Saturday, December 22, 2007

പാസ്‌വേര്‍ഡ്‌ വേണം.

രാവിലെ ഓഫീസില്‍ എത്തി. ജോലി തുടങ്ങാന്‍ ലാപ്റ്റോപ്‌ ഒാണ്‍ ചെയ്തു. അകത്തോട്ട്‌ പോകാന്‍ പാസ്‌വേര്‍ഡ്‌ വേണം. ഓര്‍മ്മയുണ്ട്‌. കേറി. അയ്യോ, ഓഫീസ്‌ മെയില്‍ നോക്കണമല്ലോ ? Lotus Notes ല്‍ ക്ലിക്കി. പാസ്‌വേര്‍ഡ്‌ വേണം. ഓര്‍മ്മയുണ്ട്‌. കേറി. നോക്കി. രണ്ട്‌, മൂന്ന് പ്രശ്നങ്ങള്‍ക്ക്‌ തീര്‍പ്പുകല്‍പ്പിക്കണം. Unix ല്‍ കേറണം. പാസ്‌വേര്‍ഡ്‌ വേണം. ഓര്‍മ്മയുണ്ട്‌. കേറി. പ്രശ്നങ്ങള്‍ തീര്‍ത്തു. ഇന്ന് ഒന്നാം തീയ്യതിയാണല്ലോ. ശമ്പളം വന്നുകാണും. ബാങ്കിന്റെ വെബ്‌ സൈറ്റില്‍ കേറി. പാസ്‌വേര്‍ഡ്‌ വേണം. ഓര്‍മ്മ .... ഓര്‍മ്മയുണ്ട്‌. കേറി. എക്കൗണ്ട്ന്‍ കണ്ടു. സന്തോഷം. ഏതായാലും ഇന്റര്‍നെറ്റില്‍ വന്നതല്ലേ. yahoo, hotmail, gmail, orkut ഒന്ന് വിസിറ്റാം. എങ്ങോട്ടു തിരിഞ്ഞാലും പാസ്‌വേര്‍ഡ്‌, പാസ്‌വേര്‍ഡ്‌. ഹോ, നല്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌. ഒരു കമന്റിട്ടേക്കാം. പാസ്‌വേര്‍ഡ്‌ ഇട്ടിട്ടുള്ള കമന്റ്‌ മതിയെന്ന് ബ്ലോഗര്‍.സുഹ്രുത്തിനെ വിളിക്കാന്‍ ഫോണെറ്റുത്തു. പിള്ളേര്‍ക്ക്‌ കളിക്കാന്‍ ഉള്ള വസ്തുവാണല്ലോ മൊബൈല്‍ ഫോണ്‍. അതിനാല്‍ അവിടേയും പാസ്‌വേര്‍ഡ്‌ തന്നെ. മാസാദ്യം ചിലവുകള്‍ കൂടും. ബാങ്കില്‍ ചെന്ന് കാശെടുക്കണം. A.T.M Machine, "Enter your password". Account ല്‍ കുറച്ച്‌ confusion. ബാങ്കിന്റെ HelpLine ല്‍ വിളിച്ചു. "Enter your Account Number" ഇതാ പിടിച്ചോ. "Enter your Telephone Identification Password. അയ്യോ .... പാസ്‌വേര്‍ഡ്‌ !!

ജീവിതത്തില്‍ ഒരു പാസ്‌വേര്‍ഡിനുള്ള സ്വാധീനം കുറച്ചൊന്നുമല്ല. എത്രയെത്ര പാസ്‌വേര്‍ഡുകളാണ്‌ നമ്മള്‍ ഒാര്‍ത്തുവയ്ക്കേണ്ടത്‌ ? ഇനി, ശ്വസിക്കുന്നതിനായി വായു വലിക്കുമ്പോള്‍, എന്നാണാവോ നമ്മുടെ മൂക്ക്‌ നമ്മളോട്‌ "Enter your Password" എന്ന് പറയാന്‍ പോകുന്നത്‌ ? ഭക്ഷണം കഴിക്കാനായി വായ തുറക്കുമ്പോള്‍ വായ എന്നാണാവോ "Enter Password" എന്ന് പറയാന്‍ പോകുന്നത്‌ ? നടക്കാന്‍ തുടങ്ങുമ്പോള്‍ കാലും "Access denied. Enter your password" എന്ന് പറയുന്ന കാലം വന്നേക്കും !!

[I.T field - ല്‍ ജോലി നോക്കുന്ന ഈയുള്ളവന്‍ ഇങ്ങനെയൊക്കെ പറയാന്‍ പാടില്ലാത്തതാണ്‌. എങ്കിലും ...]

Monday, December 17, 2007

പക്ഷേ

നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ച്‌ കിട്ടുകയും, വീണ്ടും ഒരിക്കല്‍ കൂടി അത്‌ നഷ്ടമാവുകയും ചെയ്യുമ്പോഴുള്ള വേദന. അത്‌ എത്രതോളം കഠിനമാണെന്ന് പക്ഷേ എന്ന ചിത്രം പ്രതിഫലിപ്പിക്കുന്നു.

ഇല്ലിക്കല്‍ ഗ്രാമത്തിലെ പ്രാരാബ്ധങ്ങളും, കടബാധ്യതകളും ഉള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ്‌ I.A.S പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന ബാലചന്ദ്രന്‍ (മോഹന്‍ലാല്‍). വിവാഹപ്രായമെത്തിയ രണ്ട്‌ സഹോദരികള്‍, കേസും, കടങ്ങളും കൊണ്ട്‌ നട്ടം തിരിയുന്ന അച്ഛന്‍ (കരമന), അമ്മ (സുകുമാരി),കളിക്കൂട്ടുകാരിയും, കാമുകിയുമായ നന്ദിനിക്കുട്ടി (ശോഭന), ഗുരുവും അതിലേറെ നല്ല സുഹ്രുത്തുമായ ഉണ്ണിയേട്ടന്‍ (വേണു നാഗവള്ളി) എന്നിവരിലൊതുങ്ങുന്നു ബാലന്റെ ലോകം. കേസ്‌ തോറ്റ അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. I.A.S ലഭിക്കുന്ന ബാലന്‍, കടം കേറി, വീട്‌ ജപ്തി നടക്കുന്ന ഘട്ടം വന്നപ്പൊള്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ, തന്റെ പ്രണയം നഷ്ടപ്പെടുത്തിക്കൊണ്ട്‌, ഉണ്ണിയേട്ടന്റെ സുഹ്രുത്തായ ഗോവിന്ദമേനോന്‍ (സോമന്‍) വഴിയുള്ള വിവാഹാലോചനയ്ക്‌ സമ്മതം മൂളുന്നു. തന്റെ മകള്‍ രാജി (ശാന്തി കൃഷ്ണ) യുമായി ബാലന്റെ വിവാഹമുറപ്പിച്ച വിക്രമന്‍ കോണ്ട്രാക്റ്റര്‍ (തിലകന്‍), ബാലന്റെ കുടുംബത്തെ കടങ്ങളില്‍ നിന്നും കര കേറ്റുന്നു. തന്റെ കുടുംബത്തിന്‌ വേണ്ടി, പ്രണയം ത്യജിക്കാന്‍ തയ്യാറാവുന്ന ബാലനോട്‌, "ഇങ്ങനെയൊരു ത്യാഗം ഈ ലോകത്ത്‌ നമുക്കുമാത്രമേ ചെയ്യാന്‍ കഴിയൂ" എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുന്ന നന്ദിനിക്കുട്ടിയെ ആശ്വസിപ്പിക്കാനാവാതെ ബാലന്‍ ഇല്ലിക്കല്‍ ഗ്രാമം വിടുന്നു.
വിക്രമന്‍ കോണ്ട്രാക്റ്റര്‍ക്ക്‌ ഈ വിവാഹം വെറുമൊരു കച്ചവടം മാത്രമാണ്‌. തന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ബാലന്റെ I.A.S പദവി ദുരുപയോഗപ്പെടുത്തുകയാണ്‌ അദ്ദേഹം. രാജിയാകട്ടെ, ഭര്‍ത്താവിനെ അവഗണിച്ച്‌ ക്ലബ്ബും, പൊങ്ങച്ചവും, പരദൂഷണവുമായി നടക്കുന്നു. കുട്ടികളുടെ കാര്യം നോക്കാന്‍ പോലും അവര്‍ക്ക്‌ സമയമില്ല. മദ്യപിച്ച്‌ എത്തുന്ന ബാലന്‍ "ബാത്ത്‌ ടബ്ബില്‍ വെള്ളം നിറച്ച്‌ വെയ്ക്കട്ടെ. ഒന്ന് സുഖമായി ഉറങ്ങണം" എന്ന് പറയുമ്പോഴും, കിടപ്പറയില്‍ രാജി മറ്റ്‌ സ്ത്രീകളുടെ അവിഹിത ബന്ധത്തിന്റെ കഥ പറയുമ്പോഴും, ബാലനെത്തന്നെ സംശയിച്ച്‌ തുടങ്ങുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ ഇളകിയതായി നമ്മള്‍ അറിയും. തന്റെ സുഹ്രുത്തിനു വേണ്ടി നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പറയുന്ന വിക്രമനോടും, പിന്നെ രാജിയോടും എതിര്‍ക്കുന്ന ബാലന്‍, വീട്‌ വിടാന്‍ നിര്‍ബന്ധിതനാകുന്നു. താനെങ്ങോട്ടാണ്‌ പോകുന്നത്‌ എന്ന്, ഗോവിന്ദമേനോനോട്‌ മാത്രം പറഞ്ഞ്‌ ഒരു റിസോര്‍ട്ടില്‍ തന്റേതായി മാത്രം കുറച്ച്‌ ദിവസങ്ങള്‍ ചിലവിടാന്‍ ബാലന്‍ തീരുമാനിക്കുന്നു.
റിസോര്‍ട്ടില്‍ വച്ച്‌ പരിചയപ്പെടുന്ന ഈനാശു (ഇന്നസെന്റ്‌) വുമായി കുറേ നല്ല നിമിഷങ്ങള്‍. ഇതിനിടെ വിക്രമന്‍ വിവാഹമോചനത്തിനുള്ള പേപ്പറുകള്‍ ഗോവിന്ദമേനോന്‍ മുഖേന ബാലന്റെ കയ്യില്‍ നിന്നും ഒപ്പിട്ടു വാങ്ങുന്നു.അപ്രതീക്ഷിതമായി അതേ റിസോര്‍ട്ടില്‍ താമസിക്കാന്‍ നന്ദിനിക്കുട്ടിയും എത്തുകയും, അവര്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. നന്ദിനിക്കുട്ടി ഒരു വലിയ എഴുത്തുകാരിയായി. എങ്കിലും ഒറ്റയ്ക്കുള്ള ജീവിതം. "ഒന്നാലോചിച്ചാല്‍ ഞാന്‍ കല്യാണം കഴിച്ചതും, നന്ദിനിക്കുട്ടി കല്യാണം കഴിക്കാതിരുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല" എന്നു പറയുന്ന ബാലന്‍, തന്റെ കുടുംബ ജീവിതത്തെ പറ്റി നന്ദിനിക്കുട്ടിയോട്‌ മനസ്സുതുറക്കുന്നു. ഇവര്‍ക്കിടയില്‍ പൊയ്പ്പോയ പ്രണയം വീണ്ടും തളിര്‍ക്കുന്നു.ഒന്നിക്കാന്‍ തീരുമാനിക്കുന്ന ഇവര്‍ ഡെല്‍ഹിയില്‍ താമസമാക്കാന്‍ തീരുമാനിക്കുന്നു. ഫ്ലൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌, പോകാനൊരുങ്ങുന്ന ബാലന്റെ മുന്നിലേക്ക്‌ അപ്രതീക്ഷിതമായി രാജിയും, കുട്ടികളും കടന്നു വരുന്നു. കൂടെ ഗോവിന്ദമേനോനും. എല്ലാ തെറ്റുകളും, കുറ്റങ്ങളും ഏറ്റുപറഞ്ഞ്‌ ബാലന്റെ കാല്‍ക്കല്‍ വീണ്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ മാപ്പപേക്ഷിക്കുന്ന രാജി "എന്റെ ബാലേട്ടന്റെ മാത്രമായി ഇനി എനിക്ക്‌ ജീവിക്കണം" എന്ന് പറയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ ബാലന്‍. ഒരിക്കല്‍ കൂടി അവസാനമായി നന്ദിനിക്കുട്ടിയെ കാണുന്ന ബാലന്‍ എല്ലാ നിയന്ത്രണവും വിട്ട്‌ പൊട്ടിക്കരയുന്നു. നന്ദിനിക്കുട്ടി കരയുന്നില്ല. "കുറച്ച്‌ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും തിരുത്താനാവാത്ത ഒരു തെറ്റ്‌ നമ്മള്‍ ചെയ്തേനെ. ഇങ്ങനെയൊരു ത്യാഗം ഈ ലോകത്ത്‌ നമുക്കുമാത്രമേ ചെയ്യാന്‍ കഴിയൂ" എന്ന് പറഞ്ഞ്‌ ബാലനെ ആശ്വസിപ്പിച്ചയക്കുന്നു. ബുക്ക്‌ ചെയ്ത ഫ്ലൈറ്റ്‌ ടിക്കറ്റ്‌ നന്ദിനിക്കുട്ടിയുടെ കയ്യില്‍ കൊടുത്ത്‌, രാജിയുടെയും, കുട്ടികളുടേയും കൂടെ ബാലന്‍ പോകുന്ന കാഴ്ച്‌ കണ്ട്‌ പൊട്ടിക്കരയുന്ന നന്ദിനിക്കുട്ടി. കാറില്‍, ദുഖം സഹിക്കാന്‍ വയ്യാതെ കണ്ണുനിറഞ്ഞ്‌, വിദൂരതയില്‍ നോക്കി ബാലന്‍.

ചെറിയാന്‍ കല്‍പകവാടിയുടെ മനോഹരമായ കഥ, സംവിധാനം ചെയ്തത്‌ മോഹന്‍. ഗാനങ്ങള്‍ കൈതപ്രം, ജോണ്‍സണ്‍ മാഷിന്റെ സംഗീതവും.

മോഹന്‍ലാലിന്റെ മനോഹരമായ അഭിനയം. പ്രത്യേകിച്ച്‌, അല്‍പം സീരിയസ്‌ ആയ ഒരു I.A.S ഓഫിസര്‍ ആയി. റിസോര്‍ട്ടില്‍ വച്ച്‌ വീണ്ടും ശോഭനയെ കണ്ടുമുട്ടുന്നതും, അവസാനം വീണ്ടും പിരിയേണ്ടിവരുന്നതുമായ രംഗങ്ങള്‍ വികാര തീവ്രതയോടെ അവതരിപ്പ്പ്പിച്ചിരിക്കുന്നു.

നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ച്‌ കിട്ടുകയും, വീണ്ടും ഒരിക്കല്‍ കൂടി അത്‌ നഷ്ടമാവുകയും ചെയ്യുമ്പോഴുള്ള വേദന ....

Sunday, December 9, 2007

നോര്‍ത്ത്‌ മലബാറി സ്റ്റയില്‍

തനി നോര്‍ത്ത്‌ മലബാറി സ്റ്റയിലില്‍ ഒരു സംഭാഷണം. കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ... ബൂലോകത്തെ എത്ര പേര്‍ക്ക്‌ ഇത്‌ മനസ്സിലാവും എന്നറിയില്ല. അതുകൊണ്ട്‌, ഇതിനെ സാധാരണ രീതിയില്‍ മാറ്റിയും താഴെ എഴുതിയിട്ടുണ്ട്‌.

നീ എപ്പാ ബന്ന്ന്‌ ?
ഞാമ്പന്നിറ്റ്‌ കൊര്‍ചേരായപ്പാ ?
ഓ... അത്‌യാ ? എന്‍ന്റ്‌ കൂറ്റൊന്നും കേട്ട്റ്റില്ലല്ലാ ...?
ഞാന്‍ ഈട കുത്തീര്‌ക്കുവാര്‌ന്ന്‌
നീ എന്തെങ്കിലും ബെയ്ചുവാ ?
ഇല്ല പ്പാ ...എന്നാ ബാ ... കൊറച്ച്‌ ബറ്റും, ബെള്ളോം കുടിച്ച്റ്റ്‌ പോട്‌.
എനക്ക്‌ ബേഗം പോണപ്പാ ... എന്ന കണ്ടിറ്റില്ലേങ്കില്‌ കുഞ്ഞ്യള്‌ ബൈരം കൊട്ക്കാന്‍ തൊടങ്ങും.
അല്ലപ്പാ ... ഈട ബെരേ ബന്നതല്ലേ ? എന്തെങ്കിലും ബേയ്ച്ചിറ്റ്‌ പോട്‌.
എന്നാ കൊണ്ടാ ...
ഇന്ന് പുളിങ്കറിയേ ആക്കീറ്റുള്ളൂ ... മീനൊന്നും കിട്ടീറ്റില്ല.
അയിനെന്നാപ്പാ ... എന്തായാലും കൊയപ്പൂല്ല.
യിനിക്ക്‌ ബേണങ്കില്‌ ഒണക്ക്‌ വറക്കാം ... ബേണാ ?
ബേണ്ടപ്പാ ... ഇതന്നെ അധികാ ...
കുഞ്ഞ്യളച്ഛന്‍ രാവില കീഞ്ഞ്‌ പോയതാന്ന്. ഇനി എപ്പാ ബെരുവാ എന്നാരിക്കറിയാ ... ബെരുംബം ബെള്ളോം കുടിച്ചിറ്റാരിക്കും ബെര്‌ന്നത്‌. എനക്ക്‌ കയ്യൂല്ലെന്റെ മുത്തപ്പാ ...
നീ ഇങ്ങന കാളീറ്റെന്നാ കാരിയം ?
കാളാനല്ലാണ്ട്‌ എനക്ക്‌ എന്നാ കയിയുവാ ? കുഞ്ഞ്യളപ്പറ്റീറ്റ്‌ ഓര്‍ക്ക്‌ എന്തെങ്കിലും വിചാരൂണ്ടാ ... പണ്ടാരക്കാലന്‍ ... ഒറ്റ ചില്ലി ഉറുപ്പിക കയ്യിലിണ്ടാവൂല്ല. ചെക്കന്‌ സ്കൂള്‌ പോണം, സ്കൂള്‌ പോണം എന്ന് പറഞ്ഞ്‌ ബൈരം കൊടുക്കാനേ നേരൂള്ളൂ.
ഇന്നാ ... നീ ഇത്‌ കയ്യില്‌ ബെച്ചോ ... നൂറ്‌ണ്ട്‌.
അയ്യോ, ബേണ്ടപ്പാ ... ഇനിക്ക്‌ ഞാന്‍ കൊറെ തെരാനില്ലേ ?
കൊയപ്പൂല്ലെന്റെ ദേവ്യേച്ചീ ... ഇങ്ങള്‌ ഇത്‌ ആട ബെക്ക്‌ ... പിന്ന ദേവ്യേച്ചീ ... എന്റ ചെക്കന്റെച്ഛന്‍ ഇള്ളപ്പം, ഒാറ്‌ കുടിച്ച്റ്റ്‌ ബെരുംബം ഞാനും ഇങ്ങന പ്‌രാവുവായിരുന്ന്. ഇപ്പം തോന്ന്ന്ന് കുടിച്ചാലും ബേണ്ടീല്ല, ചെക്കന്‌ അച്ഛന്‍ മതിയാര്‍ന്നൂന്ന്. അല്ലാ ... ഇനി പറഞ്ഞിറ്റ്‌ എന്നാ കാരിയം. എല്ലം പോയില്ലേ ....
....
നിനിക്ക്‌ ചവക്കാന്‍ ബേണാ ?
പൊകേല നല്ലത്ണ്ടാ ?
ഉം. കൊറേശ കയ്പ്പ്ണ്ട്‌.
എന്നാപ്പിന്ന ഞാമ്പോട്ടേ ? നീ ബാതിലടച്ച്‌ ഓടാമ്പലിട്ടോ ...
========================================================
നീ എപ്പഴാ വന്നത്‌ ?
ഞാന്‍ വന്ന് കുറച്ച്‌ നേരമായി.
അതെയോ ... എന്നിട്ട്‌ ശബ്ദമൊന്നും കേട്ടില്ലല്ലോ ?
ഞാന്‍ ഇവിടെ ഇരിക്കുകയായിരുന്നു.
നീ എന്തെങ്കിലും കഴിച്ചോ ?
ഇല്ല.
എന്നാല്‍ വാ. കുറച്ച്‌ കഞ്ഞി കുടിച്ചിട്ട്‌ പൊയ്ക്കോ.
എനിക്ക്‌ പെട്ടെന്ന് പോകണം. എന്നെ കണ്ടില്ലെങ്കില്‍ കുട്ടികള്‍ കരയാന്‍ തുടങ്ങും.
ഏതായാലും ഇവിടെ വരെ വന്നതല്ലെ. എന്തെങ്കിലും കഴിച്ചിട്ട്‌ പോകൂ.
ശെരി തരൂ.
ഇന്ന് പുളിശ്ശേരി മാത്രമേ ഉണ്ടാക്കിയുള്ളു. മല്‍സ്യമൊന്നും കിട്ടിയില്ല.
ഓ. അതിനെന്താ. ഒരു കുഴപ്പവുമില്ല.
നിനക്ക്‌ വേണമെങ്കില്‍ ഉണക്ക മല്‍സ്യം വറുക്കാം.
ഓ. വേണ്ടാ. ഇതു തന്നെ ധാരാളം.
പിള്ളേര്‍ടെ അച്ഛന്‍ രാവിലെ പോയതാ. ഇനി വരുമ്പോള്‍ കുടിച്ചിട്ടായിരിക്കും വരുന്നത്‌. എനിക്ക്‌ വയ്യ എന്റെ ഈശ്വരന്മാരേ ...
നീ ഇങ്ങനെ കരഞ്ഞിട്ട്‌ എന്താ കാര്യം ?
കരയാനല്ലാതെ പിന്നെ എനിക്ക്‌ എന്താ കഴിയാ ? കുട്ടികളെപ്പറ്റി ആ കാലമാടന്‌ ഒരു വിചാരവുമില്ല. ഒറ്റ പൈസ കയ്യില്‍ കാണില്ല. മോനാണെങ്കില്‍ സ്കൂളില്‍ പോകണം, സ്കൂളില്‍ പോകണം എന്നു പറഞ്ഞ്‌ എന്നും കരച്ചില്‍ തന്നെ.
ഇന്നാ നീ ഇത്‌ വച്ചോ. നൂറ്‌ രൂപയുണ്ട്‌.
അയ്യോ... വേണ്ട. നിനക്ക്‌ ഞാന്‍ കുറേ കാശ്‌ തരാനില്ലേ ?
അത്‌ കുഴപ്പമില്ല ദേവി ചേച്ചി. ചേച്ചി ഇത്‌ വയ്ക്ക്‌. പിന്നെ ചേച്ചീ, എന്റെ മോന്റെ അച്ഛന്‍ കുടിച്ചിട്ട്‌ വരുമ്പോള്‍ ഞാനും ഇതുപോലെ പ്‌രാവുമായിരുന്നു. ഇപ്പോള്‍ തോന്നുന്നു കുടിച്ചാലും വേണ്ടൂല്ല മോന്‌ അച്ഛനെ മതിയായിരുന്നു എന്ന്. ഇനി പറഞ്ഞിട്ട്‌ എന്താ കര്യം. എല്ലാം പോയി...
....
നിനക്ക്‌ മുറുക്കാന്‍ വേണോ ?
പുകയില നല്ലതുണ്ടോ ?
ഉം. കുറച്ച്‌ കയ്പ്പുണ്ട്‌.
എന്നാല്‍ ഞാന്‍ പോട്ടേ. നീ വാതിലടച്ച്‌ കുറ്റിയിട്ടോ.

Monday, December 3, 2007

ശബരിമല - ഇതും കൂടി ...

അയ്യപ്പദര്‍ശനം കഴിഞ്ഞ്‌ ഇന്നലെ എത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌, വളരെ നല്ല പുരോഗതികളാണ്‌ പമ്പയിലും സന്നിധാനത്തും കാണാന്‍ കഴിഞ്ഞത്‌. അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌, പ്ലാസ്റ്റിക്ക്‌ നിരോധനം തന്നെ. എല്ലാ അയ്യപ്പന്മാരും ഇത്‌ കൃത്യമായി പാലിക്കുന്നുമുണ്ട്‌. പമ്പയും പരിസരവും വൃത്തിയുടെ കാര്യത്തില്‍ വളരെ മുന്നിലെത്തി. അയ്യപ്പസേവാസമിതിയുടെ ഔഷധ ജലവിതരണം സ്വാമി ഭക്തര്‍ക്ക്‌ വളരെ അനുഗ്രഹമായി. പ്ലാസ്റ്റിക്ക്‌ കുപ്പികളുമായി കുടിവെള്ളത്തിനുവേണ്ടി അലയേണ്ട ആവശ്യമില്ല. കാരണം, മല കയറ്റത്തിലും, സന്നിധാനത്തുമായി അനേകം സ്റ്റാളുകള്‍, വിതരണത്തിനായി അനേകം സഹായികള്‍. പിന്നെ മിനറല്‍ വാട്ടര്‍ വാങ്ങി കാശ്‌ കളയേണ്ട ആവശ്യവും ഇല്ല.

ഇനി, "കരിമല കയറ്റം കഠിനമെന്റയ്യപ്പാ" എന്നത്‌ മാറ്റി, "പമ്പാ-നിലയ്ക്കല്‍ കഠിനമെന്റയ്യപ്പാ" എന്നാക്കണമോ എന്നൊരു സംശയം. അയ്യപ്പന്മാര്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്‌ ചെയ്യേണ്ടത്‌ നിലയ്ക്കല്‍ ആണല്ലോ (പമ്പയില്‍ നിന്നും 22 കി.മി).ദര്‍ശനം കഴിഞ്ഞ്‌, മലയിറങ്ങി ക്ഷീണിച്ച്‌ വരുന്ന അയ്യപ്പന്മാര്‍ക്ക്‌ പമ്പയില്‍ നിന്നും നിലയ്കല്‍ എത്തുക എന്നത്‌ കഠിനമായ ഒരു പരീക്ഷണമാണ്‌. K.S.R.T.C യുടെ ബസ്സുകള്‍ നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. പക്ഷേ ഇതിന്‌ ഒരു വ്യവസ്ഥയില്ല. ഒരു ബസ്‌ വന്നാല്‍ അയ്യപ്പന്മാര്‍ എല്ലാരും കൂടി ഓടും. അപ്പോള്‍ കണ്ടക്റ്റര്‍ വാതില്‍ തുറക്കാതെ പറയും സ്റ്റാന്റില്‍ വന്ന് കേറാന്‍. സ്റ്റാന്റില്‍ പോകുമ്പോഴോ, ചില ബസ്സുകള്‍ കുറേ അകലെ തന്നെ നിര്‍ത്തും. ബസ്സില്‍ കേറുന്നതിന്‌, ഒരു യുദ്ധം തന്നെ. ചവിട്ടി, കുത്തി, ഇടിച്ച്‌ മാറ്റി. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ചില അയ്യപ്പന്മാര്‍ കേറി സീറ്റ്‌ പിടിക്കുന്നു. മറ്റുള്ളവര്‍ തള്ളി മാറ്റി ഇരിക്കുന്നു. പിന്നെ അടി, തെറി വിളി. അയ്യപ്പനെ കണ്ട പുണ്യം അപ്പോള്‍ തന്നെ ഇല്ലാതാക്കുകയാണ്‌ ചിലര്‍. ഈ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ പരാചയമാണ്‌ കാണാന്‍ കഴിഞ്ഞത്‌. ഇത്‌ വളരെ ലളിതമായി പരിഹരിക്കാം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഒരു ക്യു സംവിധാനത്തിലൂടെ. ഒരു പോലീസുകാരനെ നിര്‍ത്തിയാല്‍ മതി. ടിക്കറ്റ്‌ എടുത്ത്‌ ക്യുവില്‍ നില്‍ക്കുക. ബസ്‌ വന്ന് ആളെ കയറ്റുക, ബസ്സ്‌ നിറഞ്ഞാല്‍ പോവുക. സന്നിധാനത്തില്‍ എല്ലാ കാര്യത്തിനും ക്യു അല്ലേ. അതുപോലെ എന്തുകൊണ്ട്‌ ഇവിടെയും ആയിക്കൂടാ ? അടുത്ത വര്‍ഷമെങ്കിലും ഇതിനൊരു പരിഹാരം പ്രതീക്ഷിക്കാം.

മറ്റൊരു കാര്യം, കൊച്ചുകുട്ടികളെയും കൊണ്ട്‌ ശബരിമലയില്‍ വരുന്നതാണ്‌. പത്ത്‌ വയസ്സിന്‌ താഴെ പ്രായമുള്ള കുട്ടികളെ മണ്ഡലകാലത്ത്‌ ശബരിമലയില്‍ കൊണ്ടുവരരുത്ത്‌ എന്നാണ്‌ എന്റെ അഭിപ്രായം. എന്നത്തെപ്പോലെ ഇത്തവണയും കുറെ കുഞ്ഞുകുട്ടികള്‍. ഈ ഇടിയും തള്ളും കുട്ടികള്‍ എങ്ങനെ സഹിക്കും ? തിക്കില്‍ പെട്ട്‌ ശ്വാസം കിട്ടാതെ നിലവിളിക്കുന്ന കുറെ കുട്ടികളെ ഞാന്‍ കണ്ടു. കൂട്ടം പിരിഞ്ഞ്‌, കരഞ്ഞ്‌ കൊണ്ട്‌ നടക്കുന്നവരേയും. ഭക്തിമൂത്ത്‌ തലയ്ക്ക്‌ പിടിച്ച ചില അയ്യപ്പന്മാര്‍ കുട്ടികള്‍ക്ക്‌ യാതൊരു പരിഗണനയും കൊടുക്കുന്നില്ല. എങ്ങനെയെങ്കിലും കുറെ തള്ളുണ്ടാക്കണം. അത്രതന്നെ. ഇവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തോന്നും അയ്യപ്പന്‍ ഇപ്പോള്‍ എഴുന്നേറ്റ്‌ പോകുമെന്ന്. കുറച്ചുപേരോട്‌ കയര്‍ത്ത്‌ സംസാരിക്കേണ്ടി വന്നു. സന്നിധാനത്തില്‍ മേല്‍പ്പാലത്തിലെ തള്ള്‌ സഹിക്കാതെ ഒരു കുട്ടി കരയുമ്പോള്‍, "പിന്നെ ആര്‌ പറഞ്ഞിട്ടാ നീ വന്നത്‌" എന്ന് പറഞ്ഞ്‌ അച്ഛന്‍ അവനെ ശകാരിക്കുകയാണ്‌ ചെയ്യുന്നത്‌. ശരിക്കും വിഷമം തോന്നി ഇത്‌ കണ്ടപ്പോള്‍. ഈ കൊച്ച്‌ മണികണ്ഠന്മാര്‍ക്കും, മാളികപ്പുറങ്ങള്‍ക്കും അയ്യപ്പദര്‍ശനം കിട്ടുന്നുണ്ടോ എന്ന് അയ്യപ്പന്‌ മാത്രം അറിയാം !
ഏതായാലും ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്‌ അയ്യപ്പന്‍ സഹിക്കില്ല. തീര്‍ച്ച.കുഞ്ഞുങ്ങളെ ശബരിമലയില്‍ കൊണ്ടുവരണമെങ്കില്‍ തിരക്കില്ലാത്ത സമയത്ത്‌ ആയിക്കോട്ടെ. എല്ലാ മാസവും നട തുറക്കുമല്ലോ. തിക്കും തിരക്കുമില്ലാതെ സുഖമായി അയ്യപ്പദര്‍ശനം നടത്താം. അപ്പോള്‍ മാത്രമേ അയ്യപ്പനും പ്രസാദിക്കൂ.

സ്വാമി ശരണം !

Thursday, November 29, 2007

D.A.K.C - ഒരു മായികലോകം.

D.A.K.C എന്നാല്‍ Dhirubhai Ambani Knowledge City. Reliance Communications ന്റെ ആസ്ഥാനം. ചേട്ടാനിയന്മാര്‍ തല്ലിപ്പിരിയുന്നത്‌ വരെ ഇത്‌ ചേട്ടന്‍ അംബാനിയുടെ, അതായത്‌ മുകേഷ്‌ ഭായിയുടെ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട്‌ ഇത്‌ പടുത്തുയര്‍ത്തിയതിന്റെ എല്ലാ credit ഉം അദ്ദേഹത്തിന്‌ തന്നെ. അനിയന്‍ അംബാനിയുടെ, അതായത്‌ അനില്‍ ഭായിയുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പുള്ളി, ചേട്ടന്‍ അച്ഛനോടുള്ള ആദരസൂചകമായി ഇട്ട D.A.K.C എന്ന പേര്‍ മാറ്റി വെറും Reliance Communications എന്നാക്കി. ഏതായാലും ചേട്ടാനിയന്മാരുടെ പോര്‌ അവിടെ നില്‍ക്കട്ടെ. അതിനെപ്പറ്റിയൊന്നും പറയാന്‍ നമ്മള്‍ ആളല്ല ! ഇവിടെ എഴുതാന്‍ പോകുന്നത്‌, ഈ മനോഹരമായ കാമ്പസിനെപ്പറ്റിയാണ്‌. കുറേക്കാലം ഇവിടെ ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌.

നവി മുംബയിലെ ഠാനെ-ബേലാപൂര്‍ റോഡില്‍, കോപ്പര്‍ഘൈറണെ എന്ന സ്ഥലത്താണ്‌ ഏകദേശം 200 ഏക്കര്‍ ഉള്ള ഈ ക്യാംപസ്‌. (വാഷിയില്‍ നിന്നും 4 കി.മിയും, ഠാനെയില്‍ നിന്നും 15 കി.മി യും).പ്രകൃതി ഭംഗിക്ക്‌ അങ്ങേയറ്റം പ്രാധാന്യം, അതാണ്‌ ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും കാമ്പസിലേക്ക്‌ കടക്കുമ്പോള്‍, അതിവിശാലമായ പ്രവേശന കവാടം. അതിനിരുവശത്തും മനോഹരമായ പൂന്തോട്ടങ്ങള്‍. സദാ വെള്ളം ചൊരിയുന്ന ഫൗണ്ടനുകള്‍. പ്രവേശന കവാടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അതി ശക്തമാണ്‌. നിങ്ങള്‍ ഈ ക്യാമ്പസില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിരിക്കണം. അല്ലെങ്കില്‍, അകത്ത്‌ കയറാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദം വാങ്ങാന്‍, നിങ്ങള്‍ കാണാന്‍ പോകുന്ന ആള്‍, നിങ്ങളുടെ എല്ലാ വിവരങ്ങളും, ആരെ കാണണം, എന്തിന്‌ കാണണം, കാണാനുള്ള തീയതി, സമയം എന്നിവ മുന്‍കൂട്ടി കൊടുത്തിരിക്കണം. സെക്യൂരിറ്റിക്കാര്‍ കമ്പ്യൂട്ടറില്‍ നോക്കി നിങ്ങള്‍ പറയുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തി ഒരു താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ്‌ തരും. അതും പ്രദര്‍ശിപ്പിച്ച്‌ കൊണ്ടേ അകത്ത്‌ കയറാന്‍ പറ്റൂ. അതായത്‌ ചുമ്മാ ഒന്ന് കേറി കണ്ട്‌ കളയാം എന്ന് വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല.അകത്ത്‌ പ്രവേശിച്ചാല്‍ നാല്‌ വരിപ്പാതയാണ്‌. വിദേശത്ത്‌ കാണുന്ന റോഡുകളോട്‌ കിടപിടിക്കുന്നവയാണ്‌ ഇവ. റോഡിന്റെ മദ്ധ്യത്തില്‍ വരി വരിയായി പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞ്‌ നില്‍ക്കുന്നത്‌ കാണാം. ഈ പ്രധാന പാതയിലൂടെ (Gate-A) വാഹനങ്ങള്‍ കടത്തി വിടില്ല. അതിന്‌ വേരെ കവാടങ്ങളുണ്ട്‌. ഇത്‌ വഴി, V.V.I.P കളുടെ വാഹനങ്ങള്‍ക്ക്‌ മാത്രം കടക്കാം. ഒരിക്കല്‍ മുകേഷ്‌ ഭായി തന്റെ B.M.W വില്‍, ഒഴുകിപ്പോകുന്നത്‌ കണ്ടതായി ഓര്‍ക്കുന്നു.

പ്രധാനപ്രവേശന കവാടത്തിലൂടെ നേരെ ചെന്നെത്തുന്നത്‌ അതിമനോഹരമായ ഒരു ഫൗണ്ടനിനടുത്തേക്കാണ്‌. കാറ്റടിക്കുമ്പോള്‍ ഇതില്‍നിന്നും വീശിയടിക്കുന്ന വെള്ളത്തുള്ളികള്‍ ശരീരവും, മനസ്സും കുളിര്‍പ്പിക്കും. ഇനി നിങ്ങള്‍ക്ക്‌ നടക്കാന്‍ വയ്യെങ്കില്‍, സുഖമായി ഇരുന്ന് പോകാന്‍ Golf Car കള്‍ നിങ്ങളെ കാത്ത്‌ നില്‍ക്കുന്നുണ്ടാകും. പോകേണ്ട കെട്ടിടത്തിന്റെ പേര്‍ പറഞ്ഞാല്‍ മതി. നാലുവരി പാതകളിലൂടെ ഈ കാറുകള്‍ മന്ദം മന്ദം പോകുന്നത്‌ ഒരു മനോഹര കാഴ്ച തന്നെ.ഫൗണ്ടന്റെ ഇടത്‌ വശത്തൂടെയും, വലത്‌ വശത്തൂടെയും റോഡ്‌ തിരിഞ്ഞ്‌ പോകുന്നു. റോഡിന്റെ വശങ്ങളിലായി ധീരുഭായിയുടെ വിജയമന്ത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ - Think big, Think fast. Ideas are no ones monopoly.കെട്ടിടങ്ങളെ തിരിച്ചറിയുന്നത്‌ Block-A, Block-B, Block-C ... എന്നിങ്ങനെയാണ്‌. ഇങ്ങനെ Block-I വരെയുണ്ട്‌. ഈ Block കളിലാണ്‌, ഏകദേശം 15000 ത്തോളം വരുന്ന ജോലിക്കാര്‍ ഇരിക്കുന്നത്‌.

ഈ ക്യാമ്പസിന്റെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്‌.

അമ്പലം - ശ്രീകൃഷ്ണ പ്രതിഷ്ഠ. അതി മനോഹരമായി പണികഴിപ്പിച്ചിരിക്കുന്നു. എല്ലാ ദിവസവും പൂജകള്‍. ഒരു പ്രത്യേക ശാന്തതയാണിവിടെ.

വിശാലമായ കുളം (ലെയ്ക്‌) - അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ഇവിടം പ്രകൃതി രമണീയമാണ്‌. തിരക്കിട്ട ജോലിക്കിടയില്‍ അല്‍പനേരം ഇവിടെ ചിലവഴിച്ചാല്‍ മനസ്സ്‌ ശാന്തമാകും.

ഹെലി പാഡ്‌ - ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ പറന്നിറങ്ങാന്‍. എല്ലാ ദിവസവും മുകേഷ്‌ ഭായി തന്റെ പറക്കും വാഹനത്തില്‍ വന്നിറങ്ങുന്നത്‌ ഗംഭീര കാഴ്ചയാണ്‌.

ഭക്ഷണ ശാലകള്‍ (food court) - ഒരേ സമയം 500 പേര്‍ക്ക്‌ ഇരിക്കാവുന്ന 3 food court. ഇവിടെ എല്ലാത്തരം ഭക്ഷണവും ലഭ്യമാണ്‌. പക്ഷെ strictly vegeterian. ഈ കാമ്പസിനുള്ളില്‍ Non-Veg ഭക്ഷണം കയറ്റരുത്‌ എന്നാണ്‌ നിയമം.

A.T.M Counter - പ്രശസ്തമായ രണ്ട്‌ ബാങ്കുകളുടെ 3 A.T.M Counter കള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടെ ബാങ്കിന്റെ ശാഖകളും.

Executive Launch - ഒരു 5 സ്റ്റാര്‍ ഹോട്ടലിനോട്‌ കിടപിടിക്കുന്ന എല്ലാമുണ്ടിവിടെ. Special Guests, VIP എന്നിവര്‍ക്കായി.

Health Club - ജോലി ചെയ്യുന്നതിനോട്‌ കൂടി ആരോഗ്യ സംരക്ഷണവും. എല്ലാ അത്യാധുനിക ഉപകരണങ്ങളോടും കൂടിയുള്ള ഒരു Hi-Tec Gym.

Java Green - ഇടവേളകളില്‍ ഒരു കാപ്പിയോ ചായയോ കുടിക്കാന്‍ തോന്നിയാല്‍ ഇതുതന്നെ പറ്റിയ സ്ഥലം. വിവിധതരം കാപ്പിയും, ചായയും, കൊറിക്കാനുള്ള ഐറ്റംസും.

പാര്‍ക്കിഗ്‌ - ഒരേ സമയം ഏകദേശം 500 റിലേറെ കാറുകള്‍ക്ക്‌ പാര്‍ക്‌ ചെയ്യാം. എല്ലാ ദിവസവും ഈ പാര്‍ക്കിംഗ്‌ ഏരിയകള്‍ നിറഞ്ഞിരിക്കും.ഡ്രൈവിംഗ്‌ സ്പീഡ്‌ - നല്ല കണ്ണാടി പോലെയുള്ള റോഡ്‌ കണ്ട്‌ ഒന്ന് കത്തിച്ച്‌ വിട്ടേക്കാം എന്ന് കരുതിയാല്‍ തെറ്റി. കാരണം ക്യാമ്പസിനുള്ളില്‍ സ്പീഡ്‌ 30kmph. സ്പീഡ്‌ ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സ്പീഡ്‌ ഗണ്ണുകള്‍, സെക്യുരിറ്റിക്കാര്‍. സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധം. ഈ ട്രാഫിക്‌ നിയമങ്ങല്‍ ലഘിച്ചാല്‍ സെക്യുരിറ്റിക്കാര്‍ പൊക്കും. പൊക്കിയാല്‍, കുറഞ്ഞ പിഴ 200 രൂപ. അടക്കേണ്ട. അടുത്തമാസം ശമ്പളത്തില്‍ നിന്നും ഈടാക്കിക്കോളും. ജോലിക്കാര്‍ അല്ലാത്തവര്‍ക്ക്‌ താക്കീത്‌.

കാള്‍ സെന്റര്‍ - ഒരേ സമയം 1000 പേര്‍ക്ക്‌ ഇരുന്ന് ജോലി ചെയ്യാവുന്നത്‌.

ഡ്രൈവര്‍ കാന്റീന്‍ - ഡ്രൈവര്‍മാര്‍ക്ക്‌ ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും ഉള്ള സ്ഥലം.

പലചരക്ക്‌ കട - ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിന്‌ മുമ്പേ ഒരു ഷോപ്പിംഗ്‌. ഒരു വീട്ടിലേക്ക്‌ വേണ്ട എല്ലാം കിട്ടും, ഇവിടെ.

ആശുപത്രി - പ്രഥമ ശുശ്രൂഷ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളോടെ.
Hermitage - ശാന്തത കളിയാടുന്ന പ്രൗഡഗംഭീരമായ അതിഥി മന്ദിരം. Lake Facing

കൂടാതെ അത്യാധുനിക Technology equipments, പരീക്ഷണശാലകള്‍, National Network Operating Centre (ഭാരതത്തിലെ ഓരോ മുക്കിലും മൂലയിലും ഉള്ള റിലയന്‍സിന്റെ ടവറുകളില്‍ എന്ത്‌ സംഭവിക്കുന്നു എന്ന് ഇവിടെ ഇരുന്നാല്‍ അറിയാം.),അതി മനോഹരമായ കോണ്‍ഫറന്‍സ്‌ ഹാളുകള്‍, ലോബികള്‍, indoor games എന്നിവയും.

കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുമ്പോഴും, ഒന്ന് പുറത്തിറങ്ങിയാല്‍ മനസ്സ്‌ കുളിര്‍ക്കുന്നു. പ്രകൃതിഭംഗിയും, ആധുനികതയും ഒത്തുചേര്‍ന്ന ഒരിടം. ഇത്ര നല്ല ഒരു ക്യാമ്പസ്‌ ഭാരതത്തില്‍ വേറേ കാണുമോ എന്ന് സംശയം.

അംബാനിമാര്‍ക്ക്‌ നന്ദി !

Wednesday, November 21, 2007

ഫെയില്‍ ആന്റ്‌ പാസ്‌

‌എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇത്‌ 2001 ല്‍ നടന്ന ഒരു സംഭവമാണ്‌. അന്ന് കേരളത്തിലെ ഒരു പ്രശസ്തമായ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌. Marketing വിഭാഗത്തിലുള്ള കുറച്ച്‌ "പുലികള്‍" IT Team ന്റെ, അതായത്‌ ഞാന്‍ കൂടി അംഗമായ Team ന്റെ അടുത്ത്‌ ഒരു ആവശ്യവുമായി വന്നു. അക്കൊല്ലത്തെ S.S.L.C പരീക്ഷാഫലം SMS ല്‍ കൂടി ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുവാനുള്ള ഒരു സംഗതി വേണം. ഉപഭോക്താക്കള്‍, ഒരു നമ്പറിലേക്ക്‌ ഫലമറിയേണ്ട രജിസ്റ്റര്‍ നമ്പര്‍ SMS ആയി അയക്കും. അതിന്‌ മറുപടിയായി "Passed" or "Failed" എന്ന് തിരിച്ച്‌ SMS കൊടുക്കണം.
"ഹോ ... കലക്കന്‍ ഐഡിയ !"
"അടിപൊളി"
"ഇത്‌ ചെയ്താല്‍ ഇങ്ങനെയൊരു പരിപാടി കൊണ്ടുവരുന്ന കേരളത്തിലെ ആദ്യത്തെ മൊബൈല്‍ കമ്പനി നമ്മളായിരിക്കും."
"SMS വഴിയുള്ള വരുമാനം കൂടും."
"അടുത്ത appraisal ല്‍ മോശമല്ലാത്ത ശമ്പള ജമ്പിംഗ്‌ ഉറപ്പ്‌."
എന്നീ അഭിപ്രായങ്ങള്‍ കമ്പനിയിലെ പല പല വിഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടേ ഇരുന്നു.കേട്ടപ്പോള്‍ സംഗതി കൊള്ളാമെന്ന് തോന്നി.
"അപ്പോള്‍ ഈ പരീക്ഷാഫലത്തിന്റെ database എവിടെ നിന്ന് കിട്ടും ?" Marketing Team നോട്‌ നമ്മള്‍."
അതൊന്നും നിങ്ങള്‍ പേടിക്കെണ്ട ! നമ്മള്‍ പരീക്ഷാ ഭവനില്‍ നിന്ന് സംഘടിപ്പിച്ച്‌ തരാം" Marketing team നമ്മളോട്‌.
"ഒ.കെ, രണ്ട്‌ ദിവസത്തിനുള്ളില്‍ system will be ready" നമ്മള്‍ അറിയിച്ചു.

ആ നാളുകളില്‍ (ഇന്നും) ജോലി ചെയ്യുക എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു. കൂടെ ഉള്ളവര്‍ സഹപ്രവര്‍ത്തകരെക്കാളുപരി കൂട്ടുകാരായിരുന്നു. പിന്നെ വളരെ ഒത്തൊരുമയോടുകൂടി ജോലി ചെയ്യുന്ന ഒരു Team. രാപ്പകലില്ലാതെ പണിഞ്ഞു. ഒരു സംഭവം തട്ടിക്കൂട്ടി. വിചാരിച്ചപോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ അത്യാവശ്യം trial ഒക്കെ നടത്തി. സംഭവം സക്സസ്‌. വിചാരിച്ചത്‌ പോലെ തന്നെ എന്ന് Maketing Team ശരിവച്ചു. പിന്നെ അവര്‍ വേണ്ടവിധം publicity ഒക്കെ കൊടുത്തു. പിറ്റേ ദിവസത്തെ ദിനപത്രങ്ങളില്‍ വന്നെന്നാണ്‌ എന്റെ ഓര്‍മ്മ.കേരളാ ഗവന്മെണ്ട്‌, പരീക്ഷാഫലം പുറത്ത്‌ വിടുന്നതിന്‌ കുറെ മുമ്പുതന്നെ നമുക്ക്‌ result database കിട്ടി.രാവിലെ മുതല്‍ ചറ പറ SMS. പരീക്ഷാഫലമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ വക ഇടതടവില്ലാതെ. system നന്നായി അതിന്റെ ജോലി ചെയ്യുന്നുണ്ട്‌. മറ്റ്‌ Department ല്‍ ഉള്ളവര്‍ നമ്മുടെ Team നെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടി. എല്ലാവരും Happy. മാനവശേഷി വകുപ്പിലെ തലവന്‍ ഷെയ്ക്ക്‌ ഹാന്റ്‌ തന്നപ്പോള്‍ "സാറേ നമ്മുടെ കാര്യം ശമ്പള വര്‍ദ്ധനയില്‍ പരിഗണിക്കണേ" എന്ന് എവിടെയോ ഒരശരീരി. പക്ഷെ ഞാന്‍ മാത്രമെ കേട്ടുള്ളു.

ഉച്ചയ്ക്ക്‌ ശേഷം, എന്തോ ഒരാവശ്യത്തിന്‌ front office ല്‍ പോകേണ്ടി വന്നു. front office എന്ന് വച്ചാല്‍, ഉപഭോക്താക്കള്‍ പരാതി ബോധിപ്പിക്കാന്‍ വരുന്ന ഇടം. പരാതികള്‍ തീര്‍ത്ത്‌ കൊടുക്കാന്‍ (തീരാറുണ്ടോ ആവോ ?) കുറെ customer care executives ഇരിക്കുന്നുണ്ടാവും. നോക്കിയപ്പോള്‍ ഒരു executive ന്റെ desk നടുത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം, ഒച്ചയും, ബഹളവും. അടുത്ത്‌ ചെന്ന് നോക്കി. ഒരു father ഉം, son ഉം ആണ്‌. son നല്ല കരച്ചില്‍. father നല്ല തെറി.
"നിങ്ങടെ ഒരു ഒടുക്കത്തെ SMS. എന്റെ മോന്‍ നന്നായി പഠിച്ചതാ. പിന്നെ എങ്ങനെയാ അവന്‍ തോറ്റത്‌ ? failed എന്നാണ്‌ മെസേജ്‌ വന്നത്‌ ....!"
"സാര്‍, പരീക്ഷാ ഭവനില്‍ നിന്നുള്ള ഫലമാണ്‌. തെറ്റാന്‍ യാതൊരു വഴിയുമില്ല" executive ദീന സ്വരത്തില്‍.
"ഡാ ... ഇനിയിപ്പം നീ ശരിക്കും തോറ്റ്‌ കാണുമോ ?" father, son നോട്‌.
"ഇല്ല അച്ഛാ ... ഞാന്‍ നന്നായി എഴുതിയതാ .." കരഞ്ഞുകൊണ്ട്‌ son.

ആകെപ്പാടെ ബഹളമയം. തെറിവിളി. കരച്ചില്‍. executive ഇത്‌ ഒതുക്കാനുള്ള തത്രപ്പാടില്‍.
ഈശ്വരാ ... നമ്മുടെ system ചതിച്ചതാണോ ? ഞാന്‍ മനസ്സിലോര്‍ത്തു. ഹേയ്‌ വഴിയില്ല.
ഞാന്‍ മെല്ലെ ചെന്ന് executive ന്റെ കയ്യില്‍ നിന്നും son ന്റെ രജിസ്റ്റര്‍ നമ്പര്‍ വാങ്ങി, എന്റെ ഫോണില്‍നിന്നും ഒരു SMS അയച്ചു. ഉടനെ മറുപടി വന്നു. "Passed". ഹയ്‌, പിന്നെന്താ കുഴപ്പം ? executive നോട്‌ father ന്റെ കയ്യിലെഫോണില്‍ നിന്നും ഒരു SMS അയക്കാന്‍ പറഞ്ഞു. അതിനും "Passed" എന്നു തന്നെ മറുപടി.
"സാര്‍, Pass ആണല്ലോ വരുന്നത്‌. പിന്നെന്താ കുഴപ്പം ?" executive
"ആ എനിക്കറിയില്ല ! എനിക്ക്‌ കിട്ടിയത്‌ "failed" ആണ്‌" father
"സാര്‍ ഒന്ന്കൂടി അയക്കൂ ..." executive
father പിന്നേം SMS അയച്ചു.
നല്ല മണി മണി പോലെ "Passed"
"ശെരിയാണല്ലോ .. മോനേ നീ പാസ്സായെടാ ..."
Son കരച്ചില്‍ നിര്‍ത്തി, ചിരിയായി. ഹോ, ആ son ന്റെ മുഖം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
"സാറിനെങ്ങനെ "failed" കിട്ടി ?" executive.
"ദാ... നോക്കൂ"
Inbox എടുത്ത്‌ കാണിച്ചതും, executive ചിരി തുടങ്ങി.
"എന്താ ..." father
"സാറേ, ഇത്‌ സാറയച്ച മെസ്സേജ്‌, എന്തോ നെറ്റ്‌വര്‍ക്ക്‌ കുഴപ്പം കാരണം fail ആയി എന്നാണ്‌ വന്നത്‌. അല്ലാതെ മകന്‍ fail ആയി എന്നല്ല !"
(ചില മൊബൈല്‍ ഫോണില്‍ നിന്നും അല്‍പം കവറേജ്‌ കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും SMS ചെയ്യുമ്പോള്‍, അല്ലെങ്കില്‍ നെറ്റ്‌വര്‍ക്കില്‍ conjection വരുമ്പോള്‍ Messaging Sending failed എന്ന് മറുപടി വരാറുണ്ട്‌. ഈ father ന്‌ കഷ്ടകാലത്തിന്‌ അങ്ങനെയൊരെണ്ണം വന്നതാണ്‌ ഈ പൊല്ലാപ്പിനൊക്കെ കാരണം.)
father പിന്നേം രണ്ട്‌ മൂന്ന് തവണ SMS ചെയ്ത്‌ ഫലം ഉറപ്പുവരുത്തി. പിന്നെ ചമ്മല്‍ മറച്ച്‌ പിടിച്ച്‌, ചിരിച്ച്‌ കൊണ്ട്‌ good bye പറഞ്ഞു. son മൂക്ക്‌ ചീറ്റി പുറകേയും.

ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിക്കാറുണ്ട്‌. കലിതുള്ളി നില്‍ക്കുന്ന father ഉം, കണ്ണീരൊലിപ്പിക്കുന്ന son ഉം ഇപ്പോഴും മനസ്സിലുണ്ട്‌.

നേരത്തേ പറഞ്ഞപോലെ SMS വഴിയുള്ള പരീക്ഷാഫലം ആദ്യം കേരളത്തില്‍ കൊണ്ടുവന്നത്‌, ഞങ്ങളുടെ മൊബൈല്‍ കമ്പനിയായിരുന്നു. അന്ന് അതിന്‌ വമ്പിച്ച ജനപ്രീതി ലഭിച്ചു. നമ്മുടെ ശമ്പള ഗ്രാഫും തരക്കേടില്ലാതെ മുകളിലേക്ക്‌ പോയി.

Thursday, November 1, 2007

മൊബൈല്‍ ഫോണ്‍ പൊല്ലാപ്പുകള്

‍മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം ഒരവശ്യ വസ്തുതന്നെ എന്നാണ്‌ ഈയുള്ളവന്റെ കണ്ടെത്തല്‍. പല അവസരങ്ങളിലും അത്‌ അതിന്റെ മഹത്തായ സേവനം നല്‍കി നമ്മളെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ വസ്തു ഒരു പൊല്ലാപ്പായ സംഭവം ഇവിടെ കുറിക്കുന്നു.

സമയം രാത്രി 8 മണി. കാര്‍ കലൂര്‍ - കടവന്ത്ര റോഡില്‍ക്കൂടി (എറണാകുളത്തെ ഒരു പ്രധാന റോഡ്‌) ഓടിക്കുകയാണ്‌. ഇക്കൊല്ലത്തെ മഴയില്‍ ഈ റോഡിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് എറണാകുളം നിവാസികള്‍ക്കെല്ലാം അറിയാം. ഏകദേശം രണ്ട്‌ കിലോമീറ്ററോളം കുഴികള്‍. ഈ വഴി കണ്ടാല്‍ ഒരിക്കലും ടാര്‍ ചെയ്തിട്ടില്ലെന്ന് തോന്നും. കാറിനും മനുഷ്യനെപ്പോലെ ജീവനുണ്ടെന്നും, വേദന, ഒടിവ്‌, ചതവ്‌ മുതലായവ അനുഭവപ്പെടും എന്നും വിശ്വസിക്കുന്നതിനാല്‍ ഒരു 20 - 30 കി.മി ആണ്‌ സ്പീഡ്‌.

ഹര്‍ ഗഡി ബദല്‍ രഹി ഹെ രൂപ്‌ സിന്ദ്ഗി ....

മൊബൈല്‍ ഫോണ്‍ താളമേളങ്ങളോടെ ശബ്ദിച്ചു. ഹോം മിനിസ്റ്ററുടെ സുന്ദര വദനം സ്ക്രീനില്‍. വാങ്ങാനുള്ള പലചരക്ക്‌ സാധനങ്ങളുടെ പ്രമേയം പാസാക്കാനായിരിക്കും എന്നോര്‍ത്ത്‌ വലതുകൈ കൊണ്ട്‌ വളയം കണ്ട്രോള്‍ ചെയ്ത്‌ ഇടം കയ്യില്‍ ഫോണെടുത്ത്‌ പച്ച ബട്ടണ്‍ അമര്‍ത്തി കാതോടടുപ്പിച്ചു.

"ഹല്ലാ ...(ജഗതി സ്റ്റൈല്‍)"
"ഹലോ"
"തക്കാളി, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്‌, മുളക്‌, മല്ലി ...."
"ശരി ശരി"

ഫോണിന്റെ ചുവന്ന ബട്ടണ്‍ അമര്‍ത്തി, പോക്കറ്റില്‍ ഇട്ടു. ഇരുകൈകളും വളയത്തില്‍.മൂന്നു നാലു കുഴിയും കൂടി താണ്ടിക്കാണും. റിയര്‍ വ്യു മിററില്‍ അതി ശക്തമായ വെളിച്ചം പതിച്ചു. നോക്കിയപ്പോള്‍ മനസ്സിലായി രണ്ട്‌ ഏമാന്മാര്‍ ബൈക്കില്‍. സൈഡ്‌ കൊടുത്തേക്കാം എന്നു കരുതി വളയം അല്‍പം ഇടത്തോട്ട്‌ വെട്ടിച്ചു. ബൈക്ക്‌, കാറിന്റെ അടുത്ത്‌ വന്നു. "ആ വണ്ടി സൈഡ്‌ ആക്കിക്കേ ..." പുറകിലിരുന്ന ഏമാന്‍. എന്തു പാരയാണപ്പാ എന്നു വിചാരിച്ച്‌ ഒതുക്കി. ബൈക്ക്‌ മുന്നില്‍ നിര്‍ത്തി പുറകിലിരുന്ന എമാന്‍ ചാടിയിറങ്ങി, കാറിന്റെ ഇടതുവശത്തെ കണ്ണാടിയില്‍ തട്ടി. കണ്ണാടി അല്‍പ്പം താഴ്തിയപ്പോള്‍ "ഡോര്‍ തുറക്ക്‌, ഡോര്‍ തുറക്ക്‌". ഓ ഒരു ലിഫ്റ്റിനായിരിക്കും, ഡോര്‍ തുറന്നതും ഏമാന്‍ ചാടിക്കയറി ഇരിപ്പായി. "വണ്ടി വേഗം സ്റ്റേഷനിലേക്ക്‌ എടുക്ക്‌". എന്താ ഞാന്‍ വല്ലവരേയും ഇടിച്ച്‌ നിര്‍ത്താതെ പോന്നോ എന്ന മട്ടില്‍ ഏമാനെ നോക്കി. "താനിപ്പം മൊബൈല്‍ ഫോണില്‍ സംസാരിച്ചില്ലെ. അത്‌ S.I കണ്ടു. പുള്ളി കൈ കാണിച്ചിട്ട്‌ താന്‍ നിര്‍ത്തിയില്ല. അതുകൊണ്ട്‌ നമ്മള്‍ പുറകേ വന്ന് പിടിച്ചതാ ..." മയക്ക്‌ മരുന്നും കൊണ്ട്‌ ജോസ്‌ പ്രകാശ്‌ ജീപ്പ്പില്‍ പറക്കുമ്പോള്‍, ജയന്‍ ബുള്ളറ്റില്‍ ചെയ്സ്‌ ചെയ്ത്‌ പിടിക്കുന്ന രംഗം ഓര്‍മ്മയില്‍. ഈ S.I ഏത്‌ കോ*##$**ത്തില്‍ ഒളിച്ച്‌ നിന്നാ കൈ കാണിച്ചത്‌.

"സത്യമായും ഞാന്‍ കണ്ടില്ല സാര്‍. കണ്ടാല്‍ നിര്‍ത്തിയേനെ."
"ആ അതാണ്‌ കുഴപ്പം. സംസാരിച്ച്‌ കൊണ്ട്‌ വണ്ടി ഓടിച്ചാല്‍ ഒന്നും കാണൂല്ല. ഇങ്ങനെയാണ്‌ ഒരോ അപകടം ഉണ്ടാവുന്നത്‌ ..." ഏമാന്റെ വക ഉപദേശം. ഫ്രീ ആയി.
"കടവന്ത്ര പോലീസ്‌ സ്റ്റേഷന്‍ ഇവിടെ അടുത്താ. അങ്ങോട്ട്‌ വിട്ടോ".

മെയിന്‍ റോഡില്‍നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ ഇന്റോര്‍ സ്റ്റേഡിയം റോഡില്‍ കൂടി കടവന്ത്ര മാര്‍ക്കറ്റ്‌ റോഡില്‍ പ്രവേശിച്ചു. അവിടെയാണ്‌ സ്റ്റേഷന്‍. ഒരു പിഴയോ, ഏമാന്മാര്‍ക്ക്‌ കാണിക്കയോ കൊടുത്ത്‌ ഊരിപ്പോരാം. മനസ്സില്‍ ഉറപ്പ്പ്പിച്ചു. കാര്‍ ഒതുക്കിയിട്ടു. "ബുക്കും, പേപ്പറും ഒക്കെ എടുത്തിട്ട്‌ വന്നോ" എന്ന് പറഞ്ഞ്‌ ഏമാന്‍ കാറില്‍നിന്ന് ഇറങ്ങി സ്റ്റേഷനിലേക്ക്‌ പോയി. ഞാനോര്‍ത്തു. റ്റാക്സ്‌, ഇന്‍ഷുറന്‍സ്‌, ലൈസെന്‍സ്‌ ഒക്കെ ക്ലീയര്‍. ഡാഷ്‌ ബോര്‍ഡ്‌ തുറന്ന് ഇവയൊക്കെ വച്ച ഒരു കവര്‍ എടുത്തു. കാറില്‍ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക്‌ നടന്നു. അകത്ത്‌ ചെന്നപ്പോള്‍ കൂടെ വന്ന ഏമാന്‍ വേറൊരു ഏമാനോട്‌ ശബ്ദം താഴ്തി എന്തൊക്കെയോ പറയുന്നു. എന്നെ കണ്ടപ്പോള്‍ "അപ്പോള്‍ ശരി" എന്ന് ഉറക്കെ പറഞ്ഞ്‌, എന്നെ ആലുവ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലും നടിക്കാതെ ഒറ്റപ്പോക്ക്‌.
"മൊബൈലില്‍ സംസാരിച്ച കേസാ അല്ലേ ?"
"അതെ സാര്‍. വീട്ടില്‍ നിന്നും പെട്ടന്ന് ഒരു urgent കോള്‍ വന്നപ്പോള്‍ അറിയാതെ എടുത്തുപോയതാണ്‌. ഒരു പത്ത്‌ സെക്കണ്ടേ സംസാരിച്ചുള്ളു". തക്കാളിയുടെയും, വെണ്ടയ്ക്കയുടെയും urgency ഏമാനുണ്ടൊ അറിയുന്നു.
"പത്തായാലും നൂറായാലും സംസാരിച്ചില്ലേ. അതു മതി". ഏമാന്‌ വല്യ മയമൊന്നും ഇല്ല.

പേര്‌, വയസ്സ്‌, പിതാവ്‌, മാതാവ്‌, സ്‌ഥിര വിലാസം, ഇപ്പോഴത്തെ വിലാസം, വിദ്യാഭ്യാസം, ജോലി, ജോലി ചെയ്യുന്ന സ്‌ഥാപനം എന്നുവേണ്ട ഒരു ബയോഡാറ്റയ്ക്ക്‌ വേണ്ട എല്ലാ വിവരങ്ങളും ഏമാന്‍ കുറിച്ചെടുത്തു.
"രണ്ട്‌ പേര്‍ ആള്‍ ജാമ്യം വേണം. അവര്‍ വന്ന് ഒപ്പിട്ട്‌ തന്നാല്‍ പോകാം. പിന്നെ നാളെ വന്ന് FIR എഴുതി കോടതിയില്‍പ്പോയി പിഴയടക്കണം."
ഒന്നു ഞെട്ടി. ജാമ്യം, FIR, കോടതി ഇതെന്താ കൊലക്കേസോ, അതോ തെളിയാതെ കിടക്കുന്ന ഏതോ കേസ്‌ തലയില്‍ കെട്ടി വയ്ക്കനോ.

"സാര്‍ fine അടച്ചാല്‍ പോരെ ?"
"അതൊക്കെ കോടതിയില്‍. ഇവിടെ fine പരിപാടിയൊന്നും ഇല്ല"
"സാര്‍ ഒന്ന് help ചെയ്യണം. എങ്ങനെയിങ്ങിലും ഒന്ന് ..."
"ഒരു രക്ഷയും ഇല്ല. S.I പിടിച്ച കേസാ ..."
"സാര്‍ എന്തെങ്ങിലും ചെയ്യാം സാര്‍ ..പ്ലീസ്‌ ..." നിയമത്തെ മറി കടക്കാന്‍ കൈക്കൂലി എന്ന ദുഷ്ട ചിന്ത മനസ്സില്‍ വന്നു. കൈ, പുറകിലെ പോക്കറ്റില്‍ വിശ്രമിക്കുന്ന പേഴ്സിലേക്ക്‌ ചെന്നു.

"ഇതിലൊന്നും നിക്കില്ല മോനേ. ഇതിന്‌ കോടതിയില്‍ പോയേ പറ്റൂ. വേഗം രണ്ടാളെ വിളിക്ക്‌."
"സാര്‍ ഇതല്ലാതെ വേറെ എന്തെങ്ങിലും ..."ഏമാന്‌ കലിയിളകി.

"താന്‍ ഇങ്ങോട്ട്‌ വാ ... ഇവിടെ ഇരി."

ഒരു കസേര ചൂണ്ടിക്കാണിച്ചു. ആ കസേര ഇട്ടിരുന്നത്‌ ജയിലിന്റെ നേരെ മുന്നിലായിരുന്നു. അവിടെ ഇരുന്നു. നേരെ മുന്നില്‍ ഇരുമ്പഴികള്‍.അതിന്റെ ഉള്ളില്‍ ഇരുട്ട്‌. സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു. ഹേയ്‌, വാഹനമോടിച്ച്‌കൊണ്ട്‌ ഫോണില്‍ സംസാരിച്ചാല്‍ ജയിലില്‍ ഇടുമൊന്നുമില്ല. സ്വയം ആശ്വസിച്ചു. എന്നാലും ഒരു ചെറിയ ഭയം.അല്‍പം കഴിഞ്ഞു.

"ഇയ്യാളെന്താ ഇവിടിരിക്കുന്നത്‌" ഒരു പാറാവുകാരന്‍ ഏമാന്‍.
"ഒരു ചെറിയ കേസുണ്ട്‌. ആള്‍ ജാമ്യം പറഞ്ഞിട്ട്‌ കേള്‍ക്കുന്നില്ല". മറ്റേ ഏമാന്‍.

"ആ അവിടിരുന്നോ. കുറച്ച്‌ കഴിഞ്ഞാല്‍ അകത്ത്‌ കേറി കിടക്കാം"

പാറാവുകാരന്‍ ഏമാന്‍ പറഞ്ഞത്‌ ഒരു ഞെട്ടലോടെ കേട്ടു. നാടോടിക്കാറ്റ്‌ എന്ന സിനിമയില്‍ വിജയനും, ദാസനും പോലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ വിജയന്‍ ജയില്‍ കാണുന്നത്‌ പോലെ ഇവിടെയും ജയില്‍ സൂം ചെയ്ത്‌ കണ്ടു. അതേ പശ്ചാതല സംഗീതം എവിടെയോ കേട്ടു. ഒന്നാശ്വസിക്കാന്‍, ദാസന്‍ കണ്ടപോലെ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലൊക്കെ പരതി.കണ്ടില്ല.

സമയം ഏകദേശം 9:30. വീട്ടില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. "നിന്റെ ഒരു ഒടുക്കത്തെ പച്ചക്കറി" എന്നും പറയാന്‍ മറന്നില്ല.

"വേഗം രണ്ടുപേരെ വിളിച്ച്‌ കാര്യം പറഞ്ഞ്‌ വീട്ടില്‍ പോകാന്‍ നോക്ക്‌" ഏമാന്‍ വീണ്ടും.

ഇനിയും കാത്തുനിന്നിട്ട്‌ കാര്യമില്ല. ആരെയാണ്‌ വിളിക്കുക. മനസ്സില്‍ പെട്ടെന്ന് തോന്നിയ രണ്ട്‌ കൂട്ടുകാരെ വിളിച്ച്‌ കാര്യം പറഞ്ഞു. രണ്ട്‌ പേരും ഉടനെ എത്താമെന്ന് പറഞ്ഞു.
"വല്ലവരും വരുമോ" ഏമാന്‍.
"ഇപ്പോ വരും സാര്‍"
"ഇത്‌ നേരത്തെ അങ്ങ്‌ ചെയ്താല്‍ പോരായിരുന്നോ ?" ഏമാന്‌ ചിരി.
ഞാനൊന്നും മിണ്ടിയില്ല.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ സുഹ്ര്ത്തുക്കള്‍ വന്നു. ഏതൊക്കെയോ പേപ്പര്‍ ഒപ്പിട്ടു.
"നാളെ രാവിലെ 8 മണിക്ക്‌ വരണം. അപ്പോള്‍ കോടതിയില്‍ പോകാനുള്ള പേപ്പര്‍ തരാം. ഉം.. ഇപ്പോ പൊയ്ക്കോ".
കൂട്ടുകാരോട്‌ നാളെക്കാണാം എന്നു പറഞ്ഞ്‌ സ്ഥലം കാലിയാക്കി.
വീട്ടില്‍ ചെന്നപ്പോള്‍ സമയം 10:30. ഒന്നിനും ഒരു മൂഡ്‌ തോന്നിയില്ല. വേഗം കിടന്നു. നാളെ എന്താവും അവസ്ഥ എന്നാലോചിച്ച്‌ ഉറങ്ങിപ്പോയി.രാവിലെ എഴുന്നേറ്റ്‌ വേഗം കുളിച്ച്‌ റെഡിയായി, സ്റ്റേഷനിലേക്ക്‌. കൂട്ടുകാര്‍ രണ്ടുപേരും സ്റ്റേഷന്‍ ഗയിറ്റില്‍ കാത്ത്‌ നില്‍ക്ക്ക്കുന്നുണ്ടായിരുന്നു.
"വല്ലതും നടക്കുമോ" ഒരാള്‍.
"നോക്കാം. വാ"
അകത്ത്‌ ചെന്നപ്പോള്‍ ഇന്നലെ കണ്ട ഏമാന്‍ എന്തോ കാര്യമായി എഴുതുന്നു. ഞങ്ങളെ കണ്ടതും "പുറത്തിരിക്ക്‌. ഇപ്പോ വിളിക്കാം" എന്ന് പറഞ്ഞു.അല്‍പനേരം ഇരുന്നപ്പോള്‍ വീണ്ടും അകത്തേക്ക്‌ വിളിച്ചു.
"FIR റെഡി. ഒപ്പിട്ടോ..."
ആ FIR കണ്ട്‌ ഞാന്‍ ശരിക്കും ഞെട്ടി. ഉള്ളടക്കം ഏതാണ്ട്‌ ഇങ്ങനെയായിരുന്നു.

തെക്കുനിന്നും വടക്കോട്ടേക്ക്‌ അമിത വേഗതയില്‍ വെട്ടിച്ചും പാളിച്ചും മറ്റുള്ളവര്‍ക്ക്‌ അപകടമാകും വിധം ഓടിച്ച്‌ വന്ന കാര്‍ S.I കൈ കാണിക്കുകയും, നിര്‍ത്താതെ പോവുകയും ചെയ്തു.

"അയ്യോ സാര്‍. ഇതെന്താ ഇങ്ങനെ ? ആ റോഡിലൂടെ വെട്ടിച്ചും പാളിച്ചും അമിത വേഗതയില്‍ പോയെന്നോ ? സാറിനറിയാമല്ലോ ആ റോഡിന്റെ അവസ്ഥ. 20 കി.മി സ്പീഡില്‍ കൂടുതല്‍ പോകാന്‍ പറ്റില്ല സാര്‍ ..."
"അതങ്ങനെയാ ... മൊബൈല്ലില്‍ സംസാരിച്ചു എന്നൊരു വകുപ്പില്ല. അതുകൊണ്ടാ. കുഴപ്പമൊന്നും ഇല്ല. പിഴയൊക്കെ ഒന്നു തന്നെ."
"സാര്‍ എന്നാലും ..."
"ഒന്നും പേടിക്കാനില്ല്ലെടോ ... താന്‍ ധൈര്യമായി ഒപ്പിട്ടോ ... ഉം .."
ഒപ്പിടാനായി പേന കൈയ്യിലെടുത്തപ്പോള്‍ റാംജി റാവ്‌ സ്പീകിങ്ങ്‌ലെ "അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍" എവിടെയോ കേട്ടു. പിന്നെ രണ്ടും കല്‍പ്പിച്ച്‌ ഒപ്പിട്ടു. തൂക്കിക്കൊല്ലുമൊന്നുമില്ലല്ലോ. ജാമ്യക്കാരും ഒപ്പിട്ടു.
"പേപ്പറുകളൊക്കെ കോടതിയിലേക്ക്‌ വിട്ടേക്കാം. അടുത്ത വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി പിഴ അടക്കണം. ജുടീഷ്യല്‍ കോടതി-2, എറണാകുളം. സുഭാഷ്‌ പാര്‍ക്കിനടുത്ത്‌."
ഓ അപ്പോള്‍ ഇത്‌ പെട്ടന്നൊന്നും തീരുന്ന ലക്ഷണമില്ല.
"ശരി സാര്‍ ... താങ്ക്സ്‌ ..."
"ഓക്കെ" എന്റെ പണി ഞാന്‍ നന്നായി ചെയ്തു. ഇനി താനായി തന്റെ പാടായി. അതായിരുന്നു ആ ഓക്കെ യുടെ അര്‍ഥം.

കാര്‍ സ്റ്റാര്‍ട്‌ ചെയ്യുന്നതിന്‌ മുന്നേ മൊബൈല്‍ ഫോണ്‍ ഒാഫ്‌ ചെയ്തു. എന്റെ പുതിയ ട്രാഫിക്‌ നിയമം ഞാന്‍ തന്നെ എനിക്ക്‌ വേണ്ടി നടപ്പിലാക്കി.

വെള്ളിയാഴ്ച വന്നു. ഇന്ന് വിധി അറിയുന്ന ദിവസമാണ്‌. ആരോടൊക്കെയോ ചോദിച്ച്‌ കോടതി setup - കള്‍ അറിഞ്ഞ്‌ വച്ചിരുന്നു. നേരേ വച്ചു പിടിച്ചു.10 മണിക്ക്‌ കോടതി അങ്കണത്തില്‍.നല്ല തിരക്ക്‌. വെള്ളയും കറുപ്പുമിട്ട കുറെ വക്കീലന്മാര്‍. കാക്കിയിട്ട ഏമാന്മാര്‍, വിലങ്ങിട്ട പ്രതികള്‍. കൂടെ ഞാനും. വെള്ളയും കറുപ്പുമിട്ട ഒരു വക്കീലിനോട്‌ ചോദിച്ചു.
"ഈ ജുഡീഷ്യല്‍ കോടതി-2 എവിടെയാ"
"നേരെ പോയി പുറകുവശത്ത്‌. ട്രാഫിക്‌ കേസാണോ ? ഞാന്‍ വാദിക്കാം ..."
"അയ്യോ ... വേണ്ട. താങ്ക്സ്‌"
ഈ വിധത്തിലുള്ള പ്രലോഭനങ്ങള്‍ കാണുമെന്നും, അതിന്‌ വഴങ്ങരുതെന്നും, നല്ല കുട്ടിയായി പിഴ അടച്ച്‌ വന്നാല്‍ മതിയെന്നും ഒരു വക്കീല്‍ സുഹ്രുത്ത്‌ ഉപദേശിച്ചിരുന്നു. അവനുകൂടി താങ്ക്സ്‌ പറഞ്ഞ്‌ ജുഡീഷ്യല്‍ കോടതിയുടെ മുന്നില്‍ ചെന്നു. അവിടെയും നല്ല തിരക്ക്‌.അകത്ത്‌ കയറി. സമയം 10:45. ഗവന്മെണ്ട്‌ ഓഫീസ്‌ സമയം ആകാത്തതുകൊണ്ട്‌ ആരും എത്തിയിട്ടില്ല. ഒരു ഏമാനെക്കണ്ട്‌ കാര്യം പറഞ്ഞു.
"വെയിറ്റ്‌ ചെയ്യൂ ... കടവന്ത്ര സ്റ്റേഷനില്‍ നിന്ന് ആരെങ്കിലും വരും." നല്ല ഏമാന്‍.
സമയം 11:30. കോടതി തുടങ്ങി അല്‍പസമയം ആയി. ഒരു ഏമാന്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച സ്റ്റേഷനില്‍ കണ്ട പോലെ.
"സാര്‍ ... കടവന്ത്ര പോലീസ്‌ സ്റ്റേഷനനില്‍ നിന്നല്ലെ ?"
"അതെ"
"എന്റെ കേസുണ്ട്‌. മൊബെയിലില്‍ സംസാരിച്ച ..."
"നോക്കട്ടെ ..."ഏമാന്‍ കോടതിയോട്‌ ചേര്‍ന്ന ഓഫീസ്‌ മുറിയില്‍ കേറി. ആരോടൊക്കെയോ എന്തൊക്കെയോ പറയുന്നു. ഫോണ്‍ ചെയ്യുന്നു.കുറച്ച്‌ കഴിഞ്ഞ്‌ പുറത്ത്‌ വന്നു.
"എന്തായി സാര്‍"
"എന്തോ കുഴപ്പമുണ്ട്‌. സ്റ്റേഷനില്‍ നിന്ന് പേപ്പര്‍ വന്നിട്ടില്ല. വെയ്റ്റ്‌ ചെയ്യ്‌"ഏമാന്‍ അപ്രത്യക്ഷം. എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവരുടെ കേസുകള്‍ മുറക്ക്‌ നടക്കുന്നുണ്ട്‌. (എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവര്‍ എന്ന് പറഞ്ഞത്‌ കൈയ്യില്‍ വിലങ്ങിട്ടവരെ കണ്ടിട്ടാണ്‌)
സമയം 12:45. ഏമാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇന്ന് നടക്കില്ല. പേപ്പര്‍ ഇല്ല."
"അയ്യോ സാര്‍. ഇന്ന് വരാന്‍ പറഞ്ഞതാണല്ലോ ?"
"പേപ്പര്‍ വന്നിട്ടില്ല. വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇനി രണ്ടാഴ്ച കഴിഞ്ഞ്‌ വരണം. ബുധനാഴ്ച വന്നാല്‍ മതി. എഴുതി തരാം"ഏമാന്‍ ഒരു തുണ്ട്‌ കടലാസില്‍ FIR Number എഴുതി, തീയതിയും കുറിച്ചു.
"ഇപ്പോ പൊയ്ക്കൊ ..."
"ശെരി സാര്‍ ..."
കാര്‍ സ്റ്റാര്‍ട്‌ ചെയ്തു. സുഭാഷ്‌ പാര്‍ക്കിന്റെ അല്‍പം മുന്നോട്ട്‌ പോയി U Turn എടുത്താലോ എന്ന ഒരാലോചന. കുറെ പഴംചൊല്ലുകള്‍ ഓര്‍മ്മവന്നു. "കൂനിന്‍ മേല്‍ കുരു", "ഗതികെട്ടവന്‍ മൊട്ടയടിച്ചപ്പോള്‍ ..." എന്നിവ. കാര്‍ ഓടിച്ച്‌ മേനക വരെ പോയി ഏമാന്മാര്‍ ഇല്ല എന്ന് ഉറപ്പുവരുത്തി "U" എന്ന ട്രാഫിക്ക്‌ സിഗ്നല്‍ കണ്ടടുത്തുനിന്നും തിരിച്ചു. പിന്നെ ഓഫീസിലേക്ക്‌.

രണ്ടാഴ്ച കഴിഞ്ഞു. വിധി പറയുന്ന് ദിവസം വീണ്ടും. ഈ പ്രാവശ്യം കുറച്ച്‌ നേരത്തേ ചെന്നു. ഒന്‍പത്‌ മണിക്ക്‌ കോടതി അങ്കണത്തില്‍ ഹാജര്‍. നല്ല തിരക്ക്‌.വിലങ്ങിട്ടവരുടെ ഒരു നീണ്ട നിര തന്നെ. ഹോ ഇത്രമാത്രം കുറ്റകൃത്യങ്ങളോ ഈ കേരളത്തില്‍ !
അന്ന് കണ്ട ഏമാനെ പുറത്ത്‌ വച്ച്‌ തന്നെ കണ്ടുമുട്ടി.
"സാര്‍ എന്റെ കാര്യം ..."
"നമുക്ക്‌ ഇന്ന് ശരിയാക്കാം"
ഹാവൂ ആശ്വാസം. ആദ്യമായി ഒരു അനുകൂല മറുപടി.
"വാ ..."ഏമാന്റെ പുറകെ, കോടതി ഓഫീസിലേക്ക്‌.
"വെയ്റ്റ്‌ ചെയ്യ്‌ ... ആരും വന്നിട്ടില്ല. വന്നിട്ട്‌ നമ്പര്‍ ഇട്ട്‌ വാങ്ങാം ..."
വീണ്ടും കാത്തിരിപ്പ്‌.
10:45 - ഒരു സ്ത്രീ വന്ന് അവരുടെ ഇരിപ്പിടത്തില്‍ ഇരുന്നു. ഫയലുകള്‍ എടുക്കുന്നു, പേപ്പറുകള്‍ നോക്കുന്നു, "ഹോ ഭയങ്കര ചൂട്‌" എന്നു പറഞ്ഞ്‌ ജന്നല്‍ തുറക്കുന്നു. ഇതിനിടെ നമ്മുടെ ഏമാന്‍ അടുത്തുചെന്ന് പേപ്പര്‍ കൊടുത്തു. അതു വാങ്ങി വായിച്ച്‌ മേശപ്പുറത്ത്‌ വച്ചു. പിന്നെ വേറെ ഏതോ പേപ്പറുകള്‍ നോക്കുന്നു. ഇപ്പോള്‍ വേറേയും കുറെ ഓഫീസര്‍മാര്‍ വന്നു. പിന്നെ എല്ലാരും തമ്മില്‍ കൊച്ചുവര്‍ത്താനമായി.അല്‍പം കഴിഞ്ഞപ്പോള്‍ എമാന്‍ കൊടുത്ത പേപ്പര്‍ എടുത്തു എന്നെ നോക്കി.
"നിങ്ങളാണോ പ്രതി ?"
കൊലക്കേസ്‌ പ്രതിയൊന്നുമല്ല മാഡം, പറയണമെന്നുണ്ടായിരുന്നു.
"അതെ"
പിന്നെ പേപ്പറില്‍ ഒരു നമ്പര്‍ കുറിച്ചു.ഏമാന്‍ പേപ്പര്‍ വാങ്ങി പുറത്തേക്ക്‌ നടന്നു.
"ജഡ്ജ്ജി വിളിക്കുമ്പം ആ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കണം. താണ്‌ തൊഴുതൊക്കെ നിന്നേക്കണം."
"ശരി സാര്‍"
പിന്നെ ചെവി വട്ടം പിടിച്ച്‌ കാത്തുനില്‍പ്പായി.വാതില്‍ക്കല്‍ ചക്കയില്‍ ഈച്ച പൊതിഞ്ഞതുപോലെ തിക്കും തിരക്കും.ഓരോ നമ്പര്‍ അകത്ത്‌ നിന്ന് വിളിക്കുമ്പോള്‍ പ്രതികളും, പോലീസും, വക്കീലന്മാരും ഇടിച്ച്‌ കയറുന്നു. ഈശ്വരാ, ഈ തിരക്കില്‍ നമ്പര്‍ വിളിക്കുന്നത്‌ കേള്‍ക്കുമോ, അകത്ത്‌ എങ്ങനെ കയറും എന്നൊക്കെയായി വിചാരം.അവസാനം ഈ പ്രതിയുടെ ഊഴം വന്നു. നമ്പര്‍ വിളി എങ്ങനെയോ കേട്ടു. കുറെ പേരെ ഇടിച്ച്‌ മാറ്റി അകത്തെത്തി. പ്രതി കൂട്‌ കണ്ടു. കയറി നിന്നു. ഏമാന്‍ പറഞ്ഞ പോലെ താണ്‌ വണങ്ങി.മുന്നില്‍ ജഡ്ജ്ജി. നിയമത്തിന്റെ സിംഹാസനത്തില്‍. താന്‍ ചെയ്യുന്ന ജോലി ശരിക്കും ആസ്വദിച്ച്‌.
"മുഴുവന്‍ പേര്‌ ? " താഴെ നില്‍ക്കുന്ന ഗുമസ്തന്‍
" .... "
"അച്‌ഛന്റെ പേര്‌ ?"
" ... "
" അലക്ഷ്യമായി വണ്ടി ഓടിച്ച്‌ ..."
ഇത്രയും ഗുമസ്തന്‍ പറഞ്ഞപ്പോള്‍ തന്നെ ജഡ്ജി പേപ്പറില്‍ എന്തോ കുറിച്ച്‌ പേപ്പര്‍ താഴേക്കിട്ടു. ഗുമസ്തന്‍ ഒരു "ക്യാച്ച്‌" എടുത്തു.
"ആയിരത്തി അഞ്ഞൂറു രൂപ പിഴ അടയ്ക്കണം" ഗുമസ്തന്‍.
ഇത്രയും പ്രതീക്ഷിച്ചത്‌ കൊണ്ട്‌, വലിയ ഞെട്ടലൊന്നും ഉണ്ടായില്ല.പ്രതി കൂട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഓഫീസില്‍ ചെന്നു. ക്യു കണ്ടപ്പോഴേ മനസ്സിലായി പിഴ അടക്കേണ്ട സ്ഥലം. ക്യൂവില്‍ കേറി നിന്നു.മുന്നില്‍ നില്‍ക്കുന്ന ആളുടെ പേപ്പറില്‍ 3000 എന്ന് എഴുതിക്കണ്ടു.എന്താണാവോ ഞാന്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റം.
"എന്താ ചേട്ടാ മൂവായിരം ?"
"സ്മോള്‍ അടിച്ച്‌ വണ്ടി ഓടിച്ചതിനാ ... ഒരു മാസത്തെ ശമ്പളം പോയി ... മറ്റേ എടപാട്‌ ..."
സത്യം പറഞ്ഞാല്‍ എനിക്ക്‌ ചിരിയാണ്‌ വന്നത്‌. എന്റെ കുറ്റം എത്രയോ നിസ്സാരം എന്ന ഭാവത്തില്‍ കയ്യിലുള്ള പേപ്പര്‍ പൊക്കിപ്പിടിച്ചു. അയാള്‍ നോക്കിയില്ല.
ഞെളിഞ്ഞിരിക്കുന്ന ഗുമസ്തന്റെ കയ്യിലേക്ക്‌ മൂന്ന് 500 രൂപാ നോട്ടുകള്‍ വച്ചു. അയാള്‍ ഒരു ബുക്കില്‍ പേര്‍ എഴുതി. 500 ന്റെ നോട്ടുക്കള്‍ മേശ വലിപ്പില്‍ കയറി ഒളിച്ചിരുന്നു.
"റെസീറ്റ്‌ ഉച്ചയ്ക്ക്‌ മൂന്ന് മണിക്ക്‌ വന്ന് വന്നാല്‍ കിട്ടും ..."
ഓഹോ, ഇപ്പോള്‍ തന്നെ സമയം 12:30 ആയി. ഇനി പോയിട്ട്‌ റെസീറ്റ്‌ വാങ്ങാന്‍ 3 മണിക്ക്‌ പിന്നേം വരാന്‍ ! എനിക്കു വേണ്ടെഡോ തന്റെ റെസീറ്റ്‌. മനസ്സില്‍ മാത്രം പറഞ്ഞു.
"ഗവണ്മെന്റിന്റെ കാര്യാ മോനേ ... ഒന്നും പറയാന്‍ പറ്റൂല്ല. കുറച്ച്‌ ദിവസം കഴിഞ്ഞാ ചെലപ്പം പറയും പിഴ ഒടുക്കിയില്ല എന്ന്. അതുകൊണ്ട്‌ മൂന്ന് മണിക്ക്‌ വന്ന് വാങ്ങാം." എതോ ഒരു പ്രതിയുടെ വേദവാക്യം. എനിക്കും ബാധകമാണല്ലോ എന്നൊരു ഉള്‍വിളി.കോടതി അങ്കണം വിട്ടു. ഓഫീസിലേക്ക്‌.

ഒരുമാതിരിപ്പെട്ട സഹപ്രവര്‍ത്തകരുടെ ഇടയില്‍ സംഗതി ഫ്ലാഷായതുകൊണ്ട്‌, ഓഫീസില്‍ എത്തിയ ഉടനേ "എന്തായി ?" എന്ന ചോദ്യത്തിന്‌, മറുപടിയായി മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ വിവരിച്ചു. "കഷ്ടം"
"ശ്രദ്ധിക്കണം"
"ഇനി ഹെഡ്‌ സെറ്റ്‌ ഉപയോഗിക്കണം"
"കാര്‍ നിര്‍ത്തി കോള്‍ എടുക്കണം"
എന്നീ ഉപദേശങ്ങള്‍ നല്ലവരായ സഹപ്രവര്‍ത്തകര്‍ ഫ്രീ ആയി തന്നുകൊണ്ടേ ഇരുന്നു.

പണിത്തിരക്ക്‌ മൂലം കോടതി അങ്കണത്തില്‍ വീണ്ടും എത്തിയപ്പോള്‍ 3:30. ഈശ്വരാ .. ഇനി വൈകിയത്‌ കൊണ്ട്‌ 2 ആഴ്ച്‌ കഴിഞ്ഞ്‌ വാ എന്ന് വല്ലതും പറയുമോ. പേടി തോന്നാതിരുന്നില്ല.ആപ്പീസില്‍ ചെന്നു. പിഴ വാങ്ങി മേശ വലിപ്പിലിട്ട ആള്‍ ഉണ്ട്‌.
"രാവിലെ fine അടച്ചിരുന്നു. റസീറ്റ്‌ ..."
"ആ ... എന്താ പേര്‌ ?"
" ... "
"നോക്കട്ടെ ..."
ഒരു കൊച്ച്‌ റസീറ്റ്‌ ബുക്ക്‌ എടുത്ത്‌ പേരിനുവേണ്ടി തിരഞ്ഞു.
"ഇതല്ലെ മുഴുവന്‍ പേര്‌ ?"
"അതെ"
കിര്‍ ... എന്ന ശബ്ദത്തോടെ റസീറ്റ്‌ അടര്‍ന്നു വന്നു.
"ഇന്നാ ... "
വാങ്ങി പോക്കറ്റിലിട്ട്‌ ഒരു ആശ്വാസ ശബ്ദം പുറപ്പെടുവിച്ച്‌, തിരികെ ഓഫീസിലേക്ക്‌. പോക്കറ്റില്‍ കിടക്കുന്ന Nokia N70 അറിയുന്നുണ്ടോ അവന്റെ പേരിലുള്ള പൊല്ലാപ്പുകള്‍ !

ആരോ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ കോടതിയിലെ നിയമക്രമങ്ങളിലൂടെ ഒരു പ്രാവശ്യം നമ്മള്‍ കടന്നുപോയാല്‍ പിന്നെ അങ്ങോട്ട്‌ കേറാന്‍ തോന്നില്ല എന്ന്. ഇത്‌, ഒരിക്കല്‍ കുറ്റം ചെയ്തവരെ വീണ്ടും അത്‌ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കല്‍ കൂടി ആണത്രെ. എത്രതോളം ശരിയാണെന്ന് അറിയില്ല്ല. പക്ഷെ ഈയുള്ളവന്‌ 100% ശരിയായി തോന്നുന്നു. അല്ലെങ്കില്‍ ഒരു വിളി വരുമ്പോള്‍, എം.ജി റോഡില്‍ ആണെങ്കില്‍ പോലും, കാര്‍ സൈഡാക്കുകില്ലല്ലോ ?

Thursday, October 25, 2007

പരദേശി ഒരു 'പാര'ദേശി

മോഹന്‍ലാല്‍, സിദ്ദിഖ്‌, ജഗതി ശ്രീകുമാര്‍, ശ്വേത മേനോന്‍ എന്നീ നടീ നടന്മാരെ മെയ്ക്കപ്‌ കൊണ്ട്‌ എത്രത്തോളം മാറ്റിയെടുക്കാം എന്നതുമാത്രമാണ്‌ 'പരദേശി' എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

ടി വിയില്‍ ഈ ചിത്രത്തിന്റെ അവലോകനം കണ്ടിരുന്നു. "ഒരു നടന്റെ ജീവിതത്തിലെ അത്യപൂര്‍വമായ കഥാപാത്രം" എന്നൊക്കെ മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ്‌ കണ്ടേക്കാമെന്ന് കരുതിയത്‌ (പരസ്യതന്ത്രം വിജയിച്ചു !)

കുറെ കഥാപാത്രങ്ങള്‍ വരുന്നു, പോകുന്നു. തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കുറേ രംഗങ്ങള്‍, സംഭവങ്ങള്‍ ....

മോഹന്‍ലാല്‍ എന്ന നടന്‌ തന്റെ അഭിനയപാടവം അല്‍പം പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നാണ്‌ എനിക്ക്‌ തോന്നിയത്‌.

നേരത്തേ പറഞ്ഞപോലെ മെയ്ക്കപ്പ്‌മാന്‍ തന്റെ പണി നന്നായി ചെയ്തിട്ടുണ്ട്‌.വേറെ ഒന്നുമില്ല ഈ ചിത്രത്തില്‍ ... ഒന്നും !

Tuesday, October 16, 2007

കുരുത്തക്കേടുകള്‍

1. "എത്ര പ്രാവശ്യം പറഞ്ഞാലും നീ പിന്നേം പൈപ്പ്‌ തുറന്ന് വെള്ളത്തില്‍ കളിക്കുന്നതെന്തിനാ ?"
2. "ഇന്ന് പിന്നേം നീ ചുമരില്‍ ക്രയോണ്‍സ്‌ വച്ച്‌ വരച്ചു അല്ലെ"
3. "രണ്ട്‌ ഇഡ്ഡലിയും വച്ച്‌ നീ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മണിക്കൂറായല്ലൊ ?"
4. "മൊബൈല്‍ ഫോണില്‍ കളിക്കരുതെന്ന് നിന്നോട്‌ എത്ര പ്രാവശ്യം പറഞ്ഞു"
5. "ന്യൂസ്‌ കണ്ടോണ്ടിരിക്കുമ്പോഴാ അവന്റെ ഒരു കാര്‍ട്ടൂണ്‍ !!"
6. "ഇഷ്ടം പോലെ കളിപ്പാട്ടം വീട്ടില്‍ ഇരിക്കുമ്പോഴാ നീ പിന്നേം വേണം എന്ന് പറഞ്ഞ്‌ കരയുന്നത്‌ ?"
7. "കളിപ്പാട്ടം മുഴുവന്‍ വലിച്ച്‌ വാരി ഇട്ടു അല്ലേ. മുഴുവന്‍ എടുത്ത്‌ വച്ചിട്ട്‌ ഉറങ്ങിയാമതി."
8. "മേശപ്പുറത്ത്‌ വലിഞ്ഞ്‌ കേറരുത്‌. അടികൊള്ളും !"
9. "എപ്പോഴും പുറത്ത്‌ പോകുമ്പോള്‍ നിന്നെ കൂട്ടാനൊന്നും പറ്റില്ല"
10. "മടക്കി വച്ച തുണി മുഴുവന്‍ വലിച്ച്‌ വാരി ഇട്ടു അല്ലെ"

അങ്ങനെ ... അങ്ങനെ ...

പാവം കുട്ടി. എന്തു കാര്യം ചെയ്താലും "വേണ്ട, പാടില്ല, ചെയ്യരുത്‌" എന്നാണ്‌ അച്ഛനും അമ്മയും പറയുന്നത്‌.

"ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ്‌ തരുമോ ?" മനസ്സില്‍ വിചാരിക്കുന്നുണ്ടാവാം.

Saturday, October 13, 2007

അസുഖകരമായ കാഴ്ചകള്‍

ബസ്സ്‌
ഒട്ടും തിരക്കില്ലാത്ത ഒരു ബസ്സ്‌. സ്റ്റോപ്പില്‍ നിന്ന് പിന്‍ വാതിലിലൂടെ കയറിയ ഒരുത്തന്‍, മുന്നില്‍ രണ്ട്‌ മൂന്ന് ചെറുപ്പക്കാരികള്‍ നില്‍ക്കുന്നത്‌ കണ്ട്‌ വച്ച്‌ പിടിച്ച്‌ മുന്നില്‍ പോയി നില്‍ക്കുന്നു. ഒരു വൃത്തികെട്ട ചിരിയുമായി.

ഹോട്ടല്‍
വെയിറ്റര്‍, ഒാര്‍ഡര്‍ ചെയ്ത മസാല ദോശ കൊണ്ടുവരുന്നു. അവന്റെ മുഷിഞ്ഞ ഷര്‍ട്ടിന്റെ അറ്റം മസാല ദോശയെ തഴുകി തലോടുന്നു. സാമ്പാറില്‍ മുങ്ങിതാഴുന്നുമുണ്ട്‌.

ഹോസ്പിറ്റല്
‍ഒരു പാവം ഉമ്മ, കയ്യില്‍ ബാഗും മറ്റുമൊക്കെയായി അഡ്മിറ്റായിരിക്കുന്ന ആരെയോ കാണാന്‍ വന്നു. സന്ദര്‍ശന സമയം കഴിഞ്ഞെന്ന് പറഞ്ഞ്‌ തിരിച്ചയക്കുന്ന സെക്യൂരിറ്റികാരന്‍.

ബെവ്ക്കൊ (സര്‍ക്കാറിന്റെ വിദേശ മദ്യശാല)
സാധാരണ കാഴ്ച. കുടിയന്മാരുടെ നീണ്ട നിര. അച്ഛന്റെ കൂടെ അഞ്ചോ ആറോ വയസ്സ്‌ തോന്നിക്കുന്ന് ഒരു പാവം പെണ്‍കുട്ടിയും ക്യൂവില്‍. എന്താണ്‌ അച്ഛന്‍ വാങ്ങാന്‍ പോകുന്നത്‌ എന്ന് അറിയുമോ ആവോ ?

റയില്‍വെ സ്റ്റേഷന്‍
നല്ല തിരക്ക്‌. ഒരു ട്രെയിന്‍ വന്നു. ആള്‍ക്കാര്‍ ഇടിച്ച്‌ കയറുന്നു. ഒരു സായിപ്പ്‌. ചുമലിലും, പുറത്തുമൊക്കെയായി കുറെ ഭാണ്ടക്കെട്ടുകള്‍. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നു. "Coming off, Coming off" എന്നൊക്കെ ഉറക്കെ വിളിച്ച്‌ പറയുന്നുണ്ട്‌. ആര്‌ കേള്‍ക്കാന്‍. സ്വന്തം കാര്യം സിന്താബാദ്‌. ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ ഇടിയും കൊണ്ട്‌ ട്രെയിനിനകത്ത്‌ തന്നെ നില്‍ക്കാനാണ്‌ സായിപ്പിന്‌ യോഗം.

ഹിജഡ - 1
യാത്രക്കാരന്‍ ടാക്സിയുടെ പുറകില്‍ ഇരിക്കുന്നു. രണ്ട്‌ മൂന്ന് ഹിജഡകള്‍ പുറകിലെ ജന്നലിലൂടെ മുഖം അകത്തേക്കിട്ട്‌ പൈസ ചോദിക്കുന്നു. യാത്രകാരന്‍ തരില്ലെന്നായി. ഹിജഡകള്‍ കാര്‍ക്കിച്ച്‌ യാത്രക്കാരന്റെ മുഖത്തേക്ക്‌ ഒറ്റത്തുപ്പ്‌. ഊറിച്ചിരിക്കുന്ന ടാക്സി ഡ്രൈവര്‍.

ഹിജഡ - 2
ഒരു ആഭരണക്കടയുടെ ഉത്ഘാടനം. വിളക്കൊക്കെ വച്ച്‌ എല്ലാവരും ഉത്ഘാടകനെ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. കുറേ ഹിജഡകള്‍ കാശുവേണമെന്നായി. കടക്കാരന്‍ 500 രൂപ കൊടുത്തു, 1000 വേണമെന്ന് ഹിജഡകളുടെ വാശി. ഇല്ലെന്ന് കടക്കാരന്‍. ഹിജഡകളുടെ സമരമുറ. തുണിപൊക്കിപ്പിടിച്ചുള്ള ഡിസ്കൊ.

ചെത്ത്‌ പിള്ളേര്
‍ഒരു ഷോപ്പിംഗ്‌ മാള്‍. പടികള്‍ തുടച്ച്‌ വൃത്തിയാക്കുന്ന പ്രായം ചെന്ന സ്ത്രീ. ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ കുറേ ചെത്ത്‌ പിള്ളേര്‍ അഡിഡാസും, നൈക്കും, റീബോക്കും കൊണ്ട്‌ വീണ്ടും ... അവര്‍ ഇപ്പോഴും പടികള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌.

ഭിക്ഷ
തമിഴത്തിപെണ്‍കുട്ടി. കൈയ്യില്‍ പിഞ്ചുകുഞ്ഞ്‌.ചുട്ടുപൊള്ളുന്ന പരുപരുത്ത സിമന്റ്‌ തറയില്‍ കുഞ്ഞിനെ കിടത്തി തമിഴത്തി മുന്നോട്ട്‌ പോയി നില്‍ക്ക്ക്കുന്നു. കുഞ്ഞ്‌ മുട്ടിലിഴഞ്ഞ്‌ അമ്മയുടെ അടുത്തെത്താന്‍ ശ്രമിക്കുന്നു. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാണയത്തുട്ടുകള്‍ടെ എണ്ണവും കൂടും എന്ന് പ്രതീക്ഷിച്ച്‌ കുഞ്ഞിനെ നോക്കാതെ കൈ നീട്ടുന്ന തമിഴത്തി.

ശബരി മല
സന്നിധാനത്ത്‌ തിരക്കെന്ന് പറഞ്ഞാല്‍ മണല്‍ വാരിയിട്ടാല്‍ താഴെ വീഴാത്തത്ര തിരക്ക്‌. ഒരമ്മൂമ്മ തിരക്കിനിടയില്‍ നിന്ന് പൊട്ടി കരയുന്നു. ചോദിച്ചപ്പോള്‍ "പേരക്കുട്ടിയേയും കൊണ്ട്‌ വന്നതാണ്‌. തിരക്കിനിടയില്‍ കൈ വിട്ടുപോയി."അയ്യപ്പന്‍ ആ പേരക്കിടാവിനെ തിരിച്ച്‌ കൊടുത്തിരിക്കും തീര്‍ച്ച.

സ്വാമി ശരണം.

Tuesday, October 9, 2007

"കൊച്ചി ... മനോഹരി ..."


കൊച്ചിയുടെ ഒരു മനോഹര മുഖം.(കൊച്ചിയെപ്പറ്റി ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌.അതിന്‌ അപവാദമാകട്ടെ ഈ മനോഹരക്കാഴ്ച.)

Thursday, October 4, 2007

എന്നേക്കുമായ്‌

ഇന്നു നാം വീണ്ടും പറഞ്ഞു
"പിരിയാം നമുക്കിനി എന്നേക്കുമായ്‌"
കണ്ണില്‍ തുളുമ്പുന്ന നീര്‍ചാലുകള്‍
"തുടയ്ക്കാം നമുക്കിനി എന്നേക്കുമായ്‌"
ഒരുമിച്ചു നടന്ന വഴികള്‍, പിന്നിട്ട നാള്‍കള്‍
"മറക്കാം നമുക്കിനി എന്നേക്കുമായ്‌"
കണ്ട കിനാക്കള്‍, കൂട്ടി വച്ച മോഹങ്ങള്‍
"തകര്‍ക്കാം നമുക്കിനി എന്നേക്കുമായ്‌"
മനസ്സില്‍ വരച്ച മാരിവില്ലുകള്‍
"മായ്കാം നമുക്കിനി എന്നേക്കുമായ്‌"
ഇനിയുള്ള ജന്മങ്ങളില്‍ ഒന്നാകുവാന്‍
"കാത്തുനില്‍ക്കാം നമുക്കിനി എന്നേക്കുമായ്‌"

Wednesday, October 3, 2007

കള്ളിക്കാക്കകള്‍

ഉണ്ണിക്ക്‌ കാക്കകളെ ഇഷ്ടമല്ല. കറുത്ത നിറം, ക്രാ...ക്രാ എന്ന വൃത്തികെട്ടെ കരച്ചില്‍. കാണാനൊരു ചേലുമില്ല. ഉണ്ണീടെ വീട്ടുപറമ്പിലെ മാവിന്‍കൊമ്പത്ത്‌, അങ്ങ്‌ ഉയരെ ഊഞ്ഞാലാടുന്ന പച്ച തത്തമ്മയെ കാണാന്‍ എന്തുചേലാ ! അതിന്റെ പച്ചനിറവും, വെറ്റില മുറുക്കിയ ചെഞ്ചുണ്ടും, തല വെട്ടിച്ചുള്ള നോട്ടവും ഉണ്ണിക്ക്‌ ഒത്തിരി ഇഷ്ടാ.

ശ്ശൊ ... നാശം ... ഉണ്ണീടമ്മ മുറ്റത്ത്‌ ഉണക്കാനിട്ടിരുന്ന നെല്ല് മുഴുവന്‍ കൊത്തിത്തിന്നുകയാ ഒരു കള്ളി കാക്കയും അതിന്റെ കൂട്ടുകാരും. പതുങ്ങിച്ചെന്ന് ഒരു കല്ലെടുത്ത്‌ ഒറ്റയേറ്‌. കാക്കകള്‍ നാലുപാടും പറന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കാക്ക മരച്ചില്ലയില്‍ ചെന്നിരുന്ന് ഉറക്കെ, ദയനീയമായി ക്രാ...ക്രാ... എന്ന് കരഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഒരു കണ്ണില്‍നിന്നേ കണ്ണുനീര്‍ വന്നുള്ളു.

തത്തമ്മപ്പ്പ്പെണ്ണ്‍ വന്നിരിക്കാറുള്ള മാവില്‍, കള്ളിക്കാക്കകളുടെ ഒരു കൂടുണ്ട്‌. മാങ്ങ പറിക്കാന്‍ വന്ന രാവുണ്ണ്യോട്‌ പറഞ്ഞ്‌ ഉണ്ണി ആ കൂട്‌ മുഴുവന്‍ പൊളിച്ച്‌ കളഞ്ഞു. കാക്കപെണ്ണിന്റെ നാല്‌ മുട്ടകള്‍ താഴെ വീണ്‌ ചിതറിയപ്പോള്‍ ഉണ്ണി കൈകൊട്ടി ചിരിച്ചു. ചിതറിപ്പ്പ്പോയ മുട്ടകള്‍ക്കു ചുറ്റും കള്ളിക്കാക്കകള്‍ കരഞ്ഞുകൊണ്ട്‌ വട്ടമിട്ടു പറന്നു.

..........

ഇന്ന് ഉണ്ണീടെ വീട്ടില്‍ ആളും കൂട്ടവും ഒക്കെ ഉണ്ട്‌. അമ്മൂമ്മയും, അമ്മാവനും ഒക്കെ എന്തിനാ ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച്‌ കരയുന്നത്‌ ? ഉണ്ണിക്ക്‌ ഒന്നും മനസിലായില്ല.

തിരുമേനി പറഞ്ഞപോലെ ഉരുളച്ചോറില്‍ ഉണ്ണി എള്ളും, പൂവും, വെള്ളവും കൊടുത്തു. മൂന്നുപ്രാവശ്യം. "അമ്മേനെ മനസ്സില്‍ വിചാരിച്ച്‌ കൈ കൊട്ടി വിളിച്ചോളൂ കുട്ട്യെ". ഉണ്ണി നനഞ്ഞ കൈ കൊട്ടി. നിശബ്ദതയില്‍ ഉണ്ണിയുടെ കൈ കൊട്ടലിന്റെ ശബ്‌ദം മാത്രം. കള്ളിക്കാക്കകള്‍ ആരും വന്നില്ല.

ഉരുളച്ചോറും, പൂക്കളും, വാഴയിലയും വെയിലേറ്റ്‌ ഉണങ്ങിക്കരിഞ്ഞു.

ക്രാ ... ക്രാ ... ഉണ്ണിക്ക്‌ ഇഷ്ടമില്ലാത്ത കരച്ചില്‍ വീണ്ടും. ഒരൊറ്റക്കണ്ണന്‍ കാക്ക മെല്ലെ താണും ചരിഞ്ഞും നോക്കി, ഉണങ്ങി വരണ്ട ഉരുളച്ചോര്‍ കൊത്തിത്തിന്നിട്ട്‌ പറന്ന് പോയി.
"ന്റെ മീനാക്ഷിക്ക്‌ തൃപ്തിയായിരിക്ക്‌ണു..." അമ്മൂമ്മ ആരോടെന്നില്ലാതെ പറയുന്നത്‌ ഉണ്ണി കേട്ടു.

രാവുണ്യോട്‌ പറഞ്ഞ്‌ ചകിരിനാരും, കമ്പുകളും കൊണ്ട്‌ ഒരു കൊച്ചുകൂടുണ്ടാക്കി മാവിന്റെ മുകളില്‍ വെക്കെണം. അതിനുള്ളില്‍ കുറെ നെന്മണികളും ഇട്ട്‌ കൊടുക്കണം. അമ്മൂമ്മ തല തോര്‍ത്തിച്ചപ്പോള്‍ ഉണ്ണി മനസ്സിലോര്‍ത്തു.

Friday, September 28, 2007

"ഹെയില്‍ സീനിയേഴ്സ്‌ !!"

ഏകദേശം 15 കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌. കര്‍ണ്ണാടകയിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ്‌ കോളേജ്‌. പാവം കുട്ടി. ആകെ പരിഭ്രമത്തിലാണ്‌. ആദ്യമായി വീടുവിട്ടു നില്‌ക്കാന്‍ പോവുകയാണ്‌. പ്രവേശനത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ കൂടെ ഹോസ്റ്റലിലേക്ക്‌. ഹോസ്റ്റെല്‍ വാര്‍ഡന്‍ ഏതോ ചില കടലാസുകള്‍ മറിച്ചുനോക്കി പറഞ്ഞു. "Your room is 203". സാമാന്യം സൗകര്യങ്ങളൊക്കെയുള്ള മുറി. കട്ടില്‍, മേശ, കസേര എല്ലാം മൂന്നെണ്ണം. കുട്ടിക്ക്‌ മനസ്സിലായി തന്നെക്കൂടാതെ മറ്റ്‌ രണ്ടുപേര്‍ കൂടി കാണണം. ജനലിനരികെയുള്ള ഇടത്തില്‍ കുട്ടി തന്റെ ബാഗ്‌ ഒതുക്കി വച്ചു."ശരി ... എന്നാല്‍ ഞാന്‍ പോട്ടെ ..." മുറിയും ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ബോധ്യപ്പെട്ട അച്ഛന്‍.കുട്ടിക്ക്‌ വിഷമമായി. തനിച്ചായതുപോലെ.കുട്ടി ഇപ്പോള്‍ കട്ടിലില്‍ ഇരിക്കുകയാണ്‌. ജനലിലൂടെ പുറത്തേക്ക്‌ നോക്കി. പുറത്ത്‌ ചന്നം പിന്നം പെയ്യുന്ന മഴ. ഇതാണോ ഏകാന്തത ? ആയിരിക്കും.

വാതില്‍ക്കല്‍ ഒരു ശബ്ദം. സഹമുറിയനാണ്‌. പരിചയപ്പെട്ടു. ആശ്വാസം. മലയാളി തന്നെ.കുട്ടി ഇപ്പോള്‍ ഈ ചുറ്റുപാട്‌ ഇഷ്ടപ്പെട്ടുവരികയാണ്‌. ധാരാളം മലയാളികള്‍, തരക്കേടില്ലാത്ത ഭക്ഷണം, പഠിക്കാന്‍ പറ്റിയ ശാന്തമായ അന്തരീക്ഷം.

ഇനി കുട്ടി ഇവിടം വെറുക്കാന്‍ പോകുകയാണ്‌.

കുട്ടിയും സഹമുറിയനും എന്തോ സംസാരിച്ചുകൊണ്ട്‌ മുറിയില്‍ ഇരിക്കുകയാണ്‌. വാതിലില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ രണ്ടു പേര്‍. അവ്യക്തമായ മലയാളത്തില്‍ "പേറെന്താ ... നാടെവിടെ ..." എന്നീ കുശലാന്വേഷണങ്ങള്‍. അപാകതയൊന്നും തോന്നിയില്ല. പെട്ടെന്ന് രണ്ടുപേരുടേയും മട്ട്‌ മാറി. "സീനിയെഴ്സിനെ കണ്ടാല്‍ വിഷ്‌ ചെയ്യാനറിയില്ലേടാ", കൂടെ ആദ്യമായി കേള്‍ക്കുന്ന കുറെ വാക്കുകളും. തെറിയാണെന്ന് കുട്ടി മനസ്സിലാക്കി. കുട്ടിയും സഹമുറിയനും ഒരുമിച്ച്‌ "ഗുഡ്‌ ഈവ്നിംഗ്‌". കൂട്ടത്തില്‍ ഒരുവന്‍ "ഇങ്ങനെയല്ല. പഠിപ്പിച്ചു തരാം". ഇടതുകൈകൊണ്ട്‌ അരയുടെ താഴെ അമര്‍ത്തിപ്പിടിക്കണം. വലതുകൈ സമാന്തരമായി പിടിച്ച്‌ "Hail Seniors" എന്ന് ഉറക്കെ "വിഷ്‌" ചെയ്യണം. കുട്ടിയും സഹമുറിയനും പെട്ടെന്ന് പഠിച്ചു. സീനിയെഴ്സിന്‌ ചിരിപൊട്ടി.പെട്ടെന്ന് ഒരുവന്‍ "കാശെട്‌"...അന്തംവിട്ട്‌ നില്‍ക്കുമ്പോള്‍ നേരത്തെ കേട്ട തെറി വീണ്ടും. കുട്ടി ശരിക്കും പേടിച്ചു. ബാഗ്‌ തുറന്നു. കുട്ടിക്ക്‌ വിഷമം വന്നു. പോകാന്‍ നേരം അച്ഛന്‍ "സൂക്ഷിച്ചു വച്ചോ. എന്തെങ്കിലും ആവശ്യം കാണും" എന്നുപറഞ്ഞു തന്നതാണ്‌ 250 രൂപ. മടിച്ചു മടിച്ച്‌ 50 രൂപ കയ്യിലെടുത്തു. "നൂറെടുക്കെടാ ..." പിന്നില്‍ നിന്നും ആക്രോശം. വേറെ മാര്‍ഗ്ഗമില്ല. നൂറിന്റെ നോട്ട്‌ തട്ടിപ്പറിച്ച്‌ പോക്കറ്റില്‍ ഇടുമ്പോള്‍ സീനിയെഴ്സിനു വീണ്ടും ചിരി. "വാതിലടച്ച്‌ കിടന്നോ".കുട്ടിക്ക്‌ ഉറക്കം വന്നില്ല. കര്‍ണാടകയിലേക്കാണ്‌ പഠിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നാട്ടിലുള്ള ആരോ പറഞ്ഞതോര്‍ത്തു. "അവിടെ റാഗിങ്ങൊക്കെ കാണും". ഈശ്വരാ, ഇതാണോ റാഗിങ്ങ്‌? തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ നേരം വെളുപ്പിച്ചു.

ആദ്യ ദിവസമായതുകൊണ്ട്‌ കോളേജില്‍ പരിചയപ്പെടല്‍ മാത്രം. എല്ലാവരും സംസാരിക്കുന്നത്‌ റാഗിങ്ങിനെപ്പറ്റി. ഉച്ചയ്ക്ക്‌ ക്ലാസ്സില്ല. ഹോസ്റ്റലിലേക്ക്‌ പോകാന്‍ ബസ്സ്‌ കാത്തുനില്‍ക്കുന്ന കുട്ടിയുടെയും, സഹമുറിയന്റെയും അടുത്തേക്ക്‌ ഒരു പറ്റം സീനിയെഴ്സ്‌. "വിഷ്‌" ചെയ്യാന്‍ മറന്നില്ല. "ഹോസ്റ്റെലിലെ എല്ലാ ജുനിയേഴ്സും നാളെ ഒരിടം വരെ പോകണം. അതിനുമുമ്പ്‌ ചില രീതികളോക്കെയുണ്ട്‌. ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ മതി", ഒരു സീനിയര്‍.അനുസരിക്കാതെ വയ്യല്ലോ ...കുട്ടിയും, സഹമുറിയനും, മറ്റ്‌ ചില അന്തേവാസികളും ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍. മുടി വെട്ടുന്നവന്‍, കന്നടക്കാരന്‍, ഒരു ചാകര ഒത്തതിന്റെ സന്തോഷത്തില്‍. "ബന്നി, കുത്‌കൊള്ളി, ജൂനിയര്‍സ്‌ അല്ല്വാ ...(വരൂ, ഇരിക്കൂ, ജൂനിയര്‍സ്‌ അല്ലെ)" എല്ലാം അറിയാം എന്ന ഭാവം.തലയിലൂടെ അവന്റെ തുരുമ്പിച്ച കത്രിക ചലിച്ചു. എങ്ങനെ വെട്ടണം എന്ന ചോദ്യമൊന്നുമില്ല. കുട്ടി മനസ്സിലോര്‍ത്തു. ഇതുപോലെ കുറെ ഹതഭാഗ്യരുടെ മുടി വെട്ടിക്കാണണം.പത്തുമിനുട്ടിനകം കാര്യം തീര്‍ന്നു. കുട്ടിക്ക്‌ വീണ്ടും സങ്കടം. പറ്റ്ടെ വെട്ടിയ കുറ്റി മുടിയിലൂടെ വിരലോടിച്ചു. കന്നടക്കാരന്‍ ബാര്‍ബര്‍ മീശ മുളയ്കാത്ത പാവം കുട്ടിയുടെ മുഖത്ത്‌ സോപ്പുപതപ്പിച്ചു. കത്തി വച്ച്‌ വെറുതേ ഒരു പ്രയോഗം. ജൂനിയര്‍സ്‌ എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയാണ്‌. എല്ലാവരും പുതിയ രൂപത്തില്‍. ചിലരെ കണ്ടാല്‍ തലേന്ന് കഥകളി വേഷം കെട്ടാന്‍ പോയ മട്ട്‌.പിറ്റേന്ന് പോകേണ്ടത്‌ സീനിയേഴ്സിന്റെ ഒരു മടയിലേക്കാണെന്ന് മറ്റ്‌ ജൂനിയര്‍സ്‌ അടക്കം പറയന്നത്‌ കുട്ടി ഒരു ഞെട്ടലോടെ കേട്ടു.അന്നും കുട്ടിക്ക്‌ ഉറക്കം വന്നില്ല. ഞാന്‍ ഈ നരകത്തില്‍ എന്തിനാണ്‌ വന്നത്‌ എന്നോര്‍ത്തു. അമ്മയെ ഓര്‍ത്തപ്പോള്‍ കുട്ടിക്ക്‌ കരച്ചില്‍ വന്നു.

രാവിലെ ഒരു സീനിയര്‍ വന്നു എല്ലാവരേയും കൂട്ടിക്കൊണ്ട്‌ പോവുകയാണ്‌. ഏകദേശം പത്തുപേര്‍ കാണും. കുട്ടിയും അവരിലൊരാളായി. ബസ്സിലാണ്‌ യാത്ര. അപരിചിതമായ വഴിയിലൂടെ ഏകദേശം പത്ത്‌ കിലോമീറ്റര്‍. എല്ലാവരുടെയും മുഖത്ത്‌ ഭയം മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. ഒരു സ്റ്റോപ്പ്പ്പെത്തിയപ്പോള്‍ സീനിയര്‍ ഇറങ്ങാന്‍ ആഗ്യം കാണിച്ചു.ഒരിടവഴി കടന്ന് വിജനമായ ഒരു സ്ഥലത്തെത്തി. ശരിക്കും വിജനം. ഒന്നുറക്കെ കരഞ്ഞാല്‍പോലും ആരും കേള്‍ക്കില്ല. കുറ്റിക്കാടുകള്‍ക്കിടയില്‍ ഒരു വീട്‌. പൊട്ടിച്ചിരിച്ചും, അലറിവിളിച്ചും കുറെപേര്‍. ആജാനുബാഹുക്കള്‍. എല്ലാവര്‍ക്കും നല്ല സ്വീകരണം. പലരുടെയും കവിളുകള്‍ ചുവന്നു തിണര്‍ത്തു. ചിലര്‍ കരയാന്‍ തുടങ്ങി. കുട്ടിയും. കരയുന്നതു കണ്ടപ്പോള്‍ രാക്ഷസന്മാര്‍ക്ക്‌ കൂടുതല്‍ രസം.എല്ലാവരേയും വീട്ടിനകത്ത്‌ കയറ്റി. പേടിയുടെ ആക്കം കൂട്ടുന്ന മുറി. പൊടിയും, ചെളിയും, മുഷിഞ്ഞ തുണികളും, മദ്യക്കുപ്പികളും...രാക്ഷസന്മാരുടെ തലവന്‍ എന്നുതോന്നിക്കുന്ന ഒരാള്‍... ആറടിക്കുമേല്‍ പൊക്കം, നല്ല വണ്ണം, നീട്ടിവളര്‍ത്തിയ മുടി, ഭീകര രൂപം, വായില്‍ മുറുക്കാന്‍. കുട്ടിയുടെ അടുത്തെത്തി. കവിളില്‍ പിടിച്ചുയര്‍ത്തിക്കൊണ്ട്‌ അലറി "ഇതാണെന്റെ പുതിയ കോളാമ്പി". രാക്ഷസന്‍ മുറുക്കാന്‍ ചവച്ചു കൊണ്ട്‌ മുഖം കുട്ടിയുടെ മുഖത്തിനടുത്തേക്ക്‌ കൊണ്ടുവന്നു. കുട്ടി കണ്ണുകള്‍ ഇറുക്കി അടച്ചു. കവിളില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ കുട്ടിയുടെ വായ തനിയേ തുറന്നു. രാക്ഷസന്റെ മുറുക്കാന്‍ നിറഞ്ഞ വായ കുട്ടിയുടെ വായയുടെ തൊട്ടടുത്ത്‌. രാക്ഷസന്‍ ശക്തിയായി ഒന്ന് കാര്‍ക്കിച്ചു, തുപ്പാനാഞ്ഞു. പെട്ടെന്ന് കവിളിലെ കൈ അയഞ്ഞു. എന്തോ ഓര്‍ത്തപോലെ രാക്ഷസന്‍ പിടിവിട്ടു, എന്നിട്ടലറി "എല്ലാവന്മാരും നിരന്നു നില്‍ക്കെടാ ...". അനുസരിച്ചു.അടുത്ത ആജ്ഞ "തുണിയഴിക്കെടാ ... Strip, Strip. എല്ലാവരും ഞെട്ടി. കൂട്ടത്തില്‍ ചില പാവങ്ങള്‍ നിന്ന് കരയുകയാണ്‌.കുട്ടിയും.ശങ്കിച്ചുനിന്ന എല്ലാവരേയും നിമിഷനേരം കൊണ്ട്‌ രാക്ഷസനും കൂട്ടരും നഗ്നരാക്കി. എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കോ ക്രൂര മര്‍ദ്ദനം. പൂര്‍ണനഗ്നരായ പാവം ബലിയാടുകളുടെ ചുറ്റും നടന്ന് പരിഹസിക്കുകയും, അട്ടഹാസം മുഴക്കുകയുമാണ്‌ രാക്ഷസര്‍. ചിലരെ സിമന്റ്‌ തറയില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു. വേറേയും എന്തൊക്കെയോ പേക്കൂത്തുകള്‍....കുറേനേരം.അവശരായ എല്ലാവരോടും വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങാന്‍ പറഞ്ഞു. തിരിച്ച്‌ ഹോസ്റ്റെലിലേക്ക്‌. ആരും ഒന്നും മിണ്ടിയില്ല.

ഈ വിധത്തിലുള്ള ക്രൂരതകള്‍ പിന്നേയും തുടര്‍ന്നു. ഏകദേശം രണ്ടുമാസത്തോളം. പിന്നെ രാക്ഷസന്മാരെ കാണാതായി. മടുത്തതാവണം.

ഇപ്പോള്‍ കുട്ടി ഈ ചുറ്റുപാട്‌ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങി. എന്തെന്നാല്‍ ഇപ്പോള്‍ കുട്ടിയും ഒരു സീനിയര്‍ ആയി... ഹോസ്റ്റെലിന്റേയും, കോളേജിന്റേയും മുക്കിനും, മൂലയില്‍നിന്നും "Hail Seniors" ഇടതടവില്ലാതെ കേട്ടുകൊണ്ടിരുന്നു.

സമര്‍പ്പണം : ആ നാളുകളില്‍ എന്നോടൊപ്പം കരഞ്ഞ എന്റെ സുഹ്രുത്തുക്കള്‍ക്ക്‌ ...

Wednesday, September 26, 2007

ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍.

എന്റെ ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍. ഹൃദയത്തില്‍ സ്പര്‍ശിച്ചവ. ഇവ മറ്റുള്ളവര്‍ക്ക്‌ ഒരു പ്രത്യേകതയായി തോന്നണം എന്നില്ല.

ചിത്രം : തൂവാനത്തുമ്പികള്‍
രംഗം : ജയകൃഷ്ണന്‍ (മോഹന്‍ ലാല്‍) ക്ലാരയ്ക്ക്‌ (സുമലത) ആദ്യമായി കത്തെഴുതുകയാണ്‌. പുറത്ത്‌ നല്ല മഴ. അല്‌പം എഴുതി, മഴയിലേക്ക്‌ നോക്കി "ക്ലാര ..." എന്നു പറയുന്നു - തനിക്ക്‌ ഇവളെ അറിയുമോ, ആരാണിവള്‍ ?, എന്നീ ഭാവങ്ങള്‍ മനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നു മലയാളത്തിന്റെ മഹാനടന്‍.

ചിത്രം : യാത്ര
രംഗം : കൂട്ടുകാരനെ കാണാനെത്തിയ ഉണ്ണി (മമ്മൂട്ടി) യെ പോലീസുകാര്‍ തെറ്റിദ്ദരിച്ച്‌ അറെസ്റ്റ്‌ ചെയ്യുകയാണ്‌. ജയിലില്‍ വച്ച്‌, സുന്ദരനായ ഉണ്ണിയുടെ തലമുടി പറ്റ്ടെ വെട്ടി, ജയില്‍പുള്ളികളുടെ വസ്ത്രവും ധരിച്ച്‌ ഒറ്റയ്ക്ക്‌ ജയിലിലെ കോണ്‍ക്രീറ്റ്‌ തറയില്‍ ഇരുന്ന് തന്റെ വിധിയെക്കുറിച്ചോര്‍ത്ത്‌ വിങ്ങിക്കരയുന്ന ഉണ്ണി - നിസ്സഹായതയുടെയും, ഒറ്റപ്പെടലിന്റെയും, ദുര്‍വിധിയുടെയും വേദന മുഴുവന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌ മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി.

ചിത്രം : മൂന്നാം പക്കം
രംഗം : എത്രയോ കാലത്തിനുശേഷം അപ്പൂപ്പന്‍ (തിലകന്‍) പേരക്കിടാവായ പാച്ചു (ജയറാം) വിനെ കാണുകയാണ്‌. ഈ ലോകത്ത്‌ ബന്ധുവായി അപ്പൂപ്പന്‌ പാച്ചു മാത്രം. നിറകണ്ണുകലോടെ പാച്ചുവിനെ കെട്ടിപ്പിടിക്കുകയാണ്‌ അപ്പൂപ്പന്‍ - പശ്ചാതലത്തില്‍ "ഉണരുമീ ഗാനം" എന്ന ഗാനത്തിന്റെ വാദ്യോപകരണ സംഗീതം. മനോഹരമാണ്‌ ഈ രംഗം. തിലകന്റെ സ്നേഹവായ്പ്പ്പ്പും, ജയറാമിന്റെ നിഷ്കളങ്കതയും അവര്‍ണ്ണനീയം.

ചിത്രം : ദില്‍ ചാഹ്‌താ ഹെ
രംഗം : പ്രണയത്തെ വളരെ ലാഘവത്തോടെ കണ്ടിരുന്ന ആകാശ്‌ (ആമിര്‍ ഖാന്‍) ആസ്റ്റ്രേലിയയില്‍ വച്ച്‌ യഥാര്‍ത്ത പ്രണയം തിരിച്ചരിയുന്നു. പക്ഷെ അല്‍പം വൈകിപ്പോയിരുന്നു. ശാലിനി (പ്രീതി സിന്റ) യുടെ വിവാഹം രോഹിതു (അയൂബ്‌ ഖാന്‍) മായി ഉറപ്പിച്ചിരുന്നു. ഏകനായി തന്റെ ഫ്ലാറ്റിലിരുന്ന് നാട്ടിലുള്ള, ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിന്‌ പിണങ്ങിയ സുഹ്ര്ത്തിനെ ഫോണ്‍ ചെയ്യുന്നു. ഇത്‌ അറിയാതെ സംഭവിക്കുന്നതാണ്‌. സുഹ്ര്ത്തുമായി പിണങ്ങിപ്പിരിഞ്ഞതും, തന്റെ പ്രണയം നഷ്ടപ്പെട്ടതും ഓര്‍ത്ത്‌ പൊട്ടിക്കരയുന്ന ആകാശ്‌. - ആമിര്‍ എന്ന പക്വതയുള്ള നടന്റെ നല്ല അഭിനയം !

ചിത്രം : മൂന്നാം പിറ
രംഗം : ഒരപകടത്തില്‍ തന്റെ പൂര്‍വകാലം മറന്ന വിജി (ശ്രീദേവി) യെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ശ്രീനി (കമലാഹാസന്‍) ഒരത്ഭുത ചികില്‍സയിലൂടെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരികയാണ്‌. അവസാനം വിജി അവളുടെ മാതാപിതാക്കളോടൊപ്പം തിരികെ പോകുന്നു. തന്റെ ഒാര്‍മ്മ തിരിച്ചു കിട്ടിയ വിജിക്ക്‌ ശ്രീനി ഒരപരിചിതന്‍ മാത്രം. ട്രെയിനില്‍ ഇരിക്കുന്ന വിജിയെ താന്‍ അവളുടെ എല്ലാമെല്ലാമായ ശ്രീനിയാണെന്ന് ധരിപ്പിക്കാന്‍ അവള്‍ക്കിഷ്ടപ്പെട്ട കുട്ടിക്കളികള്‍ ഒരു ഭ്രാന്തനെപോലെ കാണിക്കുന്നു. ഒടുവില്‍ അയാള്‍ പരാചയപ്പെടുമ്പോള്‍ ട്രെയിന്‍ അകലുന്നു. - ശ്രീനിയുടെ കൂടെ നമ്മളും കരയും ഈ രംഗം കാണുമ്പോള്‍. കമലാഹാസന്റെ അഭിനയത്തെപ്പറ്റി എന്തെഴുതാന്‍ ...

കൂടുതല്‍ നിരീക്ഷണങ്ങള്‍ പിന്നെ.

കണ്ണൂരിന്റെ സ്വന്തം ഒണ്ടേന്‍ ഹോട്ടല്‍

കണ്ണൂരിലെ ഒണ്ടേന്‍ ഹോട്ടലിനെപ്പറ്റ്ടി കേട്ടിട്ടുണ്ടോ ?ബ്ലോഗ്‌ പ്രൊഫെയിലില്‍ Location : Kannur എന്ന് കുറിച്ചു വച്ചവരെങ്കിലും കേട്ടുകാണും !

കണ്ണൂരിലെ എസ്‌.എന്‍ പാര്‍ക്ക്‌ റോഡിലൂടെ പോകുക. സരിത തിയറ്റര്‍ എത്തുന്നതിനു മുമ്പേ ഇടതുവശത്തേക്ക്‌ ഒരു റോഡുണ്ട്‌. ആ റോഡില്‍കൂടി അല്‍പം മുന്നോട്ട്‌ പോയാല്‍ ഇടതുവശത്തായി അധികം ആര്‍ഭാടങ്ങളില്ലാതെ ഒണ്ടേന്‍ ഹോട്ടല്‍ കാണാം. പണ്ട്‌ പേരറിയിക്കാന്‍ ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉണ്ടോ എന്നും അറിയില്ല. അല്ലെങ്കില്‍ നിങ്ങള്‍ ഉച്ച സമയത്തണ്‌ ഈ റോഡിലൂടെ പോകുന്നതെങ്കില്‍ ഈ Location Map ന്റെ ആവശ്യമൊന്നുമില്ല. ഒരു ജനക്കൂട്ടം കാണാം. അതുതന്നെ ടി ഹോട്ടല്‍.

നിങ്ങള്‍ നാടന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ ? എന്നാല്‍ തീര്‍ച്ചയായും ഇവിടുത്തെ ഊണുകഴിക്കാന്‍ മറക്കരുത്‌. (ഒരു പരസ്യവാചകം പോലേ തോന്നുന്നുണ്ടോ ? ഞാന്‍ ഈ ഹോട്ടലിനുവേണ്ടി Marketing Executive ന്റെ പണിചെയ്യുകയൊന്നുമല്ല കെട്ടോ.)നാടന്‍ ഊണാകുമ്പൊള്‍ അധികം വിഭവങ്ങളൊന്നും പ്രതീക്ഷിക്കരുത്‌. ചോറ്‌, സാമ്പാര്‍, തേങ്ങയരച്ച മീന്‍ കറി, ഒരു തോരന്‍, അച്ചാര്‍. പിന്നെ ഇവിടുത്തെ മറ്റ്ടൊരു പ്രത്യേകത മീന്‍ പൊരിച്ചതാണ്‌. ഓര്‍ഡര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ നല്ല ചൂടുള്ള, ആവി പറക്കുന്ന, ശുദ്ദമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത അയക്കൂറ (നെയ്മീന്‍), അയല, മത്തി, ആവോലി ...എല്ലാം കിട്ടും. ഉപ്പും, എരിവും ഒക്കെ പാകത്തിന്‌. ആവശ്യക്കാര്‍ക്ക്‌ മീന്‍ മുളകിട്ടതും കിട്ടും. നല്ല എരിവും, പുളിയുമൊക്കെയായിട്ട്‌. കുടിക്കാന്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം.

തിരക്കാണ്‌ മുഖ്യ പ്രശ്നം. കഴിച്ചുകൊണ്ടിരിക്കുമ്പൊള്‍ തന്നെ നിങ്ങളുടെ പുറകില്‍ ഒന്നോ രണ്ടോ ആളുകള്‍ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ചു നില്‍പുണ്ടാകും. ഈ വിധത്തില്‍ ക്യൂ നില്‍ക്കാതെ പെട്ടെന്നു കഴിച്ചങ്ങ്‌ പോകാം എന്ന പ്രതീക്ഷ വേണ്ട.

മിതമായ നിരക്കില്‍ മനസ്സും, വയറും നിറയും. ഒരിക്കല്‍ ആ രുചി അനുഭവിച്ചാല്‍ വീണ്ടും ഒന്നനുഭവിക്കാന്‍ തോന്നും. തീര്‍ച്ച.

ഇപ്പ്പോള്‍ നിങ്ങള്‍ ശരിക്കും വിചാരിക്കുന്നുണ്ട്‌ ഞാന്‍ ഈ ഹോട്ടലിന്റെ Marketing executive ആയെന്ന്. ശരി. അങ്ങനെതന്നെ വച്ചോളൂ. നഗരജീവിതത്തിന്റെ ലഹരിയില്‍ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ബീഫും, മിക്സ്ഡ്‌ നൂഡില്‍സും, കൊക്ക കോളയും കഴിച്ചു നമ്മുടെ നാവുകള്‍ മറന്ന നാടന്‍ രുചി, മലയാളത്തിന്റെ രുചി ഒന്നോര്‍മ്മിപ്പിക്കാന്‍ ഒരു Marketing Executive ന്റെ വേഷമണിയാനും തയാര്‍.

Tuesday, September 25, 2007

ഗാനഗന്ധര്‍വന്റെ ഓട്ടോഗ്രാഫ്‌

പണ്ട്‌ ദാസേട്ടന്റെ ഒന്നുരണ്ട്‌ ഗാനമേളകള്‍ കണ്ടിട്ടുണ്ട്‌.എന്നാലും ആ ഗന്ധര്‍വനെ അടുത്തുനിന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

ജോലി ചെയ്തിരുന്ന കെട്ടിടത്തില്‍തന്നെ ഒരു ബാങ്കിന്റെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു സുഹ്ര്ത്ത്‌ വന്നു പറഞ്ഞു ബാങ്കില്‍ ദാസേട്ടന്‍ വന്നിട്ടുണ്ടെന്ന് ... ഉടനെതന്നെ ഓടിചെന്ന് ബാങ്കിന്റെ മുന്നില്‍ കാത്തുനില്‍പായി ... ദാസേട്ടനെ തൊട്ടടുത്തുനിന്ന് കാണണം. അതാണ്‌ ഉദ്യേശം ...പെട്ടെന്ന് ഓര്‍ത്തു. പറ്റിയാല്‍ ഒരു ഓട്ടോഗ്രാഫും തരമാക്കാം. ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു അത്‌. പക്ഷെ ഒരു പേന മാത്രമുണ്ട്‌ കൈയ്യില്‍....അകത്തുപോയി ഒരു ബുക്കോ മറ്റ്ടോ എടുത്താലോ ... വേണ്ട ...ആ സമയം അദ്ദേഹം പോയാലോ ... കൈയ്യിലുള്ള പഴ്സില്‍ ഒരു കൊച്ചു ഡയറി ഉണ്ട്‌. അല്‌പാല്‌പമായി കീറിത്തുടങ്ങിയത്‌. ഫോണ്‍ നമ്പറും, അഡ്രസും മറ്റും കുറിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്നത്‌. അതെടുത്തു ...ഞാന്‍, ഒരല്‌പന്‍ ഈ കീറ ഡയറിയുമൊക്കെ പിടിച്ച്‌ ഇവിടെ കുറ്റ്ടിയടിച്ചു നിന്നിട്ട്‌ ഒരു കാര്യവും ഇല്ല. അദ്ദേഹം വരും. കൂടെ ആളും, തിരക്കും ... ഒന്നു കാണാന്‍ പോലും പറ്റില്ല ! അല്ലാ ... മഹാനായ അദ്ദ്ടേഹം ഈയുള്ളവനുവേണ്ടി എന്തിനു സമയം മെനക്കെടുത്തണം ... മനസ്സില്‍ ഇങ്ങനെയൊക്കെ ഓര്‍ത്തുകൊണ്ടു നില്‌ക്കുകയാണ്‌ ...

പെട്ടെന്ന് ബാങ്കിന്റെ കറുത്ത വാതില്‍പ്പാളികള്‍ തുറന്ന് മുന്നില്‍ ദാസേട്ടന്‍ ...പ്രതീക്ഷയ്ക്കു വിപരീതമായി, എനിക്കുമാത്രം കാണാന്‍ വേണ്ടി എന്നപോലെ തനിച്ച്‌ ...സ്ഥായിയായ ശുഭ്രവസ്ത്രം ... ചെറുപുഞ്ചിരി ...എന്റെ തൊട്ടടുത്ത്‌ ... ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്നത്രയും അടുത്ത്‌ ...കരുതിവച്ച ഡയറിയും, പേനയും ആ കൈകളിലേക്ക്‌ കൊടുത്തു ... വിറയലൊടെ ...സ്വീകരിക്കുമോ ... തിരസ്കരിക്കുമോ ...എത്രയോ മഹാനായ അദ്ദേഹം വളരെ ക്ഷമയോടെ അത്‌ വാങ്ങി ... സുവര്‍ണ്ണ ലിപികളില്‍ എന്തോ എഴുതി തിരിച്ചു തന്നു ... പിന്നെ മെല്ലെ നടന്ന് തൂവെള്ള നിറത്തിലുള്ള തന്റെ Benz കാറില്‍ യാത്രയായി ...

ഗന്ധര്‍വന്‍ കണ്‌വെട്ടത്തുനിന്ന് അപ്രത്യക്ഷനായപ്പോള്‍ ഞാന്‍ ആ കീറ ഡയറി തുറന്നു ...

God is Love എന്നെഴുതി താഴെ തന്റെ കയ്യൊപ്പ്പ്പും ...

ഒരമൂല്യ നിധിയായി കീറ ഡയറിയിലെ ആ താള്‌ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു ....

Monday, September 24, 2007

ഭക്തന്റെ ദേവി

പ്രതിഷ്ഠിച്ച ദേവിതന്നെ വിഗ്രഹം തച്ചുടയ്ക്കുകയാണ്‌. ഭക്ത്തന്റെ മനസ്സ്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ദേവി അത്‌ ചെയ്യുന്നത്‌ ... ഇതല്ലാതെ അവള്‍ക്ക്‌ വേറേ ഒന്നും ചെയ്യാനാവില്ലല്ലോ ...ഭക്തന്റെ നീറുന്ന മനസ്സ്‌ കാണാനാവാതെ അവള്‍ ഭക്തന്റെ കാലില്‍ വീണ്‌ ഒരായിരം തവണ മാപ്പപേക്ഷിക്കുകയാണ്‌...ഭക്തനോ ... തകര്‍ന്നുടഞ്ഞ വിഗ്രഹപ്പാളികള്‍ എതോ ഒരു കോണില്‍ വച്ച്‌ ഇന്നും ദേവിയെ പൂജിക്കുകയാണ്‌ ...

അനന്തുവും ലുക്കാ ചുപ്പിയും ...

"രംഗ്‌ ദേ ബസന്തി"യിലെ,"ലുക്കാ ചുപ്പി ... ബഹുത്‌ ഹുയീ ... സാംനെ ആജാനാ ..." എന്ന ഗാനം വളരെ മനോഹരമാണ്‌. ലതാജിയുടെയും, റഹ്മാന്‍ സാബിന്റെയും ആലാപനം ഹൃദയത്തില്‍ തൊടും ...ഫ്ലയിറ്റ്‌ ലഫ്റ്റ്നനന്റായ മകന്റേയും നാട്ടില്‍ മകനെ കാത്തിരിക്കുന്ന അമ്മയുടെയും ആത്മബന്ധം മുഴുവന്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌ അതില്‍...

അനന്തുവിനേയും കൂട്ടി കാറില്‍ രാത്രി ഒരു യാത്ര. കാറില്‍ ഈ ഗാനവും നമ്മുടെ നിശബ്ദ്ഠയും മാത്രം ... "യഹാം സബ്‌ കുച്‌ ഹെ മാ ഫിര്‍ ഭി ലഗെ ബിന്‍ തേരെ മുജ്‌കൊ അകേല ..." എന്ന വരികള്‍ എ.ആര്‍ റഹ്മാന്റെ ശബ്ദത്തില്‍ ഇടറി വീണപ്പ്പ്പോള്‍ അറിയാതെ ഞാന്‍ പറഞ്ഞു കണ്ണുനിറയുന്നെന്ന് ... അനന്തു പ്രതികരിച്ചില്ല. എന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു ... ഞാന്‍ മറന്നുപോയിരുന്നു അനന്തുവിന്റെ അമ്മ എന്ന്നെന്ന്നേക്കുമായി അവനെ വിട്ടുപോയിട്ട്‌ എതാനും ദിവസങ്ങളെ ആയുള്ളെന്ന് ... അവന്റെ മുഖത്തേക്ക്‌ നോക്കാനായില്ല ... എന്റെ കണ്ണുകള്‍ ഇപ്പ്പ്പോള്‍ ശരിക്കും നിറയുകയാണ്‌ ...

Sunday, September 23, 2007

ഈ കൊച്ചി എന്താ ഇപ്പൊ ഇങ്ങനെ ...

മുംബെ മഹാനഗരത്തില്‍ നിന്നും ഈയുള്ളവനും കുടുംബവും കൊച്ചിയില്‍ എത്തിയിട്ട്‌ ആറാമത്തെ മാസം ... മുന്‍പും കൊച്ചിയില്‍ താമസിച്ചിട്ടുണ്ട്‌. അന്നൊന്നും ഇവള്‍ ഇങ്ങനെ അല്ലായിരുന്നു ...എങ്ങോട്ട്‌ തിരിഞ്ഞാലും വാഹനക്കുരുക്കുതന്നെ ... ഇവിടുത്തേ കമ്മീഷനര്‍ പറഞ്ഞതോര്‍ക്കാം.."കൊച്ചിയില്‍ വാഹനങ്ങളുടെ എണ്ണം വളരെ കൂടി".ഇവിടുത്തെ നിരത്തുകള്‍ കാണേണ്ടവ തന്നെ ...എങ്ങനെ വര്‍ണിക്കണം എന്നറിയില്ല ... "പൊട്ടിപൊളിഞ്ഞു നാശമായവ ... കുഴികളും, ഗര്‍ത്തങ്ങളും ..." എന്നൊന്നും പറഞ്ഞാല്‍ വായനക്കാര്‍ക്കു ഒരു എകദേശ രൂപം പോലും കിട്ടില്ല !മാലിന്യ കൂനകളെ പറ്റി പറയാതെ തന്നെ ഏവര്‍ക്കും അറിയാം ... മൂന്നു വയസ്സുള്ള മകന്‍ ഇന്നലെ പറഞ്ഞത്‌ ..."അയ്യൊ അഛാ ആ വഴി പോല്ലെ ...നാറ്റമാണെ ..."നഗരത്തിന്റെ നാഡികളിലൂടെ ഒടുന്ന രക്ത വര്‍ണ്ണാവൃത ബസ്സുകളെപ്പറ്റി എങ്ങനെ പറയാതിരിക്കും ! ഈ രക്തവര്‍ണ്ണം ആരൊ അറിഞ്ഞു നല്‍കിയതു തന്നെ ... സൂക്ഷിച്ചില്ല എന്നാല്‍ അവ നിങ്ങളെ ...(എഴുതാന്‍ വയ്യ !) അത്രയ്ക്കു വേഗത ! കാറിലൊമറ്റ്ടോ യാത്ര ചെയ്യുമ്പൊള്‍ പുറകില്‍ വന്ന് നിര്‍ത്താതെ ഹോറന്‍ മുഴക്കുന്നത്‌ വളയം പിടിക്കുന്ന ആളുടെ ഹോബിയായി തോന്നാം. ബസ്സിലെ മറ്റ്‌ ജീവനക്കരോ, ബസ്സിന്റെ വാതിലിലും മറ്റും പ്രഹരിക്ക്ക്കുന്നത്‌ കണ്ടാല്‍ പെരുംബറ വിദ്ധ്വാന്മാരോ എന്നു തോന്നും. ഈ വിധത്തില്‍ വാഹനങ്ങളെ ഭീതിപ്പെടുത്തി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒതുക്കി മുന്നേറുമ്പൊള്‍ വളയം പിടിക്കുന്ന ആളുടെ മുഖത്ത്‌ Yes ! I've achieved my target ! എന്ന ഭാവം ... ഇതൊക്കെ കുറെ ക്രൂരം തന്നെ ...ഇവളുടെ മുഖഛായ മാറുകയാണു. മാറിയല്ലെ പറ്റു ... Smart City യെയും മറ്റും എതിരേല്‍ക്കുന്ന ഇവള്‍ക്ക്‌ നാടൊടുംബോള്‍ നടുവെ ഓടാതെ വയ്യല്ലൊ ...എങ്ങും പുതിയ പുതിയ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍, മുളച്ചുപൊങ്ങുന്ന ആഭരണശാലകള്‍, ഹോട്ടലുകള്‍ ... ഭേഷ്‌ ... ഭേഷ്‌ ..."കൊച്ചി കണ്ടാല്‍ അച്ചി വേണ്ട" എന്നൊരു ചൊല്ല് കെട്ടിട്ടുണ്ട്‌. ഇപ്പ്പ്പോള്‍ കൊച്ചി കണ്ടാല്‍ അച്ചിയുടെ മടിയിലെക്ക്‌ ഓടി ഒളിക്കാന്‍ തോന്നും ...

Saturday, September 22, 2007

കാമന്മാരുടെ വരവ്‌

പൂരമായാല്‍ കാമന്മാരെത്തും.ഈ കാമന്മാര്‍ ഒക്കെയും അമ്മൂമ്മയുടെ സൃഷ്ടി തന്നെ.മണ്ണുകുഴച്ചു തലയും ഉടലും ഉണ്ടാക്കും. കുന്നിക്കുരുകൊണ്ട്‌ കണ്ണുകളും. തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയില്‍ അവ നിരന്നങ്ങനെ വിശ്രമം കൊള്ളും.കുട്ടികളായ ഞങ്ങള്‍ അവയ്ക്കുചുറ്റും കൂടും. പൂക്കള്‍കൊണ്ട്‌ അലങ്കരിക്കും.പൂരത്തിന്റെ അവസാനനാളില്‍ അമ്മൂമ്മ ഉണ്ടാക്കുന്ന അടയുടെ രുചി ഇന്നും നാവിലുണ്ട്‌.ഉച്ചയായാല്‍ കാമന്മാരെ യാത്രയയക്കണം. ഇവയെല്ലാം യാത്ര പോകുന്നത്‌ വടക്കുവശത്തെ വരിക്ക പ്ലാവിന്റെ ചോട്ടിലേക്കു തന്നെ.കാമന്മാരെ ഓരൊരുത്തരെ അമ്മൂമ്മ കയ്യിലെടുത്ത്‌ പ്ലാവിന്‍ ചോട്ടിലിരുത്തും. അപ്പ്പ്പോള്‍ അമ്മൂമ്മ ഒരു പാട്ടു പാടും."നേരത്തെ കാലത്തെ വെരണെ കാമാ .. എന്നും നേര്‍വഴി കാണിക്കണേ കാമാ .." (ഏകദേശം 25 കൊല്ലമായി. ഇത്രമാത്രം ഓര്‍ക്കുന്നു.)വളരെക്കാലം മുന്നെ ഒരു പൂരം നാളില്‍ അയല്‍ വീട്ടിലെ കുസൃതിചെക്കന്‍ വരിക്ക പ്ലാവിന്റെ മോളില്‍ കേറി അമ്മൂമ്മയുടെ പാട്ടിനൊത്ത്‌ ഉം...ഉം... എന്ന് അശരീരി കേള്‍പ്പ്പ്പിച്ചതും അമ്മൂമ്മ ഭക്തി പുരസരം കണ്ണടച്ചു തൊഴുതതും അമ്മ പറഞ്ഞതോര്‍ക്കുന്നു ...
പൂരം കഴിഞ്ഞാലും എല്ലാ ദിവസവും വരിക്ക പ്ലാവിന്റെ ചോട്ടില്‍ ഞാനെത്തും. തലയും ഉടലും വേറിട്ട്‌ കുന്നിക്കുരുകള്‍ ചുറ്റ്ടും ചിതറി ഉണങ്ങിക്കരിഞ്ഞ പൂക്കളില്‍ മണ്ണോട്‌ ചേര്‍ന്ന് കാമന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടാകും ...മനസ്സില്‍ എവിടെയൊ ഒരു നോവ്‌ ... അന്നും ... ഇന്നും ...