവിളില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ കുട്ടിയുടെ വായ തനിയേ തുറന്നു. രാക്ഷസന്റെ മുറുക്കാന്‍ നിറഞ്ഞ വായ കുട്ടിയുടെ വായയുടെ തൊട്ടടുത്ത്‌. രാക്ഷസന്‍ ശക്തിയായി ഒന്ന് കാര്‍ക്കിച്ചു, തുപ്പാനാഞ്ഞു. പെട്ടെന്ന് കവിളിലെ കൈ അയഞ്ഞു. എന്തോ ഓര്‍ത്തപോലെ രാക്ഷസന്‍ പിടിവിട്ടു, എന്നിട്ടലറി "എല്ലാവന്മാരും നിരന്നു നില്‍ക്കെടാ ...". അനുസരിച്ചു.അടുത്ത ആജ്ഞ "തുണിയഴിക്കെടാ ... Strip, Strip. എല്ലാവരും ഞെട്ടി. കൂട്ടത്തില്‍ ചില പാവങ്ങള്‍ നിന്ന് കരയുകയാണ്‌.കുട്ടിയും.ശങ്കിച്ചുനിന്ന എല്ലാവരേയും നിമിഷനേരം കൊണ്ട്‌ രാക്ഷസനും കൂട്ടരും നഗ്നരാക്കി. എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കോ ക്രൂര മര്‍ദ്ദനം. പൂര്‍ണനഗ്നരായ പാവം ബലിയാടുകളുടെ ചുറ്റും നടന്ന് പരിഹസിക്കുകയും, അട്ടഹാസം മുഴക്കുകയുമാണ്‌ രാക്ഷസര്‍. ചിലരെ സിമന്റ്‌ തറയില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു. വേറേയും എന്തൊക്കെയോ പേക്കൂത്തുകള്‍....കുറേനേരം.അവശരായ എല്ലാവരോടും വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങാന്‍ പറഞ്ഞു. തിരിച്ച്‌ ഹോസ്റ്റെലിലേക്ക്‌. ആരും ഒന്നും മിണ്ടിയില്ല.

ഈ വിധത്തിലുള്ള ക്രൂരതകള്‍ പിന്നേയും തുടര്‍ന്നു. ഏകദേശം രണ്ടുമാസത്തോളം. പിന്നെ രാക്ഷസന്മാരെ കാണാതായി. മടുത്തതാവണം.

ഇപ്പോള്‍ കുട്ടി ഈ ചുറ്റുപാട്‌ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങി. എന്തെന്നാല്‍ ഇപ്പോള്‍ കുട്ടിയും ഒരു സീനിയര്‍ ആയി... ഹോസ്റ്റെലിന്റേയും, കോളേജിന്റേയും മുക്കിനും, മൂലയില്‍നിന്നും "Hail Seniors" ഇടതടവില്ലാതെ കേട്ടുകൊണ്ടിരുന്നു.

സമര്‍പ്പണം : ആ നാളുകളില്‍ എന്നോടൊപ്പം കരഞ്ഞ എന്റെ സുഹ്രുത്തുക്കള്‍ക്ക്‌ ...

7 comments:

ശ്രീ said...

ഉം... ഓര്‍‌മ്മകളിലൂടെ ഞാനും കുറച്ചു ദൂരം സഞ്ചരിച്ചു. കുറച്ചൊക്കെ ഞങ്ങളും അനുഭവിച്ചിട്ടുണ്ട്.

ഒരു ദുരന്തം തന്നെ ഇത്... തനിക്കു കിട്ടുന്നത് തിരിച്ചു കൊടുക്കാന്‍‌ കഴിവില്ലാത്തവര്‍‌ തനിക്കു ശേഷം വരുന്നവരോട് ആ പക തീര്‍‌ക്കുന്നു. അവരത് അടുത്ത ബാച്ചിലേയ്ക്ക് പകരുന്നു... അങ്ങനെ അവസാനമില്ലാ‍തെ...

കുഞ്ഞന്‍ said...

ഇന്നു ഞാന്‍ നാളെ നീ......

സഹയാത്രികന്‍ said...

എന്ത് പറയാനാ മാഷേ... പറഞ്ഞ് കേട്ട അറിവേ ഉള്ളൂ ഈ തരത്തിലുള്ള റാഗിംങ്ങ്നെക്കുറിച്ച്... ഹോസ്റ്റ്ല്‍ ജീവിതത്തിനു താത്പര്യമില്ലായിരുന്നു...അത് കൊണ്ട് പല പഠനങ്ങളും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്...
റാഗിംങ്ങ് കണ്ടത് തൃശ്ശൂര്‍ എം.ടി.ഐ. യില്‍ പഠിക്കുന്ന കാലത്താണു... ഒരു തരം വൃത്തികെട്ട പരിചയപ്പെടല്‍...ഒരിക്കലേ പിടി കൊടുത്തിട്ടുള്ളൂ.... അത് കൊണ്ട് തന്നെ ഞങ്ങള്‍ സീനിയേഴ്സ് ആയപ്പോള്‍ റാഗിംങ്ങ് തടയാനും ശ്രമിച്ചിരുന്നു....
ക്ളാസിലെ സര്‍വ്വസമ്മതരായിരുന്നത് കൊണ്ട് ഒരു പരിധി വരെ അതില്‍ വിജയിച്ചിരുന്നു...
എന്നാലും എല്ലയിടത്തും കാണുമല്ലോ പാഷാണത്തിലെ കൃമികള്‍....

ഏ.ആര്‍. നജീം said...

റഗിങ്ങ് ഒക്കെ ഒരു പരിധിവരെ നല്ലത് തന്നാ പക്ഷേ..
ഇപ്പോഴൊക്കെ ജൂനിയര്‍ ആയിട്ടുള്ളവര്‍ തന്നെ സംഘടിക്കുന്നതിനാല്‍
ഇതിനൊക്കെ അല്പം കുറവുണ്ടെന്ന് തോന്നുന്നു..ആശ്വാസം

കുറ്റ്യാടിക്കാരന്‍|Suhair said...

"അമ്മയെ ഓര്‍ത്തപ്പോള്‍ കുട്ടിക്ക്‌ കരച്ചില്‍ വന്നു"

ചില വാക്കുകള്‍ എന്നെ
ഹോസ്റ്റല്‍ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുപോയി, ഉമ്മയെ ഓര്‍മ്മിപ്പിച്ചു,,,, ഇങ്ങനെ ഒരു അനുഭവം എനിക്ക്‌ ഉണ്ടായിട്ടില്ലെങ്കിലും...

നിരക്ഷരൻ said...

പറഞ്ഞാലും പറഞ്ഞാലും തീരാത്ത റാഗിങ്ങ് കഥകളില്‍ നിന്ന് ഒരേട് മാത്രം.

സാത്വികന്‍ said...

ഇത്രയൊക്കെ അനുഭവിച്ചിട്ടു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിലെങ്കില്‍ പാപം കിട്ടും